പരിസ്ഥിതി സംരക്ഷണം സർക്കാർ സംവിധാനങ്ങളുടെയോ മറ്രേതെങ്കിലും ഏജൻസിയുടെയോ കടമയാണെന്ന മനോഭാവം തിരുത്തപ്പെടേണ്ടതാണെന്ന് ഹരിത കേരള മിഷൻ വൈസ് ചെയർപേഴ്സൺ ടി.എൻ. സീമ. നവകേരള കർമ്മപദ്ധതിയുടെ കോ-ഓർഡിനേറ്റർ കൂടിയായ ടി.എൻ. സീമ കേരളകൗമുദിയുമായി സംസാരിക്കുന്നു.
? പരിസ്ഥിതി സംരക്ഷണം പൗരന്മാരുടെ കടമയാണെന്ന് ആളുകൾ മനസിലാക്കുന്നില്ലല്ലോ.
അതെ. കാലാവസ്ഥാ വ്യതിയാനം വളരെ ദൂരെയുള്ള ഒരു കാര്യമായാണ് ആളുകൾ കണ്ടിരുന്നത്. ഇതു മൂലമുണ്ടാകുന്ന ചാഞ്ചാട്ടങ്ങൾ ആ നിലയിൽ ഉൾക്കൊണ്ടിരുന്നില്ല. പക്ഷേ, ഇപ്പോൾ അങ്ങനെയല്ല. സഹിക്കാൻ പറ്റാത്തത്ര കടുത്ത ചൂടാണല്ലോ അനുഭവപ്പെടുന്നത്. അതിൽ നിന്നൊക്കെ കാലാവസ്ഥാ പാഠങ്ങൾ മനസിലാക്കി പ്രവർത്തിക്കണം.
പരിസ്ഥിതി സംരക്ഷണം മറ്റാരുടെയോ ജോലിയാണ് എന്ന നിലയിലാണ് ആളുകൾ വിചാരിക്കുന്നത് .ഇത് കുറേയൊക്കെ മാറിയിട്ടുണ്ട്. സ്വന്തം അനുഭവങ്ങളിൽ നിന്നു തന്നെ പലർക്കും അത് മനസിലാകുന്നുണ്ട്.
എന്നാൽ ഇനിയും മാറണം. എല്ലാ തരത്തിലുള്ള ആളുകളുടെയും ഉത്തരവാദിത്വമാണ്പരിസ്ഥിതി സംരക്ഷണമെന്ന് അറിഞ്ഞ് പ്രവർത്തിക്കണം.
? :ഹരിത കേരള മിഷന്റെ പച്ചത്തുരുത്ത് പദ്ധതി വ്യാപിപ്പിക്കാൻ കഴിഞ്ഞോ.
വളരെ വലിയ രീതിയിൽ വ്യാപിപ്പിക്കാൻ കഴിഞ്ഞു. സംസ്ഥാനത്ത് ഇപ്പോൾ 3600 പച്ചത്തുരുത്തുകളുണ്ട്. ഇത് 1100 ഏക്കറിലാണ്. കൂടുതൽ പച്ചത്തുരുത്തുകൾ വ്യാപിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. മാവ്, പ്ളാവ് പോലുള്ള ഫലവർഗങ്ങൾ കൂടുതലായി നട്ടുപിടിപ്പിക്കാൻ പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്.
? :നഗരവത്കരണം വളരെ വേഗത്തിലാകുമ്പോൾ നഗര മേഖലകളിലും പച്ചത്തുരുത്തുകളുടെ ആവശ്യകതയില്ലേ?
അതെ, നഗരത്തിന്റെ ആവശ്യകതയാണ്. പക്ഷേ നഗരത്തിൽ ഭൂമി ലഭിക്കാത്തതിന്റെ പരിമിതിയുണ്ട്. എന്നാൽപ്പോലും നഗര പ്രദേശങ്ങളിൽ കുറേയധികം പച്ചത്തുരുത്തുകളുണ്ട്.
? നഗരങ്ങളിൽ പൊതു ഇടങ്ങൾ കുറഞ്ഞുവരികയാണല്ലോ.
നഗരവത്കരണം അതിവേഗം നടക്കുകയാണ്. പൊതു ഇടടങ്ങൾ സംരക്ഷിച്ചു പോയില്ലെങ്കിൽ അതൊക്കെ നഷ്ടമാകും.
? അന്യംനിന്നുപോകുന്ന കാവുകളുടെ സംരക്ഷണം എങ്ങനെയാണ്.
കാവുകളുടെ സംരക്ഷണവും മിഷന്റെ ഭാഗമായി ഏറ്റെടുത്ത് നടത്തുന്നുണ്ട്. കാവുകളിൽ നഷ്ടപ്പെട്ടുപോയ മരങ്ങളൊക്കെയുണ്ട്. ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവരുടെ നേതൃത്വത്തിൽ അത് വച്ചുപിടിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണ്.
? പച്ചത്തുരുത്തുകളുടെ ആവശ്യകതയെക്കുറിച്ച് ബോധവത്കരണം.
സ്കൂളുകൾ, കോളേജുകൾ, ക്ലബുകൾ എന്നിവിടങ്ങളിൽ ബോധവത്കരണ ക്ളാസുകളെടുക്കുന്നുണ്ട്. അതിൽ നിന്ന് നല്ല പ്രതികരണങ്ങൾ ലഭിക്കുന്നുണ്ട്.പലരും അത് ചെയ്യാൻ മുൻകൈയെടുക്കുന്നുണ്ട്.
? യുവാക്കളുടെ പങ്കാളിത്തം.
അവരെ ഇതിലേയ്ക്ക് കൊണ്ടുവരേണ്ടതുണ്ട്. ലഹരിയുടെയും മറ്റും സ്വാധീനങ്ങളിൽ നിന്ന് അവരെ മാറ്റിനിറുത്താനും ഇത്തരം പ്രവർത്തനങ്ങൾ സഹായകമാണ്.
? കാർബൺ ബഹിർഗമനം കുറയ്ക്കാൻ പദ്ധതി
ഇതിന് നെറ്റ് സീറോ കാർബൺ കേരളം എന്ന പദ്ധതിയുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ, ഗവേഷണ സ്ഥപനങ്ങൾ എന്നിവയുമായി ചേർന്നാണ് പദ്ധതി. സംസ്ഥാനത്ത് 152 തദ്ദേശ സ്ഥാപനങ്ങളിൽ ഈ പദ്ധതി നടത്തുന്നുണ്ട്. കാർബണിന്റെ ഉപഭോഗം കുറയ്ക്കുന്നതിനു വേണ്ടിയുള്ള പദ്ധതികൾ അവലംബിക്കും. വൈദ്യുതി, ഗതാഗത മേഖലകളിൽ നിന്ന് കാർബൺ പുറന്തള്ളലുണ്ട്. പുതിയ പദ്ധതികൾ അവലംബിച്ച് ഇത് കുറയ്ക്കുകയാണ് ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |