സംസ്ഥാനം മാറിമാറി ഭരിച്ചുകൊണ്ടിരിക്കുന്ന സർക്കാരുടെ കെടുകാര്യസ്ഥതയുടെ നാണിപ്പിക്കുന്ന സാക്ഷിയാണ് സുബല ടൂറിസം പാർക്ക്. മൂന്നുപതിറ്റാണ്ട് പിന്നിട്ടിട്ടും സുബല അബലയായി തുടരുന്നതിന് എന്താണ് കാരണം. ഇതിന് ഉത്തരം കിട്ടണമെങ്കിൽ സുബല പാർക്കിനായി ചെലവഴിച്ച ഫണ്ടിനെപ്പറ്റി സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമോ സി.ബി.ഐയോ അന്വേഷിക്കേണ്ടി വരും. പട്ടികജാതി വിഭാഗങ്ങളുടെ പുനരുദ്ധാരണത്തിന് പത്തനംതിട്ട നഗരത്തിൽ നിർമ്മാണം ആരംഭിച്ച സുബല പാർക്ക് അവശതയുടെ അടയാളമായി ഇന്നും പൂർത്തിയാകാതെ കിടക്കുന്നു. പദ്ധതിക്കായി ഇതുവരെ എത്ര ഫണ്ട് ചെലവഴിച്ചുവെന്ന് ചോദിച്ചാൽ അധികൃതർ ഒരാേ കാലത്ത് ഓരോ കണക്ക് പറയും. പദ്ധതി പ്രദേശം ഇപ്പോൾ സാമൂഹിക വിരുദ്ധരുടെ കൈവശമാണ്. പട്ടികജാതി പട്ടിക വിഭാഗം സ്ത്രീകൾക്കായി തയ്യൽ പരിശീലന യൂണിറ്റ്, ഗേറ്റ് വേ, കൺവെൻഷൻ സെന്റർ, കിച്ചൺ ബ്ലോക്ക്, ഡ്രെയിനേജ്, കോഫി ഏരിയ, കുളം നവീകരണം, ബോട്ടിംഗ്, എക്‌സിബിഷൻ സ്‌പേസ്, കംഫർട്ട് സ്റ്റേഷൻ, ഷട്ടിൽ കോർട്ട്, തീയേറ്റർ, ഗെയിമിംഗ് ബ്ലോക്ക്, ഗ്രീൻ റൂം, കുട്ടികളുടെ പാർക്ക്, പൂന്തോട്ടം, നടപ്പാത, ചുറ്റുമതിൽ തുടങ്ങിയവയൊക്കെയാണ് സുബലാ പാർക്കിൽ വിഭാവനം ചെയ്തിരുന്നത്.
ഒന്നാംഘട്ട പണികൾ തൊണ്ണൂറ് ശതമാനത്തോളം പൂർത്തിയാക്കി തുറന്നു നൽകിയെങ്കിലും അധികം താമസിയാതെ വീണ്ടും അടച്ചു. പൊതുപരിപാടികൾക്കും കല്യാണങ്ങൾക്കും ഓഡിറ്റോറിയം ഉപയോഗിക്കാൻ ശ്രമിച്ചെങ്കിലും കൈകാര്യ പിഴവ് കാരണം ഒന്നും മുന്നോട്ടു പോയില്ല.
ആ പ്രഖ്യാപനവും പാഴായി
മൂന്നുമാസത്തിനുള്ളിൽ സുബല പാർക്കിന്റെ ഒന്നാംഘട്ടം പൂർത്തീകരിക്കുമെന്ന് ഉറച്ച സ്വരത്തിൽ പ്രഖ്യാപനം നടത്തി പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രി മടങ്ങിയിട്ട് ആറുമാസമായി. സുബലയ്ക്ക് പുതുജീവൻ വയ്ക്കുമെന്ന പ്രതീക്ഷിച്ചവർ നിരാശയിലാണിപ്പോൾ. താഴിട്ട് പൂട്ടിയ പഴകി ദ്രവിച്ച ഇരുമ്പ് ഗേറ്റിനുള്ളിൽ കാടുമൂടി ഭാർഗവീനിലയം പോലെ നിലകൊള്ളുകയാണ് ഇപ്പോഴും സുബല പാർക്ക്. ജില്ലാ നിർമ്മിതി കേന്ദ്രത്തിനായിരുന്നു നിർമ്മാണ ചുമതല. മൂന്ന് ഘട്ടങ്ങളായി നിർമ്മാണം പൂർത്തിയാക്കാനായിരുന്നു തീരുമാനം. ഒന്നാം ഘട്ടം പൂർത്തിയായിട്ട് മൂന്നുവർഷം പിന്നിട്ടു. അപ്പോഴേക്കും പദ്ധതി ചെലവിനായി അനുവദിച്ച തുകയുടെ പകുതിയിലേറെയും ചെലവായി. ആർക്കിടെക്ചറൽ ഏജൻസിയായ തിരുവനന്തപുരം ജിറ്റ്പാക് സുബലാ പാർക്കിന്റെ മാസ്റ്റർപ്ലാൻ തയാറാക്കി നൽകിയപ്പോൾ പ്രതീക്ഷകളേറെയായിരുന്നു. കോന്നി ആനക്കൂടും അടവി ടൂറിസം പദ്ധതിയും ഒരുക്കിയതും ജിറ്റ്പാക് ആണ്. ആനക്കൂടും അടവി എക്കോ ടൂറിസവും ലോക പ്രശസ്തമായി. വിദേശ വിനോദ സഞ്ചാരികളടക്കം നിരവധിയാളുകൾ ആനക്കൂടും അടവിയും കണ്ട് സന്തോഷത്തോടെ മടങ്ങുന്നു. ഓരാേ വർഷവും ഇവിടേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വർദ്ധനയുണ്ട്. സുബലാ പാർക്ക് പൂർത്തിയായിരുന്നെങ്കിൽ വിനോദ സഞ്ചാരികളുടെ ജില്ലയിലെ മറ്റൊരു ആകർഷണവും കൂടിയായി മാറുമായിരുന്നു.
'വിവരമില്ലാതെ" വിവരാവകാശവും
നഗരത്തിലെ സുബലാ പാർക്ക് നിർമ്മാണത്തെ സംബന്ധിച്ച് ലഭിച്ച വിവരാവകാശ രേഖകളിൽ തെറ്റുകളേറെയായിരുന്നു. പാർക്ക് നിർമ്മാണത്തിന് ചെലവായ തുകയുടെ കൃത്യമായി കണക്കുമില്ല. 2017ൽ സുബലാ പാർക്ക് നിർമ്മാണം ആരംഭിച്ചുവെന്നാണ് വിവരാവകാശ രേഖയിൽ പറയുന്നത്. 1996ന് ശേഷം സുബലാ പാർക്ക് നിർമ്മാണം ആരംഭിച്ചതാണ്. പാർക്കിന്റെ ആദ്യ ഘട്ടം നിർമ്മാണം പൂർത്തിയാക്കി അന്നത്തെ മന്ത്രി എ.കെ ബാലൻ ഉദ്ഘാടനം ചെയ്തത് ഇതേ വർഷമാണ്.
സംസ്ഥാന സർക്കാർ ഫണ്ടിൽ നിന്ന് അനുവദിച്ച ഒരു കോടി എൺപത് ലക്ഷം മാത്രമേ നിർമ്മാണത്തിന് ചെലവായിട്ടുള്ളുവെന്ന് മറുപടിയിൽ പറയുന്നു. പാർക്കിനുവേണ്ടി ചെലവായ കണക്കുകൾ നൽകാൻ കഴിയില്ലെന്നാണ് നിർമ്മിതി കേന്ദ്രം പറയുന്നത്. ജില്ലാ കളക്ടർ ചെയർമാനായ നിർമിതി കേന്ദ്രം വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നതല്ലെന്ന കാരണം പറഞ്ഞാണ് വിവരാവശകാശ പ്രകാരമുള്ള അപേക്ഷ നിരസിച്ചിരിക്കുന്നത്. സ്ത്രീകൾക്ക് തയ്യൽ മെഷീൻ ഉൾപ്പെടെ ഉപകരണങ്ങൾ വാങ്ങിയതിന്റെ വിവരങ്ങൾ ലഭ്യമല്ല. ലഭിച്ച വിവരാവകാശ രേഖയിൽ പലതും കളവാണെന്നും ആരോപണമുയർന്നിരുന്നു.
മുപ്പത് വർഷം മുൻപ് ആരംഭിച്ച പദ്ധതിയുടെ നടത്തിപ്പ് ചുമതലയിൽ ഇതിനകം ഉദ്യോഗസ്ഥർ പലരും വന്നുപോയി. പട്ടികജാതി വികസന പദ്ധതികൾക്കുള്ള കോടിക്കണക്കിന് ഫണ്ടുകൾ കൈയിട്ടുവാരാനുള്ള ഉപാധിയായിട്ടാണ് ചിലർ കാണുന്നത്. ചെലവഴിച്ച ഫണ്ടുകളുടെ കൃത്യമായി കണക്ക് കൊടുക്കാതെ വീണ്ടും വീണ്ടും ഫണ്ടുകൾ വാങ്ങിയെടുത്തതായും ആക്ഷേപമുയർന്നിരുന്നു.
അഴിമതിരഹിത
സംവിധാനം വേണം
സുബല പോലെ വേറെയും പദ്ധതികൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇഴഞ്ഞു നീങ്ങുന്നുണ്ട്. ജില്ലാ പ്ളാനിംഗ് ഓഫീസ് നിർമ്മാണം തുടങ്ങിയിട്ട് പത്ത് വർഷത്തോളമായി. എൺപത് ശതമാനത്തോളം നിർമ്മാണം പൂർത്തിയാക്കിയ ശേഷമാണ് നിലച്ചത്. ആദ്യം പെയിന്റ് ചെയ്തത് മാറ്റിയടിക്കാൻ ലക്ഷങ്ങൾ പാഴായി. വൈദ്യുതി, ജലവിതരണ സംവിധാനങ്ങൾ കൂടി പൂർത്തിയാക്കാനുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഇൻഡോർ സ്റ്റേഡിയം നിർമ്മാണത്തിന്റെ ആദ്യഘട്ടത്തിന് അനുവദിച്ച തുക ചെലവഴിക്കാതിരുന്നതിനെ തുടർന്ന് തിരിച്ചടയ്ക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിരുന്നു. പൈലിംഗ് വർക്ക് നടന്ന പ്രദേശം കാടുമൂടി മാലിന്യ നിക്ഷേപ കേന്ദ്രമായി. വികസനത്തിനായി വിഭാവനം ചെയ്യുന്ന പദ്ധതികൾ നടപ്പാക്കുന്നിലെ കാലതാമസം ഫണ്ടും മനുഷ്യാദ്ധ്വാനവും പാഴാക്കുമെന്നാണ് സുബല ടൂറിസം പാർക്ക് നമ്മെ പഠിപ്പിക്കുന്നത്. പദ്ധതി നിർമ്മാണത്തിന് മേൽനോട്ടച്ചുമതലുള്ള ഉദ്യോഗസ്ഥരുടെ വീഴ്ച വലിയ തോതിൽ തൊഴിലവസരങ്ങൾ ഇല്ലാതാക്കും. പദ്ധതികളുടെ നടത്തിപ്പിന് കൃത്യമായി മോണിറ്ററിംഗ്, വരവ് ചെലവ് കണക്കുകളുടെ കൃത്യമായി വിവരങ്ങൾ എന്നിവയ്ക്ക് അഴിമതി രഹിതമായ സംവിധാനം ഉണ്ടാകണം. ഇല്ലെങ്കിൽ സുബല പാർക്ക് പോലെ നിരവധി പദ്ധതികൾ അഴിമതിയുടെ സ്മാരകങ്ങളായി നിലനിൽക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |