എം.ആർ. ദിലീപ് കുമാർ
ഡയറക്ടർ, കിറ്റ്സ്
വിനോദസഞ്ചാരികളുടെ സ്വർഗഭൂമിയായ കേരളത്തിൽത്തന്നെയാണ്, രാജ്യത്തുതന്നെ ആദ്യമായി ടൂറിസം വിദ്യാഭ്യാസത്തിനായി മാത്രം സർക്കാരിനു കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനവും. ഗ്വാളിയറിലെ പ്രശസ്തമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റിന്റെ നോഡൽ സെന്റർ എന്ന നിലയിൽ ആരംഭിച്ച കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) വിനോദസഞ്ചാര മേഖലയിൽ മികച്ച തൊഴിലവസരങ്ങൾ ഉറപ്പാക്കുന്ന സർവകലാശാലാ ബിരുദ കോഴ്സുകൾക്കു പുറമേ സ്വന്തമായി രൂപകല്പന ചെയ്ത ഡിപ്ളോമാ കോഴ്സുകളും, പഠനം പൂർത്തിയാക്കിയവർക്കു വേണ്ടി പ്രത്യേക പരിശീലന പദ്ധതികളും നടത്തിവരുന്നു. ടൂറിസം വിദ്യാഭ്യാസരംഗത്തെ വിപുലമായ തൊഴിൽ സാദ്ധ്യതകളെക്കുറിച്ച് കിറ്റ്സ് ഡയറക്ടർ എം.ആർ. ദിലീപ് കുമാർ 'കേരളകൗമുദി"യുമായി സംസാരിക്കുന്നു.
? മറ്റ് ടൂറിസം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് കിറ്റ്സിനെ വേറിട്ടു നിറുത്തുന്നത്...
കിറ്റ്സിന്റെ കോഴ്സുകൾ രൂപകല്പന ചെയ്തിട്ടുള്ളത് ടൂറിസം മേഖലയുടെ ആവശ്യങ്ങൾ പരിഗണിച്ചാണ്. ഇത് വിദ്യാർഥികളുടെ നൈപുണ്യ വികസനത്തിന് ഊന്നൽ നൽകാനും ജോലി സാദ്ധ്യത വർദ്ധിപ്പിക്കാനും സഹായിക്കും. ടൂറിസം മേഖലയുമായുള്ള സമ്പർക്കം, അലുമ്‌നി നെറ്റ്‌വർക്കുകൾ ഇതെല്ലാം കിറ്റ്സിന്റെ സവിശേഷതകളാണ്. സംസ്ഥാന സർക്കാരിന്റെ വിനോദ- സാംസ്‌കാരിക പരിപാടികളിൽ വോളന്റിയർമാരാകാനുള്ള അവസരം കിറ്റ്സിലെ വിദ്യാർഥികൾക്ക് ലഭിക്കുന്നു. നേതൃപാടവവും സംഘാടന മികവും വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും.
? ടൂറിസം മേഖലയുടെ ആധുനികവത്കരണവുമായി ബന്ധപ്പെട്ട് ഡിജിറ്റൽ യൂണിവേഴ്സിറ്റിയുമായി ധാരണാപത്രം ഒപ്പിട്ടിരുന്നല്ലോ.
വിദ്യാർത്ഥിൾക്ക് ടെക്‌നോളജി കോഴ്സുകൾ 'ആഡ് ഓൺ കോഴ്സുകളാ"യി നൽകുകയെന്ന ലക്ഷ്യത്തോടെയായിരുന്നു അത്. ഈ വർഷത്തെ അഡ്മിഷൻ മുതൽ 'ആഡ് ഓൺ കോഴ്സുകൾ" നൽകും. ബിസിനസ് മാനേജ്‌മെന്റ് പഠിക്കുന്ന ഒരു വിദ്യാർത്ഥിക്ക് ഡിജിറ്റൽ മാർക്കറ്റിംഗ്, ഡേറ്റാ അനലിറ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ വിഷയങ്ങളിൽ ഒരു 'ആഡ് ഓൺ കോഴ്സ്" ചെയ്യാൻ സാധിക്കുന്നതിന്റെ ഗുണങ്ങൾ നിരവധിയാണ്. ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ, 'പഠനത്തിനൊപ്പം സമ്പാദ്യം" പോലെയുള്ള പദ്ധതികളും വിദ്യാർത്ഥികൾക്ക് ഗുണകരമാണ്.
? കേരളത്തിൽ അഡ്വഞ്ചർ ടൂറിസത്തിന് വലിയ സാദ്ധ്യതയുണ്ടല്ലോ.
അഡ്വഞ്ചർ ടൂറിസം കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരളത്തിൽ കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്. പക്ഷേ ഈ വിഭാഗത്തിൽ പരിശീലനം ലഭിച്ച സ്റ്റാഫുകളുടെ അഭാവമുണ്ട്. കിറ്റ്സും കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റിയുമായി ചേർന്ന് പരിശീലന പദ്ധതികൾക്ക് തുടക്കമിട്ടിട്ടുണ്ട്. നിലവിൽ ലാൻഡ്, വാട്ടർ ബേസ്ഡ് അഡ്വഞ്ചർ ടൂറിസം പ്രവർത്തനങ്ങളാണ് കൂടുതലായി നടക്കുന്നത്. ലാൻഡ് ബേസ്ഡ് അഡ്വഞ്ചർ ടൂറിസം പ്രവർത്തനങ്ങൾക്കുള്ള പരിശീലനം കിറ്റ്സ് നൽകുന്നുണ്ട്. വാട്ടർ ബേസ്ഡ് ആക്റ്റിവിറ്റികളുടെ പരിശീലനത്തിനായി നാഷണൽ ഇൻസ്റ്റിറ്റ്യൂ ട്ട് ഒഫ് വാട്ടർ സ്‌പോർട്സുമായി സഹകരിച്ച് പ്രവർത്തിക്കും. ഈ വർഷം തന്നെ അതിന് ധാരണയായേക്കും.
സ്‌കൈ ഡൈവിംഗ് പോലെയുള്ള അഡ്വഞ്ചർ ടൂറിസത്തിനും കേരളത്തിൽ സാദ്ധ്യതയുണ്ട്. കോവളത്ത് വിപുലമായ വാട്ടർ സ്‌പോർട്സ് സൗകര്യങ്ങളുണ്ട്. തിരുവനന്തപുരം ജില്ലയിലെ ശാസ്താംപാറയിൽ പുതിയൊരു അഡ്വഞ്ചർ ടൂറിസം പാർക്കും അനുബന്ധ സൗകര്യങ്ങളും വരുന്നുണ്ട്.
? ടൂറിസം വിദ്യാഭ്യാസത്തിന് രാജ്യാന്തര നിലവാരം നല്കാൻ...
ടൂറിസം വിദ്യാഭ്യാസത്തിൽ സെന്റർ ഒഫ് എക്സലൻസ് ആക്കുകയെന്ന ലക്ഷ്യത്തോടെയാണ് കിറ്റ്സ് പ്രവർത്തിക്കുന്നത്. കോഴ്സുകളും പരിശീലന പരിപാടികളും കൂടുതൽ മികച്ചതാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. യൂണിവേഴ്സിറ്റി കോഴ്സുകൾക്കു പുറമ കിറ്റ്സിന് സ്വന്തം കോഴ്സുകളുണ്ട്. ഇതിലെല്ലാം സാദ്ധ്യമായ പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നു. ഫാക്കൽട്ടികളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്, റിസർച്ച് വിഭാഗം ശക്തിപ്പെടുത്തി, ഗവേഷണങ്ങളുടെ ഗൗരവം കൂട്ടുന്നതിന് കാരിയിംഗ് കപ്പാസിറ്റി സ്റ്റഡികൾ ആരംഭിച്ചു.
ഇന്നൊവേഷൻ, ഇൻക്യുബേഷൻ പോലെയുള്ള പ്രവർത്തനങ്ങൾക്ക് കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡുമായി സഹകരിച്ച് പ്രവർത്തിക്കും. ഇത്തരം പ്രവർത്തനം ഈ വർഷംതന്നെ തുടങ്ങും. അന്താരാഷ്ട്ര അക്കാദമിക് സഹകരണങ്ങളുടെ ഭാഗമായി കുട്ടികൾക്ക് ഇവിടെ തുടർന്നുകൊണ്ടുതന്നെ വിദേശത്തുള്ള കോഴ്സുകൾ പഠിക്കാനുള്ള സൗകര്യം ഭാവിയിൽ ലഭ്യമാക്കും. സ്റ്റുഡന്റ് എക്സ്‌ചേഞ്ചുകൾ, ഫാക്കൽട്ടി എക്സ്‌ചേഞ്ചുകൾ, എഡ്യുക്കേഷണൽ ടൂറിസം, ജോയിന്റ് സെമിനാറുകൾ പോലെയുള്ള കാര്യങ്ങൾ ടൂറിസം വിദ്യാഭ്യാസത്തെ ലോകോത്തരമാക്കാൻ സഹായിക്കും.
? വിദ്യാർഥികൾക്ക് പ്രായോഗിക പരിശീലനം ഉറപ്പാക്കുന്നത് എങ്ങനെ.
നൈപുണ്യ വികസനത്തിനും പ്രായോഗിക പരിജ്ഞാനം ഉറപ്പാക്കുന്നതിനും കിറ്റ്സ് കൊണ്ടുവന്ന ആശയമാണ് ഫിനിഷിംഗ് സ്‌കൂൾ. ടൂറിസം മേഖലയിൽ ഡിഗ്രി പഠനം പൂർത്തിയാക്കുന്നതുകൊണ്ടു മാത്രം ഈ മേഖലയിൽ ജോലി ചെയ്യുന്നതിനുള്ള നൈപുണ്യം ആർജ്ജിച്ചുകൊള്ളണമെന്നില്ല. തൊഴിൽ മേഖലയിലെ വെല്ലുവിളികളെ അഭിമുഖീകരിക്കാൻ പ്രാപ്തരാക്കുന്നതിനാണ് മൂന്ന് ആഴ്ച വരെ ദൈർഘ്യമുള്ള നൈപുണി വികസന പരിശീലനങ്ങൾ.
ഇതിനു പുറമേ ടൂറിസം മേഖലയിലെ ജോലികൾക്ക് കുട്ടികളെ സജ്ജരാക്കുന്നതിന്റെ ഭാഗമായാണ് കിറ്റ്സിന്റെ സ്വന്തം കോഴ്സുകളായ പി.ജി ഡിപ്ലോമ ഇൻ ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി, പി.ജി ഡിപ്ലോമ ഇൻ ടൂറിസം ആൻഡ് പബ്ലിക് റിലേഷൻ, പി.ജി ഡിപ്ലോമ ഇൻ ഡിജിറ്റൽ മാർക്കറ്റിംഗ് എന്നിവ. ഇതിനു പുറമേ ഫ്രണ്ട് ഓഫീസ് മാനേജ്‌മെന്റ്, എയർപോർട്ട് ഓപ്പറേഷൻസ്, ലോജിസ്റ്റിക്സ് മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളിലും ഡിപ്ലോമാ കോഴ്സുകളുണ്ട്.
? ആവർത്തിക്കുന്ന പ്രകൃതി ദുരന്തങ്ങളുടെ സാഹചര്യത്തിൽ വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ കുറവുണ്ടായോ.
അത്തരം സാഹചര്യങ്ങൾ ചുരുങ്ങിയ കാലത്തേക്കു മാത്രമാണ് ടൂറിസ്റ്റുകളിൽ സ്വാധീനം ചെലുത്തുക. പ്രകൃതിക്ഷോഭങ്ങളും മറ്റും സംഭവിക്കുമ്പോൾ വലിയ ആശങ്കയും ഭീതിയുമൊക്കെ സൃഷ്ടിക്കപ്പെട്ടേക്കാമെങ്കിലും അതെല്ലാം പെട്ടെന്ന് മാറുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ സാഹചര്യത്തിൽ ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞിരുന്നു. ഇപ്പോൾ ആ സാഹചര്യമില്ല. ലോകത്തെവിടെയും ടൂറിസം മേഖലയിൽ ഇതുതന്നെയാണ് സ്ഥിതി.
? ഡെസ്റ്റിനേഷൻ വെഡിംഗുകൾ പോലെയുള്ളവയ്ക്ക് കേരളത്തിൽ വലിയ സാദ്ധ്യതയില്ലേ.
തീർച്ചയായും. കുറേ വർഷങ്ങളായി ബാക്ക് വാട്ടർ ടൂറിസത്തിന് അപ്പുറത്തേക്കു കടക്കാൻ കേരളത്തിന് കഴിഞ്ഞിട്ടില്ലെന്ന ആക്ഷേപമാണ് ഇപ്പോൾ അഡ്വഞ്ചർ ടൂറിസത്തിലൂടെയും ഡെസ്റ്റിനേഷൻ വെഡിംഗുകളിലൂടെയും മറ്റും കേരളം മറികടക്കുന്നത്. തിരുവനന്തപുരത്ത് ശംഖുംമുഖത്തെ ഡെസ്റ്റിനേഷൻ വെഡിംഗ് കേന്ദ്രം മികച്ച ചുവടുവയ്പാണ്. കേരളത്തിലേക്ക് മികച്ച ആയുർവേദ സുഖ ചികിത്സകൾ തേടിവരുന്ന നിരവധി സഞ്ചാരികളുണ്ട്. ഇവരെ ലക്ഷ്യമിട്ടുള്ള വെൽനെസ് ടൂറിസം, റോഡ് മാർഗം ദീർഘദൂരം സഞ്ചരിക്കുന്നവർക്കായുള്ള കാരവാൻ ടൂറിസം, കണ്ടൽക്കാടുകൾ കേന്ദ്രീകരിച്ചുള്ള മാംഗ്രോവ് ടൂറിസം എന്നിവയെല്ലാം ഇവിടെ മികച്ച സാദ്ധ്യതകളുള്ള ടൂറിസം സംരംഭങ്ങളാണ്. പ്രകൃതിയെ കേന്ദ്രീകരിച്ചുള്ള നേച്ചർ ടൂറിസത്തിനാണ് എന്നും കേരളത്തിൽ സാദ്ധ്യത കൂടുതൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |