കേരളത്തിൽ തെരുവുനായ്ക്കളുടെ എണ്ണം വലിയ തോതിൽ കൂടുകയും പേവിഷ ബാധയേറ്റുള്ള മരണങ്ങൾ ഭീതി ജനിപ്പിക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. അതിനേക്കാൾ ആശങ്ക സൃഷ്ടിക്കുന്നതാണ് ആന്റി റാബിസ് വാക്‌സിൻ എടുത്തവർക്കും പേവിഷബാധ വരുന്നു എന്നത്. കൊല്ലത്ത് ഏഴുവയസുകാരിക്ക് മൂന്ന് ഡോസ് വാക്‌സിനെടുത്തിട്ടും പേവിഷബാധ സ്ഥിരീകരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഈ കുട്ടിയുടെ ജീവൻ നഷ്ടപ്പെട്ടു. വെള്ളിയാഴ്ച രാത്രിയിൽ പി.ജി ഡോക്ടർ, വിപണിയിൽ നിറുത്തലാക്കിയ മരുന്ന് ഈ കുട്ടിക്കു വേണ്ടി എഴുതി നൽകിയിരുന്നു. ശനിയാഴ്ച രാവിലെ വരെ കുട്ടിയുടെ ബന്ധുക്കൾ ഈ മരുന്നിനു വേണ്ടി മെഡിക്കൽ സ്റ്റോറുകൾ കയറിയിറങ്ങി. ഒടുവിൽ മാദ്ധ്യമങ്ങളുടെ മുന്നിലെത്തി സഹായം തേടിയപ്പോഴാണ് ആശുപത്രി അധികൃതർ വിഷയത്തിൽ ഇടപെടുകയും വിപണിയിലില്ലാത്ത മരുന്നാണെന്ന് കണ്ടെത്തുകയും ചെയ്തത്.
മുതിർന്ന ഡോക്ടർമാർ കൈകാര്യം ചെയ്യേണ്ട ഇത്തരം ഗുരുതരമായ വിഷയം ജൂനിയർ ഡോക്ടർമാരെ ഏൽപ്പിച്ചത് ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ പിഴവാണ്. പിന്നീട് ആശുപത്രിയുടെ ഇൻ ഹൗസ് ഡ്രഗ് ബാങ്കിൽ നിന്ന് കുട്ടിക്ക് സൗജന്യമായി മരുന്ന് നൽകിയെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. പേവിഷബാധയേറ്റ് മരണമടഞ്ഞ നിയാ ഫൈസലിന്റെ മാതാവ് ഹബീറ മാദ്ധ്യമങ്ങളോട് നെഞ്ചുപൊട്ടി പറഞ്ഞ വാക്കുകൾ ആരുടെയും കണ്ണ് നനയിക്കാൻ പോന്നതാണ്. അതിലുപരി അവർ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ അധികൃതർ ഗൗരവത്തോടെ ശ്രദ്ധിക്കേണ്ടതുമാണ്. വീടിനടുത്ത് മാലിന്യം നിക്ഷേപിക്കരുതെന്ന് എല്ലാവരോടും പലതവണ അവർ പറഞ്ഞിരുന്നതാണ്. എന്നാൽ ആരും അതു കേട്ടില്ല. വേസ്റ്റ് ഭക്ഷിക്കാൻ വന്ന നായ്‌ക്കളാണ് ആ കുട്ടിയെ കടിച്ചുകീറിയത്. വീടിനു സമീപം വേസ്റ്റ് ഇടുന്നതിനെതിരെ അവർ പരാതി നൽകിയിരുന്നെങ്കിലും ബന്ധപ്പെട്ട അധികൃതർ യാതൊരു നടപടിയും എടുത്തിരുന്നില്ല.
വാക്സിനെടുത്തിട്ടും പേവിഷബാധയേൽക്കുന്നത് സംസ്ഥാനത്ത് ആദ്യ സംഭവമല്ല. കഴിഞ്ഞ ഒരു മാസത്തിനിടെ രണ്ട് പെൺകുട്ടികൾ ഇതേ അവസ്ഥയിൽ മരണമടഞ്ഞിരുന്നു. ഏപ്രിൽ 9-ന് പത്തനംതിട്ട പുല്ലാട് സ്വദേശി, പതിമൂന്നുകാരിയായ ഭാഗ്യലക്ഷ്‌മിയും, ഏപ്രിൽ 29-ന് മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി ആറുവയസുകാരി സിയ ഫാരിസുമാണ് മരിച്ചത്. 2021-നു ശേഷം, പേവിഷബാധയ്ക്കുള്ള വാക്‌സിൻ എടുത്തശേഷം 22 പേർ പേവിഷബാധയേറ്റ് മരണമടഞ്ഞെന്നാണ് ആരോഗ്യവകുപ്പിന്റെ തന്നെ ഔദ്യോഗിക കണക്കുകൾ പറയുന്നത്. ഈ വാക്‌സിൻ ഉപയോഗശൂന്യമാണെങ്കിൽ അത് വീണ്ടും കുത്തിവയ്ക്കുന്നതുകൊണ്ട് എന്താണ് പ്രയോജനം? ഈ വാക്‌സിൻ പിൻവലിക്കാൻ സർക്കാർ തയ്യാറാകുമോ? വാക്‌സിന്റെ നിലവാരത്തെക്കുറിച്ച് അന്വേഷണം നടത്തുമോ? ഇത്തരം നിരവധി ചോദ്യങ്ങൾ ജനങ്ങളുടെ മനസിൽ ഉയരുന്നുണ്ട്.
സംസ്ഥാനത്ത് വാക്‌സിൻ വിതരണം ഏകോപിപ്പിക്കുന്ന സാങ്കേതിക വിദഗ്ദ്ധർ ഉൾപ്പെട്ട വാക‌്‌സിൻ കമ്മിറ്റി അടിയന്തര യോഗം ചേർന്ന് ഇക്കാര്യങ്ങളിൽ വിശദീകരണം നൽകേണ്ടതാണ്. സർക്കാർ ആശുപത്രിയിൽ നിന്നുള്ള പ്രതിരോധ കുത്തിവയ്‌പ് ഫലപ്രദമല്ലെന്നു കണ്ടാൽ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാകും ജനങ്ങൾ. സ്വകാര്യ ആശുപത്രികളിൽ പേവിഷബാധ പ്രതിരോധ വാക്സിന് വലിയ വിലയാണ് ഈടാക്കുന്നത്. അതിനാൽ സാധാരണക്കാർക്ക് ഇത് താങ്ങാനും ആവില്ല. സർക്കാർ ആശുപത്രികളിൽ വാക്‌സിൻ സൂക്ഷിക്കുന്നതിൽ ഉണ്ടാകുന്ന പാകപ്പിഴകളും അപകടത്തിലേക്ക് നയിക്കാം. അതുപോലെ തന്നെ തെരുവുനായ്ക്കളെ നിയന്ത്രിക്കാനും സാദ്ധ്യമായ എല്ലാ നടപടികളും അടിയന്തരമായി സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |