ഈ മാസമാദ്യം മധുരയിൽ നടന്ന സി.പി.എം പാർട്ടി കോൺഗ്രസ് അംഗീകരിച്ച പ്രമേയങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് ജാതി സെൻസസ് നടപ്പാക്കണം എന്നുള്ളതാണ്. രാജ്യത്ത് നൂറ്റാണ്ടുകളായി നിലവിലുള്ള ശ്രേണീകൃത ജാതി വ്യവസ്ഥയും തന്മൂലം ഉണ്ടായിട്ടുള്ള അസമത്വങ്ങളും അനീതിയും പരിഹരിക്കുന്നതിന് പാർട്ടി നാളിതുവരെ എടുത്തിരുന്ന നിലപാടുകളിൽ വലിയ മാറ്റം ഈ പ്രമേയത്തിലൂടെ വ്യക്തമാവുകയാണ്. ജാതിവിഷയത്തെ അഭിസംബോധന ചെയ്യുവാൻ പാർട്ടി കാര്യമായ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. ക്ലാസിന്റെ (വർഗം) അടിസ്ഥാനത്തിൽ പ്രശ്നങ്ങളെ സമീപിക്കാനായിരുന്നു ഇതുവരെയുള്ള ശ്രമം. ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിൽ ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാട് എടുത്ത സംവരണ വിരുദ്ധ 'മെറിറ്റ്"നിലപാട് പാടെ തിരുത്തുന്നതാണ് പുതിയ സമീപനം.
ജാതിയും സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ വികസനവും തമ്മിലുള്ള ബന്ധം മനസിലാക്കുന്നതിന് ജാതി സെൻസസ് ആവശ്യമാണെന്ന് പാർട്ടി സമ്മതിച്ചിരിക്കുന്നു. ഭരണപരമായ നയങ്ങളുടെയും പിന്നാക്ക വിഭാഗ ക്ഷേമത്തിനായുള്ള സംവരണത്തിൽ അടക്കമുള്ള പോരായ്മകളുടെയും വീഴ്ചകളുടെയും ആഘാതം വിലയിരുത്തുന്നതിനും ജാതി സെൻസസ് സഹായിക്കുമെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. വിഭവങ്ങളും അവസരങ്ങളും ഇപ്പോഴും നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പട്ടികജാതി- പട്ടികവർഗ- മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ യഥാർത്ഥ അവസ്ഥയും, അധികാരവും സമ്പത്തും കുത്തകയാക്കി വച്ചിരിക്കുന്ന വിഭാഗങ്ങൾ ആരൊക്കെയെന്നും ജാതി സെൻസസിലൂടെ പുറത്തുവരും. ഭരണവർഗങ്ങളുടെ തെറ്റായ നയങ്ങളും സാമൂഹികനീതി സാക്ഷാത്കരിക്കുന്നതിൽ അവർ പരാജയപ്പെട്ടതും തുറന്നുകാട്ടപ്പെടും.
കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ വിശ്വാസം കുറഞ്ഞുകൊണ്ടിരിക്കുന്ന പിന്നാക്ക വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഈ നയംമാറ്റം സ്വാഗതാർഹവും പ്രതീക്ഷ നൽകുന്നതുമാണ്. അതേസമയം, പൊതു സെൻസസിനൊപ്പം ജാതി സെൻസസ് കൂടി നടത്തുവാൻ കേന്ദ്രസർക്കാരിനോടാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കേന്ദ്ര സർക്കാർ അതിനു തയ്യാറല്ലെന്ന് ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. സുപ്രീംകോടതിയിൽ സത്യവാങ്മൂലമായി അത് സമർപ്പിക്കുകയും ചെയ്തു. സംസ്ഥാനങ്ങൾക്ക് സ്വതന്ത്രമായി ജാതി, സമുദായ സെൻസസ് നടത്താമെന്ന് കേന്ദ്രസർക്കാർ സമ്മതിക്കുകയും സുപ്രീംകോടതി ശരിവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് അടിയന്തരമായി ജാതി, സമുദായ സെൻസസ് നടപ്പാക്കി അതനുസരിച്ചുള്ള തുടർനടപടികൾ സ്വീകരിക്കുകയാണ് വേണ്ടത്.
ബീഹാറിലും കർണാടകത്തിലും ജാതി സെൻസസ് നടപ്പാക്കിയത് ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം നടപടികളെ ഭരണപക്ഷ കക്ഷികൾ തന്നെ എതിർക്കുന്നതും അവർ ഇപ്പോഴും സവർണ പ്രഭുവർഗ മനോഭാവം തുടരുന്നതും കാണാതിരിക്കരുത്. രാജ്യത്ത് സാമുദായിക സെൻസസ് നടപ്പാക്കാത്തത് രാജ്യദ്രോഹമാണെന്ന് രണ്ടുവർഷം മുമ്പ് പ്രഖ്യാപിച്ച സി.പി.എം പി.ബി അംഗം എം.എ. ബേബി ഇപ്പോൾ പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ജാതി സെൻസസ് നടപ്പാക്കുന്ന കാര്യം പാർട്ടിക്കുള്ളിൽ ചർച്ചചെയ്തു വരികയാണെന്നും അതിന് ഗവൺമെന്റിനെ സഹായിക്കുവാൻ പാർട്ടി ശ്രമിക്കുകയാണെന്നും രണ്ടുവർഷം മുമ്പ് ഈ ആവശ്യം ഉന്നയിച്ചപ്പോൾ എം.എ. ബേബി ഈ ലേഖകനെ അറിയിച്ചിരുന്നതാണ്.
പാർട്ടിയുടെ ഏറ്റവും വലിയ ശക്തികേന്ദ്രവും ഭരണവുമുള്ള സംസ്ഥാനം കേരളമാണ്. പാർട്ടിയുടെ നയവും സമീപനവും ജാതിയെ അഭിസംബോധന ചെയ്യുന്നതിൽ ഇക്കാലമത്രയും പരാജയപ്പെട്ടെങ്കിലും പുതിയ തീരുമാനം നടപ്പാക്കുന്നതിന് കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനും, പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബിക്കും സാധിക്കുമെന്ന് ജനങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. കാരണം, ഇക്കാലമത്രയും ക്ലാസിന്റെ വക്താക്കൾ ആയിരുന്നെങ്കിലും പിന്നാക്ക വിഭാഗങ്ങളുടെ ദുരിതജീവിതം അനുഭവിച്ചവരുടെ പിന്മുറക്കാരാണ് അവർ. പ്രതീക്ഷയുള്ള ജനതയെ ഇനിയും നിരാശരാക്കരുത്. തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിന് മുമ്പ് സെൻസസ് പൂർത്തിയാക്കി തുടർ നടപടികൾ സ്വീകരിക്കണം. തദ്ദേശ തിരഞ്ഞെടുപ്പിലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും അധികാരം ഉറപ്പാക്കാൻ അത് സഹായിക്കും.
(പിന്നാക്ക വിഭാഗ വികസന വകുപ്പ് മുൻ ഡയറക്ടറും ശ്രീനാരായണ മാനവധർമ്മം ട്രസ്റ്റ് വൈസ് ചെയർമാനുമാണ് ലേഖകൻ. ഫോൺ : 94472 75809)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |