ലക്നൗവിനെ തോൽപ്പിച്ച് പഞ്ചാബ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്
ധർമ്മശാല : ഇന്നലെ രാത്രി നടന്ന രണ്ടാം ഐ.പി.എൽ മത്സരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സിനെ 37 റൺസിന് തോൽപ്പിച്ച് പഞ്ചാബ് കിംഗ്സ് പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനത്തേക്കുയർന്നു. ധർമ്മശാലയിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പഞ്ചാബ് നിശ്ചിത 20 ഓവറിൽ 236/5 എന്ന സ്കോർ ഉയർത്തിയപ്പോൾ ലക്നൗവിന് 199/7ലേ എത്താനായുള്ളൂ.
48 പന്തുകളിൽ 91 റൺസ് അടിച്ചുകൂട്ടിയ ഓപ്പണർ പ്രഭ് സിമ്രാൻ സിംഗിന്റെ സൂപ്പർ ബാറ്റിംഗിലാണ് പഞ്ചാബ് മികച്ച സ്കോറിലേക്ക് മുന്നേറിയത്. ആദ്യ ഓവറിൽ ടീം സ്കോർ രണ്ട് റൺസിൽ നിൽക്കുമ്പോൾ പ്രിയാംശ് ആര്യ (1) പുറത്തായശേഷം പ്രഭ് സിമ്രാന്റെയും ജോഷ് ഇൻഗിലിസ് (30), ശ്രേയസ് അയ്യർ (45),ശശാങ്ക് സിംഗ് (33 നോട്ടൗട്ട്), നെഹാൽ വധേര(16), സ്റ്റോയ്നിസ് (15*) എന്നിവരുടെയും തകർപ്പൻ ബാറ്റിംഗിലൂടെ പഞ്ചാബ് മികച്ച സ്കോറിലേക്ക് പായുകയായിരുന്നു. 48 പന്തുകൾ നേരിട്ട പ്രഭ്സിമ്രാൻ ആറ് ഫോറുകളും ഏഴ് സിക്സുകളുമാണ് പായിച്ചത്.18.5-ാം ഓവറിൽ ധ്രുവ് രതിയുടെ പന്തിൽ നിക്കോളാസ് പുരാന് ക്യാച്ച് നൽകിയാണ് പ്രഭ്സിമ്രാൻ പുറത്തായത്.
മറുപടിക്കിറങ്ങിയ ലക്നൗവിന് വേണ്ടി ആയുഷ് ബദോനിയും(74) അബ്ദുൽ സമദും (45) പൊരുതിനോക്കിയെങ്കിലും ഫലമുണ്ടായില്ല.73 റൺസ് എടുക്കുന്നതിനിടെ അഞ്ചുവിക്കറ്റുകൾ നഷ്ടമായതാണ് ലക്നൗവിന് തിരിച്ചടിയായത്. നാലോവറിൽ 16 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ അർഷ്ദീപ് സിംഗും രണ്ട് വിക്കറ്റ് വീഴ്ത്തിയ അസ്മത്തുള്ള ഒമർസായ്‌യും ചേർന്നാണ് ലക്നൗവിനെ ബാക്ക്ഫുട്ടിലാക്കിയത്. മിച്ചൽ മാർഷ് (0),മാർക്രം (13), നിക്കോളാസ് പുരാൻ (6) എന്നിവരെയാണ് അർഷ്ദീപ് പുറത്താക്കിയത്. റിഷഭ് പന്തിനെയും(18) മില്ലറെയും (11) ഒമർസായ് മടക്കിഅയച്ചു. തുടർന്നാണ് ബദോനിയും സമദും ചേർന്ന് 81 റൺസ് കൂട്ടിച്ചേർത്തത്. ബദോനിയെ ചഹലും സമദിനെ ജാൻസനും പുറത്താക്കിയതോടെ ലക്നൗവിന്റെ ചേസിംഗ് വീര്യം ചോർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |