പ്രധാനമന്ത്രിയുടെ സന്ദർശനം രണ്ടു ദിനങ്ങൾക്കപ്പുറം നടക്കാനിരിക്കെ സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ തുടരെ ഉണ്ടായത് വളരെ ഗൗരവമായി കണക്കിലെടുക്കേണ്ട വിഷയമാണ്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, സെൻട്രൽ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെ ഭീഷണിക്കു പുറമെ, മുഖ്യമന്ത്രിയുടെ ഓഫീസിലും ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിലും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലും ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണികളും ഉണ്ടായിരിക്കുകയാണ്. ഇവിടെയെല്ലാം ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നിവയുടെ സഹായത്തോടെ പൊലീസ് വിശദമായ പരിശോധനകൾ നടത്തിയെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താനായിട്ടില്ല. വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലും മറ്റ് പൊതുസ്ഥലങ്ങളിലും ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണി യാത്രക്കാർക്കും പൊതുജനങ്ങൾക്കും സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകൾ ചില്ലറയല്ല.
ഇതുകാരണം പല വിമാനങ്ങളുടെയും യാത്രകൾ വൈകുകയും കണക്‌ഷൻ ഫ്ളൈറ്റുകൾ കിട്ടാതാവുകയും ചെയ്യുന്ന സാഹചര്യം ഉണ്ടാകും. സമയനഷ്ടത്തിനു പുറമെ സാമ്പത്തിക നഷ്ടവും നേരിടേണ്ടിവരും. ഇത് നിസാരമായി കാണാൻ കഴിയുന്നതല്ല. തീവ്രവാദ സ്വഭാവമുള്ളവരാണോ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നതെന്ന് സംശയിക്കപ്പെടേണ്ടതാണ്. ബോംബ് ഭീഷണി ഉണ്ടാകുമ്പോൾ പൊലീസ് സ്വീകരിക്കുന്ന നടപടികൾ നിരീക്ഷിക്കാനും പഴുതുകൾ മനസിലാക്കി യഥാർത്ഥ ബോംബ് വയ്ക്കാനും ചില കേന്ദ്രങ്ങൾ ആസൂത്രിതമായി ചെയ്യുന്നതാണോ ഇതെന്നും കണ്ടെത്തേണ്ടതുണ്ട്. 'പുലി വരുന്നേ, പുലി വരുന്നേ" എന്നു പറഞ്ഞിട്ട് യഥാർത്ഥത്തിൽ പുലി വരുമ്പോൾ ആരും ശ്രദ്ധിക്കാതിരിക്കുന്ന ഒരു സാഹചര്യം സൃഷ്ടിക്കാനുള്ള നീക്കമാണോ ഇതെന്നും തിരയേണ്ടതുണ്ട്.
തിരുവനന്തപുരത്ത് മൂന്നു ദിവസത്തിനിടെ ഭീഷണി സന്ദേശം ലഭിച്ചത് ആറു കേന്ദ്രങ്ങളിലാണ്. രാജ്യാന്തര വിമാനത്താവളത്തിൽ മാനേജരുടെ ഇ- മെയിലിലാണ് സന്ദേശമെത്തിെയത്. രണ്ട് മണിക്കൂറിനുള്ളിൽ സ്ഫോടനം നടക്കുമെന്നായിരുന്നു ഭീഷണി. ഇതിന്റെ ഫലമായി വിമാനത്താവളത്തിൽ സുരക്ഷാ വിഭാഗത്തിന് മൂന്നു മണിക്കൂറോളം പരിശോധന നടത്തേണ്ടിവന്നു. തലസ്ഥാനത്ത് വ്യാജ ബോംബ് ഭീഷണികളുമായി ബന്ധപ്പെട്ട് സൈബർ പൊലീസ് പത്തോളം കേസുകൾ രജിസ്റ്റർ ചെയ‌്‌തിട്ടുണ്ടെങ്കിലും ഇതിനു പിന്നിൽ പ്രവർത്തിച്ചവർ പിടിയിലായിട്ടില്ല. വഞ്ചിയൂർ ജില്ലാ കോടതി, മൂന്ന് നക്ഷത്ര ഹോട്ടലുകൾ തുടങ്ങിയിടങ്ങളിലും ബോംബ് ഭീഷണികൾ ഉണ്ടായി.
തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെയും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെയും ബോംബ് ഭീഷണിക്കു പിന്നിൽ ആന്ധ്രാ സ്വദേശിയാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. വാറങ്കൽ സ്വദേശി നിധീഷ് ആണ് സന്ദേശം അയച്ചതെന്ന് തെലങ്കാന പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇ - മെയിൽ വിലാസക്കാരനെ കണ്ടെത്തിയാലും അയാൾ തന്നെയാണ് സന്ദേശം അയച്ചതെന്ന് ഉറപ്പാക്കാനാവില്ല. പലരുടെയും അക്കൗണ്ടുകൾ ഹാക്ക് ചെയ്‌താണ് ഇത്തരം ദേശവിരുദ്ധ കൃത്യങ്ങൾ ചെയ്യുന്നത്. അതിനാൽ വിശദ അന്വേഷണം നടത്തുകയും യഥാർത്ഥ പ്രതികളെ കണ്ടെത്തി, പരമാവധി ശിക്ഷ ഉറപ്പാക്കുകയും വേണം. ഇത്തരക്കാർക്ക് വിമാനങ്ങളിലും മറ്റും സ്ഥിരമായ ട്രാവൽ ബാൻ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണം. വ്യാജ ബോംബ് ഭീഷണി മൂലം വിവിധ സ്ഥാപനങ്ങൾക്കുണ്ടായ നഷ്ടം കണക്കാക്കി പ്രതികളിൽ നിന്ന് ഈടാക്കാനും നടപടിയുണ്ടാകണം. അതേസമയം, വ്യാജ ബോംബ് ഭീഷണി സന്ദേശമെത്തുന്ന ഇ - മെയിലുകളുടെ ഉറവിടം സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ മൈക്രോസോഫ്‌ട് വിസമ്മതിക്കുന്നത് ഇത്തരം പ്രവൃത്തികൾ ചെയ്യുന്നവർക്ക് കുടപിടിക്കുന്നതിന് തുല്യമാണ്. സൈബർ ക്രൈം പൊലീസ് പലതവണ മെയിൽ അയച്ചിട്ടും വിവരങ്ങൾ നൽകാൻ കഴിയില്ലെന്ന മറുപടിയാണ് മൈക്രോസോഫ്‌ട് അധികൃതരിൽ നിന്ന് ലഭിക്കുന്നത്. ഇക്കാര്യത്തിൽ മൈക്രോസോഫ്ടിനെതിരെ നിയമ നടപടി സ്വീകരിക്കാൻ കൂടി പൊലീസ് തയ്യാറാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |