SignIn
Kerala Kaumudi Online
Saturday, 26 July 2025 10.14 AM IST

പാഠം പഠി​ക്കാത്ത പാകി​സ്ഥാൻ

Increase Font Size Decrease Font Size Print Page

yoganadham

യോഗനാദം 2025 മേയ് 1 ലക്കം എഡിറ്റോറിയൽ

ഇന്ത്യയി​ലെ ഏറ്റവും സുന്ദരവും ദുർഘടവുമായ ഭൂപ്രദേശങ്ങളി​ലൊന്നായ ജമ്മു കാശ്മീർ സ്വാതന്ത്ര്യാനന്തരം അശാന്തി​യുടെ താഴ്‌വരയായി​രുന്നു. പാകി​സ്ഥാന്റെ പി​ന്തുണയോടെ ഭീകരപ്രവർത്തനങ്ങളും കൊള്ളയും കൊലപാതകങ്ങളും ന്യൂനപക്ഷമായ പണ്ഡി​റ്റുകൾക്കു നേരെയുള്ള ആക്രമണങ്ങളും കാശ്മീരി​നെ മുച്ചൂടും മുടി​ക്കാനാ​യി​ വി​ദേശ വി​നോദസഞ്ചാരി​കളെ ഉൾപ്പെടെ തട്ടി​ക്കൊണ്ടുപോയി​ വധി​ക്കലും വി​ദേശ ഇസ്ളാമി​ക തീവ്രവാദസംഘടനകളുടെ സാന്നി​ദ്ധ്യവും നി​ത്യേനയെന്നോണം ഉണ്ടായി. ആ സുന്ദരഭൂമി​യി​ൽ നി​ന്ന് വിനോദസഞ്ചാരികൾ ഒഴി​ഞ്ഞുപോയി​. ടൂറി​സം കേന്ദ്രങ്ങൾ വി​ജനമായി​. വി​ദ്യാഭ്യാസവും ജോലി​യും ഇല്ലാതായ,​ നി​രാശരായ യുവാക്കൾ ഭീകരരുടെ കൈയാളുകളായി​. സുരക്ഷാ സേനകളെ കല്ലെറി​യലും ആക്രമി​ക്കലും ഇന്ത്യൻ ദേശീയതയെ ആക്ഷേപി​ക്കലും മറ്റും ഇവരുടെ ദി​നചര്യകളായി​രുന്നു.

കേന്ദ്രത്തി​ൽ നരേന്ദ്ര മോദി​ സർക്കാർ അധി​കാരമേറ്റ ശേഷമാണ് ക്രമാനുഗതമായി​ കാശ്മീരി​ലെ സ്ഥി​തി​ഗതി​കൾ മാറി​യത്. വി​കസന പദ്ധതി​കൾ നടപ്പാക്കി​, പുതി​യ വി​ദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്സുകളും കൊണ്ടുവന്നു, ടൂറി​സം, കാർഷി​ക മേഖലകൾക്ക് പ്രത്യേകം പ്രാധാന്യം നൽകി​. അതി​നെല്ലാം പുറമേ കാശ്മീരി​നെ ഇന്ത്യയി​ൽ നി​ന്ന് വേർപെടുത്തി​ നി​റുത്തി​യി​രുന്ന പ്രത്യേക പദവി​യായ ഭരണഘടനയി​ലെ 370 -ാം വകുപ്പ് റദ്ദാക്കി​. അസാദ്ധ്യമെന്ന് കരുതി​യി​രുന്ന ഈ നടപടി പൂവി​റുക്കുന്ന ലാഘവത്തോടെയാണ് നടപ്പി​ൽ വരുത്തി​യത്. ഇതെല്ലാം കാശ്മീരി​നെ വീണ്ടും സന്തോഷത്തി​ന്റെയും ശാന്തി​യുടെയും ഭൂമി​കയാക്കി മാറ്റി​.

എന്നാൽ,​ കഴി​ഞ്ഞ ഏപ്രി​ൽ 22-ന് അനന്ത്നാഗ് ജി​ല്ലയി​ലെ ടൂറി​സം കേന്ദ്രമായ പഹൽഗാമി​ലെ ബൈസാരൻ താഴ്വരയി​ൽ വി​നോദസഞ്ചാരി​കൾക്കു നേരെ നടന്ന ഭീകരാക്രമണം രാജ്യത്തെ മാത്രമല്ല, ലോകത്തെ തന്നെ ഞെട്ടി​ച്ചുവെന്ന് പറയാം. നി​രായുധരായ മനുഷ്യരെ മതമേതെന്നു ചോദി​ച്ച് വെടി​വച്ചു കൊല്ലുന്ന നി​ഷ്ഠുരമായ പ്രവൃത്തി​ക്കാണ് രാജ്യം സാക്ഷ്യം വഹി​ച്ചത്. 26 ജീവനുകളെ അവരുടെ ഭാര്യമാരുടെയും മക്കളുടെയും മുന്നി​ൽ വച്ച് ഭീകരർ ഇല്ലാതാക്കി​യത് അത്യന്തം ഹീനമായ പ്രവൃത്തി​യായി​പ്പോയി​. എറണാകുളം ഇടപ്പള്ളി സ്വദേശിയായ എൻ. രാമചന്ദ്രനും അവിടെ കൊല്ലപ്പെട്ടത് കേരളത്തെയും കരയിച്ചു. രാമചന്ദ്രന്റെ മകൾ ആരതി കാമറകൾക്കു മുന്നിൽ ആ ഭീകരാനുഭവം വിശദീകരിച്ചത് നമ്മുടെ മനസുകളിൽ ഇന്നും വിങ്ങലാണ്.

2008-ലെ മുംബയ് ആക്രമണത്തിനു ശേഷം രാജ്യം നേരിട്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹൽഗാമിൽ നടന്നത്. കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിൽ പ്രതിഷേധിച്ച് 2019-ൽ രൂപീകരിക്കപ്പെട്ട റെസിസ്റ്റൻസ് ഫ്രണ്ട് എന്ന തീവ്രവാദ സംഘടന,​ സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തെങ്കിലും പിന്നിൽ പ്രവർത്തിച്ചത് പാക്കിസ്ഥാനും അവിടെ വേരുകളുള്ള തീവ്രവാദ സംഘടനകളുമാണെന്ന് പകൽ പോലെ വ്യക്തം. കൂട്ടക്കൊലയെ തുടർന്ന് ഇന്ത്യയും പാകിസ്ഥാനും ഒരു സൈനിക ഏറ്റുമുട്ടലിന്റെ വക്കിലാണെന്നു പറയാം. ഏതുസമയവും ഇന്ത്യ ആക്രമിക്കുമെന്ന് പാകിസ്ഥാൻ ഭയപ്പെടുന്നു.

മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇംഗ്ളീഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയതാണ് ഇരു രാജ്യങ്ങളും. മതത്തിന്റെ പേരിലാണ് 78 വർഷം മുമ്പ് അവർ നമ്മളിൽ നിന്ന് വിട്ടുപോയത്. ഇന്ത്യാ വിരുദ്ധതയിലാണ് അന്നും ഇന്നും ആ രാജ്യത്തിന്റെ നിലനിൽപ്പ്. രാഷ്ട്രീയ അസ്ഥിരതയും ഭരണത്തിലെ സൈനിക ഇടപെടലും സൈനിക അട്ടിമറിയും ദുർബലമായ ജനാധിപത്യവും എന്നും അവരുടെ ശാപമാണ്. ലോകസമാധാനത്തിന് ഭീഷണിയായ ഭീകരതയുടെ ഈറ്റില്ലമായി പാകിസ്ഥാൻ മാറിയിട്ട് പതിറ്റാണ്ടുകളായി. അഫ്ഗാനിസ്ഥാനിലെ റഷ്യൻ അധിനിവേശത്തെ തുടർന്നുണ്ടായ അമേരിക്കൻ ഇടപെടലാണ് അതിന് വഴിയൊരുക്കിയത്. ലോകത്തെ ഇസ്ളാമിക തീവ്രവാദങ്ങളുടെ പ്രഭവകേന്ദ്രമാണിന്ന് ആ രാജ്യം. അമേരിക്കയെ വിറപ്പിച്ച ബിൻ ലാദനെ അവർ പിടികൂടിയത് പാകിസ്ഥാനിലെ അബോട്ടാബാദിൽ നിന്നായിരുന്നു. അമേരിക്കൻ ഫണ്ടിന്റെയും ആയുധങ്ങളുടെയും ബലത്തിലാണ് ഇത്രയും കാലം അവർ നമ്മളെ ഭയപ്പെടുത്താൻ ശ്രമിച്ചത്. അമേരിക്കൻ താത്പര്യങ്ങൾ മാറിയതോടെ അത് ചൈനീസ് പിന്തുണയിലായി.

പാകിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ അവസ്ഥയിലൂടെയാണ് ആ രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. ഇത്തരം ഘട്ടങ്ങളിലെല്ലാം തന്നെ ഇന്ത്യയുമായുള്ള സംഘർഷമാണ് അവിടുത്തെ രാഷ്ട്രീയ, സൈനിക നേതൃത്വങ്ങളുടെ രക്ഷാമാർഗം. പാക് കരസേനാ മേധാവി ജനറൽ ആസിഫ് മുനീർ വിദേശ പര്യടനത്തിനിടെ കാശ്മീരിനെക്കുറിച്ച് നടത്തിയ പ്രസ്താവന തീർത്തും നിഷ്കളങ്കമെന്നു കരുതി തള്ളാനാവില്ല. കാശ്മീർ പാകിസ്ഥാന്റെ കഴുത്തിലെ സുപ്രധാന ഞരമ്പാണെന്നും എന്തു സംഭവിച്ചാലും അവിടം ഇന്ത്യയ്ക്ക് വിട്ടുകൊടുക്കില്ലെന്നുമുള്ള ആ പ്രസ്താവനയ്ക്ക് മണിക്കൂറുകൾക്കു ശേഷമാണ് പഹൽഗാമിൽ നിരായുധരായ സിവിലിയൻമാരുടെ തലയിലേക്ക് പാക് പിന്തുണയുള്ള തീവ്രവാദികൾ നിറയൊഴിച്ചത്. അതിന് തക്കതായ മറുപടി ഇന്ത്യ അവർക്കു നൽകുമെന്ന് ഉറപ്പാണ്. ഉറിയിലും പുൽവാമയിലും മുമ്പ് ഭീകരാക്രമണമുണ്ടായപ്പോൾ ഇന്ത്യ പാകിസ്ഥാനുള്ളിൽ കയറി പ്രത്യാക്രമണം നടത്തിയിരുന്നു. അത് ഇക്കുറിയും ഉണ്ടാകും. അത് എപ്പോൾ, എങ്ങനെ, എവിടെ നടക്കുമെന്നു മാത്രമേ അറിയാനുള്ളൂ.

ഇന്ത്യൻ കാശ്മീരിന്റെ ഇന്നത്തെ അവസ്ഥ പാകിസ്ഥാനെ പ്രകോപിപ്പിക്കുന്നുണ്ട്. എല്ലാ രംഗത്തും കാശ്മീർ മുന്നേറുകയാണ്. കഴിഞ്ഞ വർഷം മാത്രം 2.53 കോടി വിനോദസഞ്ചാരികളാണ് ഇവിടേക്ക് പ്രവഹിച്ചത്. വലിയ മാറ്റങ്ങളാണ് ഇവിടെ സംഭവിക്കുന്നതെന്നും ലോകം മനസിലാക്കിക്കഴിഞ്ഞു. വികസനവും സമാധാനവും ഈ സുന്ദര ഭൂപ്രദേശത്തിലുണ്ട്. മക്കൾ ഭീകരരായി മാറുന്നതു കണ്ട് കണ്ണീരൊഴുക്കിയ അമ്മമാരുടെ ഭൂമിയല്ല ഇന്ന് കാശ്മീർ. കാശ്മീരിനെ വീണ്ടും സംഘർഷഭൂമിയാക്കി മാറ്റാനുള്ള ശ്രമങ്ങളോടുള്ള പ്രതിഷേധമാണ് പഹൽഗാം ആക്രമണത്തിനു ശേഷം അവിടത്തെ ജനത പ്രകടിപ്പിച്ചത്. അവരുടെ സമാധാനം നിലനിറുത്താനുള്ള ഏതു ശ്രമത്തിനും പിന്തുണയുണ്ടാകുമെന്ന വിശ്വാസം വലിയ ശക്തിയാണ്.

പാകിസ്ഥാൻ രാഷ്ട്രീയമായും സാമ്പത്തികമായും സൈനികമായും രാഷ്ട്രീയമായും ഏറ്റവും ദുർബലാവസ്ഥയിലാണ് ഇപ്പോൾ. ബലൂചിസ്ഥാനിലും അഫ്ഗാൻ അതിർത്തിയിലും സ്ഥിതിഗതികൾ സങ്കീർണമാണ്. പാക്- താലിബാൻ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ ഗുരുതരമാണ്. ഏതു നിമിഷവും വിഘടിച്ച് പല രാജ്യങ്ങളാകാൻ സാദ്ധ്യതയുള്ള അവസ്ഥയിലൂടെ കടന്നുപോകുന്ന ആ രാജ്യത്തിന് പിടിച്ചുനിൽക്കാനുള്ള തുറുപ്പുചീട്ടാണ് ഇന്ത്യാ വിരുദ്ധത. ഇത്തരം സാഹചര്യങ്ങളിൽ ഭാരതത്തിലും കാശ്മീരിലും പലതരത്തിലുള്ള ഭീകരപ്രവൃത്തികൾ പാക് സൈന്യം പരോക്ഷമായി​ ചെയ്യാറുണ്ട്. അതിന്റെ ഏറ്റവും പുതിയ എപ്പിസോഡാണ് പഹൽഗാം. ഇന്ത്യ ഈ സംഭവത്തോട് എങ്ങനെ പ്രതികരിക്കുമെന്ന് കാത്തിരിക്കുകയാണ് ലോകം.

സിന്ധു നദീജല കരാർ റദ്ദാക്കുക വഴി പാകിസ്ഥാന്റെ മർമ്മത്തു തന്നെയാണ് ഇന്ത്യ ആദ്യം പ്രഹരിച്ചത്. നയതന്ത്ര തലത്തിലും പാക്കിസ്ഥാൻ ഒറ്റപ്പെട്ട നിലയിലേക്ക് മാറുകയാണ്. പഴയ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ. ലോകത്തെ ഏറ്റവുമധികം ജനസംഖ്യയുള്ള, ഏറ്റവുമധികം യുവാക്കളുള്ള അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി നാം മാറിക്കഴിഞ്ഞു. ഒരു നിലയ്ക്കും ഇന്ത്യയുടെ ഏഴയലത്തു വരില്ല,​ പാകിസ്ഥാൻ. തുറന്ന യുദ്ധം നമ്മുടെ രാജ്യത്തിനു തന്നെ നഷ്ടങ്ങളുണ്ടാക്കും. വികസനത്തെയും മുന്നേറ്റത്തെയും അത് ബാധിക്കും. നമ്മുടെ മുന്നിൽ ഒന്നുമല്ലാത്ത ഒരു രാജ്യത്തോട് യുദ്ധം ഒഴിവാക്കി നയതന്ത്രതലത്തിലും മറ്റുരീതികളിലും അവരെ മുട്ടികുത്തിക്കാനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമങ്ങളെന്നാണ് സൂചന. അതാണ് ഉചിതവും. നമ്മുടെ ചോരയ്ക്ക് നാം മറുപടി പറയുക തന്നെ വേണം. അതിന് യുദ്ധം അവസാന മാർഗമാകട്ടെ.

TAGS: YOGANADHAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.