മരുന്നിന്റെ നിലവാരം,സംഭരണരീതി സംശയത്തിൽ
തിരുവനന്തപുരം/ കൊല്ലം: ആന്റിറാബിസ് വാക്സിൻ എടുത്തവർക്കും പേവിഷ ബാധ വരുന്നത് ആശങ്ക പടർത്തുന്നു. സംസ്ഥാനത്ത് ആശുപത്രികളിൽ കുത്തിവയ്ക്കുന്ന വാക്സിന്റെ ഗുണനിലവാരത്തിൽ സംശയവുമുയരുന്നു.
കൊല്ലത്ത് ഏഴുവയസുകാരിക്ക് മൂന്ന് ഡോസ് വാക്സിനെടുത്തിട്ടും പേവിഷ ബാധ സ്ഥിരീകരിച്ചതാണ് ഒടുവിലത്തെ സംഭവം. വിളക്കുടി ജാസ്മിൻ മൻസിലിൽ ഹബീറയുടെ മകൾ നിയ ഫൈസലിന് ഏപ്രിൽ എട്ടിന് രാവിലെയാണ് കടിയേറ്റത്. ഗുരുതര നിലയിൽ എസ്.എ.ടി ആശുപത്രി വെന്റിലേറ്ററിലാണ്.
വാക്സിനെടുത്ത 25 പേർ അഞ്ചുവർഷത്തിനിടെ പേവിഷം ബാധിച്ച് മരിച്ചെന്നാണ് വിവരം. കഴിഞ്ഞയാഴ്ച മലപ്പുറത്ത് അഞ്ചു വയസുകാരി സിയ ഫാരിസും വാക്സിനെടുത്ത ശേഷമാണ് മരണമടഞ്ഞത്. പലർക്കും അവസാന ഡോഡ് കാത്തിരിക്കെയാണ് ലക്ഷണങ്ങൾ പ്രകടമായത്. ഈ സാഹചര്യത്തിലാണ് വാക്സിന്റെ നിലവാരം ചോദ്യം ചെയ്യപ്പെടുന്നത്.
2022ൽ സമാന സാഹചര്യമുണ്ടായപ്പോൾ വാക്സിനും ഇമ്മ്യൂണോ ഗ്ലോബുലിനും ഹിമാചൽ പ്രദേശിലെ കസോളിൽ അയച്ച് പരിശോധിച്ച് നിലവാരം ഉറപ്പാക്കിയിരുന്നു. വാക്സിൻ ഫലപ്രദമാണെങ്കിലും, ചെറിയ അശ്രദ്ധ പോലും അപകടത്തിലേക്ക് നയിക്കും.
പേവിഷ ബാധയുള്ള നായയോ,പൂച്ചയോ കടിച്ചാലോ നഖം കൊണ്ട് പോറിയാലോ മുറിവിലൂടെയാണ് വൈറസ് മനുഷ്യശരീരത്തിലെത്തുന്നത്. വൈറസ് തലച്ചോറിലെത്തും മുമ്പ് വാക്സിൻ എടുത്താലേ ഫലപ്രദമാകൂ. നാഡീഞരമ്പുക ളിൽ കടിയേറ്റാൽ അതിവേഗം വൈറസ് തലച്ചോറിലെത്തും. പ്രതിരോധ വാക്സിനിലൂടെ ആന്റിബോഡി രൂപപ്പെടും മുമ്പാണെങ്കിൽ പേവിഷ ബാധയുണ്ടാകാം.
വീട്ടുമുറ്റത്ത് താറാവിനെ പിടിക്കാനെത്തിയ നായ നിയയുടെ ഇടത് കൈമുട്ടിൽ കടിക്കുകയായിരുന്നു. ഏപ്രിൽ 8ന് കടിയേറ്റതിനു പിറകേ ആദ്യ ഡോസെടുത്തു. ഏപ്രിൽ 11, 15 തീയതികളിൽ തുടർ ഡോസുകളും. ചൊവ്വാഴ്ചയാണ് അവസാന ഡോസെടുക്കേണ്ടത്.
നിയയുടെ കൈ ഞരമ്പിൽ മുറിവുണ്ടായിക്കാണുമെന്നാണ് വിലയിരുത്തൽ. അതുവഴി വൈറസ് വേഗത്തിൽ തലച്ചോറിൽ ബാധിച്ചതാകാം.
വാക്്സിന്റെ ശീതീകരണം ഉറപ്പാക്കണം
ഐ.ഡി.ആർ.വി വാക്‌സിന്റെയും മുറിവിൽ കുത്തിവയ്ക്കുന്ന ഇമ്മ്യൂണോ ഗ്ലോബുലിന്റെയും നിലവാരം പ്രധാനം. സംശയം തോന്നിയാൽ ഒരേ ബാച്ച് നമ്പരിലുള്ളവ പരിശോധിച്ച് ഉറപ്പാക്കണം. നിലവാരമുള്ള മരുന്നും കൃത്യമായ ശീതീകരണ സംവിധാനത്തിൽ സൂക്ഷിച്ചില്ലെങ്കിൽ അപടകമാണ്. ഫ്രിഡ്ജ് ഓഫ് ചെയ്യുന്നതും ഇടയ്ക്ക് വൈദ്യുതി ബന്ധം നഷ്ടമാകുന്നതും മരുന്നിന്റെ നിലവാരം നഷ്‌ടമാക്കും. തൊലിയ്ക്കടിയിൽ എടുക്കുന്ന ഐ.ഡി.ആർ.വി ഒരു എം.എൽ വീതം രണ്ടു കൈകളിലാണ് എടുക്കുന്നത്. 0,3,7,28 എന്നിങ്ങനെ ദിവസങ്ങളിലാണ് വാക്സിനെടുക്കുന്നത്. ആദ്യദിവസം എടുക്കുന്ന വാക്സിൻ ഫലപ്രദമാകുന്നത് വരെ അടിയന്തര പ്രതിരോധം തീർക്കാനാണ് ഇമ്മ്യൂണോ ഗ്ലോബുലിൻ മുറിവിൽ കുത്തിവയ്ക്കുന്നത്. കടിയേറ്റ് ഉടൻ ഇത് എടുക്കണം.
വാക്സിസിന്റെയും ഇമ്മ്യൂണോഗ്ലോബുലിന്റെയും സംഭരണത്തിലും കൈമാറ്റത്തിലും അശ്രദ്ധ പാടില്ല.ശീതീകരണ സംവിധാനം പാളിയാൽ അപകടമാണ്
ഡോ.ജെ.ജി.രവികുമാർ
ഫാർമക്കോളജി വിഭാഗം മുൻമേധാവി
തിരു.മെഡിക്കൽ കോളേജ്
കടിയേറ്റാൽ 20മിനിട്ടോളം ഒഴുകുന്ന വെളളത്തിൽ സോപ്പ് ഉപയോഗിച്ച് മുറിവ് കഴുകണം. ഈഘട്ടത്തിൽ 90ശതമാനം വൈറസും നശിക്കും.തുടർന്നാണ് ചികിത്സതേടേണ്ടത്
-ഡോ.എ.അൽത്താഫ്
പ്രൊഫസർ,കമ്മ്യൂണിറ്റി മെഡിസിൻ
തിരു.മെഡിക്കൽ കോളേജ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |