ഭാവനാത്മകമാം ജീവിതദർശന-
ത്താലും ബ്രഹ്മതത്വോപദേശം
യഥോക്തം ശ്രവിച്ച് തദാമുഖം
പ്രതിദ്ധ്വനിക്കുമീയോർമ്മകളിന്ന്
ഭക്തിസാന്ദ്രമായ് വാർന്നുവീണ-
താണുയുക്തമാമീ കവിത.
അറിവറ്റതും അതിരറ്റതുമാമറിവ്
ആഴക്കടൽ പോലാകിലും
അറിവല്ലാതൊന്നുമിങ്ങിരിപ്പീലാ
നാമിങ്ങറിവതുമല്പമെന്നതും തത്ഥ്യം
അനുഭവിക്കാതെയറിയില്ലെന്ന തത്വം ഗ്രഹിച്ച്,
നിത്യവും തിരഞ്ഞീടും നേരമാമോദത്താ-
ലെഴുതീടുന്നിപ്പോഴിന്നേ വൈകാതെ.
ആത്മജ്ഞാനത്തിൽ പൊരുൾ തേടിടും
നേരത്താലോചനാമൃതമായ് ഉദ്‌ബോധനം
പിറവിയെടുത്തീടിനാൽ തൽക്ഷണം.
സർവ്വാനർത്ഥകരമാം മാനവരാശിതൻ
അധർമ്മത്തിനറുതി ഭവന്തം
തിരുത്താനായ് വൈയക്തികശേഷി
വിശുദ്ധദർശനങ്ങളേകീടുന്നു തടവിട
ഏകത്വമെന്നയേകവാണി
പാലാഴിപോലൊഴുകീടുന്നിതാ
ബോധത്തീന്നു വേറിട്ടൊരുണ്മയില്ലെന്ന-
അമൃതവാക്യവുമായ് ഗുരുദേവൻ ആവോൻ!
മരീചികയാം മനസ്സിനെ
തെരുതെരെ തെളിയിച്ചീടുമീ,
ആത്മജ്ഞാനിയാം അവതാര-
പുരുഷനാം ഗുരുദേവൻ,
നിസ്തുല ദർശനങ്ങളോടൊത്തു
ചിന്തോദ്ദീപങ്ങളായ് ലയിച്ചീടുകി-
ലെന്തന്വേഷിപ്പതുവേറെ?
സാന്ത്വനമേകീടുമീ സ്‌നേഹനീരവ മന്ത്രം
കോടിസൂര്യപ്രഭാസനം കൃതികളിലെങ്ങുമേ,
ഉദാത്തമാം സാരള്യത്തിൻ വെളിച്ചമേകി,
ജീവിതഗന്ധിയാം സാരോപദേശങ്ങളേകീടുന്നു.
വിരചിച്ച കൃതികളൊക്കെയുമിതാ
തെല്ലുചോർച്ചയില്ലാതെ വിരാജിക്കുന്നു.
മന്ത്രമായ് ചിത്തം തുളുമ്പീടുന്നാകമാനം
മൊഴിയുന്തോറും അഴകേറുന്ന കാരുണ്യസ്വരൂപം.
നേരായൊരു വിഭൂഷണമായ് സമത്വസുന്ദര ലോകം
ഏകലോകദർശന മാക്കീടുകയില്ലെങ്കിൽ
നിഷ്ഫലഗന്ധ പുഷ്മായീടുമെന്നോതീടുന്നൂ.
വിശിഷ്ടദർശനപൂങ്കാവനങ്ങൾ വിപത്തു
വിതക്കാതെയൊരുനൂലിൽ
കോർത്ത മാല്യമെന്നപോൽ
ഉൾക്കാഴ്ചതൻ ഉജ്ജ്വലസ്ഫുരണങ്ങൾ
നിസ്തുല കാന്തിയേകീടുന്നു പാരിൽ.
ധർമജ്ഞനാമങ്ങുതൻ വിലമതിയാത
വിളക്ക് തേജപുഞ്ജമായ് വിളങ്ങീടുന്നെങ്ങും
സത്യാനുഷ്ഠാനങ്ങൾ സ്വാദ്ധ്യായം കരളലി-
യിച്ചീടിൽ ഭൂരിമംഗളം ഭവ:
പാടിവാഴ്ത്തീടാം മഹിമയെന്നെന്നേക്കുമായ്
അൽപജ്ഞാനിയാമടിയന് ദർശനമേകീടണമേ,
അരുൾ ആഴത്തിൽ പതിയേണമേ,
കൈവിടാതിങ്ങു കാക്കേണമേ കൃപാനിധേ ഞങ്ങളെ!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |