മലപ്പുറം: കർഷക ക്ഷേമനിധി ബോർഡ് നിലവിൽ വന്ന് നാലുവർഷം പിന്നിട്ടിട്ടും പെൻഷൻ ഉൾപ്പെടെയുള്ള പദ്ധതികൾക്ക് അംഗീകാരം നൽകാതെ ധനവകുപ്പ്. ആനുകൂല്യങ്ങൾ നൽകാനുള്ള വരുമാന സ്രോതസ് സംബന്ധിച്ച തർക്കമാണ് കാരണം. സർക്കാരിന് വലിയ സാമ്പത്തിക ബാദ്ധ്യത വരുത്തുമെന്ന നിലപാടിലാണ് ധനവകുപ്പ്. എന്നാൽ, ബോർഡിന്റെ വരുമാന മാർഗങ്ങളിലൂടെ കോർപ്പസ് ഫണ്ട് ഉറപ്പാക്കി പെൻഷൻ ഉൾപ്പെടെ നടപ്പാക്കാനാവുമെന്നാണ് ബോർഡ് വാദിക്കുന്നു.
അതേസമയം, കർഷക ക്ഷേമനിധി ബോർഡിന്റെ പദ്ധതികൾക്ക് അംഗീകാരം നൽകുന്നതിനെതിരെ മറ്റ് 13 ബോർഡുകൾ ധനവകുപ്പിനെ എതിർപ്പറിയിച്ചതാണ് അംഗീകാരം വൈകുന്നതെന്നാണ് ആക്ഷേപം. കൂടുതൽ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്നതിനാൽ മറ്റ് ബോർഡുകളിൽ നിന്ന് ഇവിടേക്ക് അംഗങ്ങളുടെ ഒഴുക്കുണ്ടാവുമെന്ന് ചൂണ്ടിക്കാട്ടിയാണിത്. ഇതിന് വിവിധ ബോർഡുകൾ കൈയാളുന്ന രാഷ്ട്രീയ പാർട്ടികളുടെ ഒത്താശയുണ്ടെന്നും ആരോപണമുണ്ട്.
2020 ഒക്‌ടോബർ 15നാണ് ബോർഡ് നിലവിൽ വന്നത്. 20 ലക്ഷത്തോളം ചെറുകിട കർഷകരെ അംഗങ്ങളാക്കാൻ ലക്ഷ്യമിട്ടെങ്കിലും ഇതുവരെ 11,879 പേരാണ് ചേർന്നത്. കുറഞ്ഞ അംശദായം പ്രതിമാസം 100രൂപ. സർക്കാർ വിഹിതം 250 രൂപവരെ. അഞ്ച് വർഷത്തിൽ കുറയാതെ അംശദായം അടച്ചവർക്ക് 60 തികയുമ്പോൾ 5,000 രൂപവരെ പെൻഷൻ ലഭിക്കും.
2021 ഡിസംബറിലാണ് അംഗത്വ വിതരണം തുടങ്ങിയത്. അതിനാൽ, 2026 ജനുവരി മുതൽ പെൻഷൻ നൽകേണ്ടിവരും. അനാരോഗ്യ, അവശതാ ആനുകൂല്യം, ചികിത്സ, വിവാഹ ധനസഹായം, പ്രസവാനുകൂല്യം എന്നിങ്ങനെ 15ഓളം ആനുകൂല്യങ്ങളുണ്ട്.
ബോർഡിന്റെ
വരുമാന മാർഗം
കാർഷികേതര ആവശ്യങ്ങൾക്കായി ഭൂമി തരംമാറ്റുമ്പോഴുള്ള പിഴയുടെ ഒരുശതമാനം ബോർഡിന് ലഭിക്കും
കേന്ദ്രാവിഷ്കൃത പദ്ധതികളും നബാർഡിൽ നിന്നുള്ള തുകയും പ്രയോജനപ്പെടുത്താം
സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും മറ്റും സംഭാവനകൾ സ്വീകരിക്കാനും അനുമതി
കാർഷികോത്പന്നങ്ങൾ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങളുണ്ടാക്കി വിൽക്കുമ്പോഴുള്ള ലാഭത്തിന്റെ ഒരുശതമാനം
അംഗങ്ങളിൽ നിന്നും സർക്കാരിൽ നിന്നുമുള്ള അംശദായ തുക
''ബോർഡിന്റെ വരുമാന മാർഗങ്ങൾ പ്രയോജനപ്പെടുത്തിയിരുന്നെങ്കിൽ നിലവിൽ ആയിരം കോടിയെങ്കിലും കോർപ്പസ് ഫണ്ടായി ലഭിക്കുമായിരുന്നു. ഇതിന്റെ പലിശ മാത്രമെടുത്ത് കർഷകർക്ക് ആനുകൂല്യങ്ങൾ നൽകാനാവും
-പ്രൊഫ. പി.രാജേന്ദ്രൻ,
കർഷക ക്ഷേമനിധി ബോർഡ് ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |