SignIn
Kerala Kaumudi Online
Saturday, 26 July 2025 8.01 PM IST

വീണ്ടും ഉയരുന്ന കോളറ ആശങ്ക

Increase Font Size Decrease Font Size Print Page
kollam

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞദിവസം 63 വയസുകാരൻ കോളറ ബാധിച്ച് മരിച്ചതോടെ ജനങ്ങളുടെ ആശങ്കയും വർദ്ധിക്കുകയാണ്. എട്ടുവർഷത്തിന് ശേഷമാണ് സംസ്ഥാനത്ത് കോളറ മരണം സ്ഥിരീകരിക്കുന്നത്. ലോകത്താകമാനം നിരവധി പേരുടെ ജീവൻ അപഹരിച്ച കോളറയ്‌ക്കെതിരെ ജാഗ്രതാ നിർദേശവും ആരോഗ്യ വിദഗ്ദ്ധർ പുറപ്പെടുവിച്ചിട്ടുണ്ട്. രോഗിയെ ചികിത്സിച്ച ആശുപത്രിയിലെ ജീവനക്കാർക്കോ ബന്ധുക്കൾക്കോ രോഗലക്ഷണമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇവർക്കെല്ലാം പ്രതിരോധ മരുന്ന് നൽകിയിട്ടുണ്ട്. ഇന്ത്യയുൾപ്പെടെ പലയിടങ്ങളിലും കോളറ നിശബ്ദമായി നിലനിൽക്കുന്നുണ്ട്. രോഗലക്ഷണങ്ങളില്ലാതെ രോഗാണുക്കളെ വഹിക്കുന്നവർ ധാരാളമുള്ളതിനാൽ കോളറയെ തുടച്ച് മാറ്റുക പ്രയാസകരമാണ്. ഇതിന് മുമ്പ്, കഴിഞ്ഞവർഷം ജൂലായിലാണ് സംസ്ഥാനത്ത് ഏറ്റവുമൊടുവിൽ കോളറ റിപ്പോർട്ട് ചെയ്തത്. നെയ്യാറ്റിൻകരയിലെ സ്വകാര്യ കെയർ ഹോമിലെ 10 അന്തേവാസികളും ജീവനക്കാരുമടക്കം 11 പേർക്കാണ് അന്ന് രോഗം കണ്ടെത്തിയിരുന്നു. 2016ലാണ് ഒടുവിൽ കേരളത്തിൽ കോളറ മരണം സ്ഥിരീകരിച്ചത്.

വിബ്രിയോ കോളറ എന്ന ബാക്ടീരിയ കാരണമുണ്ടാകുന്ന വയറിളക്ക രോഗമാണ് കോളറ. മലിനമായ വെള്ളവും ഭക്ഷണവും വഴിയാണ് രോഗം പടരുന്നത്. ഇത് ശരീരത്തെ പ്രവർത്തിക്കാൻ സഹായിക്കുന്ന പ്രധാന ധാതുക്കൾ (ഇലക്ട്രോലൈറ്റുകൾ) വേഗത്തിൽ നഷ്ടപ്പെടുന്നതിനും നിർജ്ജലീകരണം സംഭവിക്കുന്നതിനും കാരണമാകും. കോളറ മുതിർന്നവരെയും കുട്ടികളെയും ബാധിക്കുന്നതാണ്. കൂടുതൽ തവണ വയറിളകി പോകുന്നതിനാൽ പെട്ടെന്ന് നിർജലീകരണം സംഭവിച്ച് ഗുരുതരാവസ്ഥയിലാകാനും സാദ്ധ്യത കൂടുതലാണ്. ശുദ്ധജലമോ ശൗചാലയ സൗകര്യങ്ങളോ ലഭ്യമല്ലാത്ത പ്രദേശങ്ങളിലാണ് കോളറ മിക്കപ്പോഴും പടരുന്നത്.

ലക്ഷണങ്ങൾ

പെട്ടെന്നുള്ള കഠിനമായതും വയറ് വേദനയില്ലാത്തതും വെള്ളം പോലെയുള്ള വയറിളക്കമാണ് കോളറയുടെ പ്രധാന ലക്ഷണം. ഛർദിയുള്ളതിനാൽ, രോഗി പെട്ടന്ന് തന്നെ നിർജ്ജലീകരണത്തിലേക്കും തുടർന്ന് കുഴഞ്ഞ അവസ്ഥയിലേക്കുമെത്താം. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗം അതീവഗുരുതരമാകാം. രോഗലക്ഷണങ്ങൾ മാറിയാലും ഏതാനും ദിവസങ്ങൾ കൂടി രോഗിയിൽ നിന്ന് രോഗം പകരാനുള്ള സാദ്ധ്യതയുണ്ട്. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. കാലുകൾക്ക് ബലക്ഷയം, ചെറുകുടൽ ചുരുങ്ങൽ, തളർച്ച, വിളർച്ച, മൂത്രമില്ലായ്മ, തൊലിയും വായയും ചുക്കിച്ചുളിയുക, കണ്ണീരില്ലാത്ത അവസ്ഥ, കണ്ണുകൾ കുഴിയുക, മാംസപേശികൾ ചുരുങ്ങുക, നാഡീ മിടിപ്പിൽ ക്രമാതീതമായ വർദ്ധന, ഭക്ഷണ പദാർത്ഥങ്ങൾ ദഹിക്കാതെ വരുന്ന അവസ്ഥ എന്നിവയാണ് മറ്റ് പ്രധാന ലക്ഷണങ്ങൾ.

പ്രതിരോധ മാർഗങ്ങൾ

പുറത്തു നിന്ന് വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. ഭക്ഷണവും വെള്ളവും സൂക്ഷിക്കുന്ന ഇടങ്ങൾ ശുചിയായി സൂക്ഷിക്കുക. ശരിയായി പാകം ചെയ്യാത്ത കടൽ മത്സ്യങ്ങൾ ഒഴിവാക്കുക. ഭക്ഷണത്തിന് മുമ്പ് കൈകൾ സോപ്പിട്ട് കഴുകുക. കൈകളുടെ ശുചിത്വം കൊവിഡ് നിയന്ത്രണത്തിലെന്ന പോലെ കോളറ നിയന്ത്രണത്തിലും പ്രധാനമാണ്. പച്ചക്കറികളും പഴങ്ങളും കഴിക്കുന്നതിന് മുമ്പ് നന്നായി കഴുകി വൃത്തിയാക്കുക. കഴിവതും പച്ചക്കറികൾ പാകം ചെയ്ത് കഴിക്കുക. ശുചിമുറികൾ ഇടയ്ക്കിടെ അണുനാശിനികൾ ഉപയോഗിച്ച് വൃത്തിയാക്കുക. ആഹാര സാധനങ്ങൾ തുറന്ന് വയ്ക്കാതിരിക്കുക. വയറിളക്കം പിടിപെട്ടാൽ ആരംഭത്തിൽ തന്നെ പാനീയ ചികിത്സ തുടങ്ങുന്നത് വഴി രോഗം ഗുരുതരമാകാതെ തടയാം. ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, എന്നിവ ഇതിനായി ഉപയോഗിക്കാം. വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക. മല-മൂത്ര വിസർജനത്തിന് ശേഷവും ആഹാരം കഴിക്കുന്നതിന് മുമ്പും സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക. വയറിളക്കം പിടിപെട്ടാൽ ആരംഭത്തിൽ തന്നെ പാനീയ ചികിത്സ തുടങ്ങുന്നത് വഴി രോഗം ഗുരുതരമാകാതെ തടയാം.

പടരുന്ന വഴി

വിബ്രിയോ കോളറ ബാക്ടീരിയ മൺസൂൺ കാലത്ത് പെരുകുകയും മനുഷ്യ വിസർജ്യത്തിലൂടെ അഴുക്കുചാലുകളിലും കുടിവെള്ളത്തിലും കൃഷിയിടങ്ങളിലും എത്തിച്ചേരുകയും ചെയ്യും. കുടിവെള്ളം മലിനമാകുന്നത് കോളറ പിടിപെടാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുകയാണ്. സെപ്റ്റിക് ടാങ്കുകൾ വഴി ഭൂർഗഭ ജലസ്രോതസുകളും മലിനമാകാനുള്ള സാദ്ധ്യതയുമേറെയാണ്. കക്കൂസ് മാലിന്യങ്ങൾ പുഴകളിലും ഓടകളിലും ആളൊഴിഞ്ഞ സ്ഥലങ്ങളിലും തള്ളുന്നത് രോഗവ്യാപനത്തിലേക്ക് നയിക്കും. മലിനജല കനാലുകളിലൂടെ പോകുന്ന കുടിവെള്ള പൈപ്പുകളുടെ ചോർച്ചയിലൂടെയും കോളറ ബാക്ടീരിയ കുടിവെള്ളത്തിൽ കലരാം. തീരദേശ ജലാശയങ്ങളിലാണ് കോളറ രോഗാണുക്കൾ സാധാരണയായി കണ്ടുവരുന്നത്. ചെമ്മീനിൽ വിബ്രിയോ കോളറയുടെ സാന്നിദ്ധ്യമുണ്ടാകാം. കൃത്യമായി വേവിക്കാതെയും ശരിയായി കഴുകാതെയും സമുദ്ര വിഭവങ്ങൾ കഴിക്കുമ്പോൾ രോഗാണുക്കൾ ശരീരത്തിലേക്ക് പ്രവേശിക്കും. പല കടകളിലും മറ്റും തണുത്ത വെള്ളത്തിനായി ഐസുകൾ ഉപയോഗിക്കാറുണ്ട്. ഐസിനുള്ളിൽ കോളറയുടെ അണുക്കൾ രണ്ടാഴ്ച വരെ നശിപ്പിക്കപ്പെടാതെ ഇരിക്കും. മലിനജലം ഉപയോഗിച്ചുണ്ടാക്കുന്ന ഐസ് കട്ടകൾ കുടിവെള്ളത്തിൽ ഇടുകയാണെങ്കിൽ കോളറയുടെ സാദ്ധ്യത വർദ്ധിക്കുമെന്നതിൽ സംശയമില്ല.

രോഗത്തെ തുടച്ചുനീക്കാം

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിയ്ക്കുക. 59 ഡിഗ്രി സെൽഷ്യസിൽ 30 മിനിറ്റ് ചൂടാക്കിയാൽ സാധാരണ വിബ്രിയോ കോളറ നീർവീര്യമാക്കപ്പെടും. അതേസമയം, തിളപ്പിക്കുകയാണെങ്കിൽ ഏകദേശം ഒരു മിനിറ്റിനുള്ളിൽ തന്നെ കോളറയുടെ അണുക്കൾ നശിപ്പിക്കപ്പെടും. വീടും പരിസരവും മലിനാമാകാതെ സൂക്ഷിക്കുക, ജലാശയങ്ങൾ മലിനമാക്കരുത്, കോളറ ബാധിത പ്രദേശങ്ങളിൽ കിണറുകളിൽ സാധാരണ ക്ലോറിനേഷന് പുറമെ സൂപ്പർ ക്ലോറിനേഷൻ നടത്തണം, ഭക്ഷണ ശുചിത്വം ഉറപ്പുവരുത്തുക, ഈച്ചകൾ പെരുകുന്നത് തടയുക, പഴങ്ങൾ-പച്ചക്കറികൾ തുടങ്ങിയവ നന്നായി കഴുകുക, ശൗചാലത്തിൽ പോയ ശേഷം കൈകൾ വൃത്തിയാക്കുക, കുത്തിവെപ്പിന് ഉപയോഗിക്കുന്ന സിറിഞ്ചുകളും മറ്റും അണുവിമുക്തമാണെന്ന് ഉറപ്പാക്കുക, ഭക്ഷണവും വെള്ളവും തുറന്ന് വെയ്ക്കാതിരിക്കുക, ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് ജലാശയങ്ങളും കുളങ്ങളും കിണറുകളും മലിന വിമുക്തമാക്കുക എന്നിവയാണ് കോളറ തടയുന്നതിനുള്ള മറ്റ് പ്രധാന മാർഗങ്ങൾ. ഒരല്പം ജാഗ്രത പാലിച്ചാൽ കോളറ രോഗത്തെ നമുക്ക് ഇല്ലാതാക്കാൻ സാധിക്കും. രോഗലക്ഷണങ്ങൾ പ്രകടമായാൽ സ്വയം ചികിത്സയ്ക്ക് നിൽക്കാതെ ഉടൻ വൈദ്യസഹായം തേടണം. എല്ലാവരും അവരവരുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് അനിവാര്യമായ സമയമാണിത്.

TAGS: CHOLERA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.