നാട്ടിൻപുറങ്ങളിൽ ഐസ്ക്രീം വിൽപ്പനക്കാരന്റെ സൈക്കിൽ മണിയടിയോ, സിനിമാ കൊട്ടകക്കാരന്റെ നോട്ടീസ് വിതരണ അനൗൺസ്‌മെന്റോ കേൾക്കുമ്പോൾ ഓടിക്കൂടുന്ന പിള്ളേരെപ്പോലെയാണ് ക്യാമറ കാണുമ്പോഴുള്ള കോൺഗ്രസുകാരുടെ ആക്രാന്തം. നേതാക്കൾ പങ്കെടുക്കുന്ന ചടങ്ങുകളിൽ ഒപ്പം ഇടിച്ചുനിന്ന് ക്യാമറയിൽ മുഖം കാണിക്കാനുള്ള ഓട്ടം! ചാനൽ ക്യാമറകൾക്കു മുന്നിൽ നിൽക്കുന്ന നേതാവിനൊപ്പം മുൻനിരയിൽ ഇടിച്ചുതള്ളി കയറാനുള്ള മല്ലയുദ്ധമാണ്. അതിൽ മൂത്തു വരുന്ന നേതാക്കൾ മുതൽ സാദാ പ്രവർത്തകർ വരെയുണ്ട്.
പൊതു വേദിയായാലും പൊതുനിരത്തായാലും ഭേദമില്ല, ക്യാമറക്കണ്ണുകളിൽ സ്വന്തം മുഖം പതിഞ്ഞു കിട്ടണം. അത് അന്നത്തെ ചാനൽ വാർത്തകളിലും പിറ്റേ ദിവസത്തെ പത്രങ്ങളിലും വന്നാൽ കൃതാർത്ഥരായി. നേതാവ് സംസാരിക്കുന്നത് ഗൗരവത്തോടെയാണെങ്കിൽ ഇമയനക്കാതെ നിർവികാരരായി നിൽക്കും. ഇടയ്ക്ക് നേതാവ് തമാശ വല്ലതും പൊട്ടിച്ചാൽ അതാസ്വദിക്കുന്നതു പോലെ ചിരിച്ചുകൊടുക്കും. എത്ര കോൺഗ്രസ് സമ്മേളന വേദികളാണ് ഇവരുടെ തള്ളിക്കയറ്റത്തിലും ഉന്തിലും തള്ളിലും നിലംപതിച്ചത്! കോഴിക്കോട് ഡി.സി.സി ഓഫീസ് ഉദ്ഘാടന ചടങ്ങിൽ കൈയാങ്കളി വരെ എത്തിയ ഉന്തും തള്ളുമാണ് ഒടുവിലത്തെ സംഭവം.
പാർട്ടി പരിപാടികളിൽ മുൻനിരയിലേക്ക് ഇടിച്ചുകയറാൻ ശ്രമിക്കുന്നവർ പാർട്ടിയുടെ വിലയ്ക്കും നിലയ്ക്കും
ചേർന്നവരല്ലെന്നും, സമൂഹമദ്ധ്യത്തിൽ പാർട്ടിയെ അപമാനിക്കാൻ ശ്രമിക്കുന്നവർ ഈ പ്രഹസനം നിറുത്തണമെന്നും
സഹികെട്ട് ഒടുവിൽ കോൺഗ്രസ് മുഖപത്രത്തിന് ആവശ്യപ്പെടേണ്ടി വന്നു; വാർത്തകളിൽ പേരും പടവും
വരുത്തണമെന്ന നിർബന്ധബുദ്ധി ഉപേക്ഷിക്കണമെന്ന അന്ത്യശാസനവും. പാർട്ടി വേദികളിൽ ഇടുന്ന കസേരകളിൽ, അതിലിരിക്കേണ്ട നേതാക്കളുടെ പേരുകൾ ഇനി മുൻകൂട്ടി എഴുതിവയ്ക്കും. മണ്ഡലം കമ്മിറ്റി മുതൽ കെ.പി.സി.സി തലം വരെയുള്ള മുഴുവൻ പരിപാടികളിലും ഇതാവും രീതി. കസേരയിൽ പേരില്ലാത്ത ഒരാൾക്കു പോലും വേദികളിൽ പ്രവേശനമില്ല.
ഇനി, കസേരയിൽ പേരെഴുതിയ നേതാവ് എത്താൻ വൈകുകയോ എത്താതിരിക്കുകയോ ചെയ്താൽ അതിൽ കയറിക്കൂടാമെന്നും കൊതിക്കേണ്ട. ആ കസേര ഉടനെ വേദിയിൽ നിന്ന് മാറ്റും. മാദ്ധ്യമങ്ങളിൽ മുഖം വരാനും നേതാവാണെന്നു കാണിക്കാനും വേദിയിൽ പ്രധാന നേതാക്കളുടെ പിന്നിൽ നിൽക്കുന്നത് ഇനി അനുവദിക്കില്ലെന്നാണ് കോൺഗ്രസിന്റെ പുതിയ പെരുമാറ്റച്ചട്ടം. അത് ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക നടപടിക്ക് കെ.പി.സി.സിക്ക് ബന്ധപ്പെട്ട ഘടകത്തോട് ശുപാർശ ചെയ്യാം!
ഇക്കാര്യത്തിൽ കോൺഗ്രസുകാർ കമ്മ്യൂണിസ്റ്റ് പാർട്ടികളെ കണ്ടു പഠിക്കണം. നോട്ടീസിൽ പേരില്ലാത്ത ഒരു നേതാവിന്റെയോ പ്രവർത്തകന്റെയോ നിഴൽ പോലും വേദിയിലോ പരിസരത്തോ പതിച്ചാൽ വിവരമറിയും. കേരളത്തിലെ കോൺഗ്രസിനെ അച്ചടക്കമുള്ള സെമി കേഡർ പാർട്ടിയാക്കുമെന്നാണ് കെ. സുധാകരൻ കെ.പി.സി.സി പ്രസിഡന്റായി ചുമതലയേറ്റപ്പോൾ പറഞ്ഞത്. അത് നടന്നില്ലെങ്കിലും തന്റെ ഭരണകാലത്ത് ഇത്രയെങ്കിലും ചെയ്യാൻ കഴിഞ്ഞാൽ കുമ്പക്കുടി സുധാകരന് അഭിമാനിക്കാം. അണ്ണാറക്കണ്ണനും തന്നാലായത്...
വ്യവസായ പ്രമുഖനും രാജ്യസഭാംഗവും ബി.ജെ.പി സംസ്ഥാന പ്രസിഡന്റുമായ രാജീവ് ചന്ദ്രശേഖറിനെ പ്രതിപക്ഷ
നേതാവ് വി.ഡി.സതീശന് വേണ്ടത്ര മനസിലായിട്ടില്ലെന്നു തോന്നുന്നു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ അദ്ദേഹം
തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാർത്ഥിയായപ്പോഴെങ്കിലും സതീശൻ അതിന് ശ്രമിച്ചു നോക്കേണ്ടതായിരുന്നു.
എങ്കിൽ അദ്ദേഹത്തിന് മലയാളം അറിയില്ലെന്നും, കേരള രാഷ്ട്രീയത്തെക്കുറിച്ച് വലിയ ധാരണയില്ലെന്നും പറയില്ലായിരുന്നു.
'എനിക്ക് മുണ്ടുടുക്കാനും അറിയാം. വേണമെങ്കിൽ മുണ്ട് മടക്കിക്കുത്തി വയ്ക്കാനും അറിയാം. മലയാളം സംസാരിക്കാൻ മാത്രമല്ല, അത്യാവശ്യം വന്നാൽ മലയാളത്തിൽ തെറി പറയാനും അറിയാം!" രാജീവ് ചന്ദ്രശേഖറിന്റെ മറുപടി! കണ്ടാൽ പുപ്പുലിയെന്ന് തോന്നുമെങ്കിലും ആള് ഉള്ളുകൊണ്ട് പരമസാധുവും നിരുപദ്രവിയുമാണെന്നാണ് അദ്ദേഹത്തെ അടുത്തറിയുന്നവർ പറയുന്നത്. പിന്നെ, രാഷ്ട്രീയമാവുമ്പോൾ വാക്കുകൾകൊണ്ട് കടിച്ചു കീറിയെന്നു വരാം. പക്ഷേ, ചങ്കിൽ കൊള്ളുന്ന ഇത്തരമൊരു പ്രതികരണം സതീശൻ പ്രതീക്ഷിച്ചു കാണില്ല.
'എനിക്ക് കേരള രാഷ്ട്രീയം അറിയില്ലെന്നാണ് സതീശൻ പറഞ്ഞത്. അത് നൂറുശതമാനം ശരിയാണ്. അഴിമതി നടത്തി ജനങ്ങളെ വഞ്ചിക്കുന്ന രാഷ്ട്രീയം എനിക്കറിയില്ല. അത് കോൺഗ്രസിന്റെയും സി.പി.എമ്മിന്റെയും രാഷ്ട്രീയമാണ്. എനിക്ക് വികസന രാഷ്ട്രീയമാണ് അറിയുക. ജനങ്ങളോട് മലയാളത്തിൽ വികസന സന്ദേശം പറയാനുമറിയാം. അതൊന്നും എന്നെയാരും പഠിപ്പിക്കേണ്ട...."- അദ്ദേഹം ഓർമ്മപ്പെടുത്തി. രാജീവ് ചന്ദ്രശേഖർ മൊബൈൽ ഫോണിലൂടെ സതീശനെ മലയാളത്തിൽ തെറി പറഞ്ഞോ എന്നറിയില്ല. എന്തായാലും അതിനു ശേഷം സതീശൻ മൗനത്തിലാണ്. മുതലക്കുഞ്ഞിനെ നീന്താൻ പഠിപ്പിക്കരുത്!
കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പിലും ഭരണത്തിൽ എൽ.ഡി.എഫ് അല്ലായിരുന്നെങ്കിൽ കേരളത്തിന്റെ സ്ഥീതി
എന്തായേനെ?മുഖ്യമന്ത്രി പിണറായി സഖാവിന് അക്കാര്യം ചിന്തിക്കാൻ പോലും വയ്യ. നിപ, കൊവിഡ്, രണ്ട് വൻ
പ്രളയങ്ങൾ, വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം... ഒന്നിനുപിറകെ ഒന്നായി മാരണങ്ങളുടെ ഘോഷയാത്രയായിരുന്നില്ലേ? ഇതിലെല്ലാം സഹായഹസ്തം നീട്ടേണ്ടിയിരുന്ന കേന്ദ്രത്തിലെ മോദി സർക്കാർ കേരളത്തെ പാടെ കൈയൊഴിഞ്ഞ് കാഴ്ചക്കാരായി നിന്നു. മറ്റുള്ളവർ തരുന്നതു പോലും തടയുകയും ചെയ്തു. കേരളം കൂടുതൽ തകരട്ടെ എന്നാണത്രെ കേന്ദ്ര സർക്കാരിന്റെ സമീപനം.
എന്നിട്ടും നമ്മൾ പിടിച്ചുനിന്നില്ലേ? കേന്ദ്രം കൈയൊഴിഞ്ഞിട്ടും ജനങ്ങളുടെ സഹകരണത്തോടെ കേരളം നടത്തിയ അതിജീവനവും മുന്നേറ്റവും ലോകം അത്ഭുതത്തോടെയാണ് കണ്ടത്. കേരളത്തിനൊപ്പം നിൽക്കേണ്ട പ്രതിപക്ഷവും മാദ്ധ്യമങ്ങളും പോലും കേന്ദ്രത്തിനൊപ്പം നിന്നതിലാണ് പിണറായി സഖാവിന് അരിശം. എല്ലാ സഹായവും നിഷേധിച്ച കേന്ദ്ര സർക്കാരിൽ നിന്ന് ആരോഗ്യ രംഗത്തുൾപ്പെടെ മികവിനുള്ള പുരസ്കാരങ്ങൾ ഒന്നൊന്നായി നേടിയെടുക്കാൻ കഴിഞ്ഞത് ചില്ലറക്കാര്യമാണോ?
നാലാം വാർഷികാഘോഷത്തിരക്കിലാണ് സർക്കാരും എൽ.ഡി.എഫും. പതിന്നാല് ജില്ലകളിലും മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന സമ്മേളനങ്ങൾ. എന്തായാലും, കഴിഞ്ഞ വർഷത്തേതു പോലെയുള്ള നവകേരള ബസ് യാത്ര ഇത്തവണ ഒഴിവാക്കിയത് നന്നായി. അല്ലെങ്കിൽ ഡി.വൈ.എഫ്.ഐക്കാരും മുഖ്യമന്ത്രിയുടെ ഗൺമാന്മാരും വീണ്ടും 'രക്ഷാപ്രവർത്തന"ത്തിന് ഇറങ്ങേണ്ടി വന്നേനെ. കുറെയേറെ യൂത്ത് കോൺഗ്രസുകാരുടെ തലകളിൽ ഹെൽമറ്റുകൾ തലോടിയേനെ.
അതേസമയം, സർക്കാരിന്റെ വാർഷികാഘോഷം ധൂർത്താണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ആഘോഷത്തിനായി ചെലവിടുന്ന പണം ആശാ വർക്കർമാർക്കായി നീക്കിവയ്ക്കുമെന്ന് പറയാൻ മുഖ്യമന്ത്രി ധൈര്യപ്പെടുമോ എന്നാണ് വി.ഡി. സതീശന്റെ ചോദ്യം. അപ്പോൾ പിണറായി സർക്കാരിന്റെ കഴിഞ്ഞ ഒമ്പതു വർഷത്തെ നേട്ടങ്ങൾ ജനങ്ങളെ അറിയിക്കേണ്ടേ? വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, ഇടമൺ- കൊച്ചി പവർ ഹൈവേ, ഗ്രീൻഫീൽഡ് ഹൈവേ, ദേശീയ പാത, ജലപാത, തീരദേശ പാത, 60 ലക്ഷം പേർക്ക് പ്രതിമാസം 1600 രൂപ ക്ഷേമ പെൻഷൻ, ലൈഫ് പദ്ധതിയിൽ 4.5 ലക്ഷം വീടുകൾ, നാലു ലക്ഷം പേർക്ക് പട്ടയം, ഗെയിൽ പദ്ധതി, ശശി തരൂർ പോലും അത്ഭുതം കൂറിയ വ്യവസായ രംഗത്തെ കുതിച്ചുചാട്ടം....
2016ൽ തകർന്നുകിടന്ന ഭരണ സംവിധാനം എൽ.ഡി.എഫ് സർക്കാർ കരകയറ്റിയില്ലേ? ഇതിൽ പലതും ജനങ്ങൾ മറന്നു പോയെങ്കിൽ അവരെ ഓർമ്മിപ്പിക്കേണ്ടേ? ആ പണി പ്രതിപക്ഷം ചെയ്യുമോ?നേരേ മറിച്ചാവും പറയുക. തിരഞ്ഞെടുപ്പുകളാണ് വരുന്നത്. ഈ നേട്ടങ്ങളൊക്കെ ജനങ്ങളെ അറിയിക്കാനും അതിന് പന്തലുകൾ കെട്ടാനും ബോർഡുകൾ സ്ഥാപിക്കാനും മറ്റും ചെലവില്ലേ?
നുറുങ്ങ്:
# സർക്കാരിന്റെ നാലാം വാർഷികം ആഘോഷിക്കാൻ 100 കോടിയിലധികമാണ് ചെലവിടുന്നതെന്ന് പ്രതിപക്ഷം.
@ കേരളം കടക്കെണിയിലാണെന്ന് ആരാണ് പറഞ്ഞത്?
(വിദുരരുടെ ഫോൺ: 99461 08221)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |