തലസ്ഥാന നിവാസികൾ ഈ വിഷുദിനത്തിൽ സമൃദ്ധിയുടെ പുതുവർഷത്തിലേക്ക് ഉണർന്നത് കണിക്കാഴ്ച കണ്ടുകൊണ്ടു മാത്രമല്ല, ഹൃദ്യമായൊരു 'കണിഗീതം" കേട്ടുകൊണ്ടു കൂടിയാണെന്ന് പറയണം. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കത്രികപ്രയോഗത്തിൽ രണ്ടുവർഷത്തോളം മുമ്പ് ഞെട്ടറ്റുവീണ അനന്തപുരി എഫ്.എം എന്ന പ്രാദേശിക വാണിജ്യ പ്രക്ഷേപണ നിലയത്തിന്, വലിയ സമ്മർദ്ദങ്ങൾക്കൊടുവിൽ വീണ്ടും ജീവന്റെ ഈണം കിട്ടിയത് വിഷുദിനത്തിലാണ്. തലസ്ഥാനവാസികളുടെ മാത്രമല്ല, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വലിയൊരു മേഖലയിൽ താമസിക്കുന്നവരുടെ കൂടി മനസിൽ ഇഷ്ടഗാനങ്ങളും പ്രധാനവാർത്തകളും പ്രാദേശിക അറിയിപ്പുകളുംകൊണ്ട് സജീവമായ ശബ്ദസാന്നിദ്ധ്യമായിരുന്ന അനന്തപുരി എഫ്.എം റേഡിയോയുടെ മടങ്ങിവരവ്, ശ്രോതാക്കളെ സംബന്ധിച്ചിടത്തോളം മലയാളപ്പുതുവർഷത്തിലെ ശ്രുതിസമൃദ്ധമായൊരു വിഷുഗീതത്തിന്റെ പുനരാലാപനം കൂടിയാണ്.
വാണിജ്യ പ്രക്ഷേപണ നിലയമെന്ന നിലയിൽ നടത്തിക്കൊണ്ടുപോകുന്നത് നഷ്ടമാണെന്ന കച്ചവടക്കണക്കിലാണ് 2023 ജൂലായ് 20 ന് ആകാശവാണി അനന്തപുരി എഫ്.എം ചാനലിന്റെ പ്രക്ഷേപണം പ്രസാർ ഭാരതി അവസാനിപ്പിച്ചത്. സ്വകാര്യ എഫ്.എം റേഡിയോകൾ ശബ്ദപ്രക്ഷേപണ വിപണിയിലേക്ക് കടന്നുകയറുകയും, പുതിയ വിപണന തന്ത്രങ്ങളിലൂടെ കച്ചവടം കൊഴുപ്പിക്കുകയും ചെയ്തപ്പോഴും, പഴയ പാട്ടുകളെ നെഞ്ചേറ്റുകയും നല്ല മലയാളത്തിന്റെ മാധുര്യം തിരിച്ചറിയുകയും ചെയ്യുന്ന ശ്രോതാക്കളുടെ ഇഷ്ട നിലയമായിരുന്നു അനന്തപുരി എഫ്.എം. കേട്ടുമതിവരാത്ത നിത്യഹരിതഗാനങ്ങളുടെ അമൂല്യശേഖരമായിരുന്നു എന്നും അനന്തപുരി എഫ്.എം-ന്റെ സുവർണ ശബ്ദഖജനാവ്. തലസ്ഥാനത്ത് പാർക്കുന്നവരുടെ നിത്യജീവിതത്തെ ബാധിക്കുന്ന വിവരങ്ങളെക്കുറിച്ചുള്ള അറിയിപ്പുകളും ഓരോ മണിക്കൂറിലും പ്രധാന വാർത്തകളുമൊക്കെയായി നിറഞ്ഞുനിന്ന 'അനന്തപുരി"യെ, സ്വകാര്യ എഫ്.എം റേഡിയോകളോടു ചേർത്തുവച്ച് ലാഭക്കണക്കു നോക്കുകയെന്ന വങ്കത്തമാണ് പ്രസാർഭാരതി ഗോസായിമാർ ഡൽഹിയിലിരുന്ന് കാട്ടിയത്.
അനന്തപുരി എഫ്.എം പ്രക്ഷേപണം നിറുത്തിയെന്ന വാർത്ത അതിനു പിറ്റേന്നുതന്നെ പുറത്തുവിട്ട 'കേരളകൗമുദി", ശ്രോതാക്കളുടെ നിരാശയുടെയും പ്രതിഷേധത്തിന്റെയും ഉറച്ച ശബ്ദമായി അവർക്കൊപ്പം നില്കുകയും ചെയ്തു. യഥാർത്ഥത്തിൽ, അനന്തപുരി എഫ്.എമ്മിന് താഴിടുകയെന്ന തീരുമാനം പ്രസാർഭാരതി പെട്ടെന്ന് കൈക്കൊണ്ടതായിരുന്നില്ല. അടച്ചുപൂട്ടലിനും ഒന്നരവർഷം മുമ്പ്, 2022 ജനുവരി ഒന്നിന് അനന്തപുരി എഫ്.എമ്മിന്റെ പേര്, 'വിവിധ് ഭാരതി മലയാളം" എന്നു മാറ്റിക്കൊണ്ടായിരുന്നു, ആദ്യത്തെ കത്രികവയ്പ്. അതിനു പിന്നാലെ, ഏറ്റവും കൂടുതൽ ശ്രോതാക്കളുണ്ടായിരുന്ന സമയത്ത് മലയാളത്തിന്റെ മധുരഗാനങ്ങൾക്കു പകരം ഹിന്ദി പരിപാടികൾ കുത്തിനിറച്ച് അനന്തപുരിയെ 'അന്യഭാഷാപുരി"യാക്കുന്ന പരീക്ഷണവും അരങ്ങേറി. ഇതിനെല്ലാമെതിരെ ശ്രോതാക്കളുടെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ചാനലിന്റെ മേധാവിയായിരുന്ന മല്ലികാ കുറുപ്പിനെ മാറ്റി, നിലയത്തിന്റെ നിയന്ത്രണം പൂർണമായും മുംബയ് വിവിധ് ഭാരതി ഏറ്റെടുത്തത്. അതോടെ തന്നെ, അനന്തപുരി എഫ്.എം നിലയത്തിന്റെ ആസന്നമരണം ശ്രോതാക്കൾ പ്രതീക്ഷിച്ചിരുന്നെങ്കിലും, പ്രത്യേകിച്ച് മുന്നറിയിപ്പൊന്നും ഇല്ലാതെയായിരുന്നു, 2023 ജൂലായിലെ അടച്ചുപൂട്ടൽ.
അനന്തപുരി എഫ്.എമ്മിനെ തിരികെയെത്തിക്കാൻ അന്നു തുടങ്ങിയ തുടർശ്രമങ്ങളാണ് ഈ വിഷുദിനത്തിൽ സഫലമായത്. സംഗീതസാന്ദ്രമായൊരു ഫലശ്രുതി! റേഡിയോ നിലയം പ്രവർത്തകരും അനന്തപുരി എഫ്.എം ശ്രോതാക്കളും മാത്രമല്ല, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖരെല്ലാം ഒപ്പം നിന്നു. പ്രസാർ ഭാരതിയുടെ തലതിരിഞ്ഞ പരിഷ്കാരം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എം.പി വാർത്താവിതരണ പ്രക്ഷേപണ മന്ത്രിക്ക് കത്തയച്ചു. ബി.ജെ.പി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ വി. മുരളീധരൻ വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി എൽ. മുരുകനെ നേരിൽക്കണ്ട് ശ്രോതാക്കളുടെ വികാരം അറിയിച്ചു. ഈ ഉദ്യമങ്ങൾക്കെല്ലാം ഞങ്ങൾ തുണ നൽകുകയും, അക്കാര്യങ്ങൾ വായനക്കാരെ അപ്പപ്പോൾ അറിയിക്കുകയും ചെയ്തു. തലസ്ഥാനത്തിന്റെ 'സ്വന്തം ആകാശവാണി"യെ തിരികെയെത്തിക്കാൻ യത്നിച്ച എല്ലാവർക്കും നന്ദി. വൈകിയെങ്കിലും തെറ്റു തിരുത്താൻ വിശാലമനസു കാട്ടിയ പ്രസാർ ഭാരതിക്കും നന്ദി. ദൃശ്യങ്ങൾക്കപ്പുറം, ശബ്ദത്തിന് സവിശേഷമായൊരു വൈകാരികതലമുണ്ട്. അനന്തപുരി എഫ്.എം തലസ്ഥാനത്തിന്റെ ശബ്ദമാണ്; ഹൃദയവികാരവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |