ഒരു ശുപാർശ പോലുമില്ലാതെ, നേരെചൊവ്വേ നടക്കേണ്ട കാര്യങ്ങൾക്ക് ഉദ്യോഗസ്ഥ തലത്തിൽ വരുന്ന തടസങ്ങളിലാണ് ഏത് അഴിമതിയുടെയും അടിവേര് ആഴ്ന്നിരിക്കുന്നത്. കേസും കോടതി നടപടികളുമൊക്കെയായി മാറാവുന്ന സംഭവങ്ങളിൽ സ്വാഭാവികമായ നിയമനിർവഹണം നടക്കാതിരിക്കാനും അഴിമതിയുടെ വഴി തേടുന്നവരുണ്ട്. ഇങ്ങനെ, കാര്യം 'നടത്താനും" കാര്യം 'നടക്കാതിരിക്കാനും" തേടുന്ന കുറുക്കുവഴികളെല്ലാം സമാഹരിക്കപ്പെടുന്നതാണ് കൈക്കൂലിയും ഉദ്യോഗസ്ഥരുടെ ആർത്തിയെ തൃപ്തമാക്കുന്ന വിഷയമെന്തോ, അതുമെല്ലാം ചേർന്ന അഴിമതിയുടെ ദൂഷിതവലയം. അഴിമതിരഹിതമായ ഭരണസംവിധാനമാണ് ഏതു നാട്ടിലും ജനാധിപത്യത്തിന്റെ യഥാർത്ഥ സൗന്ദര്യവും സ്വാതന്ത്ര്യവും. നിർഭാഗ്യവശാൽ, കൈക്കൂലിയില്ലാതെ കാര്യം നടക്കില്ലെന്ന നിലയിലായിട്ടുണ്ട്, പല സർക്കാർ ഓഫീസുകളിലെയും ഉദ്യോഗസ്ഥ 'അഴിമതിയാട്ടം." ഇടയ്ക്കും മുറയ്ക്കുമൊക്കെ 'ആർത്തി ആപ്പീസർമാർ"ക്ക് പിടിവീഴുന്നുണ്ടെങ്കിലും അതൊന്നും അഴിമതിയുടെ വ്യാപ്തി കുറയ്ക്കാൻ തീരെ പര്യാപ്തമല്ലെന്ന് വ്യക്തമാക്കുന്നതാണ് അത്തരം വാർത്തകളുടെ നിത്യക്കാഴ്ച.
ഉദ്യോഗസ്ഥതലത്തിലെ അഴിമതി അവസാനിപ്പിക്കുമെന്ന് മിക്ക പൊതുവേദികളിലും സംസ്ഥാന മുഖ്യമന്ത്രി ആവർത്തിക്കുന്നതാണ്. ജീവനക്കാരുടെ സംഘടനകളുടെ സമ്മേളനങ്ങളിൽ വച്ച്, അഴിമതിക്കാരെ സംരക്ഷിക്കുന്ന നേതാക്കൾക്കു കൂടി അദ്ദേഹം കർശന മുന്നറിയിപ്പ് നല്കാറുമുണ്ട്. പക്ഷേ, മുഖ്യമന്ത്രിയുടെ ഈ ജാഗ്രത രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കൂടി ഉൾക്കൊള്ളണം. അത്തരം 'ഹൈപവർ" ഉദ്യോഗസ്ഥർക്കെതിരെയുള്ള കേസുകളിൽ വിചാരണയ്ക്കും മറ്റും സർക്കാർ അനുമതി വേണ്ടിവരുമ്പോൾ ബന്ധപ്പെട്ടവർ അത് ചവിട്ടിപ്പിടിക്കാതിരിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കൂടി സർക്കാർ ജാഗ്രത കാണിക്കണം. വിജിലൻസ് രജിസ്റ്റർ ചെയ്തിട്ടുള്ള അഴിമതി കേസുകളിൽ പ്രതികളായ, രാഷട്രീയ- ഉദ്യോഗസ്ഥ രംഗങ്ങളിലെ സ്വാധീനശേഷിക്കാരായ അഞ്ഞൂറിലധികം പേരുടെ വിചാരണാ നടപടിക്ക് അനുമതി നല്കാതെ വകുപ്പുകളിൽത്തന്നെ പൂഴ്ത്തിവച്ചിരിക്കുന്നതായാണ് 'കേരളകൗമുദി" കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാർത്ത വെളിപ്പെടുത്തുന്നത്.
അഴിമതി നിരോധന നിയമത്തിലെ 17 (എ) ഭേദഗതി അനുസരിച്ച് മുഖ്യമന്ത്രി, മന്ത്രിമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ എന്നിവർക്കെതിരെ കേസെടുക്കാൻ പോലും മേലധികാരിയുടെ അനുമതി വേണം. ഇനി കേസെടുക്കാൻ അനുമതി കിട്ടിയാലും, അന്വേഷണത്തിനു ശേഷം കുറ്റപത്രം സമർപ്പിക്കാനോ വിചാരണയ്ക്കോ അനുമതി കിട്ടില്ല. വിജിലൻസ് നല്കുന്ന വിചാരണാ അപേക്ഷകളിന്മേൽ അതത് വകുപ്പുകൾ മൂന്നുമാസത്തിനകം തീരുമാനമെടുക്കണമെന്നാണ് ചട്ടം. അല്ലെങ്കിൽ പരാതിക്കാർക്ക് ഹൈക്കോടതിയെ സമീപിക്കാം. പക്ഷേ, അനുമതി തേടി വകുപ്പ് മേധാവിക്കെത്തുന്ന ഈ അപേക്ഷകളെ അവിടെത്തന്നെ കുടിയിരുത്തുന്നതാണ് നടപ്പുരീതി. ആരോപണ വിധേയൻ സ്ഥാനക്കയറ്റം ഉൾപ്പെടെ നേടി സർവ ആനുകൂല്യങ്ങളോടെയും വിരമിക്കുകയും, മിടുക്കനെങ്കിൽ അതിനു ശേഷവും ഒന്നാന്തരം ലാവണം ഉറപ്പാക്കുകയും ചെയ്യും. ജനപ്രതിനിധിയാണ് കക്ഷിയെങ്കിൽ ഒരു കോടതി ഇടപെടലുമില്ലാതെ കാലാവധി പൂർത്തിയാക്കുകയും ചെയ്യും.
കൈക്കൂലി കേസുകളിൽ പൊതുസേവകരെ പ്രത്യക്ഷമായ തെളിവുകളില്ലെങ്കിൽ, സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽപ്പോലും ശിക്ഷിക്കാമെന്നാണ് സുപ്രീം കോടതി തീർപ്പെന്നിരിക്കെയാണ്, ബലമുള്ള തെളിവുകൾ സഹിതം കേസ് കോടതിയിലെത്തിയാലും വിചാരണാനുമതി എന്ന പഴുതിലൂടെ കൈക്കൂലിക്കൊള്ളക്കാർ രക്ഷപ്പെടുന്നത്. ഇങ്ങനെ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അനുമതി ലഭിക്കാത്ത കേസുകളുടെ വിവരം കോടതികളെ അറിയിക്കാനുള്ള വിജിലൻസ് തീരുമാനം എന്തുകൊണ്ടും ഉചിതം തന്നെ. ബാക്കി കാര്യം കോടതി തീരുമാനിക്കട്ടെ. അനധികൃത സ്വത്തുസമ്പാദന കേസിൽ തമിഴ്നാട് മന്ത്രി ദുരൈ മുരുകനെയും കുടുംബാംഗങ്ങളെയും കുറ്റവിമുക്തരാക്കിയ പ്രത്യേക കോടതിയുടെ 2007-ലെ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കിയത് കഴിഞ്ഞ ദിവസമാണ്. പ്രതികൾക്കെതിരെ കുറ്റം ചുമത്തി, ആറു മാസത്തിനകം വിചാരണ പൂർത്തിയാക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സുപ്രീംകോടതിയിൽ നിന്ന് ജാമ്യം നേടിയ ശേഷം ഡി.എം.കെ മന്ത്രിസഭയിൽ അംഗമായ സെന്തിൽ ബാലാജിയോട്, മന്ത്രിസ്ഥാനം ഉടൻ ഒഴിഞ്ഞില്ലെങ്കിൽ ജാമ്യം റദ്ദാക്കി ജയിലിലാക്കുമെന്ന് സുപ്രീംകോടതി അന്ത്യശാസനം നല്കിയിട്ടും രണ്ടുദിവസമേ ആയുള്ളൂ. അഴിമതിക്കേസുകളിലും കള്ളപ്പണ കേസുകളിലും കുരുങ്ങുന്ന രാഷ്ട്രീയക്കാർ ഈ കോടതി തീർപ്പുകൾ കാണേണ്ടതാണ്. ഇങ്ങനെ സർക്കാരിന്റെ കനിവിൽ രക്ഷനേടി നടക്കുന്ന അഞ്ഞൂറിലധികം പേരിൽ മുന്നൂറോളം പേർ രാഷ്ട്രീയ നേതാക്കളാണ് എന്നതാണ് വലിയ വൈപരീത്യം. അതിൽ എല്ലാ പാർട്ടിക്കാരുമുണ്ട്. രാഷ്ട്രീയക്കാർ ഉദ്യോഗസ്ഥരെ നന്നാക്കുമോ അതോ, ഉദ്യോഗസ്ഥർ രാഷ്ട്രീയക്കാരെ വരച്ചവരയിൽ നിറുത്തുമോ? അഴിമതി പ്രമാണിമാരെ ജനം കൈകാര്യം ചെയ്യുന്ന സ്ഥിതി എന്തായാലും ജനാധിപത്യത്തിനു തന്നെ മോശമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |