ഇന്ത്യ കണ്ട ഏറ്റവും വലിയ ദാർശനികരിൽ ഒരാളായ ഡോ. ബി.ആർ. അംബേദ്കറുടെ 135-ാം ജന്മവാർഷിക ദിനമാണ് ഇന്ന്. ഡോ. അംബേദ്കറുടെ പൈതൃകത്തെ താഴ്‌ത്തിക്കെട്ടാൻ അന്യായവും കരുതിക്കൂട്ടിയുളളതുമായ ശ്രമങ്ങൾ എക്കാലവും നടന്നിട്ടുണ്ട്. അദ്ദേഹത്തെ ഒരു ദളിത് നേതാവായി ചുരുക്കിയതാണ് അദ്ദേഹത്തിന്റെ പൈതൃകത്തോട് കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെയായി ചെയ്തുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ അനീതി. ദളിതർക്കും പാർശ്വവത്കരിക്കപ്പെട്ടവർക്കും വേണ്ടിയുള്ള ചെറുത്തുനിൽപ്പിന്റെ പ്രതീകമായി മാത്രമല്ല, ആധുനിക ഇന്ത്യ കണ്ട അഗ്രഗാമിയായ ചിന്തകൻ എന്ന നിലയിലെ അദ്ദേഹത്തിന്റെ മാഹാത്മ്യവും നമ്മളറിയണം.
സ്കൂളിൽ പഠിക്കുമ്പോൾ, മറ്റു കുട്ടികൾ ഉപയോഗിച്ചിരുന്ന ടാപ്പിൽ നിന്ന് വെള്ളം കുടിക്കാൻ പോലും അദ്ദേഹത്തെ അനുവദിച്ചിരുന്നില്ല. ഒരു ദിവസം കൊടുംചൂടിൽ, സമീപത്തെ കുടിവെള്ള സ്രോതസിൽ നിന്ന് വെള്ളം കുടിക്കാൻ ശ്രമിച്ചതിന് അദ്ദേഹം ആക്രമിക്കപ്പെട്ടു. അത്തരമൊരു ദുരനുഭവമുണ്ടായാൽ ഭൂരിപക്ഷം പേരും സ്വന്തം വിധിയെ പഴിച്ച് കീഴടങ്ങുകയായിരുന്നു പതിവ്. കുറച്ചു പേർ ഈ അനീതിക്കു വഴങ്ങാതെ അക്രമാസക്തമായി പ്രതികരിക്കുകയും, നീതിയുക്തമല്ലാത്ത വ്യവസ്ഥിതിക്കെതിരെ പോരാടി വിപ്ലവകാരിയെന്ന പേര് സമ്പാദിക്കുകയും ചെയ്തേക്കാം. എന്നാൽ അംബേദ്കർ തന്റെ ദുരനുഭവങ്ങളെ ജ്ഞാനസമ്പാദനത്തിനുള്ള അഭിനിവേശത്തിലേക്ക് തിരിച്ചുവിട്ടു.
കൊളംബിയയിലും ലണ്ടൻ സ്കൂൾ ഒഫ് ഇക്കണോമിക്‌സിലും നിന്നുള്ള ബിരുദങ്ങൾ ഉൾപ്പെടെ എം.എ, എം.എസ്‌സി, പിഎച്ച്.ഡി, ഡിഎസ്‌സി, ഡി.ലിറ്റ്, ബാർ-അറ്റ്-ലാ എന്നിവ അദ്ദേഹം നേടി. സാമൂഹ്യ പരിഷ്കർത്താവ്, നിയമജ്ഞൻ, സാമ്പത്തിക ശാസ്ത്രജ്ഞൻ, തത്ത്വചിന്തകൻ, മനുഷ്യാവകാശ പോരാളി, രാഷ്ട്ര നിർമ്മാതാവ് എന്നീ നിലകളിൽ പ്രവർത്തിക്കുവാൻ വേണ്ട അതുല്യമായ സ്ഥൈര്യം, ബുദ്ധിശക്തി, സത്യസന്ധത എന്നിവ അംബേദ്കർക്കുണ്ടായിരുന്നു. ഒരു സ്ഥാപന നിർമ്മാതാവ് എന്ന നിലയിൽ ഡോ. അംബേദ്കറുടെ പങ്ക് എടുത്തുപറയേണ്ടതുണ്ട്. റിസർവ് ബാങ്ക് , സെൻട്രൽ വാട്ടർ കമ്മിഷൻ തുടങ്ങി ആധുനിക ഇന്ത്യയിലെ ഒട്ടേറെ സ്ഥാപനങ്ങൾ അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിൽ നിന്നാണ് രൂപം കൊണ്ടത്.
ജനാധിപത്യത്തിലെ
ധാമ്മിക ക്രമം
ഉറച്ച ജനാധിപത്യവാദിയായിരുന്നു അംബേദ്കർ. ഒരു ജനാധിപത്യ സമൂഹത്തെ ആശ്രയിച്ചാണ് ജനാധിപത്യ ഭരണകൂടം നിലകൊള്ളുന്നതെന്നും, സമൂഹത്തിൽ ധാർമ്മിക ക്രമമില്ലെങ്കിൽ ജനാധിപത്യവും നിയമവാഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം വിശ്വസിച്ചു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ പോലെ തന്നെ ജനാധിപത്യം, രാഷ്ട്രീയം, ധാർമ്മികത എന്നിവ ഒരു ത്രിത്വമായി രൂപപ്പെടേണ്ടാതാണെന്ന് അദ്ദേഹം പറഞ്ഞു. എട്ട് പതിറ്റാണ്ടുകൾ നീണ്ട പ്രയാണത്തിൽ ഇന്ത്യയെ ഊർജ്ജസ്വലമായ ഒരു ജനാധിപത്യത്തിലേക്കു നയിച്ചത് അദ്ദേഹത്തിന്റെ പ്രബോധനങ്ങളാണ്.
ഭാഷാപരമായ വിഷയങ്ങൾ ഉയർത്തി തങ്ങളുടെ ഇടുങ്ങിയതും വിഭാഗീയവുമായ താത്പര്യങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്നവർ, രാഷ്ട്രത്തിന്റെ ഐക്യത്തെയും അതിൽ ഭാഷയുടെ പങ്കിനെയും കുറിച്ചുള്ള ഡോ. അംബേദ്കറുടെ വീക്ഷണങ്ങൾ വായിക്കുന്നത് നന്നായിരിക്കും. ഭരണഘടനാ നിർമ്മാണസഭയിൽ 1949 സെപ്റ്റംബർ 10-ന് അദ്ദേഹം ഒരു ഭേദഗതി അവതരിപ്പിച്ചു - അദ്ദേഹം പ്രാവീണ്യം നേടിയ ഒമ്പത് ഭാഷകളിൽ ഒന്നായ സംസ്‌കൃതത്തെ രാഷ്ട്രത്തിന്റെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കുന്നതിനെ ഭേദഗതിയിലൂടെ പിന്തുണച്ചു. 'ഭാഷാ സംസ്ഥാനങ്ങളെക്കുറിച്ചുള്ള ചിന്തകൾ" എന്ന തന്റെ കൃതിയിൽ, ഹിന്ദി സ്വന്തം ഭാഷയായി സ്വീകരിക്കണമെന്നത് എല്ലാ ഇന്ത്യക്കാരുടെയും നിർബന്ധിത കർത്തവ്യമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ മാതൃഭാഷ ഹിന്ദി അല്ലാതിരുന്നിട്ടും, അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം അദ്ദേഹമത് വ്യക്തമാക്കി.
ദർശനത്തിന്റെ
പ്രതിഫലനം
1952 ഡിസംബർ 22-ന് 'ജനാധിപത്യത്തിന്റെ വിജയകരമായ നടത്തിപ്പിനുള്ള മുൻ ഉപാധികകൾ" എന്ന വിഷയത്തിൽ നടത്തിയ പ്രസംഗങ്ങളിലൊന്നിൽ, ജനാധിപത്യത്തിന്റെ രൂപവും ലക്ഷ്യവും കാലാനുസൃതമായി മാറിക്കൊണ്ടിരിക്കുമെന്നും ആധുനിക ജനാധിപത്യത്തിന്റെ ഉദ്ദേശ്യം ജനക്ഷേമം കൈവരിക്കുക എന്നതാണെന്നും ഡോ. അംബേദ്കർ പറഞ്ഞു. ഈ ദർശനം സ്വീകരിച്ച് അക്ഷീണം പ്രയത്നിച്ചതിലൂടെ കഴിഞ്ഞ 10 വർഷത്തിനിടെ 25 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിക്കുന്നതിൽ നമ്മുടെ സർക്കാർ വിജയിച്ചു. 16 കോടി വീടുകളിൽ പൈപ്പിലൂടെ കുടിവെള്ളം എത്തിക്കാൻ സർക്കാരിനു സാധിച്ചു. പാവപ്പെട്ട കുടുംബങ്ങൾക്കായി അഞ്ചു കോടി വീടുകൾ നിർമ്മിച്ചു.
2023-ൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി 'ജൻ മൻ അഭിയാൻ" ആരംഭിച്ചു. അതീവ ദുർബലരായ ഗോത്ര വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അവരുടെ വീടുകളിലും വാസസ്ഥലങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു. സാർവത്രിക ആരോഗ്യ പരിരക്ഷ എന്ന ദർശനം സാക്ഷാത്കരിക്കുന്നതിനായി 'ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന" ആരംഭിച്ചു.
പഠനത്തിന്
പഞ്ചതീർത്ഥം
2047 ഓടെ 'വികസിത ഭാരതം" എന്ന ലക്ഷ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടു വച്ചിട്ടുണ്ട്. ബാബാ സാഹേബിന്റെ ദർശനങ്ങൾക്ക് അനുപൂരകമാണ് ഈ ലക്ഷ്യം. കൂടാതെ, ബാബാ സാഹേബിന്റെ പൈതൃകത്തെയും സംഭാവനകളെയും കുറിച്ച് ഭാവി തലമുറകൾ കൂടുതൽ മനസിലാക്കുന്നുവെന്ന് ഉറപ്പാക്കാൻ, പഞ്ചതീർത്ഥം വികസിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിച്ചു. ഡോ. അംബേദ്കറുമായി ബന്ധപ്പെട്ട അഞ്ച് സുപ്രധാന സ്ഥലങ്ങൾ; മോവ് (മധ്യപ്രദേശ്); ദീക്ഷാ ഭൂമി (മഹാരാഷ്ട്ര) ലണ്ടനിലെ ഡോ. അംബേദ്കർ സ്മാരക ഭവനം, ഡൽഹി അലിപൂർ റോഡിലെ മഹാ പരിനിർവാൺ ഭൂമി, മുംബയിലെ ചൈത്യ ഭൂമി (മഹാരാഷ്ട്ര) എന്നിവ പഞ്ചതീർത്ഥത്തിൽ ഉൾപ്പെടുന്നു.
സൈമൺ കമ്മിഷന് തെളിവ് നൽകാൻ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞതുപോലെ, "നാം ഇന്ത്യക്കാരാണ്, അടിമുടി ഇന്ത്യക്കാർ" എന്ന ബോധം ജനങ്ങളിൽ സൃഷ്ടിക്കുക എന്നതാണ് അടിയന്തര ആവശ്യം, പ്രാദേശിക വാദത്തിനും വിഭാഗീയ ചിന്തകൾക്കും അടിപ്പെടുന്നതിനെതിരെ നൽകിയ മുന്നറിയിപ്പായിരുന്നു അത്. ഇന്ത്യയ്ക്ക് ദൈവം നൽകിയ വരദാനവും ലോകത്തിന് ഇന്ത്യ നൽകിയ സമ്മാനവുമാണ് ബാബാസാഹിബ്. ഇന്ന്, 135 വർഷങ്ങൾക്കിപ്പുറം, ബ്രിട്ടീഷ് ഇന്ത്യയും സ്വതന്ത്ര ഇന്ത്യയും നിഷേധിച്ച, അർഹിക്കുന്ന മഹനീയ സ്ഥാനം നൽകി നമുക്ക് അദ്ദേഹത്തെ ആദരിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |