SignIn
Kerala Kaumudi Online
Friday, 09 May 2025 11.34 PM IST

അഭിനവ കർണനും കള്ളിന്റെ ഒരു 'പവറും'

Increase Font Size Decrease Font Size Print Page
a

നല്ലതല്ലൊരുവൻ ചെയ്ത നല്ല കാര്യം മറപ്പത്- ഇത് ഗുരുദേവ വചനമാണ്. 'അപ്രിയ സത്യം പറയരുത് " എന്നത് മറ്റൊരു

പ്രമാണം. അത് വേണ്ടപ്പെട്ടവരെയും ചിലപ്പോൾ ശത്രുക്കളാക്കും. മുൻ ജില്ലാ കളക്ടറും സാംസ്കാരിക വകുപ്പ്

ഡയറക്ടറുമായ ദിവ്യ എസ്. അയ്യർ കുരുക്കിൽ ചെന്നു പെട്ടത് ഇതു രണ്ടിന്റെയും പേരിലാണ്. ദുർവാസാവ് മഹർഷിയിൽ നിന്ന് വരസിദ്ധി നേടിയ കുന്തി ദേവി സൂര്യനെ സ്മരിച്ചപ്പോൾ ജാതനായ കർണന് കവച കുണ്ഡലങ്ങൾ ജന്മനാ സിദ്ധിച്ചതാണ്. ഇത് കർണന്റെ അമാനുഷ ശക്തിസ്തംഭമായിരുന്നെങ്കിൽ ആ ശക്തി കെടുത്തിയതാകട്ടെ,​ സ്വന്തം ദാന ശീലവും.

കുരുക്ഷേത്ര യുദ്ധത്തിൽ അത് സ്വന്തം നാശത്തിന് വഴിതെളിച്ച കഥ മഹാഭാരതം പറയുന്നു. എസ്.എഫ്.ഐ നേതാവും രാജ്യസഭാ എം.പിയുമൊക്കെയായ കണ്ണൂർക്കാരൻ കെ.കെ. രാഗേഷിന്റെ ജനനം എന്തായാലും കവചമോ കുണ്ഡലങ്ങളോ ധരിച്ചുകൊണ്ടായിരുന്നില്ല. കവചം പിന്നിട് കൈവന്നതാണോ എന്നറിയില്ല. പക്ഷേ, കഴിഞ്ഞ മൂന്നു വർഷം മുഖ്യമന്ത്രി പിണറായി സഖാവിന്റെ പ്രൈവറ്റ് സെക്രട്ടറിയായി വിരാജിച്ച രാഗേഷിനെ, 'കർണനു പോലും അസൂയ തോന്നുന്ന കെ.കെ.ആർ കവചം" എന്നാണ് ദിവ്യ എസ്. അയ്യർ വിശേഷിപ്പിച്ചത്. വിശ്വസ്തതയുടെ പാഠപുസ്തകം. കഠിനാദ്ധ്വാനത്തിന്റെ മഷിക്കൂട് തുടങ്ങിയ വിശേഷണങ്ങൾ വേറെയും. അധികാരത്തിന്റെ ഇടനാഴികളിൽ അന്യംനിന്നു പോകുന്ന കലയായ ബഹുമാനം ഉദ്യോഗസ്ഥരായ തങ്ങൾക്ക് രാഗേഷ് വളരെയേറെ നൽകിയത് ദിവ്യ ഫേസ് ബുക് കുറിപ്പിൽ നന്ദിയോടെ സ്മരിക്കുകയും ചെയ്യുന്നു.

രാഗേഷ് ഈ വിശേഷണങ്ങൾക്ക് അർഹനാണോ എന്നത് രണ്ടാമത്തെ കാര്യം. പക്ഷേ, അതല്ലല്ലോ ഇവിടെ പ്രശ്നം. രാഗേഷിന്റെ പുതിയ നിയമനം കണ്ണൂർ ജില്ലാ കളക്ടറായിട്ടല്ല, സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായാണ്. രാഷ്ട്രീയ നിയമനം. അതും പോരാഞ്ഞ്, ദിവ്യ കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ കെ.എസ്. ശബരീനാഥന്റെ ഭാര്യയും. പോരേ പൂരം. കോൺഗ്രസുകാരുടെ ചോര എങ്ങനെ തിളയ്ക്കാതിരിക്കും? ദിവ്യ സി.പി.എം നേതാക്കളുടെ വിദൂഷകയാണെന്ന് യൂത്ത് കോൺഗ്രസുകാർ. കെ. മുരളീധരൻ കൂടുതൽ കടുപ്പിച്ചു- 'സോപ്പിടാം. പക്ഷേ പതപ്പിക്കരുത്. കൂടുതൽ പതപ്പിച്ചാൽ പിന്നീടത് ദോഷമായി ഭവിക്കും" എന്നാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ദിവ്യയ്ക്ക് വീഴ്ചപറ്റിയെന്ന് ശബരീനാഥനും സമ്മതിച്ചു.

പക്ഷേ, ഉള്ളതു പറഞ്ഞാൽ ഉറിയും ചിരിക്കും. ദിവ്യയ്ക്ക് തെല്ലും കുലുക്കമില്ല. കോൺഗ്രസുകാരന്റെ

ഭാര്യയാണെങ്കിലും ഐ.എ.എസുകാരിയായ ദിവ്യയ്ക്ക് സ്വന്തം അഭിപ്രായം പറയാം. 'സ്നേഹാദരവ് അർപ്പിക്കുന്നത് തന്റെ ശീലമാണെന്നും, ആരെയും സോപ്പിട്ട് പതപ്പിക്കാനല്ല; ഇത് ജീവിതപ്പാതയാണ്" എന്നും ആർജ്ജവത്തോടെ തിരിച്ചടിച്ച

ദിവ്യ പ്രകടിപ്പിച്ചത് സ്ത്രീയുടെ അഭിമാന ബോധം!

 

സാമാന്യബുദ്ധി ഇല്ലാത്തതു കൊണ്ടാണ് മാദ്ധ്യമ പ്രവർത്തകർ മാസപ്പടി കേസ് വീണ്ടും കുത്തിക്കുത്തി ചോദിക്കുന്നതെന്നാണ് മുഖ്യമന്ത്രി പിണറായി സഖാവിന്റെ ആക്ഷേപം. മകൾ വീണാ വിജയൻ കരിമണൽ കമ്പനിയിൽ നിന്ന് കൈപ്പറ്റിയത് കള്ളപ്പണമാണങ്കിൽ ആരെങ്കിലും അതിന് നികുതി കൊടുക്കുമോ? മണ്ടന്മാർ! ആദായ നികുതിയും ജി.എസ്.ടിയും അടച്ച പണം എങ്ങനെ കള്ളപ്പണമാകും?​ കൊടുക്കാത്ത സേവനത്തിനു കിട്ടിയ പണമാണെന്നല്ലേ പറയുന്നത്?​ സേവനത്തിനു കൊടുത്തതാണെന്ന് കൊടുത്ത സ്ഥാപനവും,​ സേവനത്തിനു കിട്ടിയതാണെന്ന് വാങ്ങിയ കമ്പനിയും പറയുന്നു. പിന്നെ ആർക്കാണ് പ്രശ്നം?​ പൊന്നുരുക്കുന്നിടത്ത് പൂച്ചയ്ക്കെന്തു കാര്യം?​

കരിമണൽ കമ്പനിയിൽ നിന്ന് പണം വാങ്ങിയവരുടെ പട്ടികയിൽ പറയുന്ന 'പി.വി" പിണറായി വിജയനല്ലേ

എന്നാണ് അടുത്ത ചോദ്യം. പി.വി എന്നാൽ പിണറായി വിജയനാണെന്ന് ആരു പറഞ്ഞു? ഇടതു പാളയത്തിൽ നിന്ന്

തെന്നിത്തറിച്ച് വലതു പാളയത്തിലേക്ക് ചെന്നു പതിച്ച മുൻ എം.എൽ.എ അൻവറിന്റെ ഇനിഷ്യലും പി.വിയല്ലേ. അതേ

പട്ടികയിൽ ആർ.സി എന്നത് രമേശ് ചെന്നിത്തലയും, പി.കെ എന്നത് പി.കെ. കുഞ്ഞാലിക്കുട്ടിയുമാണെന്ന്

പറഞ്ഞാൽ സമ്മതിക്കുമോ?

കോടിയേരിയുടെ മകന്റെയും പിണറായിയുടെ മകളുടെയും കേസുകളിൽ പാർട്ടിക്കും സർക്കാരിനും രണ്ടു നീതിയാണോ എന്ന പത്രക്കാരുടെ സംശയവും പിണറായി സഖാവ് തീർത്തു കൊടുത്തു.

'ബിനീഷിന്റെ കാര്യത്തിൽ കോടിയേരി ബാലകൃഷ്ണനെ പരാമർശിച്ചിരുന്നില്ല. ഇത് അങ്ങനെയല്ലല്ലോ. മുഖ്യമന്ത്രിയുടെ മകൾ എന്നല്ലേ പറയുന്നത്. അപ്പോൾ സർക്കാരിനും പാർട്ടിക്കും പ്രതിരോധിക്കേണ്ടി വരും. വ്യക്തിപരമായി പണം വാങ്ങിയ പലരുമുണ്ടാവും. അവർ പറഞ്ഞുണ്ടാക്കുന്നതല്ലേ... ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യങ്ങളല്ല."- പിണറായി സഖാവ് കട്ടായം പറഞ്ഞു. വേല വേലായുധനോടോ?

മുഖ്യമന്ത്രിക്കൊപ്പം സി.പി.ഐ നിൽക്കും. എന്നാൽ, മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വിഷയമല്ല. 'എക്സാലോജിക് കേസ് എൽ.ഡി.എഫിന്റെ കേസല്ല. ആ കേസിനെ ന്യായീകരിക്കുകയും പ്രതിരോധിക്കുകയും ചെയ്യേണ്ട ബാദ്ധ്യത ഞങ്ങൾക്കില്ല."- സി,പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വെട്ടിത്തുറന്നു പറഞ്ഞു. എന്തൊരു ധൈര്യം; സമ്മതിക്കണം! എന്നും സി.പി.എമ്മിന്റെ കാൽച്ചുവട്ടിൽ കിടക്കാൻ തങ്ങളെ കിട്ടില്ലെന്ന് സാരം. സി.പി.ഐക്കാരുടെ ഈ ദഹനക്കേടിന് ദശമൂലാരിഷ്ടമോ ജീരകാരിഷ്ടമോ മതിയാവുമോ? അതോ കഷായ ചികിത്സ തന്നെ വേണ്ടിവരുമോ?അഷ്ടാംഗഹൃദയത്തിലെയും ചരക സംഹിതയിലെയും ഒറ്റമൂലികൾ പരതുകയാണത്രെ,​ പാർട്ടി വൈദ്യന്മാരായ എ.കെ. ബാലനും മന്ത്രി വി. ശിവൻകുട്ടിയും മറ്റും.

 

കള്ളുഷാപ്പിലെ കറികൾ പോലെ തന്നെ,​ കള്ളുകുടിക്കാത്തവർക്കും ആസ്വാദ്യകരമാണ് ഷാപ്പിലെ പാട്ട്. ദരിദ്ര നാരായണന്മാരുടെ പാനീയമായ നമ്മുടെ നാടൻ കള്ളിന്റെ ഗമ കൂടാൻ പോകുന്നു. കള്ളുകുടിയന്മാർ പാർട്ടിയിൽ വേണ്ടെന്നു പറഞ്ഞ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സെക്രട്ടറിമാരും പിന്നീട് അതിൽ അല്പം വെള്ളം ചേർത്തു. കുടിച്ച് അലമ്പുണ്ടാക്കാതിരുന്നാൽ മതി. ശുദ്ധമായ കള്ളിനെ രാവിലെ ബെഡ് കോഫിക്കു പകരം ഉപയോഗിക്കാമെന്നാണ് ഇ.പി. ജയരാജൻ സഖാവിന്റെ വാദം. കൊച്ചി പഴയ കൊച്ചിയല്ലെന്ന് പറയുന്നതു പോലെ,​ കള്ളും ഇനി പഴയ കള്ളല്ല. സ്റ്റാർ പദവി വരാൻ പോകുന്നു!

വിനോദ സഞ്ചാര മേഖലകളിലെ ത്രീ സ്റ്റാർ മുതലുള്ള റസ്റ്റാറന്റുകളിൽ മുന്തിയ വിദേശ മദ്യത്തിനൊപ്പം പാവം കള്ളും സ്ഥാനം പിടിക്കുന്നു. ഇവിടെ കള്ള് പാർലറുകൾ കൂടി തുടങ്ങുമെന്നാണ് സർക്കാരിന്റെ പുതിയ മദ്യനയത്തിൽ പറയുന്നത്. റിസോർട്ടുകൾക്ക് പുറത്തുനിന്ന് കള്ളെത്തിച്ച് വില്പന നടത്താം. ലിറ്ററിന് രണ്ടു രൂപ വീതം പെർമിറ്റ് ഫീസ്

നൽകിയാൽ മതി. പക്ഷേ, അവിടെയും സൂപ്പർ പാര! സ്റ്റാർ ഹോട്ടലുകളിൽ കള്ള് വിൽക്കാനുള്ള മദ്യ നയത്തിലെ നി‌‌ർദ്ദേശത്തോട് ഹോട്ടലുടമകൾ മുഖം തിരിക്കുന്നു. ദൈവം കനിഞ്ഞാലും പൂജാരി കനിയുന്നില്ല. പുറമെ നിന്ന് കള്ളെത്തിച്ചു വിൽക്കുന്നത് റിസ്കാണത്രെ. ഒറ്റ ദിവസത്തേക്ക് സർക്കാർ അര ലക്ഷം രൂപ ഫീസ് ഏർപ്പെടുത്തുന്നതും ബുദ്ധിമോശം.

നുറുങ്ങ്:

 മുനമ്പം ഭൂമി പ്രശ്നത്തിന് വഖഫ് ബിൽ പരിഹാരമല്ലെന്നും, മുനമ്പത്തുകാർ നിയമ പോരാട്ടം തുടരേണ്ടി വരുമെന്നും

മുനമ്പത്ത് ബി.ജെ.പി സംഘടിപ്പിച്ച 'നന്ദി മോദി" പരിപാടിയിൽ കേന്ദ്ര മന്ത്രി കിരൺ റിജിജു.

# എന്തൊക്കെയായിരുന്നു,​ മോഹന വാഗ്ദാനങ്ങൾ. അങ്ങനെ പവനായി ശവമായി!

(വിദുരരുടെ ഫോൺ :99461 08221)

TAGS: VARAVISHESHAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.