മുണ്ടക്കൈ-ചൂരൽമല പ്രദേശത്തെ ഉരുൾ ദുരിതബാധിതർക്ക് പ്രതീക്ഷയുടെ കിരണങ്ങൾ. പുനരധിവാസം സംബന്ധിച്ച പ്രതിസന്ധികൾക്ക് തത്ക്കാലം വിരാമം. ഇന്നലെ മുതൽ ടൗൺഷിപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇനി ഉരുൾബാധിതർക്ക് പ്രതീക്ഷയോടെ സ്വന്തം ഭവനത്തിനായി കാത്തിരിക്കാം. കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ എൽസ്റ്റൺ എസ്റ്റേറ്റിലെ 78.73 ഹെക്ടർ ഭൂമിയിലാണ് ഇവരുടെ പുനരധിവാസം സാദ്ധ്യമാകുന്നത്. കഴിഞ്ഞ ജൂലായ് 30നാണ് രാജ്യത്തെ നടുക്കിയ ഉരുൾ ദുരന്തമുണ്ടായത്. അന്നു മുതൽ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിവരെ ഇവരുടെ ഉളളിൽ കനലായിരുന്നു. എന്നാൽ വെള്ളിയാഴ്ച ഹൈക്കോടതി ആവശ്യമായ 78.73 ഹെക്ടർ ഭൂമി കൈവശത്തിലെടുക്കാൻ അനുമതി നൽകിയതോടെ പ്രതീക്ഷയുടെ പുത്തൻ സൂര്യോദയമാണ് പിറ്റേന്ന് ഇവരെ വരവേറ്റത്. നേരത്തെ 26.51കോടി സർക്കാർ ഹൈക്കോടതിയിൽ കെട്ടി വച്ചിരുന്നു. കോടതി നിർദ്ദേശപ്രകാരം 17 കോടി കൂടി വെള്ളിയാഴ്ച രാത്രിയിൽ തന്നെ ജില്ലാ ഭരണകൂടം കെട്ടി വച്ചു. തൊട്ടുപിന്നാലെ എൽസ്റ്റൺ എസ്റ്റേറ്റിലെ ടൗൺ ഷിപ്പ് ഭൂമിയിൽ സർക്കാർ ഭൂമിയാണെന്ന ബോർഡും വച്ചു. യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു നടപടികളെല്ലാം. നേരത്തെ 26.51 കോടി കെട്ടിവച്ചതിനെ തുടർന്ന് പ്രതീകാത്മകമായി സ്ഥലം ഏറ്റെടുത്ത് ടൗൺഷിപ്പിന്റെ നിർമ്മാണ ഉദ്ഘാടനം നടത്താൻ കോടതി അനുവദിച്ചിരുന്നു. അത് പ്രകാരമാണ് ഉത്സവഛായ കലർന്ന അന്തരീക്ഷത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ടൗൺഷിപ്പിന് തറക്കല്ലിട്ടത്. ഇതിനിടെ മുട്ടിൽ പഞ്ചായത്തിൽ മുസ്ലീം ലീഗ് നിർമ്മിച്ച് നൽകുന്ന 105 വീടുകളുടെ തറക്കല്ലിടൽ ചടങ്ങ് കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ഇത് സർക്കാർ ലിസ്റ്റിൽ ഇടം തേടിയവരിൽ വിഷമമുണ്ടാക്കി. സർക്കാർ ലിസ്റ്റിൽ ഉൾപ്പെട്ട തങ്ങൾക്ക് എന്നാണ് പുനരിവാസം എന്നായിരുന്നു ഇവരുടെ ചോദ്യം. വെള്ളിയാഴ്ച രാത്രിയോടെ ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് അവശേഷിച്ച തുക കൂടി സർക്കാർ വച്ചതോടെയാണ് ഏവർക്കും സമാധാനമായത്.
കോടതി വ്യവഹാരങ്ങൾ നീണ്ടു പോയതാണ് ടൗൺഷിപ്പ് നടപടികളിലും കാലതാമസമുണ്ടാക്കിയത്. ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് ടൗൺഷിപ്പ് നിർമ്മാണം ചുമതല. സൊസൈറ്റി വയനാട്ടിൽ തന്നെ ഏറ്റെടുത്ത് നടത്തുന്ന മറ്റു നിർമ്മാണ പ്രവർത്തനങ്ങൾക്ക് എത്തിച്ചിട്ടുളള യന്ത്രസാമഗ്രികൾ ടൗൺഷിപ്പ് നിർമ്മാണത്തിനായി എസ്റ്റേറ്റിലേക്ക് എത്രയും പെട്ടെന്ന് മാറ്റാനാണ് തീരുമാനം. എല്ലാ മാതൃകാ ഭവനങ്ങളും ഒരേ സമയം തന്നെ പൂർത്തിയാക്കും. റോഡ് നിർമ്മാണവും എത്രയും വേഗം നടപ്പിലാക്കും. പന്ത്രണ്ട് മീറ്റർ വീതിയുള്ള പ്രധാന റോഡും അഞ്ച് മീറ്റർ വീതിയിൽ ഓരോ മാതൃകാ വീട് ക്ളസ്റ്ററുകളിലേക്കും റോഡുകൾ നിർമ്മിക്കും. ഓരാേ ക്ളസ്റ്ററുകളിലും ഇരുപത് വീടുകളുണ്ടാവും. പ്രധാന റോഡിൽ നിന്ന് മാതൃകാ വീട് ക്ളസ്റ്ററുകളിലേക്ക് പൊതു കെട്ടിടങ്ങളിലേക്കും റോഡുകളുണ്ടാകും. അടിത്തറ മുതൽ മേൽക്കൂര വരെ ഓരോ ഘട്ടത്തിലും പതിനഞ്ച് ടീമുകളെ വീതം നിയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ.
അവകാശങ്ങൾ ലഭിച്ചില്ല,
പ്രതിഷേധിച്ച് തൊഴിലാളികൾ
ഉരുൾബാധിതരുടെ പുനരധിവാസം സാദ്ധ്യമായപ്പോഴും പ്രശ്നങ്ങൾ അവസാനിക്കുന്നില്ല. തങ്ങളുടെ അവകാശങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾ ഇന്നലെ പ്രതിഷേധവുമായി രംഗത്തെത്തി. 78.73 ഹെക്ടർ ഭൂമിക്ക് 26.5 കോടി തീരെ കുറവാണെന്നാണ് എൽസ്റ്റൺ എസ്റ്റേറ്റ് മാനേജ്മെന്റ് പറയുന്നത്. ഭൂമിക്ക് 549 കോടി മൂല്യമുണ്ടെന്നാണ് ഇവരുടെ വാദം. എസ്റ്റേറ്റിലെ തേയിലച്ചെടികളുടെയും ഫാക്ടറി കെട്ടിടങ്ങളുടെയും ക്വാർട്ടേഴ്സ് ഉൾപ്പെടെയുള്ള കെട്ടിടങ്ങളുടെയും നഷ്ടം കൂടി കണക്കാക്കണമെന്നും എസ്റ്റേറ്റ് മാനേജ്മെന്റ് ആവശ്യപ്പെടുന്നു.
എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികൾ കണ്ണീർ പൊഴിക്കുമ്പോൾ ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാനാണ് മാനേജ്മെന്റിന്റെ തീരുമാനം. ഹൈക്കോടതി വിധി വരുന്നതോടെ തൊഴിലാളികൾക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങളുടെ കാര്യത്തിലും തീരുമാനമാകുമെന്നാണ് തൊഴിലാളികൾ പ്രതീക്ഷിച്ചത്. എന്നാൽ അതുണ്ടായില്ല. ജില്ലാ ഭരണകൂടത്തിനും ഇതേക്കുറിച്ച് യാതൊന്നും അറിയില്ല. എസ്റ്റേറ്റിലെ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ സംബന്ധിച്ച് സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളോടും തൊഴിലാളികളോടും തൊഴിൽ വകുപ്പ് ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂട പ്രതിനിധികളും നൽകിയ ഉറപ്പുകൾ പാലിക്കാതെ ടൗൺഷിപ്പിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുന്നത് പ്രതിഷേധാർഹമാണെന്ന് ഐ.എൻ.ടി.യു.സി കുറ്റപ്പെടുത്തി. ഭൂമിയുടെ കാര്യത്തിൽ സർക്കാരും മാനേജ്മെന്റും തമ്മിലുളള തർക്കത്തിൽ പോലും ഇതുവരെ തീരുമാനമായിട്ടുമില്ല. ചർച്ചയിൽ നൽകിയ ഉറപ്പുകൾ പാലിക്കണം. തൊഴിലാളികളുടെ അവകാശങ്ങൾ നൽകാതെ ടൗൺ ഷിപ്പ് നടപടികളുമായി മുന്നോട്ടു പോകുന്നത് ശരിയല്ലെന്നാണ് എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾ പറയുന്നത്. ടൗൺഷിപ്പിന് തങ്ങൾ എതിരല്ലെന്നും ഇവർ ആണയിട്ട് പറയുന്നു.
ആനുകൂല്യങ്ങൾ നടപ്പാക്കണം
ഉരുൾ ദുരിതബാധിതരെ സംരക്ഷിക്കുക തന്നെ വേണം. പക്ഷെ തങ്ങൾക്ക് നൽകാനുള്ള ആനുകൂല്യങ്ങൾ നൽകാതെ എങ്ങനെയാണ് പുനരധിവാസത്തിന്റെ പേരിൽ ടൗൺഷിപ്പ് പൂർത്തിയാക്കുക എന്നതാണ് ഇവരുടെ ചോദ്യം. ഒരു പതിറ്റാണ്ടായി നിരന്തരം തൊഴിലാളിപ്രശ്നങ്ങൾ നടക്കുന്ന എസ്റ്റേറ്റ് കൂടിയാണ് എൽസ്റ്റൺ എസ്റ്റേറ്റ്. തൊഴിൽ സമരങ്ങളും ഒത്തുതീർപ്പ് ചർച്ചകളും മാത്രമാണ് ഇക്കാലയളവിൽ നടന്നത്. തൊഴിൽ ചെയ്തിട്ടും വേതനം പോലും കിട്ടാതെ തൊഴിലാളികൾ ഇന്നും കഷ്ടപ്പെടുന്നു. 2014 മുതലുളള പി.എഫ്. കുടിശ്ശിക ഏഴ് വർഷമായുളള മെഡിക്കൽ ആനുകൂല്യങ്ങൾ, രണ്ട് വർഷത്തെ ലീവ് വിത്ത് വേജ്സ് എന്നിവ കുടിശ്ശികയാണ്. 2014 മുതൽ പ്രോവിഡന്റ് ഫണ്ടിലേക്ക് തൊഴിലാളികളിൽ നിന്ന് പിടിച്ച വിഹിതവും മാനേജ്മെന്റ് അടക്കേണ്ട വിഹിതവും അടച്ചിട്ടില്ല. ഇതുകാരണം വിരമിച്ച തൊഴിലാളികൾക്ക് പെൻഷനും ലഭിക്കുന്നില്ല. മണ്ണും ജോലിയും നഷ്ടപ്പെട്ട അവസ്ഥയിലാണ് തൊഴിലാളികൾ. സത്യത്തിൽ ദുരന്തം നടന്നത് മുണ്ടക്കൈ ചൂരൽമലയിലാണെങ്കിലും പ്രത്യാഘാതം അനുഭവിക്കേണ്ടി വന്നത് തങ്ങൾ കൂടിയാണെന്നാണ് എൽസ്റ്റൺ എസ്റ്റേറ്റിൽ നിന്ന് പുനരധിവാസത്തിന്റെ പേരിൽ പുറത്തേക്ക് പോകേണ്ട തൊഴിലാളികൾ പറയുന്നത്. മുന്നൂറ് പേർക്ക് വീടൊരുങ്ങിയപ്പോൾ ഇവിടെ നിന്നും മുന്നൂറ് പേർ കുടിയിറങ്ങേണ്ടി വന്നു. ഇതെന്ത് ന്യായമെന്നാണ് തൊഴിലാളികളുടെ ചോദ്യം. എൽസ്റ്റൺ എസ്റ്റേറ്റിന് പുറമെ ഹാരിസൺ മലയാളം കമ്പനിയുടെ നെടുമ്പാല എസ്റ്റേറ്റ് ഏറ്റെടുക്കാൻ തത്ക്കാലം ഉദ്ദേശമില്ലെന്നതാണ് സർക്കാർ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |