ചാറ്റ് ജിപിടിയുടെ മെമ്മറി ഫീച്ചറിൽ പുതിയ അപ്‌ഡേറ്റുമായി ഓപ്പൺ എഐ. പുതിയ ഫീച്ചർ എത്തുന്നതോടെ ഉപഭോക്താവ് ഇതുവരെ പറഞ്ഞ കാര്യങ്ങളെല്ലാം ചാറ്റ്‌ബോട്ടിന് ഓർമിക്കാൻ കഴിയും. ഉപയോക്താക്കളുടെ താത്‌പര്യങ്ങളും മുൻഗണനകളും കണക്കിലെടുത്താണ് പുതിയ അപ്‌ഡേറ്റ് എന്നാണ് കമ്പനി പറയുന്നത്. പുതിയ ഫീച്ചർ പ്രകാരം മെമ്മറി സേവ് ചെയ്യുന്നതിന് പുറമെ ചാറ്റ് ജിപിടിക്ക് മുൻകാല ചാറ്റുകൾ റഫർ ചെയ്യാനും സാധിക്കും.
ചാറ്റുകൾ സേവ് ചെയ്യുന്നതിലൂടെ നിങ്ങളെ മനസിലാക്കാൻ ചാറ്റ് ജിപിടിക്ക് സാധിക്കുന്നു. ഇത് സംഭാഷണം കൂടുതൽ സുഗമമാക്കുമെന്നാണ് ഓപ്പൺ എഐ പറയുന്നത്. 'അതിശയകരമായ ഫീച്ചർ ആണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. നിങ്ങളുടെ ജീവിതത്തിലുടനീളം നിങ്ങളെ അറിയാൻ എഐയ്ക്ക് സാധിക്കുന്നു. ഇതിലൂടെ ചാറ്റ്‌ബോട്ട് വളരെ ഉപയോഗപ്രദവും വ്യക്തിഗതമാവുകയും ചെയ്യുന്നു. നിങ്ങൾക്ക് ഈ ഓപ്‌ഷൻ ഒഴിവാക്കുകയും ചെയ്യാം. മെമ്മറി ഉപയോഗിക്കാത്ത തരത്തിലെ സംഭാഷണം നടത്തണമെങ്കിൽ നിങ്ങൾക്ക് താത്ക്കാലിക ചാറ്റ് ഉപയോഗിക്കാം'- ഓപ്പൺ എഐ സിഇഒ സാം ആൾട്ട്‌മാൻ വ്യക്തമാക്കി.
അതേസമയം, ചാറ്റ് ജിപിടിയുടെ പുതിയ ഫീച്ചറിൽ അനേകം പേരാണ് ആശങ്ക പ്രകടിപ്പിക്കുന്നത്. ചാറ്റ്‌ബോട്ട് ഉപഭോക്താക്കളുടെ എല്ലാ ഡാറ്റയും നിലനിർത്തുന്നത് ദുരുപയോഗത്തിന് കാരണമാവില്ലേ എന്ന ചോദ്യമാണ് ഉയരുന്നത്. ദശലക്ഷക്കണക്കിന് ആളുകളെക്കുറിച്ച് ഇത്രയധികം വിവരങ്ങൾ ശേഖരിക്കുന്ന കമ്പനിക്ക് എന്തെല്ലാം ചെയ്യാൻ സാധിക്കുമെന്നും സമൂഹമാദ്ധ്യമ ഉപഭോക്താക്കൾ ആശങ്ക പ്രകടിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |