കടൽവഴി വന്ന പത്ത് പാക് ഭീകരർ 2008 നവംബർ 26ന് മുംബയിൽ നടത്തിയ നരഹത്യ ഇന്ത്യ കണ്ട ഏറ്റവും വലിയ ഭീകരാക്രമണങ്ങളിലൊന്നായിരുന്നു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരായ ഹേമന്ത് കർക്കറെ, അശോക് കാംടെ, വിജയ് സലാസ്‌കർ, മലയാളിയായ എൻ.എസ്.ജി കമാൻഡർ സന്ദീപ് ഉണ്ണിക്കൃഷ്ണൻ എന്നിവർ ഉൾപ്പെടെ 166 പേരാണ് അന്ന് കൊല്ലപ്പെട്ടത്. മൂവായിരത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാകിസ്ഥാന്റെ ചാര സംഘടനയായ ഐ.എസ്.ഐയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ ഭീകരാക്രമണം നടന്നതെന്ന് ഇന്ത്യ ആരോപിച്ചെങ്കിലും അത് നിഷേധിച്ച്, തെളിവുകൾ നൽകാനാണ് പാകിസ്ഥാൻ ആവശ്യപ്പെട്ടത്. പത്തുപേരിൽ ഒരാളായ അജ്‌മൽ കസബ് എന്ന ഭീകരനെ സ്വന്തം ജീവൻ ബലികഴിച്ചെങ്കിലും തുക്കാറം ഓംബ്ളെ എന്ന മുംബയ് പൊലീസിലെ സബ് ഇൻസ്പെക്ടർ ജീവനോടെ പിടികൂടി. ഈ ആക്രമണത്തിന് പാകിസ്ഥാന് തിരിച്ചടി നൽകാൻ ഈയൊരു തെളിവു തന്നെ അധികമായിരുന്നെങ്കിലും ഇന്ത്യയുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ല.
എന്നാൽ, വർഷങ്ങൾക്കുശേഷം നടന്ന പുൽവാമ സംഭവത്തിന് തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിക്കുകയും ആഴ്ചകൾക്കുള്ളിൽ ബാലാകോട്ടിൽ ബോംബിട്ട് തിരിച്ചടി നൽകുകയുമാണ് ഇന്ത്യ ചെയ്തത്. മുംബയ് ഭീകരാക്രമണം പാകിസ്ഥാൻ ഭീകരരെ സംബന്ധിച്ചിടത്തോളം അവർ ആസൂത്രണം ചെയ്‌തതിനേക്കാൾ വിജയമായിരുന്നു. ഇന്ത്യയിൽ നിന്നുള്ള സഹായവും അവർക്ക് ലഭിച്ചതുകൊണ്ടാണ് ഈ ഭീകരാക്രമണം ഇത്രയധികം മാരകമായി മാറിയതെന്ന് അന്നുതന്നെ ആരോപണം ഉയർന്നിരുന്നെങ്കിലും, അവരിൽ പലരും ഇപ്പോഴും കാണാമറയത്തും മാളങ്ങളിലും കഴിയുകയാണെന്നു വേണം ഊഹിക്കാൻ. മുംബയ് ഭീകരാക്രമണ കേസിലെ മുഖ്യ പ്രതികളിലൊരാളായ കനേഡിയൻ - പാക് വംശജനായ തഹാവൂർ റാണയെ ഒന്നര ദശാബ്ദത്തിനു ശേഷമാണ് ഇന്ത്യൻ ദേശീയ അന്വേഷണ ഏജൻസിയായ എൻ.ഐ.എ അറസ്റ്റുചെയ്ത് അമേരിക്കയിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഇന്ത്യയിലെത്തിച്ചത്.
ഭീകരസംഘടനകൾക്കെതിരായ ഇന്ത്യയുടെ പോരാട്ട ചരിത്രത്തിൽ സുവർണ ലിപികളിൽ രേഖപ്പെടുത്തേണ്ടതാണ് ഈ വിജയം. അന്യരാജ്യങ്ങളിലെ ഒളിമാളങ്ങളിലിരുന്ന് ഇന്ത്യയ്ക്കെതിരായ ഭീകര പദ്ധതികൾ ആസൂത്രണം ചെയ്യുന്നവർക്കെല്ലാം ഇതൊരു മുന്നറിയിപ്പും പാഠവുമാണ്. ഇന്ത്യ പഴയ ഇന്ത്യയല്ല എന്ന് ഭീകരരെ ഓർമ്മപ്പെടുത്താൻ ഉതകുന്നതാണ് റാണയ്ക്ക് ഇന്ത്യൻ വിലങ്ങു വീണ സംഭവം. ഇയാളുടെ വിചാരണയും ശിക്ഷയുമൊക്കെ പിന്നാലെ വരുന്നതിനെക്കാൾ പ്രധാനം ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ ഇയാളിൽ നിന്ന് ചോർത്തിയെടുക്കുന്ന വിവരങ്ങളാണ്. മുംബയ് ഭീകരാക്രമണത്തിന് ഒത്താശ ചെയ്ത ഐ.എസ്.ഐയിലെ ഓഫീസർമാരുടെയും ഇന്ത്യയിൽ അവർക്ക് പിന്തുണ നൽകിയവരുടെയും പേരുകൾ ഇയാളിൽ നിന്ന് ലഭിക്കാൻ ഇടയുണ്ട്.
റാണ ഇന്ത്യയിൽ നടത്തിയ സന്ദർശനങ്ങൾക്കിടെ കൊച്ചിയിലും വന്നിട്ടുണ്ടായിരുന്നു. കേരളത്തിൽ ഇയാൾ ആരെയെങ്കിലും ബന്ധപ്പെട്ടിട്ടുണ്ടോ എന്ന വിവരമാന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. അതിനെല്ലാം റാണ കസ്റ്റഡിയിൽ മറുപടി പറയേണ്ടിവരും. സ്വന്തം രാജ്യത്തിന്റെ അതിർത്തി ലംഘിച്ച് ആക്രമണം നടത്തിയാൽ ഏതൊരു രാജ്യവും തിരിച്ചടി നൽകും. ഇസ്രയേൽ അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അമേരിക്കയിൽ മൂവായിരം പേരുടെ മരണത്തിനിടയാക്കിയ വേൾഡ് ട്രെയിഡ് സെന്റർ ആക്രമണത്തിന്റെ സൂത്രധാരനെ പാകിസ്ഥാനിലെ ഒളിയിടത്തു നിന്നാണ് അർദ്ധരാത്രിയിൽ നടത്തിയ ആക്രമണത്തിൽ കൊലപ്പെടുത്തിയത്. ഭീകരർ അക്രമത്തിൽ വിശ്വസിക്കുന്നവരാണ്. അവർക്ക് ആ ഭാഷയിൽത്തന്നെ തിരിച്ചടി നൽകിയാലേ മനസിലാകൂ. ആ നിലയിലേക്കാണ് ഇന്ത്യയും മാറുന്നത്. സംസ്‌കാരത്തിലും പാരമ്പര്യത്തിലും പഴയ ഇന്ത്യയായി തുടരുമ്പോഴും തിരിച്ചടി നൽകുന്നതിൽ പുതിയ ഇന്ത്യയാണ് ഉദയംകൊണ്ടിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |