ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാരൻ സഹയാത്രികന്റെ മേൽ മൂത്രമൊഴിച്ചതായി പരാതി. ഡൽഹി-ബാങ്കോക്ക് AI 2336 വിമാനയാത്രയ്ക്കിടെയാണിത്. മദ്യപിച്ചെത്തിയ തുഷാർ മസന്ദ് (24) കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായ സഹയാത്രികനു മേൽ മൂത്രമൊഴിക്കുകയായിരുന്നു. സംഭവം അധികൃതരെ അറിയിച്ചതായി എയർ ഇന്ത്യ പറഞ്ഞു.പലതവണ യാത്രക്കാരന് മുന്നറിയിപ്പ് നൽകിയെങ്കിലും അയാൾ ചെവിക്കൊണ്ടില്ലെന്ന് ജീവനക്കാർ പറഞ്ഞു. ബുദ്ധിമുട്ട് നേരിട്ട യാത്രക്കാരനു പരാതിപ്പെടുന്നതിനുള്ള സഹായം എയർലൈൻ വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം അത് നിരസിക്കുകയായിരുന്നു. സംഭവം വിലയിരുത്തുന്നതിനും യാത്രക്കാരനെതിരെ നടപടി സ്വീകരിക്കുന്നതിനും ഒരു സ്വതന്ത്ര സമിതിയെ നിയമിക്കും. ഇത്തരം കാര്യങ്ങളിൽ ഡി.ജി.സിഎയുടെ (ഡയറക്ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ) നിർദ്ദേശങ്ങൾ പാലിക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു. അതേസമയം,സംഭവം മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എയർലൈനുമായി സംസാരിക്കുമെന്നും സിവിൽ ഏവിയേഷൻ മന്ത്രി കെ. റാംമോഹൻ നായിഡു പറഞ്ഞു. എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ, ആവശ്യമായ നടപടി സ്വീകരിക്കുമെന്നും നായിഡു പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സഹയാത്രികന്റെ മേൽ മൂത്രമൊഴിക്കുന്ന ഒട്ടറേ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |