വിധിക്കെതിരെ അക്ഷരങ്ങളിലൂടെ പോരാടി വിജയിച്ച കേരള സാക്ഷരതാ രംഗത്തെ ഏറ്റവും തിളങ്ങുന്ന പ്രതീകമായിരുന്ന റാബിയ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. പത്മശ്രീ പുരസ്കാര ജേതാവുകൂടിയായ കെ.വി. റാബിയ അൻപത്തിയൊൻപതാമത്തെ വയസിലാണ് അർബുദ രോഗത്തെ തുടർന്ന് ചക്രക്കസേരയിലെ ജീവിതത്തോട് വിട പറഞ്ഞത്. ഒൻപതാം ക്ളാസിൽ പഠിക്കുമ്പോൾ പോളിയോ ബാധിച്ച് ശരീരം തളർന്നെങ്കിലും തളരാത്ത ഒരു മനസുമായി അവർ ബിരുദവും ബിരുദാനന്തര ബിരുദവുമെല്ലാം നേടി. തൊണ്ണൂറുകളിൽ കേരളത്തിൽ വലിയ ചലനങ്ങൾ സൃഷ്‌ടിച്ച സാക്ഷരതാ പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായി മാറിയതോടെയാണ് റാബിയ കേരളമാകെ ശ്രദ്ധിക്കപ്പെട്ടത്. അക്ഷരാഭ്യാസമില്ലാത്ത ഒട്ടേറെപ്പേരെ അക്ഷരലോകത്തേക്ക് നയിച്ച പുണ്യജീവിതമായിരുന്നു അവരുടേത്.
ഗ്രാമങ്ങളിലെ നിരക്ഷരർക്ക് അക്ഷരം പകരാൻ റാബിയ ചക്രക്കസേരയിൽ സഞ്ചരിക്കാത്ത നാട്ടിടവഴികൾ കുറവാണ്. സ്വന്തം വീട്ടിൽത്തന്നെ വിശാലമായ ലൈബ്രറി ഒരുക്കി. കുട്ടികൾക്ക് ട്യൂഷനെടുത്തു. നാട്ടിലെ എല്ലാ വീട്ടിലും പുസ്തകങ്ങളെത്തിച്ചു. വനിതകൾക്കിടയിൽ വായന നിർബന്ധമാക്കിയതിലൂടെ സ്ത്രീ ശാക്തീകരണത്തിന് പാതയൊരുക്കി. കൂടാതെ സ്വയം തൊഴിൽ സംരംഭങ്ങൾക്ക് നേതൃത്വം നൽകി. നാട്ടിലെ വികസന പ്രവർത്തനങ്ങൾക്ക് വഴികാട്ടിയായി മുന്നിൽ നിന്നു. അശരണർക്ക് ആശ്വാസമേകാൻ റാബിയ ഫൗണ്ടേഷൻ ട്രസ്റ്റ് രൂപീകരിച്ചു. പെയിൻ ആന്റ് പാലിയേറ്റീവ് പ്രവർത്തനങ്ങൾ നടത്തി. തന്നെ തോൽപ്പിക്കാൻ ശ്രമിച്ച വിധിയെ ഒരു ചെറുപുഞ്ചിരിയോടെ നേരിട്ട് അവർ നടത്തിയ സാമൂഹ്യ പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതാണ്. ഒടുവിൽ അതിനുള്ള അംഗീകാരമായി രാഷ്ട്രം 2022-ൽ പത്മശ്രീ നൽകി ആദരിച്ചു.
മികച്ച സാക്ഷരതാ പ്രവർത്തകയ്ക്കുള്ള യു.എൻ അവാർഡ് , സംസ്ഥാന സർക്കാരിന്റെ വനിതാരത്നം അവാർഡ്, സംസ്ഥാന സാക്ഷരതാ അവാർഡ്, കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ ആ ചക്രക്കസേരയിലെ അതുല്യ സേവനങ്ങളെ തേടിവന്നു. ഇതൊക്കെയാണെങ്കിലും റാബിയയുടെ ജീവിതത്തിലേക്ക് വീണ്ടും വിധിയുടെ ക്രൂരമായ കഥാപാത്രങ്ങൾ ഒന്നൊന്നായി കടന്നുവന്നുകൊണ്ടിരുന്നു. മുപ്പത്തിരണ്ടാമത്തെ വയസിൽ ബാധിച്ച അർബുദത്തെ ഏറക്കുറെ അതിജീവിച്ചതിനു പിന്നാലെ കുളിമുറിയിൽ വീണ് നട്ടെല്ലിന് ക്ഷതം സംഭവിച്ചു. തുടർന്ന് കുറെ വർഷങ്ങളായി പൂർണമായും കിടപ്പിലായിരുന്നു റാബിയ. ഇതിനിടയിൽ വീണ്ടുമുണ്ടായ അർബുദബാധയാണ് മരണത്തിനിടയാക്കിയത്.
റാബിയയുടെ ജീവിതം ഒരു വലിയ പാഠമാണ് പകരുന്നത്. പരിമിതികളിൽ തളയ്ക്കപ്പെടാതെ ഇച്ഛാശക്തിയാൽ കർമ്മരംഗത്ത് ഒരു ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയരാനാവും എന്ന പാഠം. 'സ്വപ്നങ്ങൾക്ക് ചിറകുണ്ട്" എന്ന അവരുടെ ആത്മകഥയുടെ പേര് അക്ഷരാർത്ഥത്തിൽ ശരിയാണെന്നു തെളിയിച്ച അപൂർവ ജീവിത മാതൃകയായിരുന്നു റാബിയ. അക്ഷരങ്ങളെ സ്നേഹിച്ച ആ മാലാഖയ്ക്ക് ആദരാഞ്ജലി അർപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |