കാശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ സ്വീകരിച്ച നടപടികളെക്കുറിച്ചും പാകിസ്ഥാനെതിരെ ഇനിയും സ്വീകരിക്കാനിടയുള്ള നടപടികളെക്കുറിച്ചും കരസേന മുൻ ഉപമേധാവി ലഫ്. ജനറൽ ശരത് ചന്ദ് വിശകലനം ചെയ്യുന്നു
പഹൽഗാം ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്ഥാനെതിരെ കടുത്ത നടപടികളാണ് ഇതുവരെ ഇന്ത്യ എടുത്തിട്ടുള്ളത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സിന്ധു നദീജല കരാർ മരവിപ്പിച്ചതിലൂടെ കടുത്ത തിരിച്ചടിയാണ് ഇന്ത്യ നൽകിയിരിക്കുന്നത്. ഇത് പാകിസ്ഥാന്റെ സമ്പദ് വ്യവസ്ഥയെ തകരാറിലാക്കും. 1960ൽ കരാർ പ്രാബല്യത്തിൽ വന്നശേഷം യുദ്ധങ്ങൾ അടക്കമുള്ളവ ഉണ്ടായെങ്കിലും ആദ്യമായാണ് ഇത്തരമൊരു നടപടി. പാകിസ്ഥാനിലുള്ളവർ അത്രയേറെ ആശ്രയിക്കുന്നതാണ് ഇന്ത്യയിൽ നിന്നൊഴുകുന്ന അഞ്ചു കൈവഴികൾ ചേരുന്ന സിന്ധുനദി.
ജലസേചനം, വൈദ്യുതി, കൃഷി എന്നിവയിലെല്ലാം പാകിസ്ഥാനികൾ ആശ്രയിക്കുന്നത് സിന്ധുനദിയെയാണ്. വടക്കുനിന്ന് തെക്കുവരെ നീണ്ടുകിടക്കുന്നതിനാൽ അതിലുണ്ടാകുന്ന ചെറിയ ഏറ്റക്കുറച്ചിലുകൾ പോലും അവിടത്തെ ജനങ്ങളെ വല്ലാതെ ബാധിക്കും. ജനാബിലും സത്‌ലജിലും അണക്കെട്ടുകൾ ഉണ്ടാക്കാനുള്ള നടപടികളെ നേരത്തെയും അവർ എതിർത്തിട്ടുണ്ട്. ലോകബാങ്കിന് മുമ്പിൽ പരാതി ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്.
കരാർ മരവിപ്പിച്ചതിലൂടെ സിന്ധുനദിയിലൂടെയുള്ള ജലമൊഴുക്ക് തടയാനോ വഴിതിരിച്ചുവിടാനോ അല്ല ഉദ്ദേശിക്കുന്നത്. എന്നാലും നീരൊഴുക്കിന്റെ അളവ് കുറയ്ക്കാനും നിയന്ത്രിക്കാനുമാകും. മൺസൂൺ സീസണിൽ അത് അത്രമാത്രം ബാധിക്കില്ലെങ്കിലും വേനൽകാലത്ത് ജലലഭ്യതയിൽ കുറവുണ്ടാകുന്നത് പാകിസ്ഥാനിൽ വലിയ പ്രതിസന്ധിയുണ്ടാക്കും. ജനങ്ങളിൽ നിന്നുള്ള വലിയ പ്രതിഷേധങ്ങൾക്കും ഇടയാക്കും. ഇന്ത്യയ്ക്കെതിരെ തീവ്രവാദത്തിന് പ്രോത്സാഹനവും സാമ്പത്തിക പിന്തുണയും നൽകുന്ന പാക് സർക്കാരിനെയും മിലിറ്ററിയെയും ജനങ്ങളുടെ മുമ്പിൽ കുറ്റക്കാരാക്കാനാണ് ഇതിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.
കരാർ മരവിപ്പിച്ചതിലൂടെ ഇന്ത്യയിലൂടെയുള്ള കൈവഴികളിൽ അണക്കെട്ടുകൾ നിർമ്മിക്കുകയോ നദിയിൽ നിന്നുള്ള വെള്ളം മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കുകയോ ചെയ്യാമെന്നതാണ് ഇന്ത്യയുടെ നേട്ടം. ഈ കരാർ നിലവിലുള്ള സ്ഥിതിക്കും ആവശ്യകതയ്ക്കും അനുസൃതമായി പുതുക്കണമെന്ന് ഇന്ത്യ നേരത്തെയും ആവശ്യപ്പെട്ടിരുന്നതുമാണ്. വീണ്ടും ലോകബാങ്ക് വഴി അവർ സമ്മർദ്ദം ചെലുത്താനിടയുണ്ടെങ്കിലും അതിന് വഴിപ്പെടാനുള്ള സാഹചര്യം നിലവിൽ കുറവാണ്.
നയതന്ത്ര നീക്കങ്ങളും സജീവം
ഇതുമാത്രമല്ല, പൊളിറ്റിക്കൽ, ഡിപ്ലോമാറ്റിക്, ഇക്കണോമിക്, മിലിറ്ററി രീതികളിലൂടെയും പാകിസ്ഥാനെതിരെയുള്ള നടപടികൾ ശക്തമാക്കിയിട്ടുണ്ട്. പ്രതിരോധ സംവിധാനങ്ങളിലും സൈനിക ശക്തിയിലും അവരേക്കാൾ മുന്നിലാണെന്ന് തെളിയിക്കുക, സാമ്പത്തിക- വ്യാപാര രംഗങ്ങളിൽ വിദേശ രാജ്യങ്ങളിൽ നിന്ന് പാകിസ്ഥാനെ ഒറ്റപ്പെടുത്താൻ നയതന്ത്രം ശക്തമാക്കുക, തീവ്രവാദ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി സൈനിക നീക്കം ശക്തമാക്കുക തുടങ്ങിയ നടപടികൾക്കാണ് ഇന്ത്യ മുൻതൂക്കം നൽകുന്നത്.
പഹൽഗാം ആക്രമണത്തോടെ അമേരിക്ക അടക്കമുള്ള രാജ്യങ്ങൾ പാകിസ്ഥാനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഇത് വിദേശ വ്യാപാര രംഗങ്ങളിൽ പാകിസ്ഥാന് വലിയ തിരിച്ചടികളുണ്ടാക്കും. ലോകബാങ്കിൽ നിന്ന് വായ്പയെടുക്കുന്നത് അടക്കമുള്ളവയെ ബാധിക്കും. പാകിസ്ഥാന് അനുകൂലമായി ചൈന നിൽക്കാനിടയുണ്ടെങ്കിലും ഇന്ത്യ, അമേരിക്ക അടക്കമുള്ളവരുമായുള്ള നയതന്ത്ര ബന്ധം വളരെ ശക്തമായതിനാൽ അതിനെയൊക്കെ മറികടക്കാനാവുമെന്നാണ് കരുതുന്നത്.
സർജിക്കൽ സ്ട്രൈക്കിനും സാദ്ധ്യത
നിലവിലുള്ള സാഹചര്യത്തിൽ രണ്ട് രാജ്യങ്ങളും തമ്മിൽ യുദ്ധത്തിലേക്ക് കടക്കുമോയെന്ന് പറയാനാവില്ല. അതിനുള്ള ശ്രമങ്ങളുണ്ടായാലും മറ്റ് രാജ്യങ്ങൾ അത് ഒഴിവാക്കാനെ ശ്രമിക്കൂ. എന്നിരുന്നാലും പാകിസ്ഥാനിലെ ഭീകരവാദ കേന്ദ്രങ്ങൾക്കെതിരെ സൈനിക നടപടിയുണ്ടാകുമെന്നുറപ്പാണ്. അത് ഏതുരീതിയിലാകുമെന്നും എങ്ങനെയാകുമെന്നും ഇപ്പോൾ പറയാനാവില്ല. അവരുടെ രഹസ്യ കേന്ദ്രങ്ങളിൽ സർജിക്കൽ സ്ട്രൈക്ക് പോലെയുള്ള തിരിച്ചടികൾ നടത്താനാവും സൈന്യം ശ്രമിക്കുക. പാക് അധിനിവേശ കാശ്മീരിലെ ചില ഭാഗങ്ങളിലേക്ക് മുന്നേറ്റം നടത്താനും ഇടയുണ്ട്.
എന്നിരുന്നാലും ആയിരം തവണ കുത്തി ഇന്ത്യയെ മുറിവേൽപ്പിക്കുന്ന സമീപനത്തിൽ നിന്ന് പാകിസ്ഥാൻ പിന്മാറുമോയെന്ന കാര്യത്തിൽ സംശയമുണ്ട്. അത് തുടരാതിരിക്കാനുള്ള മുന്നൊരുക്കങ്ങൾ സജ്ജമാക്കുകയാണ് ഇന്ത്യയ്ക്ക് പരമപ്രധാനം. ലോകരാജ്യങ്ങളിൽ നിന്ന് സാമ്പത്തിക ഉപരോധം അടക്കമുള്ള നടപടികൾക്ക് സമ്മർദ്ദം ശക്തമാക്കുകയും അവർക്ക് പിന്തുണ കുറയുകയും ചെയ്യുന്നതോടെ ഇത്തരം നടപടികൾ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |