കൊല്ലം: മുതിർന്ന കോൺഗ്രസ് നേതാവും കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗവും വീക്ഷണം മാനേജിംഗ് എഡിറ്ററുമായ ഡോ.ശൂരനാട് രാജശേഖരൻ (76) അന്തരിച്ചു. അർബുദരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ എറണാകുളം അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിൽ ഇന്നലെ പുലർച്ചെ 4.30നായിരുന്നു അന്ത്യം.
ഭൗതികശരീരം രാവിലെ പതിനൊന്നരയോടെ കൊല്ലം ചാത്തന്നൂർ ശീമാട്ടിമുക്കിലുള്ള ലക്ഷ്മി നിവാസ് വീട്ടിലെത്തിച്ചു. കോൺഗ്രസ് നേതാക്കളടക്കം അന്തിമോപചാരമർപ്പിച്ചു. വൈകിട്ട് 5ന് വീട്ടുവളപ്പിൽ സംസ്കരിച്ചു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം വീട്ടിലൊഴികെ പൊതുദർശനം ഉണ്ടായിരുന്നില്ല.
കൊല്ലം ഡി.സി.സി മുൻ പ്രസിഡന്റാണ്. യു.ഡി.എഫ് ജില്ലാ ചെയർമാൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി, സംസ്ഥാന സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് തുടങ്ങിയ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഉദയ രാജശേഖരനാണ് ഭാര്യ. മക്കൾ: ലക്ഷ്മി നിശാന്ത് (ലണ്ടൻ), അരുൺ ഗണേഷ് (ബിസിനസ്). മരുമക്കൾ: നിശാന്ത് മേനോൻ (ഓപ്പറേഷൻസ് മാനേജർ, സീമെൻസ്, ലണ്ടൻ), ദേവി തങ്കപ്പൻ (പ്രോജക്ട് മാനേജർ, ഐ.ടി മിഷൻ).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |