SignIn
Kerala Kaumudi Online
Saturday, 26 July 2025 10.57 AM IST

കൊല്ലത്ത് വരുന്നു, ഇ.എസ്.ഐ മെഡിക്കൽ കോളേജ്

Increase Font Size Decrease Font Size Print Page
kollam

കൊല്ലത്ത് ഇ.എസ്.ഐ മെഡിക്കൽ കോളേജ് ആരംഭിക്കുമെന്ന കേന്ദ്ര മന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ പ്രഖ്യാപനം ജില്ലയ്ക്ക് പ്രതീക്ഷ പകരുന്നതാണ്. പരമ്പരാഗത തൊഴിലാളികളുടെ ഈറ്റില്ലമെന്നറിയപ്പെടുന്ന കൊല്ലത്ത് ഇ.എസ്.ഐ മെഡിക്കൽ കോളേജ് തുടങ്ങുമ്പോൾ ജില്ലയുടെ സമഗ്ര വികസനത്തിനൊപ്പം ലക്ഷക്കണക്കിന് തൊഴിലാളി കുടുംബങ്ങൾക്കും അതിന്റെ പ്രയോജനം ലഭിക്കും. ആശ്രാമത്ത് ഇപ്പോൾ പ്രവർത്തിക്കുന്ന ഇ.എസ്.ഐ മോഡൽ ആന്റ് സൂപ്പ‌ർ സ്പെഷ്യാലിറ്റി ആശുപത്രിയാണ് മെഡിക്കൽ കോളേജായി മാറുന്നത്. വർഷങ്ങൾക്ക് മുമ്പ് പാരിപ്പള്ളിയിൽ ഇ.എസ്.ഐ മെഡിക്കൽ കോളേജ് ആരംഭിക്കാൻ കേന്ദ്രസർക്കാർ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയെങ്കിലും കേന്ദ്രസർക്കാരിന്റെ നയം മാറ്റം മൂലം നഷ്ടപ്പെട്ടു. അത് പിന്നീട് ഉമ്മൻചാണ്ടി സർക്കാർ ഏറ്റെടുത്ത് സംസ്ഥാന സർക്കാരിന്റെ മെഡിക്കൽ കോളേജാക്കി മാറ്റുകയായിരുന്നു. ഇപ്പോൾ വീണ്ടും കേന്ദ്രസർക്കാരിനും ഇ.എസ്.ഐ കോ‌ർപ്പറേഷനും ഉണ്ടായ മനം മാറ്റവും കൊല്ലം എം.പി, എൻ.കെ പ്രേമചന്ദ്രന്റെ ഇടപെടലുമാണ് ഇ.എസ്.ഐ മെഡിക്കൽ കോളേജ് പ്രതീക്ഷ ഉയർത്തിയിരിക്കുന്നത്. രാജ്യത്താകെ ഇ.എസ്.ഐ കോർപ്പറേഷൻ പുതുതായി ആരംഭിക്കുന്ന 10 മെഡിക്കൽ കോളേജുകളിൽ ഒന്നാണ് കൊല്ലത്തിന് ലഭിക്കുന്നത്. ആശ്രാമത്തെ ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്രി ആശുപത്രി മെഡിക്കൽ കോളേജ് ആശുപത്രിയായി ഉയരുന്നതോടെ പുതിയ വകുപ്പുകൾ, കൂടുതൽ ഡോക്ടർമാർ, അത്യാധുനിക സംവിധാനങ്ങൾ ഉൾപ്പെടെ എല്ലാ സംവിധാനങ്ങളും ഇ.എസ്.ഐ കോർപ്പറേഷൻ ഒരുക്കും. മെഡിക്കൽ കോളേജിൽ വർഷം തോറും 24,000 രൂപ ഫീസിൽ ഇ.എസ്.ഐ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് എം.ബി.ബി.എസ് പ്രവേശനവും ലഭിക്കും. തൊഴിൽ മേഖലയിൽ വൻചലനങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം കൊല്ലത്തിന്റെ സമഗ്രവികസനത്തിനു തന്നെ വഴിയൊരുങ്ങും.

കോളേജിന് സ്ഥലം

കണ്ടെത്തൽ ശ്രമകരം

ഇ.എസ്.ഐ മെഡിക്കൽ കോളേജിന് ആശുപത്രിയുണ്ടെങ്കിലും കോളേജ് ക്യാമ്പസിന് സ്ഥലം കണ്ടെത്തുകയാണ് ശ്രമകരമായ ദൗത്യം. നഗരമദ്ധ്യത്തിൽ നാഷണൽ ടെക്സ്റ്റൈൽസ് കോർപ്പറേഷന്റെ (എൻ.ടി.സി) കീഴിലുള്ള പാർവതി മിൽസിന്റെ സ്ഥലമാണ് പ്രഥമ പരിഗണനയിലുള്ളത്. പാർവതി മില്ല് സ്ഥിതി ചെയ്യുന്ന 16 ഏക്കറോളം സ്ഥലത്തിന്റെ മുൻ ഭാഗം ചിന്നക്കട- താലൂക്കാഫീസ് റോഡും പിൻഭാഗം ആശ്രാമം ലിങ്ക് റോഡുമാണ്. എൻ.ടി.സി യുടെ അധീനതയിലുള്ള പാർവതി മില്ല് സംബന്ധിച്ച് ആർബിട്രേഷൻ വിധിക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ വർഷങ്ങളായി കേസ് നടക്കുകയാണ്. പാർവതി മില്ല് നടത്തിപ്പിന് ഉത്തരേന്ത്യയിലെ സ്വകാര്യ സ്ഥാപനവുമായി എൻ.ടി.സി കരാറിൽ ഏർപ്പെടുകയും പിന്നീട് കരാർ റദ്ദാക്കുകയും ചെയ്തതിനെതിരെയാണ് ആർബിട്രേഷൻ കേസ് നടക്കുന്നത്. കേസ് ഒത്തുതീർപ്പാക്കാൻ ശ്രമം നടക്കുന്നുണ്ട്. വിജയിച്ചാൽ പാ‌ർവതി മില്ലിന്റെ സ്ഥലം മെഡിക്കൽ കോളേജിനായി ഏറ്റെടുക്കാനാകും. അത് വിജയിച്ചില്ലെങ്കിൽ മറ്റെവിടെയെങ്കിലും സ്ഥലം കണ്ടെത്തേണ്ടി വരും. പാർവതി മില്ലിന്റെ സ്ഥലം ലഭിച്ചില്ലെങ്കിൽ ആശ്രാമം ഗസ്റ്റ് ഹൗസ് വളപ്പിൽ നിന്ന് 7 ഏക്കറോളം സ്ഥലം ഏറ്റെടുക്കേണ്ടി വരും. 21 ഹെക്ടറോളം സ്ഥലമുണ്ടായിരുന്ന ഗസ്റ്റ് ഹൗസ് വളപ്പിൽ നിന്ന് വിവിധ സ്ഥാപനങ്ങൾക്കായി വിവിധ കാലയളവിൽ 20 ഏക്കറിലധികം സ്ഥലം പതിച്ചു നൽകിയിട്ടുണ്ട്.

500 കിടക്കകളുള്ള

ആശുപത്രിയാകും

ആശ്രാമം ഇ.എസ്.ഐ സൂപ്പർ സ്പെഷ്യാലിറ്രി ആശുപത്രി മെഡിക്കൽ കോളേജായി മാറുമ്പോൾ അത്യാധുനിക സൗകര്യങ്ങളാകും ഏർപ്പെടുത്തുക. എല്ലാ സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളും ആരംഭിക്കുന്നതിനൊപ്പം ഓരോ വിഭാഗത്തിലും വിദഗ്ധരായ ഡോക്ടർമാരെ നിയമിക്കുകയും ചെയ്യും. കൂടുതൽ പേരെ കിടത്തി ചികിത്സിക്കാനുള്ള സംവിധാനവും ഉണ്ടാകും. ആശ്രാമം ഇ.എസ്.ഐ ആശുപത്രിയിൽ നിലവിലെ 220 കിടക്കകൾ 500 വരെയായി ഉയർന്നേക്കും. നിലവിൽ 6 സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗങ്ങളുണ്ട്. ഇതിൽ അർബുദ ചികിത്സക്കുള്ള ഓങ്കോളജി വിഭാഗത്തിൽ മാത്രമാണ് ഒരു സീനിയർ മെഡിക്കൽ ഓഫീസർ ഉൾപ്പെടെ 2 മെഡിക്കൽ ഓഫീസർമാരുള്ളത്. ന്യൂറോളജി, കാർഡിയോളജി, ഗാസ്ട്രോ എന്ററോളജി, യൂറോളജി തുടങ്ങിയ വിഭാഗങ്ങളിൽ ഓരോ പാർട്ട് ടൈം ഡോക്ടർമാരാണുള്ളത്. ഈ ഡോക്ടർമാർ അവധിയാകുന്ന ദിവസങ്ങളിൽ എത്തുന്ന രോഗികളെ മറ്റു മെഡിക്കൽ കോളേജ് ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ് പതിവ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കാണ് മിക്ക രോഗികളും പോകുന്നത്. സംസ്ഥാന സർക്കാർ മെഡിക്കൽ കോളേജുകളെപ്പോലെ ഇല്ലായ്മകളുടെ വിളനിലമാകില്ല ഇ.എസ്.ഐ മെഡിക്കൽ കോളേജ്. ഫണ്ടിന്റെ ലഭ്യതയാണ് ഇതിന് പ്രധാന കാരണം. ഇ.എസ്.ഐ കോർപ്പറേഷൻ ഒരു ലക്ഷം കോടിക്ക് മുകളിൽ ഡെപ്പോസിറ്റുള്ള പ്രസ്ഥാനമായതിനാൽ ഫണ്ടിന്റെ ദൗർലഭ്യം ഉണ്ടാകില്ല. രാജ്യത്തെ മറ്റു ഇ.എസ്.ഐ കോർപ്പറേഷൻ മെഡിക്കൽ കോളേജുകളെല്ലാം മികച്ച നിലയിലാണ് പ്രവർത്തിക്കുന്നത്.

പാരിപ്പള്ളിയിൽ

600 കോടി മുടക്കി

ഇ.എസ്.ഐ കോർപ്പറേഷൻ ജില്ലയ്ക്കനുവദിക്കുന്ന രണ്ടാമത്തെ മെഡിക്കൽ കോളേജാണിത്. ഒന്നാം യു.പി.എ സർക്കാരിന്റെ കാലത്താണ് പാരിപ്പള്ളിയിൽ കോർപ്പറേഷൻ വക 35 ഏക്കറോളം സ്ഥലത്ത് 500 കിടക്കകളോടെ ഇ.എസ്.ഐ മെഡിക്കൽ കോളേജനുവദിച്ചത്. എയിംസ് മാതൃകയിൽ 12,029 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ ബഹുനില മന്ദിരങ്ങൾ നിർമ്മിച്ചു. 600 കോടിയോളം ചെലവഴിച്ചായിരുന്നു നിർമ്മാണം. അന്ന് കേന്ദ്രമന്ത്രിയായിരുന്ന ഓസ്ക്കാർ ഫെർണാണ്ടസ് പങ്കെടുത്ത ശിലാസ്ഥാപന ചടങ്ങ് വലിയ ആഘോഷപൂർവമാണ് സംഘടിപ്പിച്ചത്. നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലെത്തിയപ്പോൾ അന്ന് കേന്ദ്രത്തിൽ അധികാരത്തിലിരുന്ന സ‌ർക്കാർ എടുത്ത തീരുമാനമാണ് കേരളത്തിന്റെ പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തിയത്. മെഡിക്കൽ കോളേജുകളുടെ നടത്തിപ്പ് ലാഭകരമാകില്ലെന്ന് പറഞ്ഞ് ഇ.എസ്.ഐ കോ‌ർപ്പറേഷൻ പിന്മാറി. അതോടെ നിർമ്മാണ പ്രവർത്തനങ്ങളെല്ലാം നിലച്ചു. ഐ.എൻ.ടി.യു.സി മുൻ സംസ്ഥാന പ്രസിഡന്റും കോൺഗ്രസ് നേതാവുമായ കെ. സുരേഷ്ബാബുവിന്റെ ശ്രമഫലമായിട്ടായിരുന്നു പാരിപ്പള്ളിയിൽ ഇ.എസ്.ഐ മെഡിക്കൽ കോളേജിന് അനുമതി നേടിയെടുത്തത്. ഇ.എസ്.ഐ കോർപ്പറേഷൻ ഡയറക്ടർ ബോർഡംഗവും ബഡ്ജറ്ററി കമ്മിറ്റി കൺവീനറുമെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ സ്വാധീനം ഉപയോഗിച്ചായിരുന്നു അത്. പാരിപ്പള്ളി മെഡിക്കൽ കോളേജ് പിന്നീട് സ്വകാര്യ മേഖലക്ക് കൈമാറാൻ നീക്കം തുടങ്ങിയപ്പോൾ ഉമ്മൻചാണ്ടി സർക്കാർ ഏറ്റെടുത്ത് സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മെഡിക്കൽ കോളേജാക്കി മാറ്റുകയായിരുന്നു. ഇതിനെതിരെ അന്ന് ഇടതുമുന്നണി പ്രത്യക്ഷ സമരം നടത്തുകയും സി.ഐ.ടി.യു, എ.ഐ.ടി.യു.സി എന്നീ ട്രേഡ് യൂണിയനുകൾ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. പാരിപ്പള്ളി മെഡിക്കൽ കോളേജ് സംസ്ഥാന സർക്കാർ ഏറ്റെടുത്തിട്ട് 10 വർഷം കഴിഞ്ഞെങ്കിലും സുസജ്ജമായൊരു മെഡിക്കൽ കോളേജെന്ന നിലയിലേക്കെത്തിയിട്ടില്ല. ഇ.എസ്.ഐ കോർപ്പറേഷൻ നിർമ്മിച്ച ബഹുനില മന്ദിര സമുച്ചയങ്ങളും വേണ്ടവിധം പ്രയോജനപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. പല സ്പെഷ്യാലിറ്റി വിഭാഗങ്ങളിലും ആവശ്യത്തിന് മെഡിക്കൽ ഓഫീസർമാരില്ലെന്നതും വെല്ലുവിളിയാണ്.

എല്ലാ തൊഴിലാളികൾക്കും

പ്രയോജനപ്പെടണം

21,000 രൂപവരെ ശമ്പള പരിധിയുള്ള തൊഴിലാളികൾക്കാണിപ്പോൾ ഇ.എസ്.ഐ സൗജന്യ മെഡിക്കൽ ചികിത്സ ലഭിക്കുന്നത്. അതിനുമുകളിലുള്ളവർക്കും പൊതുജനങ്ങൾക്കും പുതുതായി തുടങ്ങുന്ന മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സാ സൗകര്യം ഉറപ്പാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.ചികിത്സ തേടിയെത്തുന്നവരിൽ 60 ശതമാനത്തിലധികം പേരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ്. മെഡിക്കൽ കോളേജിനായി പാർവതി മില്ലിന്റെ സ്ഥലം ഇ.എസ്.ഐ കോർപ്പറേഷന് നൽകാൻ ഭരണപരമായ നടപടികൾ വേഗത്തിലാക്കണമെന്നമെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി കേന്ദ്ര തൊഴിൽ വകുപ്പ് മന്ത്രിയോടും ഇ.എസ്.ഐ ഡയറക്ടർ ജനറലിനോടും ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് സംസ്ഥാന തൊഴിൽ മന്ത്രിയുമായി ചർച്ച നടത്തി. സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്നും ആവശ്യമായ നടപടികൾ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

TAGS: KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.