SignIn
Kerala Kaumudi Online
Saturday, 26 July 2025 9.28 PM IST

മുനമ്പത്തെ രാഷ്ട്രീയ കളി: മുന്നണികളുടെ സ്കോർ ബോർഡ് ശൂന്യം

Increase Font Size Decrease Font Size Print Page
munambham

മുനമ്പം വഖഫ് ഭൂമി തർക്കം തിരഞ്ഞെടുപ്പ് വിഷയമാകുമെന്ന കാര്യം ഈ പംക്തിയിൽ മുമ്പേ വിശകലനം ചെയ്തിരുന്നു. പഞ്ചായത്ത്, നിയമസഭാ തിരഞ്ഞെടുപ്പുകൾ വരാനിരിക്കേ ഏതു പക്ഷത്തിനാകും മുൻതൂക്കമെന്ന കാര്യമാണ് അറിയാൻ ശേഷിച്ചിരുന്നത്. ഇപ്പോൾ അതിനും ഏറെക്കുറെ ഉത്തരമായിരിക്കുന്നു. വഖഫ് ഭേദഗതി ബില്ലിന്റെ കോലാഹലങ്ങൾ കറങ്ങിത്തിരിഞ്ഞു നിൽക്കുമ്പോൾ മുനമ്പത്ത് മൂന്ന് മുന്നണികൾക്കും സ്കോർ ബോർഡ് തുറക്കാനായിട്ടില്ലെന്നതാണ് യാഥാർത്ഥ്യം

റണാകുളം ജില്ലയുടെ തീരദേശ ഗ്രാമമായ മുനമ്പത്ത് ഭൂസമരം ശക്തിപ്രാപിച്ചിട്ട് ആറുമാസം പിന്നിട്ടു. വഖഫ് ഭൂമിയെന്ന്, വഖഫ് ബോർഡ് മുദ്ര കുത്തിയ 404 ഏക്കർ സ്ഥലത്തെ താമസക്കാരായ അറുനൂറിലധികം കുടുംബങ്ങളാണ് സമരരംഗത്തുള്ളത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ വസ്തു നികുതിയെടുക്കുന്നത് റവന്യൂ അധികൃതർ നിറുത്തിവച്ചതോടെ ഇവ‌ർ കുടിയിറക്ക് ഭീഷണിയിലാണ്. ഈ സാഹചര്യത്തിലാണ് രൂപതയുടേയും മറ്റും നേതൃത്വത്തിൽ ഭൂ സംരക്ഷണ സമരം നടക്കുന്നത്. തർക്കഭൂമി വഖഫിൽ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വഖഫ് സംരക്ഷണ സമിതിയും രംഗത്തുണ്ട്. വഖഫ് ട്രൈബ്യൂണലിലും കോടതികളിലുമായി വിവിധ കേസുകളും നിലനിൽക്കുന്നുണ്ട്. സമരക്കാരെ അനുനയിപ്പിക്കാൻ രാഷ്ട്രീയ മുന്നണികൾ പല ശ്രമങ്ങളും നടത്തി. എന്നാൽ സങ്കീർണമായ ഈ പ്രശ്നത്തിൽ എല്ലാ കക്ഷികളും ഇപ്പോൾ പ്രതിരോധത്തിലാണ്. നിസ്സഹായാവസ്ഥയിൽ നിൽക്കുന്ന സംസ്ഥാന സർക്കാർ‌ ജുഡീഷ്യൽ കമ്മിഷനെ വച്ച് പ്രശ്നം തണുപ്പിക്കാൻ ശ്രമിച്ചെങ്കിലും യാതൊരു ചലനവും സൃഷ്ടിക്കാനായില്ല. കോൺഗ്രസ് മുന്നണി ആകട്ടെ കേന്ദ്രത്തിലും കേരളത്തിലും ഭരണമില്ലാതേയും ഇരുപക്ഷത്തേയും പിണക്കാൻ കഴിയാതേയും അഴകുഴമ്പൻ പ്രസ്താവനകൾ വിരാജിക്കുകയാണ്. വഖഫ് ഭേദഗതി നിയമം വന്നാൽ പ്രദേശവാസികളുടെ ആവശ്യത്തിന് പരിഹാരമാകുമെന്ന ധാരണ പരത്തി എൻ.ഡി.എ തുടക്കത്തിൽ മേൽക്കൈ നേടിയിരുന്നു. എന്നാൽ കഴിഞ്ഞദിവസം സമരപ്പന്തലിൽ എത്തിയ കേന്ദ്രമന്ത്രി കിരൺ റിജിജു ബില്ലിന് പിന്നിലെ യാഥാർത്ഥ്യങ്ങൾ വ്യക്തമാക്കിയതോടെ അതും തീർന്നുകിട്ടി.

വിരിഞ്ഞുവാടിയ താമര

പാർലമെന്റിൽ വഖഫ് ബിൽ പാസായ സമയത്ത് തന്നെയാണ് കേരളത്തിൽ ബി.ജെ.പി. തലപ്പത്ത് മാറ്റമുണ്ടായത്. രാജീവ് ചന്ദ്രശേഖർ സംസ്ഥാന അദ്ധ്യക്ഷനായെത്തി. അദ്ദേഹത്തിന്റെ ആദ്യ മേജർസെറ്റ് പരിപാടി മുനമ്പം സമരപ്പന്തലിലായിരുന്നു. ആഘോഷമായ സ്വീകരണത്തിനൊപ്പം സമരസമിതി പ്രവർത്തകരായ 50 പേർ ബി.ജെ.പിയിൽ ചേരുകയും ചെയ്യും. വൈദികരുടെ അടക്കം സാന്നിദ്ധ്യത്തിലാണ് ഇവർ ബി.ജെ.പി അംഗത്വമെടുത്തത്. വഖഫ് ഭേദഗതി ബിൽ നിങ്ങളുടെ രക്ഷകനാണെന്ന് രാജീവ് അവിടെ പ്രഖ്യാപിച്ചു. അന്നത്തെ സ്വീകരണത്തിൽ ജനങ്ങൾ ഏറ്റവുമധികം ഉയർത്തിക്കാട്ടിയത് പാർലമെന്റിൽ ബിൽ അവതരിപ്പിച്ച കിരൺ റിജിജുവിന്റെ ചിത്രമുള്ള പ്ലക്കാർഡുകളായിരുന്നു. റിജിജുവിന് മുനമ്പത്തുള്ള സ്വീകാര്യത കണക്കിലെടുത്താകണം വിഷുപ്പിറ്റേന്ന് അദ്ദേഹത്തിനെ തന്നെ മുനമ്പത്ത് കൊണ്ടുവന്നു. വഖഫ് ഭേദഗതി നിയമത്തിന് മുൻകാല പ്രാബല്യമില്ലാത്തതിനാൽ മുനമ്പം പ്രശ്നത്തിന് ശാശ്വത പരിഹാരമാകില്ലെന്ന ചർച്ചകൾ ഈ അവസരത്തിലെല്ലാം ഉയർന്നു കേട്ടിരുന്നു. ഈ സത്യം റിജിജു തുറന്നുപറഞ്ഞു. മുനമ്പത്തുകാർ നിയമ പോരാട്ടം തുടരേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ നിയമപ്രകാരം വഖഫ് ബോർഡിന്റെ പുനഃസംഘടന നടക്കുന്നതോടെ സമരക്കാർക്ക് സുപ്രീംകോടതി വരെ നീതി തേടി പോകാനുള്ള അവസരമുണ്ടാകുമെന്നതാണ് ഒരു പോസിറ്റീവ് പോയിന്റായി റിജിജു പറഞ്ഞത്. കേന്ദ്രസർക്കാരിൽ അമിത പ്രതീക്ഷ പുലർത്തിയിരുന്ന സമരക്കാർക്ക് ഇതോടെ കടുത്ത നിരാശയുണ്ടായി.

ഇടതും വലതും

മുനമ്പം വിഷയത്തിൽ അടുത്തതായി വരാനിരിക്കുന്നത് ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ടാണ്. ഹൈക്കോടതി സിംഗിൾബെഞ്ച് നിയമവിരുദ്ധമായി പ്രഖ്യാപിച്ച കമ്മിഷൻ നിലനിൽക്കുന്നത് ഡിവിഷൻബെഞ്ച് കൊടുത്ത സ്റ്റേയുടെ പിൻബലത്തിലാണ്. മേയ് 31നകം റിപ്പോർട്ട് സമർപ്പിക്കാൻ ശ്രമിക്കുമെന്നാണ് കമ്മിഷൻ അദ്ധ്യക്ഷൻ റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ അറിയിച്ചിട്ടുള്ളത്. എങ്കിലും റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കണമെങ്കിൽ സർക്കാരിന് കോടതിയുടെ അനുമതി ആവശ്യമാണ്. മതിയായ രേഖകളുള്ള താമസക്കാരെ മുനമ്പത്ത് നിലനിറുത്തുന്നതിന് എന്തെല്ലാം ചെയ്യാനാകുമെന്ന് മാർഗനിർദ്ദേശം നൽകുക മാത്രമാണ് കമ്മിഷന്റെ കർത്തവ്യം. അതുകൊണ്ട് പ്രശ്നബാധിതർക്ക് അതൊരു ആശ്വാസ നടപടിയായി തോന്നിയിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ കാലാകാലങ്ങളായി യു.ഡി.എഫിനൊപ്പം നിൽക്കുന്ന എറണാകുളം മണ്ഡലത്തിൽ പെട്ടതാണ് മുനമ്പം. എം.പിമാർക്ക് ഈ പ്രശ്നത്തിൽ ഒന്നും ചെയ്യാനായിട്ടില്ലെന്നതിന്റെ അപ്രീതി ജനങ്ങൾക്കുണ്ട്. അതിനാൽ തിരഞ്ഞെടുപ്പ് വേളയിൽ ഇവിടെ ഇനി കോൺഗ്രസിനും പഞ്ചാരവാക്കുകളുമായി എത്താനാകില്ല. ഇതാണ് മുനമ്പത്തെ രാഷ്ട്രീയ സ്കോർ ബോർഡിലെ നിലവിലത്തെ അവസ്ഥ.

കേരള വഖഫ് ബോർഡിന്റെ കാലാവധി തീരാറായിരിക്കുകയാണ്. ഇതോടെ പുതിയ കേന്ദ്രനിയമപ്രകാരം പുനഃസംഘടനയുണ്ടാകും. ഇതിനിടയിൽ സംസ്ഥാന ചട്ടങ്ങൾ രൂപീകരിച്ച് പ്രശ്നപരിഹാരമുണ്ടാക്കുമെന്നാണ് കിരൺ റിജിജു ഒടുവിൽ പറഞ്ഞുവയ്ക്കുന്നത്. കീറാമുട്ടി പ്രശ്നം കേരള സർക്കാരിന്റെ തലയിലേക്ക് തന്നെ വരുമെന്നർത്ഥം. അതേസമയം, ബി.ജെ.പിയിൽ അതൃപ്തി പുകയുകയാണ്. കിരൺ റിജിജുവിന്റെ പ്രസ്താവന അനവസരത്തിലുള്ളതായെന്നാണ് വിമ‌ർശനം. വഖഫ് ബിൽ പാസാക്കിയപ്പോൾ മുനമ്പത്ത് നിലനിന്ന അനുകൂലാന്തരീക്ഷം ഇല്ലാതായി. അദ്ദേഹത്തിന്റെ വരവ് തന്നെ ഒഴിവാക്കേണ്ടിയിരുന്നെന്നും ഒരു വിഭാഗം നേതാക്കൾക്ക് അഭിപ്രായമുണ്ട്. കുളം കലക്കി മീൻ പിടിക്കാനുള്ള ബി.ജെപിയുടെ ശ്രമം നടന്നില്ലെന്ന് മുഖ്യമന്ത്രി പരിഹസിക്കുകയും ചെയ്തു. ഏതായാലും മുനമ്പത്ത് സമരം തുടരുകയാണ്. രാഷ്ട്രീയക്കാർക്കുള്ള താക്കീതുമായി.

TAGS: MUNAMBHAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.