ഫോട്ടോഗ്രഫി കണ്ടുപിടിച്ചിട്ട് രണ്ടു നൂറ്റാണ്ടിനടുത്തായിട്ടുണ്ട്. അതുവരെയും എന്തിന്റെയും ഏതിന്റെയും തനിപ്പകർപ്പെടുക്കാനുതകുന്ന ഒരു സാങ്കേതികവിദ്യ മനുഷ്യന് അജ്ഞാതമായിരുന്നു. ഫോട്ടോഗ്രഫിയോട് തൊട്ടടുത്തു നിൽക്കാൻപോന്ന മൗലികരചനകൾ, കടലാസിലും ക്യാൻവാസിലും യഥാർത്ഥ്യപ്രതീതി ഉളവാക്കുമാറ് വരച്ചുണ്ടാക്കുക മാത്രമേ കരണീയമായിരുന്നുള്ളൂ. ഇവിടെ ചിത്രകാരന്റെ ആത്മാംശം ഏതെങ്കിലും വിധത്തിൽ പ്രതിഫലിപ്പിക്കാതിരിക്കുക ഏറിയകൂറും അസാദ്ധ്യം തന്നെ.
ക്യാമറ കള്ളം പറയില്ല. അതിൽ പറഞ്ഞതെല്ലാം സത്യംതന്നെ, അതിനപ്പുറം ഒരു സത്യമില്ല എന്നെല്ലാമുള്ള വിശ്വാസങ്ങൾ ജനസാമാന്യത്തിനിടയിൽ രൂഢമായി ഉറച്ചിരുന്നു.
എന്നാൽ ഇന്ന് അതെല്ലാം പഴങ്കഥ.
ഫോട്ടോ ഒന്നിനുമേതിനും തെളിവല്ല. എങ്ങനെയും മാറ്റാനും മറിക്കാനും മായ്‌ക്കാനും തിരുത്താനും ചേർക്കാനുമെല്ലാമുള്ള സാങ്കേതികവിദ്യ ഇന്ന് സർവത്ര വ്യാപകമായിരിക്കുന്നു. ഒരു ചിത്രവും ഒന്നിന്റെയും തനിപ്പകർപ്പോ പ്രതിനിധിപോലുമോ അല്ല. ഒരു കോടതിയും ഇന്ന് ഒരു ഫോട്ടോ എന്തിന്റെയെങ്കിലും തെളിവായി സ്വീകരിക്കുമെന്നു തോന്നുന്നില്ല.
കാരണമന്വേഷിച്ചുചെല്ലുമ്പോൾ ഒരു സത്യം വ്യക്തമാവുന്നു. ഫോട്ടോഗ്രഫി കാലാന്തരത്തിൽ കേവലമൊരു സാങ്കേതികസിദ്ധിയെന്നതിനപ്പുറം ഒരു കലാരൂപമായി മാറിക്കഴിഞ്ഞിരിക്കുന്നു. നിറനിഴൽവെളിച്ചങ്ങളുടെ സമർത്ഥമായ സമ്മേളനത്തിനപ്പുറം ചിത്രത്തിലേക്കു സന്നിവേശിപ്പിക്കപ്പെടുന്ന വസ്‌തുവിശേഷങ്ങളുടെ സങ്കലനവും വീക്ഷണകോണങ്ങളുടെ വൈയക്തികതയുമെല്ലാം ചിത്രീകൃതവസ്‌തുക്കളുടെ ഉള്ളും ഉരുവവും അമ്പേ പുതുക്കിപ്പണിയുന്നു.
ദത്തൻ പുനലൂരിന്റെ ക്യാമറക്കണ്ണുകൾ സഞ്ചരിക്കുന്നതാകട്ടെ പരിചിതമായ പൊതുശീലങ്ങൾക്കപ്പുറമുള്ള അപൂർവ കാഴ്ചകളിലേക്കാണ്. അനുവാചകനെ ഈ അനുഭവങ്ങളിലേക്കു നയിക്കുന്നത് ഫോട്ടോഗ്രഫിയിലെ സാങ്കേതികത ലഭ്യമാക്കുന്ന സൗജന്യസൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയല്ല എന്നത് എടുത്തുപറയേണ്ട ഒരു സവിശേഷതയാണ്. ദത്തന്റെ ക്യാമറയ്‌ക്കും അതു പകർത്തുന്ന അപൂർവകാഴ്‌ചകൾക്കുമിടയിൽ ആരും ഏതും ഒരുതരത്തിലും ഇടപെടുന്നില്ല. ആ അപൂർവത മൗലികമാണ്. വസ്‌തുവിന്റെ സ്വത്വത്തെ മാനിക്കുന്ന നിസ്വതയാണ്. അപകടത്തിൽ കൊല്ലപ്പെട്ട പൊന്നോമനയെ നെഞ്ചോടു ചേർത്തുവച്ച് വിലപിക്കുന്ന തള്ളക്കുരങ്ങ്.
ക്ഷീണമായ് മിഴിയടച്ച് നിശ്ചല -
പ്രാണയായുടൻ അവന്റെ തോളതിൽ
വീണു വായു വിരമിച്ചു കേതുവിൽ
താണുപറ്റിയ പതാകപോലവൾ
എന്നു വ്യാഖ്യാനിക്കാവുന്ന മട്ടിൽ തോഴന്റെ തനുവിൽ സ്വശരീരം ചേർത്ത് അധീനയായി നിൽക്കുന്ന പ്രാപ്പിട, തെരുവരുകിൽ തെണ്ടലിന് ആക്കം കൂട്ടാനുറച്ച്, കഴുത്തോളം മണ്ണിൽ തലപൂഴ്‌ത്തി ശീർഷാസനം ചെയ്‌തുനിൽക്കുന്ന തെരുവഭ്യാസി, ക്യാമറയ്‌ക്കു നേരേ നിസ്സങ്കോചം ചിറകുവീശി പറന്നടുക്കുന്ന പക്ഷി, നെഞ്ചിലേക്ക് ചേർത്തുപിടിച്ച സ്ളേറ്റിൽ ശ്രദ്ധാപൂർവം നോക്കി വായിക്കുന്ന മട്ടിലിരിക്കുന്ന ബുദ്ധിജീവിക്കുരങ്ങൻ, നടപ്പാതയിൽ തിരക്കിട്ട് ഇരുവഴിക്കും കടന്നുപോകുന്ന യാത്രക്കാരുടെ കാലടികൾ പശ്ചാത്തലമാക്കി പൊയ്‌ക്കാൽ അരികത്ത് ഊരിവച്ച് നിസ്സഹായയായി ഇരിക്കുന്ന വൃദ്ധയായ ഭിക്ഷക്കാരി, മണ്ണിടിച്ചിലിൽ മരണപ്പെട്ട തൊഴിലാളിയുടെ കറുത്തുകരുവാളിച്ച കൈ പിടിച്ചുയർത്തുന്ന രക്ഷകന്റെ സജീവമായ വെളുത്ത കൈ, ആകാശത്ത് ഉയർന്നുപൊട്ടിയ അമിട്ടിന്റെ ക്ഷണപ്രഭയിൽ പിടിച്ചെടുത്ത പട്ടണത്തിന്റെ രാത്രിദൃശ്യം, കഴുകാനുള്ള ശ്രമത്തിൽ ചുവരിലേക്ക് എറിഞ്ഞേൽപ്പിച്ച വെള്ളം മറുവശത്തേക്ക് നോക്കിനിൽക്കുന്ന ഒരമ്മയുടെയും കുട്ടിയുടെയും ചിത്രം രചിച്ച അപൂർവാനുഭവം - ഇങ്ങനെ തികച്ചും യാദൃച്ഛികമായി വീണുകിട്ടുന്ന ജീവിത നിമിഷങ്ങളിലാണ് ദത്തന്റെ അപൂർവമായ കലയും കാഴ്‌ചകളും പൂത്തുലയുന്നത്.
ഇമേജ് ബുക്ക് എന്ന പേരിലുള്ള ഈ പുസ്‌തകത്തിലൂടെ അനുവാചകന് ലഭ്യമാവുന്നത് അപൂർവമായ ഒരു ചിത്രാനുഭവമാണ്. ഓരോ ചിത്രത്തോടുമൊപ്പം രചയിതാവ് ചേർത്തിട്ടുള്ള അനുബന്ധവിവരണങ്ങൾ അത്യന്തം രസകരവും വിജ്ഞാനപ്രദവുമാണ്.
അനുവാചകരുടെ നിരൂപാധികശ്രദ്ധയും തത്‌ഫലമായി ഉത്‌പന്നമാവുന്ന കണ്ടെത്തലുകളുംകൊണ്ട് അനുഭവസീമകൾ വികസ്വരമാവട്ടെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |