കേരളത്തിൽ അടുത്തിടെ കേൾക്കുന്ന വാർത്തകളൊന്നു ശുഭകരമല്ല, ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തൃശൂർ മാളയിലെ ആറുവയസുകാരന്റെ കൊലപാതകം. കുട്ടിയെ പീഡനത്തിനിരയാക്കിയ വിവരം പുറത്തറിയുമോ എന്ന ഭീതിയാണ് അയൽവാസിയായ ഇരുപതുകാരനെ കൊണ്ട് ഈ ക്രൂരകൃത്യം ചെയ്യാനിടയാക്കിയത്. പ്രകൃതി വിരുദ്ധ പീഡനം ചെറുത്ത ആറ് വയസുകാരൻ നിലവിളിക്കുകയും വിവരം അമ്മയെ അറിയിക്കുമെന്നും പറഞ്ഞു. ഇതോടെ കുട്ടിയുടെ മുഖം ബലമായി പൊത്തിപ്പിടിച്ച് കുളത്തിൽ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. എന്നാണ് പൊലീസിന് പ്രതി നൽകിയ മൊഴി.
ഇത്തരത്തിൽ നിരവധി കൊലപാതകങ്ങൾക്ക് സാക്ഷ്യം വഹിച്ച സംസ്ഥാനമാണ് കേരളം. ദേശീയ ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ കണക്ക് പ്രകാരം ഇന്ത്യയിൽ 15,000ത്തോളം കുട്ടികളാണ് ഓരോ വർഷവും പലതരത്തിലുള്ള ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്നത്. കുട്ടികൾ സുരക്ഷിതരെന്ന് കരുതുന്ന വീടുകളിലും വിദ്യാലയങ്ങളിലും വരെ കുട്ടികൾ ആക്രമിക്കപ്പെടുന്നു. സംസ്ഥാനത്ത് ഈ വർഷം ഇതുവരെ 1,613 പോക്സോ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെന്ന് ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞവർഷം സംസ്ഥാനത്ത് 616 പോക്‌സോ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2023ൽ കേസുകളുടെ എണ്ണം 625 ആയിരുന്നു. 2022, 2021 വർഷങ്ങളിൽ കേസുകളുടെ എണ്ണം യഥാക്രമം 605, 560 എന്നിങ്ങനെയാണ്.
മയക്കുമരുന്നും
വില്ലൻ
സമൂഹത്തിൽ വർദ്ധിച്ചു വരുന്ന മയക്കുമരുന്നിന്റെ സ്വാധീനവും പോക്‌സോ കേസുകൾ വർദ്ധിക്കാൻ കാരണമാണ്. ലഹരി പദാർത്ഥങ്ങൾ നൽകി ലൈംഗികചൂഷണം നടത്തുന്ന സംഭവങ്ങളും നിരവധിയാണ്. ചൈൽഡ് ലൈനിന്റേയും ചെൽഡ് വെൽഫെയർ കമ്മിറ്റികളുടെയും നേതൃത്വത്തിൽ കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ കണ്ടെത്താൻ സജീവമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. അയൽവാസികളിൽ നിന്നും നേരിട്ട ലൈംഗികാതിക്രമ കേസുകളാണ് നേരത്തെ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതെങ്കിൽ ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നവയിൽ അധികവും ചാറ്റിംഗിലൂടെ പ്രണയക്കുരുക്കിൽ അകപ്പെടുന്ന കേസുകളാണ്. ഫോട്ടോയും മറ്റും അയച്ച് കൊടുത്ത് ഒടുവിൽ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമത്തിന് നിർബന്ധിതമാവുകയാണ്. കോടതികളിലെത്തുന്ന പോക്‌സോ കേസുകളിൽ 25 ശതമാനത്തോളവും പ്രണയബന്ധത്തെ എതിർത്ത് രക്ഷിതാക്കൾ നൽകുന്ന പോക്‌സോ കേസുകളാണെന്ന് മഹാരാഷ്ട്രയിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.
ഒരുകാലത്ത് അപമാനം ഭയന്ന് കേസുമായി മുന്നോട്ട് പോകാൻ അധിക പേരും താല്പര്യപ്പെട്ടിരുന്നില്ല. എന്നാൽ, നിരന്തര ബോധവത്‌കരണത്തിലൂടെ ഈ ചിന്താഗതിക്ക് വലിയ മാറ്റമാണ് സംഭവിച്ചത്. മാത്രമല്ല, തങ്ങൾക്ക് നേരെ നടന്നത് ചൂഷണമാണെന്ന് തിരിച്ചറിയാനും അതിനെതിരെ പ്രതികരിക്കാനും കുട്ടികൾക്ക് ഇന്ന് സാധിക്കുന്നുണ്ട്. സംസ്ഥാനത്തെ സ്‌കൂളുകളിൽ കൗൺസിലർമാരുടെ സേവനം ഉറപ്പാക്കിയതോടെ വെളിച്ചം കാണാതെ പോകുമായിരുന്ന പല സംഭവങ്ങളും പുറത്തു വന്നിട്ടുമുണ്ട്.
പരാതി നൽകാൻ
വൈകരുത്
കുട്ടികൾക്കെതിരായ അതിക്രമത്തെക്കുറിച്ച് പൊലീസിനോട് പേര് വെളിപ്പെടുത്താതെ റിപ്പോർട്ട് ചെയ്യണമെന്നുണ്ടെങ്കിൽ ചൈൽഡ് ലൈൻ നമ്പറായ 1098 ലേക്ക് വിളിച്ചു പറയാം. റിപ്പോർട്ട് ചെയ്യുന്നവരുടെ വിവരങ്ങൾ രഹസ്യമായി തന്നെ സുക്ഷിക്കുമെന്ന് ചൈൽഡ് ലൈൻ ഉറപ്പുതരുന്നുണ്ട്. പോക്‌സോ നിയമപ്രകാരം പൊലീസോ മറ്റ് ബന്ധപ്പെട്ട വകുപ്പുകളോ നടപടികൾ സ്വീകരിക്കാത്ത പക്ഷം സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന് പരാതി സമർപ്പിക്കാവുന്നതാണ്. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ നിയമം, വകുപ്പ് 44 പ്രകാരം പോക്‌സോ നിയമത്തിന്റെ നിരീക്ഷണ ചുമതല കേരള സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷനിൽ നിക്ഷിപ്തമാണ്. ഇതിനായി ബാലവകാശ കമ്മീഷന്റെ കീഴിൽ പോക്‌സോ മോണിറ്ററിങ്ങ് സെല്ലും പ്രവർത്തിക്കുന്നുണ്ട്.
പോക്‌സോ കേസുകളിലെ വിചാരണ നീണ്ടുപോകുന്നത് സാധാരണമാണ്. ഇത് കുട്ടികളിൽ മാസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കാനിടയാകും എന്നതിനാൽ രക്ഷിതാക്കൾ ഇടപെട്ട് ഒത്തുതീർപ്പാക്കുന്ന കേസുകളും നിരവധിയാണ്. വിചാരണ നടപടികൾ നീണ്ടുപോകുന്നതോടെ പല കുട്ടികളും വിവാഹം കഴിഞ്ഞ് പോകുന്നുണ്ട്. ഇതോടെ, കേസുമായി മുന്നോട്ട് പോകാൻ അധികപേരും താത്‌പര്യപ്പെടുന്നില്ല. ഇര സ്‌കൂൾ വിദ്യാർത്ഥിയാണെങ്കിൽ കേസിന്റെ പേരുപറഞ്ഞ് ആളുകൾ കാണാൻ വരുന്നതും കുട്ടികളെ മാനസിക സംഘർഷത്തിലേക്ക് നയിക്കും. കുറഞ്ഞ സമയത്തിനുള്ളിൽ മൊഴിയെടുപ്പും വിചാരണയും പൂർത്തിയാക്കി പ്രതിക്ക് അനിവാര്യമായ ശിക്ഷ വിധിക്കുകയാണ് വേണ്ടത്.
വേണം ലെെംഗിക
വിദ്യാഭ്യാസം
ആൺ-പെൺ വ്യത്യാസമില്ലാതെ കുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങളെ ഗൗരവത്തോടെ സമീപിക്കേണ്ടതാണ്. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും കൃത്യമായ കൗൺസലിംഗ് സംവിധാനം നടപ്പിലാക്കേണ്ടതുണ്ട്. ഗുഡ് ടച്ച്, ബാഡ് ടച്ച് എന്താണ് എന്നതിനപ്പുറത്തേക്ക് കൃത്യമായ ലൈംഗിക വിദ്യാഭ്യാസം ചെറുപ്രായത്തിൽ തന്നെ കുട്ടികൾക്ക് മനസിലാകണം. ആദിവാസി മേഖലയിലെ കുട്ടികൾക്കും ഇതുമായി ബന്ധപ്പെട്ട കൃത്യമായ അവബോധം നൽകണം.
ലൈംഗികാതിക്രമം എന്നത് അന്തസ്സുമായി ബന്ധപ്പെട്ടതല്ലെന്നും തന്റെ ശരീരത്തിന് നേരെ ഒരാൾ അക്രമം നടത്തിയാൽ അതിനെതിരെ പ്രതികരിക്കണമെന്നുമാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്. ആക്രമിക്കപ്പെട്ട കുട്ടിയെ കോടതി വരെ എത്തിക്കുന്നതിന് ശിശുക്ഷേമ സമിതി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ട്. കോടതിയിൽ സുരക്ഷിതമായി മൊഴി കൊടുക്കാനുള്ള സാഹചര്യമുണ്ടായാൽ മാത്രം പോരാ. കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കാനുള്ള സംവിധാനങ്ങളും ഒരുക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |