ആഢ്യം വലിച്ചിട്ടിരുന്ന കസേരയിൽ
വാക്കത്തി വീണു തിണർത്ത ഞടുക്കങ്ങൾ
കാലു കടഞ്ഞ കശേരുക്കൾ നാലു പേർ
ഊരിയ തണ്ടെല്ലിനീറയും ചേർന്നൊരു
ജാഥ കടന്നു പോകുമ്പോ,ളരക്കിട്ടു
പോടുകൾ മാച്ച് മിനുക്കുമുരുപ്പടി
ആയതിലൊന്നിലിരുന്നടിമക്കണ്ണ്
കാറി വിളിക്കുന്നധിപന്റെ പ്രേതമായ്
ആഢ്യം പണിഞ്ഞിട്ടിരിക്കും കസേരയ്ക്ക്
വാർത്തു വയ്ക്കുന്നു പകർപ്പുകളെമ്പാട്
ഒന്നിലമർന്നിരിക്കാൻ തുടങ്ങുമ്പൊഴേ
മുള്ള് വിതറി ചിരിക്കുന്ന ഭൂതമായ്
മൂഷികരെങ്കിലും മൂളുന്നവരൊരു
പൂച്ച മുഖംമൂടി കാട്ടിക്കളിക്കയും
നാക്കു വളച്ചാൽ തിരിച്ചറിഞ്ഞേക്കുമെ-
ന്നോർത്തുമമർത്തുന്നു കീ കീ
രവങ്ങളെ കല്പനകൾ തിടംവയ്ക്കും കടുപ്പത്തി-
നൊച്ചയ്ക്കു പിന്നിലുരുക്കിന്റെ യന്ത്രങ്ങൾ
തപ്പുകൊട്ടും പാട്ടിലാസ്ഥാന ഗായകർ
ചിട്ടപ്പെടുത്തിയ താളവും ഭേരിയും
വമ്പൻ പുലിയിവൻ, കാടുകൾ കണ്ടവൻ
ചെണ്ടയിൽ കൊട്ടിപ്പറഞ്ഞു പരത്തിയും
പിമ്പി നടക്കുന്ന പാണന്റെ ഒസ്യത്തി-
ലഞ്ചു നഖങ്ങൾ പതിഞ്ഞ കയ്യൊപ്പുകൾ!
ദത്ത്
ശ്രീലേഖ ബി.ആർ. ഒക്കൽ
ദത്തു നൽകട്ടെ ഞാനെന്റെ സ്വപ്നങ്ങളെ
പൂത്തുതളിർത്തതുകായ്ക്കുന്നതുവരെ
മുറിയ്ക്കല്ലേ അരികുകൾ, അവയോ കരിഞ്ഞുപോം
വാടിത്തളർന്നു കുഴഞ്ഞുപിടഞ്ഞുപോം
തളിക്കണം മൃദുജലം, തളിർക്കട്ടെ ചില്ലകൾ
വീശട്ടെ അനിലനും പുൽകുന്ന പോലവേ
തെളിയട്ടെ ഹൃദയങ്ങൾ ആത്മഹർഷങ്ങളാൽ
തുളുമ്പട്ടെ മനവും ഉല്ലാസഭരിതമായ്...
ദത്തു നൽകട്ടെ ഞാനെന്റെ മോഹങ്ങളെ
പുഷ്പങ്ങൾ നിറയട്ടെ അവയുടെ ചുറ്റിലും
വർണങ്ങൾ നിറയട്ടെ ഓരോയിതളിലും
ശ്വാസം നിറയട്ടെ ഓരോ അണുവിലും
അരുണാഭമാകട്ടെ ഓരോ കപോലവും
തുടിക്കട്ടെ ആമോദപാരവശ്യങ്ങളാൽ
നിറയുന്നുസ്മേരം നിറഞ്ഞ പ്രതീക്ഷയാൽ
ദത്തു നൽകട്ടെ ഞാനെന്നെത്തന്നെയും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |