കേരളത്തിലെ ഏറ്റവും മുതിർന്ന മാദ്ധ്യമപ്രവർത്തകരിലൊരാളും കേരളകൗമുദിയുടെ എഡിറ്റോറിയൽ അഡ്വൈസറുമായിരുന്ന വി. ശശിധരൻ വിടവാങ്ങിയിരിക്കുന്നു. അറുപതുകളുടെ മദ്ധ്യത്തിൽ പത്രാധിപർ കെ. സുകുമാരനാണ് നേരിട്ട് അഭിമുഖം നടത്തി, വലിയ പൊക്കമില്ലാത്ത മെലിഞ്ഞ ശരീരപ്രകൃതിയും തീക്ഷ്ണമായ നയനങ്ങളുമുള്ള ആ ചെറുപ്പക്കാരനെ കേരളകൗമുദിയുടെ പത്രാധിപ സമിതിയിൽ അംഗമാക്കിയത്. യഥാർത്ഥത്തിൽ ആ തിരഞ്ഞെടുപ്പിലൂടെ പത്രത്തിന് കാലഘട്ടങ്ങളോളം നീണ്ടുനിന്ന വളയാത്ത, ഉറപ്പുള്ള ഒരു നട്ടെല്ല് സമ്മാനിക്കുകയായിരുന്നു പത്രാധിപർ. പാശ്ചാത്യ കവി ടി.എസ്. എലിയട്ട് ക്രൂര മാസമെന്ന് വിശേഷിപ്പിച്ച ഏപ്രിലിലാണ് പത്രവൃക്ഷത്തിൽ നിന്ന് കർമ്മശുദ്ധിയുടെ സുഗന്ധം സംക്രമിപ്പിച്ചിരുന്ന ആ പൂവിതൾ മണ്ണിലേക്കു മടങ്ങിയത്.
പത്രമോഫീസിന്റെ നാല് ചുവരുകൾക്കുള്ളിൽ ദശാബ്ദങ്ങളോളം പകലുകളും രാത്രികളും വാർത്തകളുടെ സവിശേഷമായ എഡിറ്റിംഗിനും കൃത്യമായ മൂല്യനിർണയത്തിനുമായി സമർപ്പിക്കപ്പെട്ടതായിരുന്നു ശശിധരൻ സാറിന്റെ ജീവിതം. അതിനിടയിൽ പത്രമോഫീസിന്റെ അതിരുകൾക്കപ്പുറം അധികമാരും ആ പ്രതിഭാധനനായ പത്രാധിപരെ അറിഞ്ഞിരുന്നില്ല; അറിയിക്കാൻ അദ്ദേഹം താത്‌പര്യപ്പെട്ടിരുന്നുമില്ല.ഉള്ളിലുള്ളവർക്കറിയാം അദ്ദേഹം ചെയ്ത ജോലിയുടെ വ്യാപ്‌തിയും വലിപ്പവും. എന്നാൽ, എഴുപതുകളിൽ അന്നത്തെ സിനിമാരംഗത്തെ തോപ്പിൽ ഭാസി ഉൾപ്പെടെയുള്ള അതികായകർ ഉൾക്കിടിലത്തോടെ ഓർത്തിരുന്ന ഒരു പേരാണ് വി. ശശിധരൻ എന്നത്. അത്രമാത്രം നിശിതവും തീക്ഷ്ണവുമായിരുന്നു സാർ എഴുതിയിരുന്ന സിനിമാ നിരൂപണങ്ങൾ. 'അനുഭവങ്ങളെക്കാളേറെ പാളിച്ചകൾ" എന്ന തലക്കെട്ടിലാണ് 'അനുഭവങ്ങൾ പാളിച്ചകൾ" എന്ന സിനിമയെക്കുറിച്ച് നിരൂപണം എഴുതിയത്. തലക്കെട്ടിൽത്തന്നെ സിനിമയെ വധിച്ച് കെട്ടിത്തൂക്കുന്ന ഈ ശൈലി സത്യസന്ധമായ വിലയിരുത്തലിന്റെ രുചി വായനക്കാർക്ക് സമ്മാനിച്ചവയായിരുന്നു.
കമ്പ്യൂട്ടറുകൾക്കൊക്കെ മുമ്പുള്ള ഒരു കാലമായിരുന്നു അത്. വാർത്താ ഏജൻസികൾ ഒരു പ്രത്യേക ശബ്ദത്തിന്റെ അകമ്പടിയോടെ അടിച്ചുവിടുന്ന വാർത്തകളിൽ നിന്ന് കൊടുക്കേണ്ടതു തിരഞ്ഞെടുക്കുന്നത് ശശിധരൻ സാർ അസാമാന്യ വേഗതയോടെയാണ് നിർവഹിച്ചിരുന്നത്. അതിൽ മുഖ്യമായവയെല്ലാം തർജ്ജമപ്പെടുത്തുന്നതിനും സാറിന് യാതൊരു മടിയുമില്ലായിരുന്നു. ഇതൊക്കെയാണെങ്കിലും ചില വലിയ രാഷ്ട്രീയ വ്യക്തിത്വങ്ങളെക്കുറിച്ചും ചില വിഷയങ്ങളെക്കുറിച്ചും എടുത്തടിച്ചതുപോലെ പറയുന്ന ചില കമന്റുകൾ, തികഞ്ഞ ഒരു ദോഷൈകദൃക്കാണോ സാർ എന്ന തോന്നൽ ഉളവാക്കുന്നതായിരുന്നു. എന്നാൽ കമന്റുകൾ സൂക്ഷ്‌മമായി വിലയിരുത്തിയാൽ അവയിൽ അപാരമായ നർമ്മവും യാഥാർത്ഥ്യത്തിന്റെ അമ്ളതയും ഉൾച്ചേർന്നിരിക്കുന്നത് തൊട്ടറിയാനാകും. എൺപതുകളുടെ തുടക്കത്തിൽ കേരളകൗമുദി കോഴിക്കോട് എഡിഷൻ തുടങ്ങിയപ്പോൾ ഒരു വർഷത്തോളം സാർ അവിടെയും ചുമതലയിലുണ്ടായിരുന്നു. പിന്നീട് തിരുവനന്തപുരത്തേക്ക് തിരിച്ചുവരികയും ന്യൂസ് എഡിറ്റർ, ചീഫ് ന്യൂസ് എഡിറ്റർ, അസോസിയേറ്റ് എഡിറ്റർ തുടങ്ങിയ തസ്തികകളിൽ പ്രവർത്തിക്കുകയും ചെയ്തു.
ഏപ്രിൽ ആദ്യവാരം വരെ അദ്ദേഹം കേരളകൗമുദിയിൽ എഡിറ്റോറിയൽ എഴുതിയിരുന്നു. ചികിത്സയ്ക്കു വേണ്ടി ആശുപത്രിയിലേക്കു പോകുന്ന ദിവസവും രാവിലെ എഡിറ്റോറിയൽ എഴുതിവച്ചിട്ടാണ് പോയത്. പത്രാധിപർ കെ. സുകുമാരൻ, എം.എസ്. മണി, എം.എസ്. മധുസൂദനൻ, ഏറ്റവും ഒടുവിൽ ദീപു രവി എന്നീ ചീഫ് എഡിറ്റർമാരോടൊപ്പം പ്രവർത്തിക്കാൻ സന്ദർഭം ലഭിച്ച പത്രപ്രവർത്തകനായിരുന്നു ശശിധരൻ സാർ. അദ്ദേഹത്തിനു ലഭിച്ച ഏറ്റവും വലിയ സൗഭാഗ്യങ്ങളിലൊന്ന് ഭദ്രവും ശാന്തവുമായ ഒരു കുടുംബജീവിതമാണ്. സാറിന്റെ വിയോഗം കേരളകൗമുദിക്ക് എല്ലാ അർത്ഥത്തിലും തീരാനഷ്ടമാണ്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ തീരാദു:ഖത്തിൽ ഞങ്ങളും പങ്കുചേരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |