ഡോ. ജോർജ് വർഗീസ് കൊപ്പാറയുടെ 'വെളിച്ചത്തിനെന്തൊരു വെളിച്ചം" എന്ന പുസ്തകം പ്രകാശത്തിന്റെ ഒരു ഹ്രസ്വചിത്രവും ഫോട്ടോണിക്സിലേക്കുള്ള അതിന്റെ പരിവർത്തന വഴികളുമാണ് പ്രതിപാദിക്കുന്നത്. നോബൽ പുരസ്കാരങ്ങൾക്ക് ആധാരമായ വിഖ്യാതമായ കണ്ടുപിടിത്തങ്ങളുടെ വിവരങ്ങൾ നൽകുന്നതിനു പുറമേ, പൂർത്തീകരിക്കപ്പെടാതെ ശേഷിക്കുന്ന പ്രശ്നങ്ങളിലേക്കും പുസ്തകം വിരൽ ചൂണ്ടുന്നു. അദ്ധ്യായത്തെക്കുറിച്ചുള്ള സൂചന നല്കാനും ഓരോ ശീർഷകത്തിനും കഴിയുന്നുണ്ട്. ഓരോ അദ്ധ്യായത്തിലും മൂലപ്രമേയവും അനുബന്ധമായി പുനർജനിച്ച വസ്തുതകളും വിവരിച്ചിരിക്കുന്നു. നോബൽ സമ്മാനാർഹമായ കണ്ടുപിടിത്തങ്ങൾ മനുഷ്യജീവിതത്തിൽ വരുത്തിയ പരിവർത്തനങ്ങളും പുസ്തകം ചർച്ച ചെയ്യുന്നുണ്ട്.
പതിനഞ്ച് അദ്ധ്യായങ്ങളിൽ 178 പേജുകളിലായി പ്രൗഢമായാണ് പുസ്തകത്തിന്റെ രൂപകല്പന. കൊച്ചിൻ യൂണിവേഴ്സിറ്റി ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഇന്റർനാഷണൽ സ്കൂൾ ഒഫ് ഫോട്ടോണിക്സിലെ എമിറേറ്റ്സ് പ്രൊഫസറും ഇന്ത്യയിൽ ഫോട്ടോണിക്സിലെ പ്രമുഖ ശാസ്ത്രജ്ഞനുമായ പ്രൊഫ. ഡോ. വി.പി.എൻ. നമ്പൂതിരി എഴുതിയ മുൻ കുറിപ്പുകൾ പുസ്തകത്തിന് പൊൻതിടമ്പാണ്.
മണ്ടനെന്നു മുദ്രകുത്തി ക്ലാസിൽ നിന്ന് ഇറക്കിവിട്ട കുട്ടി ആയിരത്തിലധികം കണ്ടുപിടിത്തങ്ങൾക്ക് ഉടമയായ തോമസ് ആൽവാ എഡിസന്റെ 1863-ലെ ഇലക്ട്രിക്ക് വോൾട് റെക്കാർഡറിൽ തുടങ്ങി, മനുഷ്യജീവിതത്തെ മാറ്റിമറിച്ച ഒട്ടേറെ കണ്ടെത്തലുകൾ നടത്തി 1063 യു.എസ് പേറ്റന്റുകളും നേടിയ വിസ്മയജനകമായ കഥകളിലൂടെ, ബാക്ടീരികളുടെ ശബ്ദം കേൾക്കാൻ കഴിയുന്ന സൂഷ്മസ്രാവിയുടെ പുതിയ സാങ്കേതികതയായ ഒപ്റ്റിക്കൽ ട്വീസർ കണ്ടെത്തിയ ആർതർ അഷ്കിൻ വരെയുള്ളവരുടെ സൈദ്ധാന്തികവും പരീക്ഷണാത്മകവുമായ വിലയിരുത്തലുകൾ ഗ്രന്ഥകർത്താവ് വിശകലനം ചെയ്യുന്നു.
പ്രകാശത്തിലെ വിഖ്യാതമായ കണ്ടുപിടിത്തങ്ങൾ ഒരു പൊതുവായനക്കാരനെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ തെളിഞ്ഞ ആഖ്യാന രീതിയിലും ലളിതമായ ഭാഷയിലും ദുർഗ്രഹത തെല്ലുമില്ലാതെ പങ്കുവയ്ക്കുന്നു എന്നതാണ് 'വെളിച്ചത്തിനെന്തൊരു വെളിച്ച"ത്തെ ശ്രദ്ധേയമാക്കുന്നത്. ന്യൂട്ടൺ, റാലെ, നീൽസ് ബോർ, ഐൻസ്റ്റൈൻ, എസ്.എൻ. ബോസ് തുടങ്ങിയ പ്രമുഖ ശാസ്ത്രജ്ഞർ പതിനേഴാം നൂറ്റാണ്ടു മുതൽ ഗവേഷണം നടത്തിയ ഏറ്റവും പഴകിയ ശാസ്ത്രശാഖയാണ് പ്രകാശികം. കണ്ടുപിടിത്തങ്ങളുടെ മൂല്യം സൂചിപ്പിക്കുന്നതിനുള്ള മുഖമുദ്രയാണ് നോബൽ സമ്മാനമെങ്കിലും പല പ്രമുഖ ശാസ്ത്രജ്ഞരും ഇവിടെ അവഗണിക്കപ്പെട്ടിട്ടുണ്ട്.
പ്രകാശികം എന്ന ശാസ്ത്രശാഖയിൽ തീയുടെ കണ്ടുപിടിത്തം, വൈദ്യുതി ബൾബിന്റെ കണ്ടുപിടിത്തം, മാക്സ് പ്ലാങ്കിന്റെ പ്രകാശത്തിന്റെ ക്വാണ്ടം സിദ്ധാന്തം, സോളാർ പവറിലേക്കു നയിച്ച ഐൻസ്റ്റൈന്റെ സിദ്ധാന്തം, ഒപ്റ്റിക്കൽ ഫൈബറിന്റെ കണ്ടുപിടിത്തം, ലേസർ, ഹോളോഗ്രഫി, ജി.പി.എസിലേക്ക് വഴിയൊരുക്കിയ ഫ്രീക്വൻസി കോംബ് സിദ്ധാന്തം, ക്വാണ്ടം കമ്യൂട്ടിംഗ്, വെളിച്ച വിപ്ലവം പരത്തിയ നീല എൽ.ഇ.ഡിയുടെ കണ്ടുപിടിത്തം തുടങ്ങിയവയിൽ ആരംഭിക്കുന്ന വിപ്ലവ പരമ്പരകൾ കൗതുകമുണർത്തുന്നവയാണ്.
പുസ്തകം പ്രതിപാദ്യ വിഷയത്തിന്റെ ഉള്ളറകളിലേക്ക് കൂടുതൽ ആഴ്ന്നിറങ്ങുന്നതിന്റെ ഉദാഹരണമാണ് മിക്കവാറും എല്ലാ അദ്ധ്യായങ്ങളും പ്രകാശികവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട കണ്ടുപിടിത്തങ്ങൾ വായനക്കാരുടെ മുന്നിൽ എത്തിക്കുന്നു എന്നത്. കാതലുള്ള ശാസ്ത്ര ഗ്രന്ഥങ്ങൾ വല്ലാതെ കുറഞ്ഞുപോയ മലയാളത്തിന്റ ശാസ്ത്ര സിദ്ധാന്തങ്ങളെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സാമൂഹ്യ, രാഷ്ട്രീയ, ശാസ്ത്രീയതയുടെ വെളിച്ചത്തിൽ അവതരിപ്പിക്കുന്ന പുസ്തകം ശാസ്ത്ര വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനപ്രദമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |