കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമത്തിന്റെയും ശ്രീശങ്കരാ കോളേജിന്റെയും സ്ഥാപകനും കഴിഞ്ഞ തലമുറയിലെ കേരളീയരായ ആത്മീയാചാര്യന്മാരിൽ പ്രമുഖനുമായിരുന്നു ആഗമാനന്ദ സ്വാമികൾ വൈക്കം സത്യഗ്രഹം, ഗുരുവായൂർ സത്യഗ്രഹം എന്നീ സംരംഭങ്ങൾക്ക് ധൈഷണികമായ നേതൃത്വം നൽകിയവരിൽ പ്രമുഖനായിരുന്നു. ജഗദ്ഗുരു ശങ്കരാചാര്യരുടെ ജന്മദേശമായ കാലടിയിൽ അദ്വൈതാശ്രമം സ്ഥാപിക്കുകയും, ആചാര്യന്റെ കൃതികളെല്ലാം മലയാളത്തിലേക്കു മൊഴിമാറ്റം നടത്തുന്നതിന് നേതൃത്വം നൽകുകയും ചെയ്തു. കേരളത്തിൽ ക്ഷേത്രങ്ങളിലെ ഉത്സവങ്ങളോടനുബന്ധിച്ചുള്ള മതപ്രസംഗം ഒരു പ്രസ്ഥാനമാക്കി വളർത്തിയത് സ്വാമികളാണ്.
1916-ൽ ഇന്റർമീഡിയറ്റിന് പഠിക്കുമ്പോൾ മുതൽ ചിട്ടയായി ആരംഭിച്ച ആദ്ധ്യാത്മിക പ്രഭാഷണചര്യ 1961 മാർച്ച് 31ന് അർദ്ധരാത്രി വരെ തുടർച്ചയായി നടന്നിരുന്നു. 1961 ഏപ്രിൽ 17ന് സമാധി പ്രാപിച്ചു. 1896 ആഗസ്റ്റ് 27-ന് കൊല്ലം ജില്ലയിലെ വടശ്ശേരിമഠം എന്ന സമ്പന്നമായ ബ്രാഹ്മണ കുടുംബത്തിലാണ് സ്വാമികളുടെ ജനനം. കൃഷ്ണൻ നമ്പ്യാതിരി എന്നായിരുന്നു പൂർവാശ്രമ നാമം. ബാല്യത്തിൽത്തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടു. കൃഷ്ണനെ വളർത്തിയതും പഠിപ്പിച്ചതും അമ്മാവനായ വടശ്ശേരി നാരായണൻ നമ്പ്യാതിരിയാണ്. വെച്ചൂർ രാമവാര്യർ, ഏരൂർ എൻ. വേലുപ്പിള്ള, മഠത്തിൽ കൃഷ്ണനാശാൻ എന്നീ ഗുരുക്കന്മാരിൽ നിന്ന് സംസ്‌കൃതം പഠിച്ചു. തുടർന്ന് മദ്രാസ് പ്രസിഡൻസി കോളേജിൽ നിന്ന് എം.എ പരീക്ഷ ജയിച്ചു. ശ്രീനാരായണ ഗുരുദേവനുമായും ശ്രീരാമകൃഷ്ണ ശിഷ്യനായ നിർമ്മലാനന്ദ സ്വാമികളുമായും സ്കൂൾ പഠനകാലത്തു തന്നെ സമ്പർക്കപ്പെടാൻ കഴിഞ്ഞു. 1928-ൽ നിർമ്മലാനന്ദസ്വാമികളിൽ നിന്നും സംന്യാസം സ്വീകരിച്ച് ആഗമാനന്ദ സ്വാമികളായി. തുടർന്ന് വിവിധ രാമകൃഷ്ണാശ്രമങ്ങളിൽ സേവനം അനുഷ്ഠിച്ചു.
ആശ്രമ സ്ഥാപനം,
ദേശാടനം
തന്റെ ഗുരുവായ നിർമ്മലാനന്ദ സ്വാമികളുടെ നിർദ്ദേശപ്രകാരം കൊച്ചിയിൽ പുതുക്കാട് പുതുതായി ഒരു രാമകൃഷ്ണാശ്രമം നിർമ്മിച്ചു. അവിടെ ഒരു സംസ്കൃത പാഠശാലയും ലൈബ്രറിയും ഏർപ്പെടുത്തി. 1932-ൽ സ്വാമികൾ രാമകൃഷ്ണ മിഷന്റെ തലസ്ഥാനമായ ബേലൂർ മഠത്തിലേക്കു പോയി. ശ്രീരാമകൃഷ്ണ ദേവനെക്കുറിച്ചും സ്വാമി വിവേകാനന്ദനെക്കുറിച്ചും കൂടുതൽ അടുത്തറിയാൻ അവസരം ലഭിച്ചു. അനേകം പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനും അനേകം മഹാത്മാക്കളുമായി സമ്പർക്കപ്പെടാനും കഴിഞ്ഞു. മൂന്നുവർഷക്കാലം ഉത്തരേന്ത്യയിൽ കഴിഞ്ഞ ശേഷം 1935-ലാണ് കേരളത്തിൽ തിരിച്ചെത്തിയത്. വൈക്കത്തഷ്ടമിയുടെ തലേദിവസം വൈകുന്നേരം ക്ഷേത്രത്തിൽ അദ്ദേഹം ഒരു പ്രസംഗം നടത്തി. ആ പ്രസംഗം അവിടെ കൂടിയിരുന്ന ഭക്തജനങ്ങളെയും ക്ഷേത്ര ഭാരവാഹികളെയും ഹഠാദാകർഷിച്ചു. തുടർന്ന് കേരളത്തിന്റെ പല ഭാഗങ്ങളിലേക്കും ആദ്ധ്യാത്മിക പ്രഭാഷണങ്ങൾക്കായി സ്വാമികളെ ക്ഷണിച്ചു.
ബാല്യം മുതൽ ഹിന്ദുസമാജത്തിലെ താഴ്‌ന്ന വിഭാഗങ്ങളിലുള്ളവരോട് സ്വാമികൾ അത്യന്തം സ്‌നേഹവും കാരുണ്യവും പുലർത്തിയിരുന്നു. ജാതിഭേദം എന്നുള്ളത് സനാതന ധർമ്മത്തിന്റെ ഭാഗമല്ലെന്നും നമ്പൂതിരിമാർ സ്വന്തം സ്വാർത്ഥലാഭത്തിനായി കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ശ്രീനാരായണ ഗുരുദേവനുമായുണ്ടായ കൂടിക്കാഴ്ചകൾ പിന്നാക്ക വിഭാഗങ്ങൾക്കു വേണ്ടി പരിശ്രമിക്കാനുള്ള ശക്തമായ പ്രേരണ നൽകിയിരുന്നു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പ്രഖ്യാപനത്തിന് തന്റെ പ്രഭാഷണങ്ങളിലൂടെ ശക്തിപകരാൻ സ്വാമികൾക്ക് കഴിഞ്ഞിരുന്നു. കെ. കേളപ്പൻ, കെ.പി. കേശവമേനോൻ, മന്നത്തു പദ്മനാഭൻ, ടി.കെ. മാധവൻ തുടങ്ങിയ നേതാക്കന്മാരുമായി ഉറ്റബന്ധം പുലർത്തിയിരുന്നു. 1936 ഏപ്രിൽ 20-ന് ശങ്കരജയന്തി ദിനത്തിൽ ശ്രീ ശങ്കരന്റെ ജന്മദേശമായ കാലടിയിൽ സ്വാമികൾ അദ്വൈതാശ്രമം സ്ഥാപിച്ചു.
ഗ്രന്ഥകാരൻ,
പത്രാധിപർ
ശ്രീശങ്കരൻ, ശ്രീരാമകൃഷ്ണൻ, സ്വാമി വിവേകാനന്ദൻ, ശാരദാദേവി, ശ്രീനാരായണ ഗുരുദേവൻ തുടങ്ങിയ മഹദ് വ്യക്തികളെക്കുറിച്ചുള്ള ആധികാരികമായ ജീവചരിത്രങ്ങളും പഠനങ്ങളും ഉൾപ്പെടെ അൻപതോളം ഗ്രന്ഥങ്ങൾ സ്വാമികൾ രചിച്ചിട്ടുണ്ട്. രാമകൃഷ്ണ മിഷന്റെ കേരളത്തിലെ മാസികയായ 'പ്രബുദ്ധ കേരള"ത്തിന്റെ പത്രാധിപരായി ഒരു വ്യാഴവട്ടക്കാലം സ്വാമികൾ സേവനമനുഷ്ഠിച്ചു. അനേകം പുതിയ എഴുത്തുകാരെ വളർത്തിയെടുക്കാനും സ്വാമികൾ ശ്രദ്ധിച്ചിരുന്നു. എൻ.വി. കൃഷ്ണവാര്യർ, പി. പരമേശ്വർജി, പി. ഗോവിന്ദപ്പിള്ള, ഗുരു നിത്യചൈതന്യയതി തുടങ്ങിയവർക്കെല്ലാം ആഗമാനന്ദ സ്വാമികൾ പ്രചോദനകേന്ദ്രമായിരുന്നു.
ബംഗാൾ കഴിഞ്ഞാൽ രാമകൃഷ്ണ മിഷന്റെ പ്രവർത്തനം ഏറ്റവും കൂടുതലായി ആദ്യകാലത്ത് നടന്നത് കേരളത്തിലായിരുന്നു. രാമകൃഷ്ണ ദേവന്റെ നേർശിഷ്യനായ നിർമ്മലാനന്ദ സ്വാമികളാണ് ആദ്യകാല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. നിർമ്മലാനന്ദ സ്വാമികളുടെ ശിഷ്യനായിരുന്ന ആഗമാനന്ദ സ്വാമികളാണ് രാമകൃഷ്ണ വിവേകാനന്ദ സന്ദേശങ്ങൾക്ക് കേരളത്തിൽ കൂടുതൽ പ്രചാരം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |