പാർട്ടിയെ നെഞ്ചോട് ചേർത്തുപിടിച്ച നേതാവായിരുന്നു, ഇന്നലെ അപ്രതീക്ഷിതമായി വിടപറഞ്ഞ കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗവും വീക്ഷണം മാനേജിംഗ് എഡിറ്ററുമായ ഡോ. ശൂരനാട് രാജശേഖരൻ. 2005-ൽ ലീഡർ കെ. കരുണാകരൻ ഡി.ഐ.സി രൂപീകരിച്ചപ്പോൾ അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിശ്വസ്തരിൽ ഒരാളായ ശൂരനാട് രാജശേഖരൻ ഒപ്പം പോകുമെന്ന് വ്യാപകമായി പ്രചാരണമുണ്ടായി. ശൂരനാടിന്റെ മനസറിയാൻ എത്തിയ പ്രവർത്തകരോട് അദ്ദേഹം പറഞ്ഞു: 'കോൺഗ്രസാണ് ലീഡറെ സൃഷ്ടിച്ചത്. പാർട്ടിയാണ് വലുത്." പത്തു ദിവസം മുമ്പ് ന്യുമോണിയ ബാധിച്ച് ആരോഗ്യനില വഷളാകും വരെയും അദ്ദേഹം പാർട്ടി പ്രവർത്തനത്തിൽ സജീവമായിരുന്നു.
ഒന്നരവർഷം മുമ്പേ അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമായിത്തുടങ്ങിയിരുന്നു. പക്ഷെ ഉറ്റബന്ധുക്കളൊഴികെ ആരോടും രോഗവിവരങ്ങൾ പറഞ്ഞിരുന്നില്ല. ഒരുമാസം മുമ്പ് കൊല്ലത്ത് കടൽ ഖനനത്തിനെതിരെ കോൺഗ്രസ് കടലിൽ സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ മുന്നിലുണ്ടായിരുന്നു. ആഴ്ചകൾക്കു മുമ്പ് കൊച്ചിയിൽ നടന്ന 'വീക്ഷണ"ത്തിന്റെ വാർഷിക പൊതുയോഗത്തിലും സജീവമായിരുന്നു. ഇനി പാർട്ടിയിൽ സ്ഥാനമാനങ്ങളൊന്നും വേണ്ട, തിരഞ്ഞെടുപ്പിൽ മത്സരിക്കാനുമില്ലെന്ന് അദ്ദേഹം ഉറ്റ സുഹൃത്തുക്കളോട് അടുത്തിടെ പറഞ്ഞിരുന്നു. കൂടുതൽ സമയം വായനയ്ക്കായി നീക്കിവയ്ക്കാനുള്ള ഒരുക്കത്തിലായിരുന്നു എഴുത്തുകാരൻ കൂടിയായ അദ്ദേഹം.
താൻ മരിച്ചാൽ മൃതദേഹം പാർട്ടി ഓഫീസുകളിലും സ്ഥാപനങ്ങളിലും പൊതുദർശനത്തിനു വയ്ക്കരുതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എത്രയും വേഗം ചിതയൊരുക്കി സംസ്കരിക്കണമെന്നും സുഹൃത്തുക്കളോട് അടുത്തിടെ പറഞ്ഞിരുന്നു.
തഴവ എ.വി.എച്ച്.എസിൽ വിദ്യാർത്ഥിയായിരിക്കെ വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലേക്ക് എത്തിയ അദ്ദേഹം എം.എം. ഹസൻ പ്രസിഡന്റായിരുന്ന കെ.എസ്.യു സംസ്ഥാന കമ്മിറ്റിയിൽ ട്രഷററായിരുന്നു. വൈകാതെ അദ്ദേഹം കൊല്ലം ഡി.സി.സി ഭാരവാഹിയായി. പക്ഷെ പത്രപ്രവർത്തനം അദ്ദേഹത്തിന്റെ വലിയ സ്വപ്നമായിരുന്നു. അക്കാലത്താണ് 'വീക്ഷണം" കൊല്ലത്ത് ഓഫീസ് തുറന്നത്. ഡി.സി.സി ഭാരവാഹിത്വത്തിനൊപ്പം 'വീക്ഷണ"ത്തിൽ പ്രവർത്തിക്കാനുള്ള അനുമതി ചോദിച്ചെങ്കിലും അന്നുണ്ടായിരുന്ന മാനദണ്ഡം ചൂണ്ടിക്കാട്ടി നേതൃത്വം അനുവദിച്ചില്ല. അങ്ങനെ അദ്ദേഹം ഡി.സി.സി ഭാരവാഹിത്വം രാജിവച്ച് 'വീക്ഷണ"ത്തിന്റെ കൊല്ലം ബ്യൂറോ ചീഫായി. ഏറെക്കാലത്തിനു ശേഷം ഡി.സി.സി വൈസ് പ്രസിഡന്റായി പാർട്ടിയിലേക്കു മടങ്ങി. വൈകാതെ ഡി.സി.സി പ്രസിഡന്റുമായി.
കെ.എസ്.യു പ്രവർത്തകനായിരിക്കെ ശൂരനാട് രാജശേഖരൻ കടുത്ത എ ഗ്രൂപ്പുകാരനായിരുന്നു. എല്ലാ മാസവും ഒന്നാം തീയതി ഗുരുവായൂർ ക്ഷേത്രത്തിൽ മുടങ്ങാതെ പോകുമായിരുന്നു. അങ്ങനെ അവിടെവച്ച് ലീഡറെ പതിവായി കണ്ടുമുട്ടിത്തുടങ്ങി. ലീഡറുമായി അടുത്തതോടെ ഐ ഗ്രൂപ്പുകാരനായി. ലോക്സഭയിലേക്കും നിയമസഭയിലേക്കും മത്സരിച്ച് പരാജയപ്പെട്ടെങ്കിലും ഉജ്ജ്വല സംഘാടകനായിരുന്നു. യാത്രയ്ക്കിടയിൽ വായിക്കാൻ അദ്ദേഹത്തിന്റെ കാറിൽ എപ്പോഴും പുസ്തകങ്ങളുണ്ടാകുമായിരുന്നു. ഭാഷാചരിത്ര ഗവേഷകനും സാഹിത്യവിമർശകനുമായിരുന്ന ശൂരനാട് കുഞ്ഞൻപിള്ള വല്യച്ഛനായിരുന്നു. രാഷ്ട്രീയത്തിലെ തിരക്കുകൾക്കിടയിലും ശൂരനാട് കുഞ്ഞൻപിള്ളയെക്കുറിച്ച് ഗവേഷണം നടത്തി ശൂരനാട് രാജശേഖരൻ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റും നേടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |