SignIn
Kerala Kaumudi Online
Sunday, 13 September 2026 10.32 PM IST

വികസനപാതയിൽ കുതിക്കാൻ കേരളം, ദേശീയപാത: ലക്ഷ്യം ഡിസംബർ തന്നെ,​ ടൂറിസത്തിന് ലുക്ക് ഈസ്റ്ര് പോളിസി

muhammadh-riyas

സർക്കാരിന്റെ വികസനത്തിന്റെ പ്രത്യക്ഷ അടയാളങ്ങളാണ് റോഡുകളും പാലങ്ങളുമെല്ലാം. നാടിന് വരുമാനം കൊണ്ടു വരുന്നതാകട്ടെ വിനോദസഞ്ചാര മേഖലയും. ഈ രണ്ടു രംഗത്തും മുമ്പെങ്ങുമില്ലാത്ത വിധം വികസന പ്രവ‌ർത്തനങ്ങളാണ് നടന്നുവരുന്നത്. ദേശീയപാത- 66 ഉൾപ്പെടെയുള്ളവയുടെ നിർമ്മാണം ലക്ഷ്യമിട്ട നാളിൽത്തന്നെ പൂർത്തിയാക്കുമെന്ന കാര്യത്തിൽ തികഞ്ഞ ആത്മവിശ്വാസത്തിലാണ് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്. 'കേരളകൗമുദി"യുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങൾ:

?​ എൻ.എച്ച് 66 നിർമ്മാണം ഈ ഡിംസംബറിൽത്തന്നെ തീരുമോ?​ നിർമ്മാണ സാമഗ്രികളുടെ കുറവുണ്ടെന്ന് വാർത്തയുണ്ടല്ലോ.

 ഈ വർഷംതന്നെ പണി തീർക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ടു പോകുന്നത്. ദേശീയ പാതാ അതോറിട്ടിയുമായി ചേർന്ന് സംസ്ഥാന സർക്കാർ തുടർച്ചയായി റിവ്യു യോഗങ്ങളും ഫീൽഡ് വിസിറ്റും നടത്തി വരികയാണ്. നിലവിൽ തിരുവനന്തപുരം ബൈപാസ്, തലശേരി മാഹി ബൈപാസ്, കഴക്കൂട്ടം ഫ്ളൈഓവർ, നീലേശ്വരം ആർ.ഒ.ബി, പാലോളി ,​ മൂരാട് പാലങ്ങൾ എന്നിവ പൂർത്തിയായിക്കഴിഞ്ഞു. തലപ്പാടി- ചെങ്ങള, വെങ്ങളം- രാമനാട്ടുകര (കോഴിക്കോട് ബൈപാസ്), രാമനാട്ടുകര- വളാഞ്ചേരി, വളാഞ്ചേരി- കാപ്പിരിക്കാട് റീച്ചുകൾ അന്തിമ ഘട്ടത്തിലാണ്. പ്രവൃത്തി കഴി‍ഞ്ഞ റീച്ചുകൾ അപ്പോൾത്തന്നെ തുറക്കണമെന്നാണ് തീരുമാനം. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് മുഖ്യമന്ത്രി തന്നെ ഇടയ്ക്കിടെ യോഗം വിളിക്കുന്നുണ്ട്. നിർമ്മാണ വസ്തുക്കളുടെ ലഭ്യതയുമായി ബന്ധപ്പെട്ട തടസങ്ങൾ നീക്കുവാൻ വകുപ്പുകൾ ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നത്.


?​ ഔട്ടർ റിംഗ് റോഡിന് ഇപ്പോഴും തടസം നിൽക്കുന്നത് എന്താണ്. എല്ലാ അനുമതിയും ലഭിച്ചിരുന്നോ.

 തലസ്ഥാനത്തെ ഔട്ടർ റിംഗ് റോഡിന് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നത്. വിഴിഞ്ഞം സാദ്ധ്യമായ ഘട്ടത്തിൽ ഭാവിയെക്കൂടി മുന്നിൽ കാണുന്ന പദ്ധതിയാണിത്. ദേശീയപാതയുടെ നിലവാരത്തിൽ,​ 1629 .24 കോടി രൂപ നിർമ്മാണച്ചെലവ് വരുന്ന പാക്കേജിന് മന്ത്രിസഭ അനുമതി നൽകിയിരുന്നു. ഭൂമി ഏറ്റെടുക്കലിന്റെ അമ്പതു ശതമാനം തുകയായ 930.41 കോടി രൂപ സംസ്ഥാനം വഹിക്കും. ഈ തുക കിഫ്ബിയിൽ നിന്ന് അനുവദിക്കും.

സർവീസ് റോഡ് നിർമ്മാണത്തിന് 477.33 കോടി രൂപയും സംസ്ഥാനമാണ് വഹിക്കുക. ഈ തുക സംസ്ഥാനം അഞ്ചു വർഷത്തിനകം നൽകും. ചരക്ക് സേവന നികുതി ഇനത്തിൽ 210.63 കോടി രൂപയും റോയൽറ്റി ഇനത്തിൽ 10.87 കോടി രൂപയും ഒഴിവാക്കി സംസ്ഥാനം അധികബാദ്ധ്യത വഹിക്കാനും തീരുമാനിച്ചു. ദേശീയ പാതാ അതോറിട്ടിക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിൽ നിന്നുള്ള അന്തിമ അനുമതി കൂടി ലഭ്യമായാൽ ഉടൻ മറ്റു പ്രവൃത്തികളിലേക്കു കടക്കും.

?​ ഈ സർക്കാരിന്റെ കാലാവധി തീരാൻ ഒരു വർഷം മാത്രം ബാക്കി നിൽക്കെ, പെട്ടെന്ന് പൂർത്തിയാക്കുന്ന പൊതുമാരാമത്ത് പദ്ധതികൾ.

 ജനങ്ങൾക്കു നൽകിയ വാക്ക് പാലിക്കും. അതിനുള്ള രൂപരേഖ തയ്യാറാക്കി പ്രവർത്തിക്കുകയാണ്. ദേശീയപാതാ വികസനം, മലയോര ഹൈവേ, തീരദേശ ഹൈവേ, ലെവൽ ക്രോസ് ഇല്ലാത്ത കേരളം... ഈ പദ്ധതികൾക്കാണ് പ്രാമുഖ്യം. 100 പാലങ്ങൾ എന്ന വാഗ്ദാനം പൂർത്തിയാക്കി,​ 150-ലേക്ക് നീങ്ങുന്നു. പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള റോഡുകളിൽ അഞ്ചു വർഷത്തിനുള്ളിൽ 50 ശതമാനം ബി.എം.ബി.സി (ബിട്ടുമിനസ് കോൺക്രീറ്റ്)​ ആക്കുമെന്ന വാഗ്ദാനവും യാഥാർത്ഥ്യമാക്കി. കിഫ്ബി ഫണ്ടിംഗോടെ നടത്തുന്ന ഡിസൈൻഡ് റോഡ് പദ്ധതികൾ പരമാവധി പൂർത്തിയാക്കും. പീപ്പിൾസ് റസ്റ്റ് ഹൗസ് പദ്ധതിയും കൂടുതൽ വ്യാപിപ്പിക്കും.

?​ വിനോദസഞ്ചാര മേഖലയിൽ...

 തുടക്കമിട്ട പല പദ്ധതികളും പൂർത്തീകരിക്കുന്ന വർഷമാണിത്. കൊല്ലം, ഫറോക്ക് മോഡൽ വീപാർക്ക് വ്യാപകമാക്കും. സിനി ടൂറിസം, ബീച്ച് ടൂറിസം തുടങ്ങിയ പദ്ധതികൾ പൂർത്തീകരിക്കും. മൈസ് ടൂറിസം,​ ഡെസ്റ്റിനേഷൻ വെഡിംഗ്, വെൽനെസ് ടൂറിസം എന്നീ മേഖലകളിൽ അന്താരാഷ്ട്ര കോൺക്ലേവുകൾ സംഘടിപ്പിക്കാനൊരുങ്ങുന്നു. കൂടുതൽ വിദേശ സഞ്ചാരികളുടെ വരവ് ലക്ഷ്യമിട്ട് കൂടുതൽ രാജ്യങ്ങളിൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും. കേരള ടൂറിസത്തിന് ഒരു 'ലുക്ക് ഈസ്റ്റ്" പോളിസി വികസിപ്പിക്കേണ്ടതുണ്ട്. ചൈന മുതൽ ഓസ്‌ട്രേലിയ വരെ നീളുന്ന രാജ്യങ്ങളിൽ മാർക്കറ്റിംഗ് ശക്തമാക്കേണ്ടതുണ്ട്.


ഇപ്പോൾ മലേഷ്യൻ എയർലൈൻസുമായി ചേർന്ന് ചില സംയുക്ത പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. ഈ മാസം എട്ടു രാജ്യങ്ങളിലെ നാൽപതോളം ടൂർ ഓപ്പറേറ്റർമാരെയും പതിനഞ്ച് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്സിനേയും തിരുവനന്തപുരത്തേക്ക് കൊണ്ടുവരാനുള്ള പദ്ധതി ആവിഷ്‌കരിക്കുകയാണ്. ചൈന, ജപ്പാൻ, ഇന്തോനേഷ്യ,​ മലേഷ്യ, ഓസ്‌ട്രേലിയ,​ ന്യൂസിലന്റ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഇവർ വരിക.

?​ പ്രതീക്ഷിച്ച കുതിപ്പ് ടൂറിസം രംഗത്തുണ്ടായോ.

 തീർച്ചയായും, കൊവിഡ് പ്രതിസന്ധിയിൽ ടൂറിസം മേഖല ആകെ തകർന്ന ഘട്ടം ഓർക്കണം. അവിടെ നിന്ന് കേരള ടൂറിസം ഫീനിക്സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേൽക്കുകയായിരുന്നു. സഞ്ചാരികളുടെ എണ്ണം സർവകാല റെക്കാഡിലെത്തി. വിദേശ സഞ്ചാരികളുടെ വരവ് പൂർണ തോതിലാകും മുൻപുതന്നെ ടൂറിസം വരുമാനം മുമ്പത്തെ അവസ്ഥയിൽ തിരിച്ചെത്തി. സാധാരണ ജനങ്ങളുടെ വരുമാന മാർഗമായിക്കൂടി ടൂറിസം മേഖല മാറുകയാണ്.

?​ മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവയുടെ ഇപ്പോഴത്തെ സ്ഥിതി എന്താണ്.

 ഇതൊന്നും നടക്കില്ല എന്ന് കരുതപ്പെട്ടിരുന്ന പദ്ധതികളാണെന്ന് ഓർക്കണം. ആകെ 1166 കിലോമീറ്ററാണ് മലയോര ഹൈവേ. അതിൽ 793.68 കി.മീ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കുന്നു. ബാക്കി മറ്റു പദ്ധതികളിൽ ഉൾപ്പെടുത്തി വികസിപ്പിച്ചു. 735.93 കിലോമീറ്റർ മലയോര ഹൈവേയ്ക്ക് സാമ്പത്തികാനുമതി നൽകിയിട്ടുണ്ട്.166.08 കി.മീ മലയോര ഹൈവേ ഇതിനകം യാഥാർത്ഥ്യമായിക്കഴിഞ്ഞു. 322.53 കിലോമീറ്ററിൽ പ്രവൃത്തി പുരോഗമിക്കുന്നു. 3593 കോടി രൂപ ഇതുവരെ മലയോര ഹൈവേക്കായി അനുവദിച്ചു. ഈ വർഷം കൂടുതൽ സ്‌ട്രെച്ചുകൾ പൂർത്തിയാക്കാനാവും.

തീരദേശ പാതയുടെ ആദ്യ റീച്ച് മലപ്പുറത്ത് ഉദ്ഘാടനം ചെയ്തു. രണ്ടാമത്തെ റീച്ചും മലപ്പുറത്ത് പൂർത്തിയായിട്ടുണ്ട്. സൈക്കിൾ ട്രാക്കോടു കൂടിയ പാത തീരദേശ വികസനത്തിൽ പ്രധാന പങ്കാണ് വഹിക്കുന്നത്. 507.86 കി.മീ തീരദേശ പാത കിഫ്ബി വഴി വികസിപ്പിക്കുന്നു. 39 റീച്ചുകളിൽ സ്ഥലം ഏറ്റെടുക്കൽ പുരോഗമിക്കുകയാണ്.

?​ സംസ്ഥാന വികസന പ്രവർത്തനങ്ങളിൽ കേന്ദ്ര സഹായം എത്രത്തോളമുണ്ട്.

 സാമ്പത്തിക മേഖലയിൽ നമുക്ക് അർഹതമായത് നിഷേധിക്കുന്നത് പശ്ചാത്തല വികസന മേഖലയെ ആണ് ബാധിക്കുന്നത്. കിഫ്ബി സമാഹരിക്കുന്ന തുക കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുത്തിയതു തന്നെ ഇതിന് ഉദാഹരണമാണ്. ദേശീയ പാതാ വികസനത്തിന് കേരളം കേന്ദ്രത്തിനു നൽകിയ 5580 കോടി രൂപയും ഈ പരിധിയിൽ ഉൾപ്പെടുത്തുകയാണ് ചെയ്തത്. ഫലത്തിൽ നമുക്ക് ഇരട്ടി ബാദ്ധ്യതയുണ്ടായി. എങ്കിലും പരമാവധി പദ്ധതികൾ കേരളത്തിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്. ഉപരിതല ഗതാഗത വകുപ്പും ടൂറിസം വകുപ്പും കേരളം സമർപ്പിക്കുന്ന പദ്ധതികളെ പോസിറ്റീവ് ആയി കാണുന്നുണ്ട്. കൂടുതൽ പദ്ധതികൾ എത്തിച്ച് പശ്ചാത്തല വികസന മേഖലയിലും ടൂറിസം മേഖലയിലും കേരളത്തെ ലോകോത്തര നിലവാരത്തിൽ എത്തിക്കുകയാണ് ലക്ഷ്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MUHAMMADH RIYAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION