ക്രൈസ്‌തവ ജനതയെ മാത്രമല്ല ലോകത്തിലെ സമാധാനകാംക്ഷികളായ എല്ലാ മനുഷ്യരെയും ദുഃഖിപ്പിക്കുന്നതാണ് വത്തിക്കാന്റെ അധിപതി ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം. സാധാരണക്കാരന്റെയും ദരിദ്രന്റെയും മാനസികാവസ്ഥ ഉൾക്കൊണ്ട് അവർക്കായി ഇത്രയധികം സംസാരിച്ചിട്ടുള്ള മറ്റൊരു പോപ്പ് വത്തിക്കാനിൽ ഉണ്ടായിട്ടില്ലെന്നു പറഞ്ഞാൽ അതൊരു സ്തുതിവാക്യമായി മാറില്ല. അത്രമാത്രം പാവപ്പെട്ടവരെ സ്നേഹിച്ചിരുന്നു, അദ്ദേഹം. അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത് താൻ ജനിച്ചുവളർന്ന നാടിന്റെ അവികസിതാവസ്ഥയും ഇടപഴകിയ സാധാരണ മനുഷ്യരുടെ നിഷ്‌കളങ്ക പ്രേമവുമായിരുന്നു.
പാവപ്പെട്ടവർക്കു വേണ്ടി നിരന്തരം സംസാരിക്കുന്നതിന്റെ പേരിൽ 'കമ്മ്യൂണിസ്റ്റ് പോപ്പ്" എന്നു പോലും അദ്ദേഹം പരിഹസിക്കപ്പെട്ടിരുന്നു. അതിന് മാർപാപ്പ പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു. 'നിർദ്ധനരെക്കുറിച്ച് സംസാരിക്കുന്നുവെന്നതിന് ഒരാൾ കമ്മ്യൂണിസ്റ്റ് ആയിരുന്നു എന്നർത്ഥമില്ല. ദാരിദ്ര്യത്തിന് പ്രത്യയശാസ്ത്രമില്ല. ദരിദ്രർ സുവിശേഷത്തിന്റെ കൊടിയടയാളമാണ്. അവർ ക്രിസ്‌തുവിന്റെ ഹൃദയത്തിലുള്ളവരാണ്."
ഫ്രാൻസിസ് മാർപാപ്പയുടെ യഥാർത്ഥ നാമം ഹോർഹെ മരിയോ ബെർഗോളിയ എന്നാണ്. ബ്യൂണസ് അയേഴ്‌സിൽ ഇറ്റലിയിൽ നിന്ന് കുടിയേറിയ ഒരു റെയിൽവേ ജീവനക്കാരന്റെ അഞ്ചു മക്കളിൽ ഒരാളായാണ് 1936-ൽ ഡിസംബർ 17ന് ബെർഗോളിയോ ജനിച്ചത്. നാട്ടിലെ സർവകലാശാലയിൽ നിന്ന് രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ ആ വിദ്യാർത്ഥിക്ക് കർത്താവ് കാത്തുവച്ചിരുന്നത് ജനമനസുകളിൽ സന്തോഷത്തിന്റെയും സമാധാനത്തിന്റെയും 'രസതന്ത്രം" സൃഷ്ടിക്കുകയെന്ന നിയോഗമായിരുന്നു. സുരക്ഷയെപ്പോലും മാനിക്കാതെ വിശ്വാസികൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് വാക്കുകൊണ്ടും സ്പർശംകൊണ്ടും അവരെ സാന്ത്വനിപ്പിക്കാൻ സർവഥാ അദ്ദേഹം പ്രയത്നിച്ചിരുന്നു. കൊവിഡ് കാലത്ത് തന്റെ കർമ്മനിയോഗത്തിന് തടസം വന്നപ്പോൾ ദുഃഖത്തോടെ അദ്ദേഹം ഇങ്ങനെ പറഞ്ഞു: ''വിശ്വാസികൾക്ക് കൈകൊടുക്കാൻ എനിക്കു കഴിയുന്നില്ല. കുഞ്ഞുങ്ങളുടെയും വൃദ്ധരുടെയും കവിളിൽ തലോടാനും. ആരെയും നെഞ്ചിൽ ചേർത്തുപിടിക്കാനും.""
2013 മാർച്ച് 13-നാണ് അദ്ദേഹം കത്തോലിക്കാ സഭയുടെ 266-ാമത് പോപ്പായി അവരോധിതനായത്. ബെനഡിക്ട് പതിനാറാമൻ പാപ്പ ഫെബ്രുവരിയിൽ രാജിവച്ചതിനെത്തുടർന്നാണ് ഫ്രാൻസിസ് മാർപാപ്പ കത്തോലിക്കാ സഭയുടെ പരമാദ്ധ്യക്ഷനായത്. ബ്യൂണസ് അയേഴ്‌സിൽ രൂപതയുടെ തലവനായിരുന്ന കാലത്തുതന്നെ സ്വയം ശീലിച്ച ജീവിതത്തിന്റെ പ്രത്യേകതയാൽ ശ്രദ്ധേയനായിരുന്നു. ഔദ്യോഗികമായി ലഭിച്ച ആഡംബര ബംഗ്ളാവ് ഉപേക്ഷിച്ച് നഗര പ്രാന്തത്തിലെ ഒരു ചെറിയ അപ്പാർട്ട്‌മെന്റിലായിരുന്നു താമസം. പൊതുഗതാഗത സംവിധാനമായിരുന്നു യാത്രയ്ക്ക് ഉപയോഗിച്ചിരുന്നത്. ഫുട്‌ബാൾ ലഹരിയുടെ പ്രദേശമായ ലാറ്റിൻ അമേരിക്കയിൽ നിന്ന് ആദ്യമായി പോപ്പ് പദവിയിലെത്തുന്ന പുരോഹിതനാണ്. വിശുദ്ധ ഫ്രാൻസിസ് അസീസിയോടുള്ള ബഹുമാനാർത്ഥമാണ് ഫ്രാൻസിസ് എന്ന നാമം സ്വീകരിച്ചത്. ആദ്യമായാണ് ഒരു മാർപാപ്പ ഈ ഔദ്യോഗിക നാമം സ്വീകരിക്കുന്നത്.
നിശ്ചലമായ ഒരു ജീവിതശൈലിയല്ല വിശ്വാസ ജീവിതത്തിന്റേതെന്നും മറിച്ച് അത് നിരന്തരമായ ഒരു യാത്രയുടെ പുണ്യമാണെന്നും നിരന്തരം ഓർമ്മിപ്പിക്കുമായിരുന്നു ഫ്രാൻസിസ് മാർപാപ്പ. ''ചില ഭക്തികളിൽ മാത്രം നാം നിശ്ചലമായാൽ വിശ്വാസം വളരുകയില്ല. അതിനാൽ വിശ്വാസത്തെ പുറത്തുകൊണ്ടുവന്ന് ദൈവത്തിലേക്കും സഹോദരങ്ങളിലേക്കും നിരന്തരമായ യാത്രയിൽ ജീവിക്കേണ്ടത് ആവശ്യമാണ്""- ഈ വാക്കുകളോട് പൂർണമായ നീതി പുലർത്തിയ ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത്.
ശിവഗിരി മഠത്തിന്റെ സർവമത സമ്മേളനത്തിനുള്ള ആശീർവാദ പ്രഭാഷണത്തിൽ ഗുരുദേവനെ അനുസ്‌മരിച്ച് പോപ്പ് പറഞ്ഞ വാക്കുകൾ വളരെ വിലപ്പെട്ടതാണ്. 'ഗുരു ലോകത്തിനു നൽകിയത് എല്ലാ മനുഷ്യരും ഒരു കുടുംബമെന്ന സന്ദേശമാണ്. ഈ സന്ദേശം ഒരു നൂറ്റാണ്ടിനു ശേഷം ഇന്നും വളരെ പ്രസക്തമാണ്. ജാതി, മത, സംസ്കാര ഭേദമെന്യേ എല്ലാവരും ഏക മാനവ കുടുംബത്തിലെ അംഗങ്ങളാണെന്ന സന്ദേശം നൽകിക്കൊണ്ട് സാമൂഹികവും മതപരവുമായ നവോത്ഥാനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച ആചാര്യനായിരുന്നു ശ്രീനാരായണ ഗുരു" - ഇതായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടെ വാക്കുകൾ.
യുദ്ധം നടക്കുന്ന രാജ്യങ്ങളുടെ നാമങ്ങൾ എടുത്തുപറഞ്ഞുകൊണ്ട് അവിടങ്ങളിലെ ജനങ്ങൾക്കു വേണ്ടിയും ലോക സമാധാനം കൈവരിക്കുന്നതിനു വേണ്ടിയും പ്രാർത്ഥിക്കാൻ പോപ്പ് ലോക ജനതയെ ആഹ്വാനം ചെയ്തിരുന്നു. ഈസ്റ്റർ ദിന സന്ദേശത്തിൽ ഗാസയിൽ അടിയന്തര വെടിനിറുത്തൽ വേണമെന്നും ആവശ്യപ്പെട്ടിരുന്നു. കാത്തലിക് വിശ്വാസം പുലർത്തുന്നവരും അല്ലാത്തവരുമായ ജനവിഭാഗങ്ങൾ തമ്മിലുള്ള ഐക്യത്തിനും സഹകരണത്തിനും വേണ്ടി നിലകൊണ്ടു എന്നതാണ് ഫ്രാൻസിസ് മാർപാപ്പയെ വിശ്വാസിക്കപ്പുറം ലോക ജനതയ്ക്ക് ഒട്ടാകെ സ്വീകാര്യനാക്കി മാറ്റിയത്. ലോകത്തെ സ്ഥിതിവിശേഷങ്ങൾ ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നയിക്കപ്പെടുന്നതാണോ എന്ന ആശങ്കയും അദ്ദേഹം തുറന്ന് പ്രകടിപ്പിക്കുകയുണ്ടായി.
ഏതു വിഷയത്തിലും മനുഷ്യത്വപരമായ ഘടകങ്ങൾക്ക് മുൻതൂക്കം നൽകുന്നതായിരുന്നു അദ്ദേഹത്തിന്റെ സമീപനം. 2013-ൽ സിറിയൻ പ്രസിഡന്റ് രാസായുധങ്ങൾ പ്രയോഗിച്ചു എന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ യുദ്ധത്തിന് ഇറങ്ങിത്തിരിക്കരുതെന്നാണ് പോപ്പ് അമേരിക്കയോട് അഭ്യർത്ഥിച്ചത്. 'ഹിംസയെ ഹിംസ കൊണ്ടല്ല എതിർക്കേണ്ടത്. മരണത്തിന് മരണത്തിന്റെ ഭാഷയിലല്ല മറുപടി പറയേണ്ടത്. കുരിശിന്റെ മനനത്തിൽ സഹാനുഭൂതിക്കും ക്ഷമയ്ക്കും സഹകരണത്തിനും സമാധാനത്തിനുമാണ് ഇരിപ്പിടം." ആത്മീയതയുടെ യഥാർത്ഥ സത്ത വെളിപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ ഈ വാക്കുകൾ.
ലോകത്ത് ക്രൈസ്തവർ ആക്രമിക്കപ്പെടുമ്പോൾ മാത്രമല്ല, മറ്റ് വിഭാഗങ്ങൾ അക്രമത്തിനിരയാകുമ്പോഴും പോപ്പ് ആർജ്ജവത്തോടെയും അതിശക്തമായും പ്രതികരിച്ചിരുന്നു. ഇവിടെയെല്ലാം പാപത്തെ വെറുക്കുക, പാപിയെ സഹാനുഭൂതിയോടെ വീക്ഷിക്കുക എന്ന ക്രിസ്ത്യൻ സമീപനമാണ് അദ്ദേഹം കൈക്കൊണ്ടിരുന്നത്. തന്റെ
പരാജയങ്ങൾ തുറന്നു പറയാനും, തന്നെ വിമർശിക്കുന്നവരെ സമചിത്തതയോടെയും ശത്രുതാഭാവത്തിലല്ലാതെയും വീക്ഷിക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. നയതന്ത്ര തലത്തിലും ഫ്രാൻസിസ് മാർപാപ്പ വിജയങ്ങൾ കൈവരിച്ചിട്ടുണ്ട്. ഒബാമയുടെ ഭരണകാലത്ത് ക്യൂബയിൽ ആദ്യമായി 2016-ൽ അമേരിക്കൻ എംബസി തുറക്കുന്നതിൽ പോപ്പിന്റെ ഇടപെടലുകളും നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.
ശ്വാസകോശത്തിലെ അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന മാർപാപ്പ സജീവമായി തിരിച്ചുവരികയും ഈസ്റ്റർ ദിനത്തിൽ വിശ്വാസികളെ ആശീർവദിക്കുകയും ചെയ്തിരുന്നു. 88 വയസുകാരനായ മാർപാപ്പയുടെ നിർസമമായ ആ ചിരി നമുക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടിരിക്കുകയാണ്. പ്രത്യാശയുടെ ഒരു വലിയ തിരിനാളമാണ് അണഞ്ഞുപോയത്. ലോകമെമ്പാടുമുള്ള ക്രൈസ്‌തവ ജനതയുടെ തീവ്രദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |