ഓരോ മരണവും ജീവിതത്തെക്കുറിച്ചുള്ള പുതിയ ഓരോ ചോദ്യം മനസിൽ നിറയ്ക്കുമല്ലോ. പ്രിയസുഹൃത്ത് എം.എസ്. രവി, ഏഴുവർഷം മുമ്പ് തീരെ നിനച്ചിരിക്കാതൊരു ദിവസം പെട്ടെന്ന് യാത്രയായപ്പോൾ തോന്നി: മനുഷ്യജീവന് ഒരു നിശ്ചയവുമില്ലെന്നോ? ഏഴു വർഷം പിന്നിട്ടിട്ടും ആ ചോദ്യത്തിന്റെ ആഴം മനസിൽ നികന്നിട്ടില്ല. സുഹൃത്ത് രവിയെ സംബന്ധിച്ചിടത്തോളം, അനാരോഗ്യകരമായ അവസ്ഥയൊന്നും ഉണ്ടായിരുന്നില്ലെന്നു മാത്രമല്ല, ആരോഗ്യകാര്യങ്ങളിൽ നല്ല ശ്രദ്ധവയ്ക്കുകയും ചെയ്തിരുന്നു. ചെറിയ ശാരീരിക അസ്വസ്ഥതകൾക്കു പോലും മിടുക്കരായ ഡോക്ടർമാരെ കണ്ടു. മരുന്നുകൾ കൃത്യമായി കഴിച്ചു. ഡോക്ടർമാർ പറയുന്ന ഭക്ഷണക്രമം പാലിച്ചു. എന്നിട്ടും ആ ഹൃദയം പെട്ടെന്നൊരു നിമിഷം, അതിന്റെ എല്ലാ വാതിലുകളും അടച്ചുപൂട്ടി ഉറക്കത്തിലായി. നമ്മുടെ എല്ലാ കരുതലുകൾക്കും അപ്പുറം മരണം ഒരു ദൈവനിശ്ചയമാണ്. രവി ധ്യാനത്തിലാണെന്നു വിചാരിക്കാനാണ് എനിക്കിഷ്ടം. ദൈവത്തിന്റെ വിരലുകൾ പിടിച്ച് നിത്യശാന്തിയുടെ തണുപ്പുള്ള തീരത്ത്, ഇനിയൊരിക്കലും പ്രകാശത്തിലേക്കു മിഴിക്കാത്ത കണ്ണുകൾ പൂട്ടിയുള്ള നിത്യനിദ്ര.
രവിയെ ഓർക്കുമ്പോഴെല്ലാം, മുഖമാകെ പ്രകാശം പരത്തുന്ന ആ മന്ദഹാസമാണ് ആദ്യം ഓർമ്മയിൽ വരിക. ഉള്ളിൽ കളങ്കമില്ലാത്തവരുടെ ചുണ്ടിലേ പൗർണമി പോലുള്ള ആ മന്ദഹാസം വിടരൂ. ആരെക്കുറിച്ചും ഒരു വിദ്വേഷവും രവി മനസിൽ സൂക്ഷിച്ചില്ല. ഓരോ സുഹൃത്തിന്റെയും ഏറ്റവും നല്ല വശങ്ങൾ മാത്രം മനസിൽ സൂക്ഷിച്ചുവച്ചു. വിയോജിപ്പുള്ള അദ്ധ്യായങ്ങൾ അടച്ചുതന്നെ സൂക്ഷിച്ചു. സുഹൃത്തുക്കളുമായുള്ള ഒത്തുചേരലുകളെ, അതിൽ ഓരോരുത്തർക്കും എത്രയോ കാലം മനസിൽ ഓർത്തുവയ്ക്കാനുള്ള നല്ല നിമിഷങ്ങളാക്കി മാറ്റുന്നതിൽ രവി എപ്പോഴും ശ്രദ്ധിച്ചു. ഏറ്റവും അടുത്ത സുഹൃത്തുക്കളും ഉറ്റ ബന്ധുക്കളും വേർപിരിയുമ്പോഴത്തെ തീക്ഷ്ണമായ വേദനയും പിരിമുറുക്കവും മനസിനെയും ഹൃദയത്തെയും വല്ലാതെ ഉലച്ചുകളയുമല്ലോ.
രവിയുടെ വേർപിരിയൽ അടുത്ത ബന്ധുക്കളുടെയും പ്രിയസുഹൃത്തുക്കളുടെയും ഹൃദയത്തിലേല്പിച്ച കഠിനാഘാതം സങ്കല്പാതീതമായിരുന്നു. രവിയുടെ ഉദാത്തവും പ്രസന്നവും വശ്യസുന്ദരവുമായ സ്വഭാവ വൈശിഷ്ട്യം തന്നെയാണ് അതിനു കാരണം. തേൻ പുരട്ടി നുണ പറയുന്നവരും, നുണ പരത്തുന്നവരും നിറഞ്ഞ കാലമാണിത്. അനർഹമായ പ്രശംസ, കാപട്യത്തിൽ പൊതിഞ്ഞ ആദരം, അകത്ത് വിദ്വേഷം വച്ച്, അതിനെ മറച്ചുപിടിക്കാനെന്നോണം എടുത്തണിയുന്ന അർത്ഥമില്ലാത്ത ചിരി... ഇതൊക്കെയാണ് പുതിയ ലോകം. കവി അക്കിത്തം എഴുതിയത് ഓർമ്മയുണ്ട്: ' ഒരു പുഞ്ചിരി ഞാൻ മറ്റുള്ളവർക്കായ് ചെലവാക്കവേ, ഹൃദയത്തിലുലാവുന്നു നിത്യനിർമ്മല പൗർണമി!" അതായിരുന്നു രവിയുടെ പുഞ്ചിരി. അത് മറ്റുള്ളവരുടെ മനസിൽ മാത്രമല്ല, രവിയുടെ മനസിൽത്തന്നെ എന്നും പൗർണമിയുടെ ചന്തവും ശാന്തിയും നിറച്ചു.
സംസ്കാരമുള്ള മനസിന്റെ പ്രതിഫലനമാണ് മാന്യവും ഉദാരവുമായ പെരുമാറ്റം. അങ്ങനെയുള്ളവർക്കേ ദുഷ്ചിന്തയും അസൂയയുമില്ലാതെ ജീവിക്കാനാവൂ. സത്യവും നീതിയും ധർമ്മവും ന്യായവും പുലർത്തുവാൻ ഉന്നത ബിരുദങ്ങളുടെയൊന്നും ആവശ്യമില്ല. അതൊരു ജന്മസിദ്ധിയും ജന്മവാസനയുമാണ്. അതാകട്ടെ, രവിക്ക് വേണ്ടുവോളം ഉണ്ടായിരുന്നു താനും. വാക്കുകളിൽ നിന്നറിയാം, ഒരാളുടെ വ്യക്തിത്വമെന്ന് പറയുമല്ലോ. അത് എത്ര ശരിയാണെന്ന് മനസിലാകുന്നത് എം.എസ്. രവിയുടെ വാക്കുകൾ ഓർക്കുമ്പോഴാണ്. വാക്കുകൾക്ക് നിലാവു പരത്താനും അമാവാസി സൃഷ്ടിക്കാനും കഴിയും. ഓരോ കൂടിക്കാഴ്ചയിലും രവി വാക്കിന്റെ നിലാവ് പരത്തിക്കൊണ്ടേയിരുന്നു. പൊതുവെ, സാഹിത്യ സംഭാഷണങ്ങളൊന്നും പതിവില്ലാത്ത രവിയോട് ഒരിക്കൽ പറഞ്ഞത് ഓർമ്മയുണ്ട്: 'കേരളകൗമുദിയുടെ പേരിലെ കൗമുദിയാണ് രവിയുടെ ചിരിയിൽ!" ഒട്ടും താമസമില്ലാതെ ഉത്തരവും വന്നു: 'അത് അച്ഛൻ തന്നതല്ലേ, മായ്ച്ചുകളയാൻ പറ്റില്ലല്ലോ!"
ആരെയും വേദനിപ്പിക്കുന്ന ഒരു വാക്കുപോലും രവി ഒരിക്കലെങ്കിലും ഉപയോഗിച്ചതായി പറഞ്ഞുകേട്ടിട്ടു പോലുമില്ല. അത് ആ തറവാട് കാലങ്ങളായി ആചരിച്ച സദ്ഗുണങ്ങളുടെ പരിണിതഫലമാകാം. രവിയുടെ മറ്റൊരു അന്യാദൃശമായ പ്രത്യേകത എളിമയായിരുന്നു. കേരളകൗമുദി പോലെയുള്ള ഒരു മഹാപ്രസ്ഥാനത്തിന്റെ അമരത്ത് ഇരിക്കുമ്പോഴും, അതിന്റെ ഏതെങ്കിലും തരത്തിലുള്ള ഗർവില്ലാതെ ആ പ്രസ്ഥാനത്തെ ഉയർച്ചയിലേക്ക് നയിക്കുവാനും എല്ലാവരുടെയും സ്നേഹാദരങ്ങൾ പിടിച്ചുപറ്റുവാനും രവിക്കു കഴിഞ്ഞു. തീരെച്ചെറുതെന്ന് നമ്മൾ കരുതുന്ന കാര്യങ്ങളിൽപ്പോലും രവിക്കുള്ള ശ്രദ്ധയും നിർബന്ധബുദ്ധിയും അടുപ്പമുള്ളവർക്കെല്ലാം അറിയാം. ഉച്ചയൂണിന്റെ ഇടവേളയിൽ കേരളകൗമുദി ഓഫീസിലേക്കു ചെന്ന്, ആളില്ലാത്ത കസേരകൾക്കു മുകളിൽ കറങ്ങുന്ന ഫാനുകൾ, അന്ന് മാനേജിംഗ് ഡയറക്ടർ ആയിരുന്ന രവി സ്വിച്ച്ഓഫ് ചെയ്യുന്നതു കണ്ടിട്ടുണ്ട്. പിശുക്കു കാരണമല്ല, ദുർവ്യയം പാടില്ലെന്ന കണിശതയായിരുന്നു അതിനെല്ലാം പിന്നിൽ.
വേഗതയോടുള്ള രവിയുടെ പ്രണയം അടുത്ത സുഹൃത്തുക്കൾക്കെല്ലാം അറിയാം. കാറുമെടുത്ത്, നമുക്ക് സങ്കല്പിക്കാൻ പോലുമാകാത്ത വേഗതയിൽ കൊച്ചിയിലേക്കും കോഴിക്കോട്ടേക്കുമൊക്കെ രവി ഇടയ്ക്ക് പാഞ്ഞുകളയും. ഓവർസ്‌പീഡിനെക്കുറിച്ച് പറയാൻ നാവെടുത്താൽ രവി ഇടയ്ക്കു കയറും: 'നല്ല സ്പീഡിൽ കാറോടിക്കാൻ പറ്റുന്ന റോഡ് പോലും ഇവിടെങ്ങുമില്ലെടോ! പിന്നെയല്ലേ, ഓവർ സ്പീഡ്. താൻ ഇക്കാര്യം വീട്ടിൽ പറഞ്ഞ് ഓവറാക്കാതിരുന്നാൽ മതി!" പിന്നെ എന്തു പറയാൻ! വേഗതയോടുള്ള ഈ പ്രിയം രവിയുടെ ചിന്തകളിലും ചെയ്തികളിലും കൂടിയുണ്ടായിരുന്നു. പ്രശ്നപരിഹാരത്തിലായിരുന്നു ആ വേഗത ഏറ്റവും അധികമെന്നു തോന്നിയിട്ടുണ്ട്. സ്വാഭാവികമായും, എന്തെങ്കിലുമൊക്കെ പ്രശ്നങ്ങൾ നേരിടേണ്ടിവന്ന്, ഇനിയെന്താണ് ചെയ്യേണ്ടതെന്ന് എത്തുംപിടിയും കിട്ടാത്ത അവസരങ്ങളിൽ ഞങ്ങൾ സുഹൃത്തുക്കൾ ഏകകണ്ഠമായി ചെന്നെത്തുന്ന ഒറ്റമൂലി എം.എസ്. രവിയായിരുന്നു- 'നമുക്ക് രവിയോട് ഒന്നു ചോദിക്കാം!" രവി നിർദ്ദേശിക്കുന്ന പരിഹാര മാർഗമാകട്ടെ, ആർക്കും ദോഷമുണ്ടാക്കാത്തതും ആരെയും വേദനിപ്പിക്കാത്തതും ആയിരിക്കുകയും ചെയ്യും.
ജീവിക്കുമ്പോൾ ആത്മസംതൃപ്‌തിയോടെ ജീവിക്കണമെന്നത് രവിക്ക് നിർബന്ധമായിരുന്നു. അതുകൊണ്ടുതന്നെ, ചെയ്യുന്നതിലെല്ലാം ഒരു നിറവ് രവി നിർബന്ധബുദ്ധിയോടെ തന്നെ സൂക്ഷിച്ചു. ജീവിതത്തിലും, കേരളകൗമുദിയുടെ സാരഥിയെന്ന നിലയിൽ ഔദ്യോഗിക ചുമതലകളിലും സൗഹൃദങ്ങളിലുമെല്ലാം ആ നിറവ് അവസാനം വരെയും രവി സൂക്ഷിച്ചു. ശുദ്ധമായ ഹൃദയത്തോടെ സൗഹൃദങ്ങൾ സൂക്ഷിക്കുക എന്നതായിരുന്നു രവിയുടെ ജീവിതരീതിയിൽ എടുത്തുപറയേണ്ടുന്ന കാര്യം. അതൊരു നൈസർഗിക ഗുണമാകാം. സുഹൃത് ദർശനം ഔഷധമായി കരുതിയ വ്യക്തിയായിരുന്നു രവിയെന്നു പറഞ്ഞാലും അതിശയോക്തിയില്ല.
ജീവിത ലാളിത്യം രവി എന്നും അദ്ദേഹത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ ഗുണമായി സൂക്ഷിച്ചു. വസ്ത്രധാരണ ശൈലിയിൽ മുതൽ പെരുമാറ്റത്തിലും സംസാരത്തിലും വരെ, ആ വ്യക്തിത്വത്തിന് ശോഭ പകർന്ന് ലാളിത്യം ഒപ്പം നിന്നു. കേരളകൗമുദിയിൽ, പ്രസ് ജീവനക്കാർ മുതൽ പത്രാധിപസമിതി അംഗങ്ങൾ വരെ മുഴുവൻ പേരെയും സ്വന്തം കുടുംബാംഗങ്ങളായിത്തന്നെ കരുതി. ഓരോരുത്തരെയും പേരെടുത്തു വിളിച്ച് വിശേഷം തിരക്കാനും മാത്രമുള്ള അടുപ്പം അവരോരോരുത്തരോടും എം.എസ്. രവി കാത്തുപോന്നു. സ്വച്ഛമായൊരു അരുവി പോലെ, സുഖദമായൊരു ഇളംകാറ്റു പോലെ പരിചയപ്പെടുന്ന ഓരോരുത്തരുടെയും ഉള്ളിൽ സ്നേഹസാന്ദ്രമായ സാന്നിദ്ധ്യമുറപ്പിക്കുവാൻ രവിക്കു സാധിച്ചതിന് ഒറ്റ കാരണമേയുള്ളൂ: കളങ്കരഹിതമായ മനസും, അതിൽ വിടർന്ന ആ മന്ദസ്മിതവും. രവി ഓർമ്മയിലേക്കു മടങ്ങിയിട്ട് ഏഴു വർഷമാകുമ്പോഴും ബാക്കി നിൽക്കുന്നത് മായാത്ത ആ ചിരിയാണ്. നിറവിന്റെ നിലാച്ചിരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |