ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം കൺവെൻഷൻ ഇന്നു മുതൽ മൂന്നു ദിവസം (ഏപ്രിൽ 30, മേയ് 1, 2) നടക്കുകയാണ്. രാജ്യം വിറങ്ങലിച്ചു നിൽക്കുന്ന ഭീകരപ്രവർത്തനത്തിൽ നമ്മുടെ 26 സഹോദരങ്ങൾ ജീവൻ വെടിയേണ്ടിവന്ന അതിദാരുണ സംഭവത്തിനാണ് ലോകം സാക്ഷിയായത്. ഓരോ നിമിഷവും യുദ്ധഭീതിയിലും പിരിമുറുക്കത്തിലും രാജ്യവും ലോകവും കടന്നുപോകുമ്പോഴാണ് ഗുരുകുല കൺവെൻഷന് വേദിയൊരുങ്ങുന്നത്.
ബുദ്ധനും ക്രിസ്‌തുവും നബിയും തങ്ങളുടെ ആശയങ്ങളും കാഴ്‌ചപ്പാടുകളുംകൊണ്ട് ലോകത്തിന് നേർവഴി കാട്ടിയ മഹാത‌്‌മാക്കളാണ്. ഒരുപക്ഷെ ഭാരതത്തിന്റെ ദാർശനിക ഭൂമികയിൽ നിന്നുകൊണ്ട് ആർഷസംസ്‌കാരവും സനാതന ധർമ്മവും ഹൈന്ദവ ചിന്താഗതികളും വേദവേദാന്തങ്ങളും പരിലസിച്ചിരുന്ന കാലഘട്ടത്തിൽ ഈശ്വരനെ തേടിയുള്ള മനുഷ്യന്റെ പരക്കംപാച്ചിൽ എങ്ങും കാണാമായിരുന്നു. മതത്തിന്റെയും ജാതിയുടെയും അതിർവരമ്പുകൾ തീർത്ത് ഈശ്വരചിന്താഗതിക്കു പോലും മനുഷ്യമനസിൽ മതിൽക്കെട്ടുകൾ തീർത്ത ഇരുണ്ട യുഗമായിരുന്നു അക്കാലഘട്ടം.
മനുഷ്യനെ മനുഷ്യൻ തിരിച്ചറിയാത്ത ലോകത്തിൽ മാനവന്റെ ജന്മസാഫല്യത്തിനുതന്നെ എന്ത് അർത്ഥമാണുള്ളത്? ജാതിയും വർണവും വർഗവും വാണിരുന്ന കേരളത്തിന്റെ വരേണ്യസംസ്കാരത്തിന് അന്ത്യം കുറിച്ചുകൊണ്ട് വിശ്വമാനവികതയുടെ പ്രവാചകനായ ശ്രീനാരായണ ഗുരുദേവൻ ഈ മണ്ണിൽ ഭൂജാതനായി എന്നതാണ് ആധുനിക കേരളപ്പിറവിയുടെ ആണിക്കല്ലായത് എന്നതിൽ ഓരോ ഭാരതീയനും അഭിമാനബോധം തോന്നേണ്ട കാലമാണിത്. ഒരുപക്ഷെ, കാലംചെയ്ത ഫ്രാൻസിസ് മാർപാപ്പ പോലും റോമിൽ വച്ച് നടന്ന വിശ്വമത മാനവിക സമ്മേളനത്തിൽ ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങളിൽ ആകൃഷ്ടനായതും, ശിവഗിരി സന്ദർശിക്കുവാൻ താത്പര്യപ്പെട്ടതും ഭാരതം തിരിച്ചറിയണം.
ഇവിടെയാണ് ശ്രീനാരായണ ഗുരുദേവന്റെ ജന്മംകൊണ്ട് പുണ്യഭൂമിയായ ചെമ്പഴന്തിയിലെ ഗുരുകുലം കൺവെൻഷൻ ലോകശ്രദ്ധ നേടുന്നത്. ഗുരു സത്യവും നീതിയും ധർമ്മവുമാണ്. ഗുരു ഒരു മതത്തിന്റെയും വക്താവോ സന്ദേശവാഹകനോ അല്ല. മറിച്ച്, പ്രപഞ്ചത്തിൽ മനുഷ്യൻ ജീവനോടെ ഉള്ളിടത്തോളം കാലം ശ്രീനാരായണ ദർശനങ്ങളുടെ പ്രസക്തി പതിന്മടങ്ങ് വർദ്ധിച്ചുകൊണ്ടേയിരിക്കും. മതങ്ങളും വർഗങ്ങളും ദേശങ്ങളും കടന്ന് 'മാനവികത" എന്ന മഹത്തായ സന്ദേശം മുഴങ്ങിക്കേട്ടുകൊണ്ടേയിരിക്കും. യുദ്ധത്തിനും അശാന്തിക്കും കീഴടങ്ങാതെ പ്രകാശപൂരിതമായ ഗുരുചൈതന്യത്തിന്റെ നിത്യവെളിച്ചം ലോകത്തിന് കാട്ടിക്കൊടുക്കുവാനും കാർമേഘം പെയ്‌തൊഴിഞ്ഞ നീലാകാശം മാനവ സ്‌നേഹം വിളിച്ചോതുവാനും വിശ്വമാനവികതയ്ക്ക് തിരിതെളിക്കുവാൻ ഗുരുകുല കൺവെൻഷന് കഴിയട്ടെ എന്ന് ഗുരുദേവന്റെ നാമധേയത്തിൽ ആശംസിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |