കൊടുങ്ങല്ലൂർ : മുൻ വർഷത്തേക്കാൾ മാമ്പഴം വിപണിയിൽ ഒന്നിച്ചെത്തിയതോടെ, മാമ്പഴ വിപണിയിൽ കച്ചവടക്കാർക്ക് തിരിച്ചടി. ഇതുമൂലം മാമ്പഴത്തിന്റെ വിലയിടിഞ്ഞു. നാട്ടുമാവിലെ മാമ്പഴമാണ് വിപണിയിൽ 95 ശതമാനവും വരുന്നത്. മാവുകൾ വൈകി പൂവിട്ടതാണ് മാമ്പഴ വിപണി വൈകാനും പ്രതിസന്ധിക്കും ഇടയാക്കിയത്.
മൂത്ത് പാകമായ മാങ്ങ നശിച്ചുപോകുമെന്ന ആശങ്കയിലാണ് വ്യാപാരികൾ മാങ്ങ പൊട്ടിച്ചെടുക്കുന്നത്. മാമ്പഴക്കാലം തീരാൻ രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോഴാണ് മാമ്പഴത്തിന്റെ തള്ളിക്കയറ്റം. കഴിഞ്ഞ മാമ്പഴക്കാലത്ത് പ്രിയോരിന് കിലോയ്ക്ക് 80-90 രൂപയായിരുന്നുവെങ്കിൽ ഇത്തവണ 30-35 രൂപയായി മൊത്തവില. മൂവണ്ടൻ മാമ്പഴത്തിന്റെ വില 60 രൂപയായിരുന്നത് ഇത്തവണ 25 രൂപയിലേക്കെത്തി.
മൽഗോവയുടെ വില 120 രൂപയിൽ നിന്ന് ഇത്തവണ 50 രൂപയായി ചുരുങ്ങി. സെക്കൻഡ് പ്രിയോർ മാമ്പഴത്തിന് 20-25 രൂപ വിലയുള്ളൂ. ചുവന്നുതുടുത്ത സിന്ദൂരം 35-40, ബഗനപ്പള്ളി 40 രൂപ എന്നിങ്ങനെ പോകുന്നു മാമ്പഴ വില. മാവ് പൂക്കുന്നതിന് മുമ്പേ വില നൽകി ഉറപ്പിച്ചാണ് കച്ചവടം ഉറപ്പിക്കുന്നത്. പിന്നീട് ആയിരക്കണക്കിന് രൂപ ചെലവിട്ട് മരുന്നു തളിയും പരിചരണവും നടത്തുന്നു.
മൂവാണ്ടൻ മാവ് വർഷത്തിൽ രണ്ടും മൂന്നും തവണ കായ്ക്കുന്നത് മാങ്ങ വ്യാപാരികൾക്ക് ആശ്വാസമായിരുന്നു. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിന്നാണ് പ്രധാന മാർക്കറ്റായ കോട്ടപ്പുറത്ത് മാമ്പഴമെത്തിക്കുന്നത്.
വില കൂടിയേക്കും
ഈ മാസം കഴിയുന്നതോടെ പുറത്തു നിന്നുള്ള മാമ്പഴവുമെത്തും. നാട്ടിലെ മാമ്പഴം ഇല്ലാതാകുന്നതോടെ പുറത്തുനിന്നുള്ള മാമ്പഴത്തിന് വില കൂടുമെന്ന് വ്യാപാരികൾ പറയുന്നു. അന്ധ്ര, കർണ്ണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് പ്രധാനമായും മാമ്പഴമെത്തുന്നത്. ഇടനിലക്കാർ വഴിയാണ് അന്യ സംസ്ഥാന മാമ്പഴങ്ങളെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |