കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലെ പുതിയ കെട്ടിടത്തിലെ അത്യാഹിത വിഭാഗത്തിൽ കഴിഞ്ഞ ദിവസം രാത്രി നടന്ന സംഭവം അത്യന്തം ദൗർഭാഗ്യകരമാണെന്നു പ്രത്യേകിച്ചു പറയേണ്ടതില്ല. യു.പി.എസ് റൂമിൽ ഉണ്ടായ പൊട്ടിത്തെറി മൂലം കെട്ടിടത്തിന്റെ നാലു നിലകളിലേക്കും കനത്ത പുക പടരുകയായിരുന്നു. ഇതേത്തുടർന്ന് അത്യാഹിത വിഭാഗത്തിലേതടക്കം 200ലധികം രോഗികളെ അവിടെനിന്നു മാറ്റുകയുണ്ടായി. ഡോക്‌ടർമാരുൾപ്പെടെയുള്ള ആശുപത്രി ജീവനക്കാരും നാട്ടുകാരും കൂട്ടിരിപ്പുകാരും ചേർന്ന് രോഗികളെ ഉടൻ മാറ്റിയതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു. സംഭവത്തിനിടെ അഞ്ചു മൃതദേഹങ്ങൾ മോർച്ചറിയിലേക്കു മാറ്റുകയുണ്ടായി. ഇവർ പുക മൂലം ശ്വാസം മുട്ടി മരിച്ചതാണെന്ന് ആരോപണം ഉയർന്നെങ്കിലും ആശുപത്രി അധികൃതർ അത് നിഷേധിക്കുകയായിരുന്നു. മൂന്നു മരണം അപകടത്തിനു തൊട്ടു മുമ്പായിരുന്നുവെന്നും ഒരാൾ ആശുപത്രിയിലേക്കു വരുന്ന വഴിക്കും, വെന്റിലേറ്ററിലായിരുന്ന രോഗിയെ അവിടെ നിന്നു മാറ്റിയ ശേഷവുമാണ് മരിച്ചതെന്നും പ്രിൻസിപ്പൽ അറിയിച്ചു.
എന്നാൽ വസ്‌തുനിഷ്‌ഠമായ അന്വേഷണത്തിലൂടെ സംഭവത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരണം. കൃത്യനിർവഹണത്തിൽ ആരെങ്കിലും വീഴ്‌ച വരുത്തിയിട്ടുണ്ടെങ്കിൽ അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നു തക്കതായ ശിക്ഷ നൽകണം. മാത്രമല്ല മെഡിക്കൽ കോളേജിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയവരുടെ ചെലവ് സർക്കാർ ഏറ്റെടുക്കുകയും വേണം. മലബാറിലെ ഏറ്റവും വലിയ ആതുര സേവനകേന്ദ്രമാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി. ദൈനംദിനം മൂവായിരത്തിലധികം രോഗികൾ അവിടെ ചികിത്സ തേടിയെത്തുന്നുണ്ട്. പാവപ്പെട്ടവരും സാധാരണക്കാരുമായ അനേകായിരങ്ങളുടെ ആശ്രയകേന്ദ്രം കൂടിയാണ് ഈ ആശുപത്രി. സേവനമനസ്‌ക്കരായ ഡോക്‌ടർമാരും നഴ്‌സുമാരും മറ്റു വിവിധ വിഭാഗങ്ങളിലെ ജീവനക്കാരും ഉൾപ്പെടുന്നതാണ് ഈ ആശുപത്രി. അതേസമയം അടിക്കടി ഉണ്ടാകുന്ന ചില അനിഷ്‌ട സംഭവങ്ങൾ ആശുപത്രിയുടെ കീർത്തിക്കു മങ്ങലേൽപ്പിക്കുന്നുണ്ടെന്ന കാര്യം വിസ്‌മരിക്കാൻ കഴിയുന്നതല്ല.
പ്രസവ ശസ്‌ത്രക്രിയയ്‌ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ ഹർഷിന എന്ന യുവതി എട്ടുവർഷമായി നീതിക്കായി ഇപ്പോഴും അധികൃതരുടെ വാതിൽ മുട്ടുകയാണ്. എല്ലാ തെളിവുകളും എതിരായിട്ടും വീഴ്‌ച സമ്മതിക്കാൻ അധികൃതർ തയ്യാറായിട്ടില്ല. 2023 മാർച്ചിലാണ് തൈറോയ്‌ഡ് ശസ്‌ത്രക്രിയ കഴിഞ്ഞ് കിടക്കുകയായിരുന്ന യുവതി ലൈംഗിക അതിക്രമത്തിനിരയായത്. പരാതിയിൽ അറ്റൻഡർ അറസ്റ്റിലായെങ്കിലും ഇയാളെ രക്ഷിക്കാൻ വേണ്ടി അതിജീവിതയെ മാനസിക രോഗിയായി ചിത്രീകരിക്കാൻ പോലും ശ്രമമുണ്ടായി. ഭീഷണിപ്പെടുത്തിയവരെ അറസ്റ്റ് ചെയ്യാൻ പൊലീസ് വൈകി. പിന്നീട് ഇവരെ സർവീസിൽ തിരിച്ചെടുക്കാനും ശ്രമം നടന്നു. നീതിക്കായി സമരം തുടരുകയാണ് അതിജീവിത. കൈയ്‌ക്ക് പൊട്ടലിനുള്ള ശസ്‌ത്രക്രിയയ്‌ക്കിടെ കമ്പി മാറിയിട്ട സംഭവവും ഈ ആശുപത്രിയിൽ തന്നെയാണ് സംഭവിച്ചത്. കൈവിരലിന് ശസ്‌ത്രക്രിയയ്ക്കെത്തിയ നാലുവയസുകാരിയുടെ നാവിൽ ശസ്‌ത്രക്രിയ നടത്തിയ സംഭവത്തിലും മെഡിക്കൽ കോളേജ് ആരോപണത്തിന്റെ നിഴലിലാണ്.
സ്‌തുത്യർഹമായ സേവനത്തിലൂടെ ആശുപത്രിക്കു ലഭിച്ച യശസ്സ് നഷ്‌ടപ്പെടുത്തുന്നത് ചെറിയൊരു വിഭാഗം ജീവനക്കാരുടെ ഭാഗത്തു നിന്നുണ്ടാകുന്ന ഗുരുതരമായ കൃത്യവിലോപമാണ്. എന്തു വന്നാലും തങ്ങൾക്കു സംരക്ഷണം ലഭിക്കുമെന്നു ചിന്തിക്കുന്ന ഒരു വിഭാഗമുണ്ട്. ഇവിടെ സൂചിപ്പിച്ച എല്ലാ സംഭവങ്ങളിലും കൃത്യമായ നടപടി സ്വീകരിച്ചിരുന്നുവെങ്കിൽ ഇപ്പോൾ സംഭവിച്ചതു പോലെയുള്ള അത്യാഹിതങ്ങൾ ഉണ്ടാകുമായിരുന്നില്ല. ജീവനക്കാരെ നേർവഴിക്കു നയിക്കുന്നതിലും തെറ്റു ചെയ്‌താൽ ശിക്ഷിക്കപ്പെടുമെന്ന് ബോദ്ധ്യപ്പടുത്തുന്നതിലും സർവീസ് സംഘടനകൾക്കു സുപ്രധാന പങ്കുണ്ട്. എന്നാൽ സംഘടനയിൽ ആളെക്കൂട്ടാനും അവരെ നിലനിറുത്താനുമുള്ള ശ്രമത്തിൽ തങ്ങളുടെ ഡ്യൂട്ടിയെക്കുറിച്ച് ബോദ്ധ്യപ്പെടുത്താൻ ആരും മെനക്കെടാറില്ല. ഇരിക്കുന്ന സ്ഥലത്ത് സ്വസ്ഥമായി ഇരിക്കാമെന്നു വരുമ്പോൾ ഇതും ഇതിനപ്പുറവുമുള്ള വീഴ്‌ചകൾ വരും. ആരുണ്ടിവിടെ ചോദിക്കാൻ? എന്ന മനോഭാവമുള്ളവരെ നിയന്ത്രിക്കാൻ കർശന നടപടി കൈക്കൊള്ളുക തന്നെ വേണം. ഇപ്പോൾ നടന്ന സംഭവത്തിൽ നീതിപൂർവമായ അന്വേഷണം നടക്കട്ടെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |