കൊച്ചി: ''ആ നിമിഷം മുതൽ ആരതി മാഡം എന്റെ സഹോദരിയായി സർ. പറ്റാവുന്ന സഹായങ്ങളെല്ലാം ചെയ്തു. ഇപ്പോഴും സങ്കടം അടക്കാനാകുന്നില്ല.""- കാശ്മീരിലെ ശ്രീനഗറിൽ നിന്ന് ടാക്സി ഡ്രൈവർ മുഹമ്മദ് മുസഫിർ കേരളകൗമുദിയോട് ടെലിഫോണിൽ പറഞ്ഞു. ഹിന്ദിയിലും ഇംഗ്ലീഷിലുമായാണ് സംസാരിച്ചത്. കൊച്ചി സ്വദേശി എൻ. രാമചന്ദ്രനും കുടുംബവും പഹൽഗാമിൽ സഞ്ചരിച്ചിരുന്നത് മുസഫിറിന്റെ ടാക്സിയിലാണ്. രാമചന്ദ്രൻ വെടിയേറ്റ് വീണപ്പോൾ മകൾ ആരതിക്കും കുട്ടികൾക്കും തുണയായത് മുസഫിറും സുഹൃത്ത് സമീറുമാണ്. ആരതിക്കൊപ്പം പിറ്റേന്ന് പുലർച്ചെവരെ അവർ മോർച്ചറിക്കു മുന്നിൽ നിന്നു.
അച്ഛൻ കൊല്ലപ്പെട്ടതോടെ മക്കൾ ദ്രുപദിനെയും കേദാറിനെയും ചേർത്തുപിടിച്ച് പൈൻമരക്കാടുകളിലൂടെ ഓടിയ ആരതി ആദ്യം വിളിച്ചത് മുസഫിറിനെയാണ്. മുസഫിർ ഓടിയെത്തി കൂട്ടിക്കൊണ്ടുപോയി.
'' കാറിലായിരുന്ന അമ്മയിൽ നിന്ന് സംഭവം മറച്ചുവയ്ക്കാൻ ഏറെ പണിപ്പെട്ടു. കരയാൻപാേലും കഴിയാതെ ആരതി മാഡം നിശബ്ദയായി. പൊലീസിന്റെ തുടർനടപടികൾക്ക് മാഡത്തെ സഹായിക്കണമായിരുന്നു. തളരുന്നതുപോലെ തോന്നി. പോസ്റ്റ്മോർട്ടം നടക്കുന്ന ആശുപത്രിയിലേക്ക് ഞാനും സമീറും ഒരുമിച്ചാണ് പോയത്.''
എയർപോർട്ടിൽവച്ച് ആരതി അവരോടു പറഞ്ഞു: ''അല്ലാഹു നിങ്ങളെ രക്ഷിക്കട്ടെ.""അവിടെ ഭാഷയുടെയും ദേശത്തിന്റെയും അതിരുകൾ ഇല്ലാതാവുകയായിരുന്നു.
കുറച്ചുനാൾമുമ്പ് കാശ്മീർ സന്ദർശിച്ച കുടുംബസൃഹൃത്ത് രാജേന്ദ്രപ്രസാദ് അവിടത്തെ നല്ല വിശേഷങ്ങൾ രാമചന്ദ്രനുമായി പങ്കുവച്ചിരുന്നു. അങ്ങനെയാണ് രാമചന്ദ്രനും കുടുംബവും പോയത്. മുറിയടക്കം ബുക്ക് ചെയ്തത് മുസഫിറാണ്. കുട്ടികളുമായി സെൽഫിയെടുക്കുകയും ചെയ്തിരുന്നു.
രാമചന്ദ്രന്റെ സംസ്കാര വിവരങ്ങൾ അടക്കം അറിയിച്ച് ആരതി മുസഫിറിന് സന്ദേശമയച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |