ജലവിഭവ വകുപ്പിന്റെ ഏറ്റവും വിജയിച്ച സംരംഭങ്ങളിലൊന്നാണ് 'ഹില്ലി അക്വ" കുപ്പിവെള്ള വിൽപ്പന. മിതമായ നിരക്കിൽ ശുദ്ധമായ കുടിവെള്ളം വിതരണം ചെയ്തു എന്നതാണ് ഈ കുപ്പിവെള്ള സംരംഭത്തിന്റെ വിജയത്തിന്റെ അടിസ്ഥാനം. ബി.ഐ.എസ് നിർദ്ദേശിച്ച ശുദ്ധീകരണ പ്രക്രിയ പൂർത്തിയാക്കിയാണ് ജലം കുപ്പിയിലാക്കുന്നത്. അതുകൊണ്ടുതന്നെ ജനങ്ങൾ ഇത് വിശ്വാസപൂർവമാണ് സ്വീകരിക്കുന്നത്. അര ലിറ്റർ ബോട്ടിലിന് പത്തും, ഒരു ലിറ്ററിന് പതിനഞ്ചും, രണ്ടു ലിറ്ററിന് 28-ഉം, അഞ്ചുലിറ്ററിന് 60-ഉം രൂപയാണ് പരമാവധി ചില്ലറ വിൽപ്പന വില. ജയിലിനോടു ചേർന്ന ഫുഡ് ഔട്ട്‌ലെറ്റുകളിലും റേഷൻകടകളിലും ഒരു ലിറ്റർ കുപ്പിവെള്ളം പത്തുരൂപയ്ക്ക് ലഭിക്കും. ഇതുകൂടാതെ റെയിൽവേ സ്റ്റേഷനുകളിലും കെ.എസ്.ആർ.ടി.സി ഡിപ്പോകളിലും കൺസ്യൂമർഫെഡ് സ്റ്റോറുകളിലും ചില സർക്കാർ സ്ഥാപനങ്ങളുടെ ഔട്ട്‌ലെറ്റുകളിലും 'ഹില്ലി അക്വ" ലഭ്യമാണ്. ഇതിന് മലയാളിത്തമുള്ള ഒരു പേര് നൽകാമായിരുന്നുവെന്ന് വിചാരിക്കുന്നവരുണ്ടാകും. പക്ഷേ, ഭാവിയിൽ വിൽപ്പന അന്യസംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുമ്പോൾ ഈ പേര് ഗുണം ചെയ്യാതിരിക്കില്ല.
സർക്കാർ കുപ്പിവെള്ളത്തിന്റെ വർദ്ധിച്ച ഡിമാന്റ് കണക്കിലെടുത്ത് ഹില്ലി അക്വയുടെ ഉത്‌പാദനം ഇരട്ടിയാക്കാൻ തീരുമാനിച്ചതു സംബന്ധിച്ച വാർത്ത ഞങ്ങൾ പ്രത്യേക സ്റ്റോറിയായി പ്രസിദ്ധീകരിച്ചിരുന്നു. കോഴിക്കോട്ടും ആലുവയിലും പുതിയ പ്ളാന്റുകൾ ഇതിനായി സ്ഥാപിക്കും. ആലുവയിൽ 20 ലിറ്റർ ജാറിന്റെ ഉത്‌പാദനം നടത്തുന്നതിനുള്ള പ്ളാന്റാണ് സ്ഥാപിക്കുന്നത്. ജലവിഭവ വകുപ്പിന്റെ ഇവിടെയുള്ള ഒരു പഴയ കെട്ടിടം നവീകരിച്ചാണ് പ്ളാന്റ് സ്ഥാപിക്കുക. അഞ്ച് മാസത്തിനുള്ളിൽ പ്രവർത്തനം തുടങ്ങും. കോഴിക്കോട്ട് കെട്ടിടമുള്ള സ്ഥലം ലീസിനെടുത്ത് പ്ളാന്റ് സ്ഥാപിക്കാനാണ് ആലോചിക്കുന്നത്. നിലവിൽ തൊടുപുഴയിലും അരുവിക്കരയിലുമാണ് കുപ്പിവെള്ളം നിർമ്മിക്കുന്ന പ്ളാന്റുകളുള്ളത്. തൊടുപുഴയിലെയും അരുവിക്കരയിലെയും ഉത്‌പാദനം യഥാക്രമം 4800, 3200 കെയിസുകളിൽ നിന്ന് ഇരട്ടിയാക്കാനുള്ള നടപടികളും പൂർത്തിയായിവരികയാണ്.
സർക്കാരിന്റെ ഒരു പദ്ധതി സ്വകാര്യ വമ്പന്മാർ വിഹരിക്കുന്ന കുപ്പിവെള്ള മേഖലയിൽ വിജയം വരിക്കുന്നത് ചെറിയ കാര്യമല്ല. ഇതിന് നേതൃത്വം നൽകുന്ന മന്ത്രി റോഷി അഗസ്റ്റിനും മറ്റ് ജീവനക്കാരും അഭിനന്ദനം അർഹിക്കുന്നു. കുറഞ്ഞ വിലയ്ക്ക് ശുദ്ധമായ ജലം നൽകി എന്നതാണ് വിജയ ഫോർമുലയുടെ അടിസ്ഥാനം. 2024 - 25 സാമ്പത്തിക വർഷം 11.4 കോടി രൂപയാണ് കമ്പനിയുടെ വിറ്റുവരവ്. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 8.75 കോടിയായിരുന്നു. ഒരു വർഷത്തിനിടയിൽ കമ്പനി മുപ്പതു ശതമാനത്തിന്റെ വളർച്ചയാണ് നേടിയത്. ഇതു വിജയിച്ചാൽ ശീതളപാനീയ രംഗത്തേക്കിറങ്ങാനും പദ്ധതിയുണ്ട്. സമർപ്പണബുദ്ധിയോടെയും ആത്മാർത്ഥതയോടെയും യത്നിച്ചാൽ കുപ്പിവെള്ള രംഗത്തെന്നപോലെ ശീതളപാനീയ രംഗത്തും വെന്നിക്കൊടി പാറിക്കാൻ ജലവിഭവ വകുപ്പിനു കഴിയുമെന്ന് പ്രതീക്ഷിക്കാം. ഇനിയുള്ള കാലത്ത് ഇത്തരം ബിസിനസുകൾ നടത്തി വിജയിപ്പിച്ചു വേണം സർക്കാർ വകുപ്പുകൾ സംസ്ഥാനത്തിന്റെ സാമ്പത്തിക ക്ളേശം പരിഹരിക്കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |