SignIn
Kerala Kaumudi Online
Saturday, 26 July 2025 10.13 AM IST

അണ്ണൻമാരുടെ അങ്കലാപ്പുകൾ

Increase Font Size Decrease Font Size Print Page
thamizhan

കൊമ്പൻ മീശക്കാരുടെ നാട്ടിൽ പൊടിമീശപോലുമില്ലാത്തവന്മാർക്ക് എന്തുകാര്യമെന്ന ചോദ്യംകേട്ടു പേടിച്ച് സ്ഥലംവിട്ട വടക്കന്മാർ പുതിയൊരു ഫയൽവാനുമായി എത്തി. രാഷ്ട്രീയത്തിലെ ഉദയസൂര്യനെയും സിനിമയിലെ പോക്കിരിരാജയെയും വീഴ്ത്താൻ തിരുനൽവേലിക്കാരനായ നാഗേന്ദ്രനാണ് തമിഴകത്ത് അവതരിച്ചത്. ആള് ജിമ്മനും മർമ്മാണിയും അപാരബുദ്ധിമാനുമാണെന്നാണ് സംസാരം. സഹായത്തിന് പഴയ മല്ലൻ എടപ്പാടി പളനിസ്വാമിയുമുണ്ട്. ഇടക്കാലത്ത് പിണങ്ങിപ്പോയെങ്കിലും എടപ്പാടി പൂർവാധികം കരുത്തോടെ തിരികെയെത്തി. ഉണരുന്ന സിംഹമാണ് എടപ്പാടിയെന്ന് അണികൾ പറയുന്നു. ഉണർന്നാൽ എന്തു സംഭവിക്കാൻ,​ മൂത്രമൊഴിച്ചു വീണ്ടും കിടക്കുന്നതല്ലേ നാട്ടുനടപ്പെന്ന് എതിരാളികൾ ചോദിക്കുന്നു. പക്വമതിയായ അദ്ദേഹം ഒന്നും പ്രതികരിക്കുന്നില്ല.

കരുത്തിലും തന്ത്രങ്ങളിലും അത്രപോരെങ്കിലും പുരട്ചി തലൈവി ജയലളിതാമ്മയുടെ അനുഗ്രഹം നേടിയ ആളാണ്. ആ വലിയഭാവമൊന്നും ഇല്ലതാനും. ആരാകും അടുത്ത മുഖ്യൻ എന്ന് ഡി.എം.കെയിലെയും, സിനിമയിലെയും യുവരാജാക്കന്മാരുടെ അണികൾ കണക്കുകൂട്ടിയിരിക്കുമ്പോഴാണ് പുതിയ ട്വിസ്റ്റ്.
തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെയും സിനിമയിലെ പോക്കിരിരാജയായ വിജയെയും വീഴ്ത്തി ദ്രാവിഡ മനസിലെ അങ്കച്ചേകവരാക്കാൻ വടക്കന്മാരുടെ ചാണക്യൻ അമിത് ഷാജി കളത്തിലിറക്കിയ നൈനാർ നാഗേന്ദ്രൻ, നാൻതാൻ രാശാവെടാ എന്നു പറയുന്ന കാലം വരുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. പക്ഷേ, ഉറക്കം കളയാനൊരു മൂട്ടയോ കൊതുകോ ധാരാളം. എന്തായാലും അണ്ണൻമാരുടെ നാട്ടിൽ അങ്കച്ചേകവൻമാർ കച്ചമുറുക്കുകയാണ്.
ആഞ്ഞടികളുടെ രാജാവായ ഭാവി പ്രധാനമന്ത്രിയുടെ അടുത്ത ചങ്ങാതിയാണെന്നാണ് വയ്പെങ്കിലും ദ്രാവിഡ നാട്ടിലെ ചുവന്ന മുഖ്യൻ സ്റ്റാലിന് ഖദറുകാരോട് വലിയ താത്പര്യമില്ല. സ്റ്റാലിൻ സഖാവിന്റെ പിതാവ് കലൈഞ്ജർ കരുണാനിധിയും അങ്ങനെയായിരുന്നു. പക്ഷേ, കോൺഗ്രസ് നേതാക്കളായിരുന്ന മൂപ്പനാരെയും ശിവാജി ഗണേശനെയുമൊക്കെ അദ്ദേഹത്തിന് വലിയ കാര്യമായിരുന്നു. സ്റ്റാലിന്റെ അടുത്ത ബ്രോസ് അഥവാ ചങ്കൻമാർ കേരളസഖാക്കളാണ്. പക്ഷേ, ഈയിടെയായി ദ്രാവിഡ സഖാക്കൾക്ക് ചെറിയൊരു സംശയം; ഇന്ത്യാ മഹാരാജ്യത്തെ വടക്കന്മാരും, കേരളത്തിലെ വടക്കന്മാരും തമ്മിൽ എന്തോ ചില അന്തർധാരകളില്ലേയെന്ന്. കൊട്ടാരം ജ്യോത്സ്യന്മാർ കവടി നിരത്തി പറയുന്നതിനാൽ അങ്ങനെയങ്ങ് തള്ളിക്കളയാനാവില്ല. പക്ഷേ,​ 'നോ വറീസ് "എന്ന് മുഖ്യസഖാക്കൾ കഴിഞ്ഞദിവസവും ഉറപ്പുനൽകി. കാവിക്കാർക്ക് തമിഴകത്തെ ഒറ്റുകൊടുക്കുന്ന റിബൽ ദ്രാവിഡന്മാരെ നേരിടാൻ കേരളം കൂടെയുണ്ട്. ഒട്ടും ഭയക്കേണ്ടെന്ന് സഖാക്കൾ പറഞ്ഞിട്ടുണ്ട്. അന്തവും കുന്തവുമില്ലാത്ത കാര്യങ്ങൾ ചിന്തിക്കാതിരിക്കുന്നതാണ് നല്ലത്.

എന്തായാലും തമിഴകത്ത് ഒന്നും സംഭവിക്കില്ല. മുണ്ടുടുക്കുന്ന തമിഴ് മക്കളും ചുരിദാർ ഇടുന്ന താടിക്കാരും തമ്മിൽ പൊരുത്തപ്പെടില്ല. മസാലദോശയും വടയുമെവിടെ, ഉണക്കച്ചപ്പാത്തിയും പരിപ്പുകറിയുമെവിടെ. വടക്കൻ ഭക്ഷണങ്ങളുണ്ടാക്കുന്ന വിസ്‌ഫോടനങ്ങൾ കേട്ടു പേടിക്കുന്നവരല്ല ദ്രാവിഡ മക്കൾ. പത്തുതലയുള്ള രാവണന്റെ വാളായ ചന്ദ്രഹാസത്തിന്റെ ശക്തി ചരടിൽ ആവാഹിച്ച് വലതുകൈയിൽ കെട്ടിയവരുടെ പ്രസ്ഥാനമാണ് ഡി.എം.കെ.

കൊതുകിനുമില്ലേ...

അണ്ണാ ഡി.എം.കെ-ബി.ജെ.പി സഖ്യത്തെ കൊതുകും മൂട്ടയും തമ്മിലുള്ള കൂട്ടുകെട്ടായേ കാണുന്നുള്ളൂ. വടക്കുനിന്നു പറന്നുവരുന്ന കൊതുകും പതുങ്ങിയിരുന്നു കടിതരുന്ന മൂട്ടയും ഭീഷണിയല്ല. ഓന്ത് ഓടിയാൽ വേലിയോളം, ചെമ്മീൻ ചാടിയാൽ ചട്ടിയോളം എന്നൊരു പഴഞ്ചൊല്ലുണ്ട്!.

പരമ്പരാഗത പാതയിലൂടെ, സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലെത്തിയ ഉദയനിധി സ്റ്റാലിനും, വെടിയുണ്ടകളെ അരിയുണ്ടകളാക്കി അമ്മാനമാടി കടിച്ചുപൊട്ടിക്കുന്ന ഇളയ ദളപതി വിജയും തമ്മിലുള്ള ക്ലൈമാക്‌സിനു കാത്തിരുന്നവർക്ക് ഇടയിലേക്കാണ് പുതിയ കൂട്ടുകാരുടെ കടന്നുവരവ്. ഇടക്കാലത്ത് പിണങ്ങിപ്പോയവർ വീണ്ടും കൂട്ടുകാരാകുമ്പോൾ ലേശം ശുഷ്‌കാന്തി കൂടും. ജയലളിതാമ്മയുടെ ധാരാളം ആരാധകരുള്ള തമിഴകത്ത് അണ്ണാ ഡി.എം.കെയ്ക്ക് ഇനിയുമൊരു അങ്കത്തിന് ബാല്യമുണ്ടെന്നാണ് പ്രതീക്ഷ. ആയമ്മയുടെ തോഴിയായിരുന്ന ശശികലയും വൈകാതെ രംഗപ്രവേശം ചെയ്യുമെന്നാണ് സൂചന. കുളം നന്നായി കലങ്ങുമ്പോൾ എന്തെങ്കിലുമൊക്കെ തടയുമെന്നാണ് വടക്കന്മാരുടെ പ്രതീക്ഷ. തമിഴകത്ത് ഒരു ഇഡലി കിട്ടുന്നത്, യു.പിയിൽ പത്ത് ഉണക്കറൊട്ടി കിട്ടുന്നതിന് തുല്യമാണ്.

സ്വപ്നങ്ങളെ നിങ്ങൾ...

വെട്ടൊന്ന്, തുണ്ടം രണ്ട് എന്ന നിലപാടുള്ള മുൻ ഐ.പി.എസ് ഉദ്യോഗസ്ഥൻ അണ്ണാമലൈയെ മാറ്റി നാഗേന്ദ്രനെ കൊണ്ടുവന്നതോടെ പഴയ സഖ്യത്തിൽ മടങ്ങിയെത്തിയ അണ്ണാ ഡി.എം.കെ ഉടനെങ്ങും തലവേദനയാകില്ലെന്ന് സ്റ്റാലിന് ഉറപ്പുണ്ട്. പക്ഷേ, അണ്ണാ ഡി.എം.കെയുടെ മറവിൽ നടന്നടുക്കുന്ന സംഘശക്തിയെ അങ്ങനെയങ്ങ് അവഗണിക്കാനാവില്ല. മുൻ ഐ.പി.എസുകാരനായ അണ്ണാമലൈ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയാകുമെന്ന റിപ്പോർട്ടും ഒട്ടും സുഖകരമല്ല. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള നീക്കം പൊളിഞ്ഞതോടെ വടക്കന്മാർ ആകെ കലിപ്പിലാണ്.

തിരക്കഥയിലും പ്രസംഗത്തിലും അഗ്രഗണ്യനായ കലൈഞ്ജർ കരുണാനിധിയും സ്‌ക്രീനിൽ മാത്രമല്ല, ജീവിതത്തിലും ഏഴൈതോഴനായ എം.ജി. രാമചന്ദ്രൻ എന്ന പാലക്കാട്ടുകാരൻ എം.ജി.ആറും തമ്മിലുള്ള പോരാട്ടം പോലെയാകും ഉദയനിധിയും വിജയും തമ്മിലുള്ള മത്സരം എന്ന് ഡി.എം.കെയിലെ മലയാളികൾ പ്രതീക്ഷിക്കുന്നില്ല. കമൽഹാസനും രജനീകാന്തും

കളത്തിലിറങ്ങി കാലുപൊള്ളിയ സാഹചര്യത്തിൽ, വിജയ് നേടുന്ന കൈയടികൾ വോട്ടാകുമോയെന്ന് കണ്ടറിയണമെന്ന് അവർ പറയുന്നു. കാലംമാറി, കഥമാറി. പഴയ ഒറിജിനലുകൾക്കു മുന്നിൽ, കൊച്ചുമക്കളായാലും ഡ്യൂപ്പുകൾക്ക് പിടിച്ചുനിൽക്കാനാവില്ല.

അടുത്തവർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം ആരാകും മുഖ്യമന്ത്രി എന്ന കൃത്യമായ ഉത്തരം നൽകാൻ രണ്ടു സിനിമകളാണ് പുറത്തിറങ്ങുന്നത്. വിജയ് അവസാനമായി നായകനാകുന്ന ജനനായകൻ, ഉദയനിധിയുടെ റെഡ് ജയന്റ്‌സ് വിതരണം ചെയ്യുന്ന പരാശക്തി എന്നീ സിനിമകളിൽ ഏതാകും സൂപ്പർഹിറ്റ് എന്ന് കാത്തിരുന്നു കാണാം. പതിറ്റാണ്ടുകൾക്ക് മുൻപ് തമിഴകത്ത് നടന്ന ഹിന്ദിവിരുദ്ധ പ്രക്ഷോഭങ്ങളും മറ്റും പരാശക്തിയിൽ കടന്നുവരുന്നുണ്ടെന്നാണ് റിപ്പോർട്ട്.

ഒരുകാലത്ത് പാർലമെന്റിൽ കോൺഗ്രസിന്റെ 'ബി" ടീം ആയിരുന്ന അണ്ണാ ഡി.എം.കെ കാവിപ്പാളയത്തിൽ എത്തിയതിന്റെ വിഷമം മമ്മിജിക്കോ മക്കൾക്കോ ഒട്ടുമില്ല. നിസാര കാര്യങ്ങളിൽ സിംഹങ്ങൾ അസ്വസ്ഥരാകാറില്ല. രാജ്യഭരണം പിടിച്ചെടുക്കാനുള്ള ഭാഗ്യരേഖകൾ നീണ്ടുനിവർന്നു കിടക്കുന്ന കൈപ്പത്തിയാണ് പ്രസ്ഥാനത്തിന്റെ ചിഹ്നം.

TAGS: DMK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.