തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസിലെ പ്രതിയായ ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് കേരള സർവകലാശാല ഉത്തരക്കടലാസുകൾ കണ്ടെത്തിയ സംഭവത്തിലെ അന്വേഷണത്തിൽ ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും തമ്മിൽ തട്ടിക്കളി! അന്വേഷണം നടത്തുന്നത് കന്റോൺമെന്റ് പൊലീസാണെന്ന് ക്രൈംബ്രാഞ്ചും ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നതെന്ന് കന്റോൺമെന്റ് പൊലീസും പരസ്പരം പറഞ്ഞ് കൈകഴുകുകയാണ്. ഇരുകൂട്ടരും ഇത്തരത്തിൽ കേസ് തട്ടിക്കളിക്കുന്നതോടെ അന്വേഷണം നടക്കുന്നില്ലെന്ന് ഉറപ്പായി. കേസ് തേച്ചുമാച്ച് കളയാനുള്ള ശ്രമത്തിന്റെ ഭാഗമാണോ ഇതെന്നും ആരോപണം ഉയർന്നു. ഉത്തരക്കടലാസ് സംബന്ധിച്ച കേസ് ഫയൽ ഫലത്തിൽ ഇപ്പോൾ 'വായുവിൽ' തത്തിക്കളിക്കുകയാണ്.
കത്തിക്കുത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ശിവരഞ്ജിത്തിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് സർവകലാശാല ഉത്തരക്കടലാസുകൾ കണ്ടെത്തിയത്. കന്റോൺമെന്റ് പൊലീസാണ് തുടക്കത്തിൽ അന്വേഷണം നടത്തിയത്. സംഭവം വലിയ വിവാദമായി പടർന്നതോടെ ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഇക്കഴിഞ്ഞ ജൂലായ് 16ന് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ പ്രഖ്യാപിച്ചു. ഇതുകഴിഞ്ഞ് മൂന്നുമാസമായിട്ടും കേസന്വേഷണത്തിൽ ഒരു പുരോഗതിയും ഇല്ലെന്ന ആക്ഷേപം ഉയർന്നതോടെയാണ് 'ഫ്ളാഷ്' ഇതേക്കുറിച്ച് അന്വേഷിച്ചത്. എന്നാൽ, കന്റോൺമെന്റ് സ്റ്റേഷനിൽ നിന്നും ക്രൈംബ്രാഞ്ചിൽ നിന്നും വിചിത്ര മറുപടിയാണ് കിട്ടിയത്.
ഇക്കാര്യത്തിൽ 'ഫ്ലാഷ്' ആദ്യം ബന്ധപ്പെട്ടത് കന്റോൺമെന്റ് സ്റ്റേഷനിലായിരുന്നു. എന്നാൽ, കേസ് പൂർണമായും ക്രൈംബ്രാഞ്ചിന് കൈമാറി എന്ന വിവരമാണ് അവിടെ നിന്ന് കിട്ടിയത്. തുടർന്ന് ക്രൈംബ്രാഞ്ച് ഹെഡ് ക്വാർട്ടേഴ്സുമായി ബന്ധപ്പെട്ടു. ക്രൈംബ്രാഞ്ച് തിരുവനന്തപുരം വിംഗാണ് അന്വേഷിക്കുന്നതെന്നായിരുന്നു അവിടെ നിന്നുള്ള മറുപടി. തിരുവനന്തപുരം ക്രൈംബ്രാഞ്ച് വിംഗിൽ ഇതേക്കുറിച്ച് ചോദിച്ചപ്പോൾ കന്റോൺമെന്റ് പൊലീസാണ് അന്വേഷണം നടത്തുന്നതെന്നും തങ്ങൾക്ക് ഇതുമായി ബന്ധമില്ലെന്നും മറുപടി കിട്ടി. അത് ഉറപ്പിക്കാനായി വീണ്ടും കന്റോൺമെന്റ് സ്റ്റേഷൻ ഉദ്യോഗസ്ഥനെ വിളിച്ചു. എന്നാൽ, യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസ് മാത്രമാണ് തങ്ങൾ അന്വേഷിക്കുന്നതെന്നും സർവകലാശാല ഉത്തരക്കടലാസുമായി ബന്ധപ്പെട്ട അന്വേഷണമെല്ലാം ക്രൈംബ്രാഞ്ച് തന്നെയാണ് നടത്തുന്നതെന്നും ആവർത്തിച്ചു. മറ്റുകാര്യങ്ങൾ തങ്ങൾക്ക് അറിയില്ലെന്നും മറുപടി. അവിടെയാണോ ഇവിടെയാണോ അന്വേഷണം നടക്കുന്നതെന്ന് വ്യക്തമാകാതെ വന്നതോടെ ഒരു കാര്യം ഉറപ്പായി. സർവകലാശാല ഉത്തരക്കടലാസ് കേസ് ആരുമറിയാതെ തേഞ്ഞുമാഞ്ഞുപോകും!
കേസ് വന്നുപോയ വഴി
യൂണിവേഴ്സിറ്റി കോളേജിൽ അഖിൽ എന്ന വിദ്യാർത്ഥിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തെ തുടർന്ന് കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് ഓഫീസ് ഒഴിപ്പിക്കുമ്പോൾ കോളേജ് അധികൃതർ ഇവിടെ നിന്ന് ഉത്തരക്കടലാസുകൾ കണ്ടെത്തിയിരുന്നു. രജിസ്ട്രേഷൻ നമ്പർ എഴുതിയതും എഴുതാത്തതുമായ ഉത്തരക്കടലാസ് സെറ്റുകളാണ് ഉണ്ടായിരുന്നത്. കത്തിക്കുത്ത് കേസിലെ പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ അവിടെ നിന്നും ഉത്തരക്കടലാസുകളും ഫിസിക്കൽ എഡ്യുക്കേഷൻ ഡയറക്ടറുടെ സീലും കണ്ടെത്തിയിരുന്നു. പൊലീസ് കോൺസ്റ്റബിൾ പരീക്ഷയ്ക്ക് വെയിറ്റേജ് മാർക്കിനായി സ്പോർട്സ് സർട്ടിഫിക്കറ്റുകളിൽ പതിപ്പിക്കാൻ വ്യാജമായി നിർമ്മിച്ചതാണ് സീലെന്ന് ശിവരഞ്ജിത്ത് പൊലീസിനോട് സമ്മതിച്ചിരുന്നു.
സർവകലാശാലയുടെ സീരിയൽ നമ്പറും കോഡ് നമ്പറും 22 പേജുകളുമുള്ള 16 ബുക്ക്‌ലെറ്റുകളാണ് ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത്. സർവകലാശാല പരീക്ഷയുടെ ഉത്തരക്കടലാസുകൾ കടത്തിയിരുന്നതായി ശിവരഞ്ജിത്ത് പൊലീസിന് മൊഴിനൽകി.
നാക് അക്രഡിറ്റേഷന്റെയും ഐക്യുഎസിയുടെയും ചുമതല വഹിക്കുന്ന ഒരു അദ്ധ്യാപകന്റെ മേശയിൽ നിന്നാണ് ഉത്തരക്കടലാസുകൾ ലഭിച്ചതെന്നും ശിവരഞ്ജിത്ത് മൊഴി നൽകിയിരുന്നു. ഇതേതുടർന്ന് ഭരണാനുകൂല സംഘടനാ നേതാവായ ഈ അദ്ധ്യാപകനെതിരെ യൂണിവേഴ്സിറ്റി കോളേജിലെ രണ്ട് അദ്ധ്യാപകർ മൊഴിയും നൽകി. അദ്ധ്യാപകനിൽനിന്നും വിവരങ്ങൾ തേടി. പീന്നീട് കേസിന്റെ വഴിയടഞ്ഞു എന്നാണ് ആക്ഷേപം. ആദ്യഘട്ടത്തിൽ നടന്ന അന്വേഷണമല്ലാതെ തുടർനടപടികൾ ഉണ്ടായില്ല. അന്വേഷണമാകട്ടെ ലോക്കൽ പൊലീസാണോ ക്രൈംബ്രാഞ്ചാണോ അന്വേഷിക്കുന്നതെന്ന് വ്യക്തമല്ലാത്ത സാഹചര്യത്തിലുമായി. പി.എസ്.സി പരീക്ഷാ തട്ടിപ്പിൽ ഊർജിതമായ അന്വേഷണം നടക്കുമ്പോഴാണ് സർവകലാശാല ഉത്തരപേപ്പർ ചോർന്നതിന്റെ അന്വേഷണം ഈ രീതിയിൽ 'മുന്നേറുന്നത്'!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |