കേന്ദ്ര സർക്കാരിനെതിരെ പട നയിച്ച് വീര പരിവേഷത്തിൽ നിൽക്കുന്ന എം.കെ. സ്റ്റാലിൻ; ഡി.എം.കെയാണ് പ്രധാന ശത്രുവെന്ന് പ്രഖ്യാപിച്ച് സ്റ്റാലിനെതിരെ പോരിനിറങ്ങിയ ദളപതി വിജയ്‌യുടെ ടി.വി.കെ; നിയമസഭാ തിരഞ്ഞെടപ്പിന് ഒരു വർഷം മാത്രം ശേഷിക്കെ, അണ്ണാ ഡി.എം.കെ ഇതാ എൻ.ഡി.എയിലേക്ക് മടങ്ങിയെത്തിയിരിക്കുന്ന- പുതിയൊരു ട്വിസ്റ്റിൽ എത്തി നിൽക്കുകയാണ് തമിഴക രാഷ്ട്രീയം.
സ്റ്റാലിനും വിജയും നേർക്കുനേർ വന്നാൽ സ്വന്തം അണികൾ കൈവിട്ടു പോകുമെന്ന എടപ്പാടി പളനിസാമിയുടേയും തമിഴ്നാട്ടിൽ ഇനിയും ഒറ്റയ്ക്ക് നിൽക്കാറായിട്ടില്ലെന്ന ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെയും കണക്കുകൂട്ടലുകളാണ് ഇരുവരെയും വീണ്ടും സുഹൃത്തുക്കളാക്കിയത്. ബി.ജെ.പിയും അണ്ണാ ഡി.എം.കെയും സഖ്യത്തിലാകുമ്പോൾ അത് തിരിച്ചടിയാകുന്നത് സ്റ്റാലിന്റെ പിന്തുടർച്ചാ മോഹങ്ങൾക്കാകുമോ, അതോ മുഖ്യമന്ത്രിപദം സ്വപ്നം കാണുന്ന വിജയ്‌ക്കാകുമോ എന്ന് ഇപ്പോൾ വ്യക്തമായി പറയാനാകില്ല. സസ്പെൻസുകൾ ഇനിയും ഉണ്ടാകും. മൂന്നു കക്ഷികൾക്കും ഭരണം പിടിക്കാൻ വലിയ കളികൾ വേണ്ടിവരും. മുമ്പെങ്ങുമില്ലാത്ത വിധം ത്രികോണ മത്സരത്തിലേക്കാണ് തമിഴ്നാട് രാഷ്ട്രീയം എത്തിയിരിക്കുന്നത്.
പ്രതീക്ഷകൾ
തെറ്റുന്നു
എം.ജി.ആറിനെപ്പോലെ മുഖ്യമന്ത്രിയാകുമെന്ന് വില്ലുപുരം വിക്രവാണ്ടിയിൽ നടന്ന ടി.വി.കെയുടെ ആദ്യ പൊതുസമ്മേളനത്തിൽ പ്രഖ്യാപിച്ചയാളാണ് വിജയ്. എം.ജി.ആറിനെപ്പോലെ സൂപ്പർസ്റ്റാർ ആയതുകൊണ്ട് തനിക്കും മുഖ്യമന്ത്രിയാകാം എന്നു മാത്രമായിരിക്കില്ല അതിന് വിജയ് കണ്ട അർത്ഥം. എം.ജി.ആറിന്റെ അണ്ണാ ഡി.എം.കെയിലെ അണികളെക്കൂടി വിജയ് ലക്ഷ്യമിട്ടിരുന്നു.
കരുണാനിധി നയിച്ച ഡി.എം.കെയെ വെല്ലുവിളിച്ചാണ് മരുതൂർ ഗോപാല രാമചന്ദ്രൻ എന്ന എം.ജി.ആർ അണ്ണാ ഡി.എം.കെ രൂപീകരിച്ചത്. 1972-ൽ പാർട്ടി രൂപീകരിച്ച് അഞ്ചാം വർഷം (1977) നടന്ന തിരഞ്ഞെടുപ്പിലാണ് എം.ജി.ആർ മുഖ്യമന്ത്രിയായത്. ഈ നേട്ടം ഒന്നര വർഷത്തനുള്ളിൽ നേടിയെടുക്കാൻ പുതിയ സാഹചര്യത്തിൽ വിജയ് പാടുപെടും. ടി.വി.കെയുടെ ആദ്യ സമ്മേളനത്തിൽ വിജയ് ഡി.എം.കെയെ കണക്കിന് വിമർശിച്ചു. കേന്ദ്രം ഭരിക്കുന്നവർ ഫാസിസ്റ്റാണെങ്കിൽ ഡി.എം.കെ പായസമാണോ എന്നായിരുന്നു കളിയാക്കൽ.
ടി.വി.കെ മുന്നണിയുണ്ടാക്കുമെന്നും അധികാരം ലഭിച്ചാൽ മുന്നണിയുടെ ഭാഗമാകുന്ന മറ്റ് പാർട്ടിയിലുള്ളവർക്ക് മന്ത്രിസ്ഥാനം നൽകുമെന്നും പ്രഖ്യാപിച്ചത് ഡി.എം.കെയ്ക്കൊപ്പം നിൽക്കുന്ന കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികളെ നോട്ടമിട്ടായിരുന്നു. ഡി.എം.കെ മുന്നണിയിലെ രണ്ടാം കക്ഷിയാണെങ്കിലും കോൺഗ്രസിന് മന്ത്രിസ്ഥാനമൊന്നും നൽകിയിട്ടില്ല. മാത്രമല്ല, അണ്ണാ ഡി.എം.കെയുടെ പേരുപോലും അന്ന് വിജയ് മിണ്ടിയില്ല. എടപ്പാടിയെ വിമർശിച്ചില്ല. തിരഞ്ഞെടുപ്പിൽ ടി.വി.കെ അണ്ണാ ഡി.എം.കെയുമായി സഖ്യംചേരുമെന്ന വാർത്ത വരെ ചില മാദ്ധ്യമങ്ങളിൽ വന്നു. വിജയും അണ്ണാ ഡി.എം.കെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയും കൈകൊടുക്കുമെന്ന ധാരണ പൊതുവെ പരന്നിരുന്നു.
എന്നാൽ എടപ്പാടി നേരെ പോയത് ഡൽഹിയിൽ അമിത്ഷായെ കാണാൻ. എടപ്പാടിക്കും ബി.ജെ.പിക്കും ഇടയിൽ കരടായി നിൽക്കുന്നതത് അണ്ണാമലൈയാണെന്ന് അദ്ദേഹം ഷായോട് പറഞ്ഞുവെന്നാണ് പിന്നീട് കേട്ടത്. എന്തായാലും കെ. അണ്ണാമലൈയ ഷാ വിളിപ്പിച്ചു. എല്ലാം പറഞ്ഞ് കോംപ്രമൈസാക്കി. പിന്നെ, ചെന്നൈയിൽ അമിത് ഷാ എത്തി. ബി.ജെ.പി ആസ്ഥാനത്ത് ആദ്യ യോഗം. സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന നൈനാർ നാഗേന്ദ്രനെ പ്രസിഡന്റാക്കി.
എടപ്പാടിയേയും അണ്ണാമലൈയേയും ഇരുവശത്തായി ഇരുത്തി അടുത്ത യോഗം. അണ്ണാ ഡി.എം.കെയുടെ തിരിച്ചുവരവ് പ്രഖ്യാപിക്കുന്നു.
അതിനു ശേഷമാണ് അണ്ണാ ഡി.എം.കെയെ വിമർശിക്കാൻ വിജയ് തയ്യാറായത്. ബി.ജെ.പി- അണ്ണാ ഡി.എം.കെ സഖ്യം മൂന്നു തവണ തമിഴ്നാട് തള്ളിയതാണ് എന്നായിരുന്നു വിജയുടെ പ്രതികരണം. എം.ജി.ആറിന്റെയും അണ്ണാദുരൈയുടെയും അനുഗ്രഹം തനിക്കൊപ്പമാണ്. ബി.ജെ.പിക്ക് ഡി.എം.കെ രഹസ്യ പങ്കാളിയും, അണ്ണാ ഡി.എം.കെ പരസ്യ പങ്കാളിയുമാണ്. 2026-ലെ പോരാട്ടം ഡി.എം.കെയും ടി.വി.കെയും തമ്മിലാകുമെന്നും വിജയ് ആവർത്തിച്ചു.
ഏശാതെ പോയ
ആരോപണങ്ങൾ
ഡി.എം.കെ സർക്കാരിനെതിരായ അഴിമതി ആരോപണങ്ങൾ ഫലപ്രദമായി വിനിയോഗിക്കാൻ ഇതുവരെ പ്രതിപക്ഷ കക്ഷികൾക്ക് കഴിഞ്ഞിട്ടില്ല. സംസ്ഥാന സർക്കാർ പ്രതിരോധത്തിലാകുന്ന ഘട്ടത്തിലൊക്കെ ഹിന്ദിവിരുദ്ധ പ്രസ്താവന ഉൾപ്പെടെയുള്ള വിഷയങ്ങളുമായി എം.കെ.സ്റ്റാലിനും മറ്റ് ഡി.എം.കെ നേതാക്കളും രംഗത്തിറങ്ങും. ടാസ്‌മാക് വിവാദം കത്തി നിന്നപ്പോഴാണ് മറ്റ് സംസ്ഥാനത്തെ മുഖ്യമന്ത്രിമാരെ ഉൾപ്പെടെ രംഗത്തിറക്കി മണ്ഡല പുനർനിർണയ വിഷയത്തിൽ കേന്ദ്രത്തിനെതിരെ സമ്മേളനം നടത്തിയത്. ഗവർണർക്കെതിരെ സുപ്രീംകോടതിയുടെ വിധി കൂടി വന്നതോടെ സ്റ്രാലിന്റെ ഊർജ്ജം ഡബിളായി.
ബി.ജെ.പിയുമായി അണ്ണാ ഡി.എം.കെ കൈകോർക്കുമ്പോഴും ഈ സഖ്യത്തിന് ഡി.എം.കെയെ വെല്ലാൻ കഴിയുമെന്ന ധാരണ തമിഴ് ജനതയ്ക്കുണ്ടാകണം. ഡി.എം.കെയുടെ മുഖ്യ എതിരാളി തങ്ങളാണെന്ന അവകാശവാദം ഉയർത്തി ടി.വി.കെ നിലകൊള്ളുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. ഭരണവിരുദ്ധ വോട്ടുകൾ രണ്ട് ചേരികളിലായി വിഭജിക്കപ്പെട്ടാൽ അത് നേട്ടമാക്കുന്നത് ഡി.എം.കെയായിരിക്കും.
നൈനാർ
ക്ലിക്കാകുമോ?
വീരപരിവേഷമാണ് ഐ.എ.എസുകാരനായിരുന്ന കെ.അണ്ണാമലൈയ്ക്കുണ്ടായിരുന്നത്. എന്നാൽ എടുത്തുചാട്ടവും വാവിട്ട വാക്കുകളും വിനയായി മാറുകയായിരുന്നു. അണ്ണാമലൈ ചെയ്യുന്നതൊക്കെ മണ്ടത്തരമെന്ന് വരുത്തിത്തീർത്ത് പരിഹസിക്കാനാണ് ഡി.എം.കെ നേതാക്കൾ ശ്രമിച്ചിരുന്നത്. പക്ഷെ, ഏതു വെല്ലുവിളിയും ഏറ്രെടുക്കാൻ അണ്ണാമലൈ ഒരുക്കമായിരുന്നു. ഏറ്റവും ഒടുവിൽ ഡി.എം.കെയുടെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിലേക്ക് വരാൻ ധൈര്യമുണ്ടോ എന്ന എന്ന ഉദനിനിധി സ്റ്റാലിന്റെ വെല്ലുവിളി അണ്ണാമലൈ ഏറ്റെടുത്തിരുന്നു. ദേശീയ വിദ്യാഭ്യാസ നയം സംബന്ധിച്ച വാദപ്രതിവാദങ്ങൾക്കിടെയായിരുന്നു വെല്ലുവിളി. സമയവും തിയതിയും കുറിച്ചുവച്ചോളൂ എന്നായിരുന്നു അണ്ണാമലൈയുടെ മറുപടി.
ക്ലീൻ ഇമേജ് നിലനിറുത്തിയിരുന്ന അണ്ണാമലൈയ്ക്കു പകരം ബി.ജെ.പി സംസ്ഥാന പ്രസിഡന്റായ നൈനാർ നാഗേന്ദ്രന് അത്ര ക്ലീൻ ഇമേജല്ല ഉള്ളത്. പക്ഷെ, മികച്ച സംഘാടകനാണ്. 2016-ൽ ജയലളിതയുടെ മരണം വരെ അണ്ണാ ഡി.എം.കെ നേതാവായിരുന്ന നൈനാർ നാഗേന്ദ്രൻ 2017-ലാണ് ബി.ജെ.പിയിൽ ചേർന്നത്. 2020 മുതൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റായി. അണ്ണാ ഡി.എം.കെ ടിക്കറ്റിൽ തിരുനൽവേലിയിൽനിന്നു ജയിച്ച് ആദ്യമായി നിയമസഭയിലെത്തിയത് 2001ൽ. ആ വർഷം തന്നെ ജയലളിത മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായി. അടുത്ത വർഷം വൈദ്യുതി വകുപ്പുകൂടി ലഭിച്ചു. 2006-ൽ മത്സരിച്ചെങ്കിലും 601വോട്ടിനു തോറ്റു. 2011ൽ വീണ്ടും തിരുനെൽവേലിയിൽനിന്ന് വിജയം. പക്ഷേ അത്തവണ മന്ത്രിസഭയിലെത്തിയില്ല. 2016ൽ വീണ്ടും പരാജയം.
2001-06 കാലഘട്ടത്തിൽ മന്ത്രിയായിരിക്കെ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കുറ്റത്തിന് നൈനാർ നാഗേന്ദ്രന്റെ സ്ഥാപനങ്ങളിൽ തമിഴ്നാട് വിജിലൻസ് റെയ്ഡ് നടത്തി. അഴിമതി നിരോധന നിയമപ്രകാരം 3.9 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിൽ നാഗേന്ദ്രനും ഭാര്യയ്ക്കും മറ്റു നാല് ബന്ധുക്കൾക്കുമെതിരെ വിജിലൻസ് ഡയറക്ടറേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുൻപുണ്ടായ കുഴൽപ്പണക്കേസിന്റെ സംശയമുന തിരിഞ്ഞതും നൈനാറിനെതിരെയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |