രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തനങ്ങളിലും സാഹിത്യ- സാംസ്കാരിക പ്രവർത്തനങ്ങളിലും പ്രതിഭ തെളിയിച്ചവരായിരുന്നു ആദ്യകാലം മുതൽക്കെ കേരളകൗമുദിയിലെ പത്രാധിപ സമിതി അംഗങ്ങൾ. കേരളകൗമുദിയുടെ പത്രപ്രവർത്തനത്തിന് അതുകൊണ്ടുതന്നെ ഒരു പൊതുപ്രവർത്തനത്തിന്റെ ഊർജ്ജവും ഊഷ്മളതയുമുണ്ടായി. ആ പാരമ്പര്യം പുതിയ കാലത്തിന്റെ മാറ്റത്തിനനുസൃതമായി നിലനിറുത്തിവരുന്നുവെന്നതും കേരളകൗമുദിയുടെ പ്രത്യേകതയാണ്. രാഷ്ട്രീയത്തിലെയും കലയിലെയും പുതുചലനങ്ങൾ ആദ്യം പിടിച്ചെടുക്കാനുള്ള സർഗശേഷി കേരളകൗമുദിയെ ഒരു പത്രഭാവനയാക്കുന്ന അനുഭവവും സൃഷ്ടിച്ചിട്ടുണ്ട്. ഒരു സാംസ്കാരികതലം വിടർത്തുന്ന ഇടം കൂടി ഉൾച്ചേർന്നതാണ് കേരളകൗമുദിയുടെ വാർത്താപൈതൃകം. ഓർക്കുക, ഇന്ത്യൻ സിനിമയുടെ ആത്മജ്യോതിസായ സാക്ഷാൽ സത്യജിത് റായ് ഒരു പത്രമോഫീസിൽ വന്ന് സ്വീകരണം ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിൽ അത് കേരളകൗമുദിയിൽ നിന്നാണ്.
ആലപ്പുഴയിലെ ചേർത്തലയിൽ നിന്ന് വി. ശശിധരൻ എന്ന ചെറുപ്പക്കാരൻ കേരളകൗമുദിയിൽ കാലെടുത്തുവച്ചത് പത്രപ്രവർത്തനത്തിന്റെ പുതിയൊരു സ്വാതന്ത്ര്യത്തിലേക്കായിരുന്നു. സ്വന്തമായി ഒരു പ്രിന്റിംഗ് പ്രസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ആ ചെറുപ്പക്കാരന് പത്രപ്രവർത്തനം തീർത്തും അപരിചിതമായൊരു രംഗമായിരുന്നില്ല. പത്രപ്രവർത്തകരാകാൻ പ്രത്യേക പരിശീലനവും പഠന കോഴ്സുകളുമൊന്നും ഇല്ലാതിരുന്ന അക്കാലത്ത് ഏതാണ്ട് ജന്മവാസനയാലെന്ന പോലെ പത്രപ്രവർത്തനത്തിൽ എത്തിച്ചേർന്നവരോട് മത്സരിച്ചു വേണമായിരുന്നു സ്വയം തെളിയിക്കാൻ. പദവികളിൽ ഒന്നൊന്നായി ഉയർന്ന് ഒടുവിൽ അസോസിയേറ്റ് എഡിറ്ററായി വിരമിച്ച അദ്ദേഹം, അതിനു ശേഷവും ആത്മബന്ധംപോലെ എഡിറ്റോറിയൽ അഡ്വൈസറായി കേരളകൗമുദിയിൽത്തന്നെ
തുടരുകയായിരുന്നു.
തന്നിലെ പത്രപ്രവർത്തകനുള്ള അംഗീകാരമായി ഒരു പുരസ്കാരത്തെയും കാണാതിരുന്ന അദ്ദേഹം പത്രപ്രവർത്തകർ ഏറെ വിലമതിക്കുന്ന കെ. വിജയരാഘവൻ സ്മാരക പുരസ്കാരം സ്വീകരിക്കാൻ സമ്മതിച്ചതും ആ ആദരവ് ഏറ്റുവാങ്ങിയതും ഒരുപക്ഷേ, അവിടെമാത്രം ഒന്നു തലകുനിച്ചാലെന്ത് എന്നു തോന്നിയതുകൊണ്ടാവാം. പത്രപ്രവർത്തകൻ എന്നതിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല വി. ശശിധരൻ സാറിന്റെ മേൽവിലാസം. പത്രാധിപസമിതിയിലെ പലരെയും പോലെ വ്യത്യസ്തമായ കഴിവിന്റെ ഒരു തൂവൽ അദ്ദേഹത്തിനുമുണ്ടായിരുന്നു. സാഹിത്യമാണ് പൊതുവെയുള്ള ആകർഷണമെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ കലയായി രംഗം കൈയടക്കിക്കൊണ്ടിരുന്ന ചലച്ചിത്രത്തിലാണ് അദ്ദേഹം സ്വന്തം മുദ്ര കണ്ടത്.
മലയാളദിനപത്രങ്ങളിൽ ആദ്യമായി കേരളകൗമുദി ഒരു സിനിമാ പേജ് തുടങ്ങിയപ്പോൾ അതിന്റെ ചുമതല ശശിധരൻ സാറിനായിരുന്നു. ചലച്ചിത്ര നിരൂപണങ്ങളും ചലച്ചിത്ര വാർത്തകളുമെഴുതി അദ്ദേഹം നന്നായി ആസ്വദിച്ച ഒരു പേജായിരുന്നു അത്. മലയാളത്തിലെ നല്ല നോവലുകളും നാടകങ്ങളും കഥകളും ചലച്ചിത്രമായിക്കൊണ്ടിരുന്ന കാലം. പുസ്തകമായി ആസ്വദിച്ച കൃതി ചലച്ചിത്രമായി എത്രമാത്രം ആസ്വാദ്യമായിട്ടുണ്ട് എന്ന അന്വേഷണമായിരുന്നു പൊതുവെ ആ നിരൂപണങ്ങളിൽ. നിരൂപണങ്ങളും പ്രതികരണങ്ങളുമായി പേജ് സൂപ്പർ ഹിറ്റ്. സിനിമയുടെ ഇല്ലമായ കോടമ്പാ
ക്കത്ത് അത് പലപ്പോഴും കലക്കങ്ങളുണ്ടാക്കി.
കെ.എസ്. സേതുമാധവന്റെ 'അനുഭവങ്ങൾ പാളിച്ചകൾ" എന്ന ചിത്രമിറങ്ങിയപ്പോൾ 'അനുഭവങ്ങളേക്കാൾ ഏറെ പാളിച്ചകൾ" എന്ന ശശിസാറിന്റെ നിരൂപണം ഏറെ ചർച്ചയായി. അതിന് ചിത്രത്തിന്റെ തിരക്കഥാകൃത്തായ തോപ്പിൽഭാസി കേരളകൗമുദിയിൽ മറുപടി എഴുതുകയും ചെയ്തു. ചലച്ചിത്ര നിരൂപണത്തിന്റെ ശക്തി തെളിയിച്ച ഈ ആദ്യകാല നിരൂപകൻ പക്ഷേ, നമ്മുടെ സിനിമാ ചരിത്രത്തിലെങ്ങുമില്ല! പത്രപ്രവർത്തകൻ എന്നത് ജീവിതം തനിക്കു നല്കിയ ഏറ്റവും നല്ല അവസരമായി ശശിധരൻ സാർ കണ്ടിരിക്കണം. ഇഷ്ടപ്പെട്ട തൊഴിൽ ചെയ്യുന്നതിലുള്ള ലാഘവവും സംതൃപ്തിയും അദ്ദേഹത്തിൽ പ്രകടമായിരുന്നു. ഓരോ വാർത്ത കൈകാര്യം ചെയ്യുന്നതിലുമുള്ള ത്രിൽ അദ്ദേഹം അനുഭവിച്ചു. വാർത്ത സ്വാതന്ത്ര്യത്തിന്റെ വാക്കുകളാണ് അദ്ദേഹത്തോട് സംസാരിച്ചത്.
കേരളകൗമുദിയിൽ ഒരു 'സ്വന്തം കേരളകൗമുദി" അദ്ദേഹംകണ്ടു. വാർത്തകളെ സ്വാതന്ത്ര്യത്തിന്റെ അനുഭവമാക്കുക. സ്വയം സ്വാതന്ത്ര്യം അനുഭവിക്കുകയും ആവിഷ്കരിക്കുകയുമായിരുന്നു, വാർത്തകളിൽ അദ്ദേഹം. ഒരു പത്രപ്രവർത്തകൻ സ്വാതന്ത്ര്യത്തിന്റെ ഇടമാണ്. സ്വാതന്ത്ര്യത്തിന്റെ ഇടം വലുതാവുന്ന സാന്നിദ്ധ്യമായിരുന്നു അദ്ദേഹം.
ഒറ്റനോട്ടത്തിൽ ഗൗരവപ്രകൃതമെന്നു തോന്നുമെങ്കിലും ഓർക്കാപ്പുറത്ത് ചിരിയടികൾ പോലെ വന്നുവീഴുന്ന കമന്റുകൾകൂടി ചേരുമ്പൊഴേ ശശിധരൻ സാറിന്റെ യഥാർത്ഥ മുഖചിത്രമാവുകയുള്ളൂ.
എഡിറ്റോറിയൽ വിഭാഗത്തിൽ ആർക്കു നേരെയും ഏതു സമയത്തും സാറിന്റെ കമന്റുകൾ എറിഞ്ഞുപൊട്ടാം. ജോലിയും ജോലി ചെയ്യുന്നവരുടെ സ്വഭാവവുമായി ബന്ധപ്പെട്ടായിരിക്കാം മിക്കവാറും കമന്റുകൾ. കൂടെ ജോലി ചെയ്യുന്നവരിൽ ഓരോരുത്തരും ഏതെല്ലാമോ തരത്തിൽ പോകപ്പോകെ ഒരു കാരിക്കേച്ചറായി
അദ്ദേഹത്തിന്റെ ഉള്ളിലുണ്ടായിരിക്കണം. ഒരുപക്ഷേ, തീവ്രസ്വതന്ത്രമായ ഒരു മനസിന്റെ പ്രതികരണ വിശേഷവുമാകാം ഇത്.
ഒരു ദിവസം ഷിഫ്റ്റിൽ വേണ്ടത്ര ആളില്ല. അപ്പോഴാണ്, വരുമെന്ന് ഉറപ്പാക്കിയ മറ്റൊരാളും എത്തുകയില്ലെ
ന്ന് അറിയിക്കുന്നത്. ശശിധരൻ സാറിന്റെ ഉറക്കെയുള്ള ചോദ്യം: 'എന്താ അവിടെ മാത്രം ഇന്ന് ബന്ത് ഉണ്ടോ?"
പ്രൂഫിലുള്ളവരും കൂടിച്ചേർന്നതായിരുന്നു ആദ്യകാലത്തെ എഡിറ്റോറിയൽ വിഭാഗം. തിരക്കുപിടിച്ച ഒരു
സമയത്ത് ഫോർമാൻ മുമ്പിലെത്തുന്നു, പ്രൂഫൊന്നും വായിച്ചു കിട്ടിയില്ലെന്നുപറഞ്ഞുകൊണ്ട്. ശശിധരൻസാർ ആ വശത്തേക്കു നോക്കുമ്പോൾ കസേരകൾ ശൂന്യം; കെട്ടിക്കിടക്കുന്നപ്രൂഫും. പുതിയ നാലു ചെറുപ്പക്കാർ പ്രൂഫ് വിഭാഗത്തിൽ ചേർന്ന സമയമായിരുന്നു അത്. കന്റീനിൽനിന്ന് ചായകുടിക്കാനോ സിഗററ്റ് പുകയ്ക്കാനോ നാലുപേരും ഒന്നിച്ച് ഇടയ്ക്കിടെ പുറത്തിറങ്ങുന്നതും കസേരകൾ ശൂന്യമാകുന്നതും എഡിറ്റർമാരിൽ അസ്വസ്ഥത പടർത്തുന്നുണ്ടായിരുന്നു. നാലുപേരുടെയും പുതുമോടിയും വേഷങ്ങളും അതിൽ ഒരാ
ളുടെ ഇത്തിരി മണംപരത്തുന്ന വരവും ഡസ്കിൽ കൊച്ചുവർത്തമാനങ്ങൾക്ക് വകയുണ്ടാക്കിയിരുന്നു.
നോക്കിയിരിക്കെ നാലുപേരും ഒന്നിച്ചുതന്നെ എത്തി. പിറകെ ശശിധരൻ സാറിന്റെ കമന്റ്: 'മണ"വാളൻമാരെല്ലാം
വന്നല്ലോ...
വി. ശശിധരൻ സാർ ഓർമ്മയാവുമ്പോൾ മനസിലെ ചിത്രം എഡിറ്റോറിയൽ വിഭാഗത്തിലെ കർമ്മനിരത
നായ പത്രപ്രവർത്തകനാണ്. അലസതയുടെ ഒരു നിമിഷംആ ജോലിക്കിടയിലില്ല. വീട്ടിൽനിന്നും ഓഫീസിൽ
വന്ന ശേഷവും എല്ലാ പത്രങ്ങളും വായിച്ചുറപ്പിച്ച ശേഷമേ അദ്ദേഹം ജോലി തുടങ്ങുകയുള്ളൂ-- വാർത്തകൾ മാത്ര
മല്ല, പരസ്യങ്ങളും ആ വായനയുടെ ഭാഗമായിരുന്നു. അതുപോലെ ഓരോ ദിവസവും ആരു ചെയ്തതിനെക്കാ
ളും കൂടുതൽ ജോലി താൻ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷമേ അദ്ദേഹം ഇറങ്ങുകയുമുള്ളൂ. തൊഴിലിനോടുള്ള സത്യസന്ധത-- അതായിരുന്നു ഒറ്റവാക്കിൽ വി. ശശിധരൻസാർ. മരിക്കുന്നതിന് ഒരാഴ്ചമുമ്പും അദ്ദേഹം എഡിറ്റോറിയൽ എഴുതിയിരുന്നു. കേരളകൗമുദിയിലെ വാർത്തകൾ വാർത്തയുടെ നട്ടെല്ലാക്കിയ ഗുരുതുല്യരായ പത്രാധിപന്മാരിൽ ഒരാൾ കൂടി വിടപറയുകയാണ്. പ്രണാമം.
(ശശിധരൻ സാറിന്റെ സഹപ്രവർത്തകനും കേരളകൗമുദിയിലെ മുൻ സീനിയർ എഡിറ്ററുമാണ് ലേഖകൻ )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |