സാമൂഹിക വ്യവസ്ഥയെ തകിടംമറിക്കും വിധം മയക്കുമരുന്നു വ്യാപനത്തിന്റെ നീരാളിപ്പിടുത്തത്തിലാണ് കേരളം. മതിഭ്രമം മൂത്ത് നടുറോഡിൽ അഴിഞ്ഞാടുന്നവർ, പിഞ്ചുമക്കളെ ഉപയോഗിച്ചു പോലും ലഹരി വിൽക്കുന്നവർ, ഉന്മാദത്തിൽ ഉറ്റവരെ കൊലക്കത്തിക്കിരയാക്കുന്നവർ, ലഹരിക്ക് പണം ചോദിച്ച് മാതാവിനെപ്പോലും മർദ്ദിക്കുന്നവർ. കേട്ടുകേൾവിയില്ലാത്ത പല കുറ്റകൃതങ്ങൾക്കും മൂലകാരണം മയക്കുമരുന്നാണ്. വിഷത്തിന് സമാനമായ രാസലഹരിക്ക് അടിപ്പെട്ടവരും അനവധി. ആക്ഷൻ ഇനി വൈകിക്കൂടാ എന്ന ഘട്ടത്തിലാണ് പൊലീസും എക്‌സൈസും കച്ചമുറുക്കിയത്. മുമ്പ് ഒറ്റപ്പെട്ട പരിശോധനകൾ നടക്കാറുണ്ടെങ്കിലും ലഹരി റാക്കറ്രിലെ മുഖ്യ കണ്ണികൾ പുറത്തായിരുന്നു. ഈ സമയമെല്ലാം സിനിമയിലെ ലഹരി ഉപയോഗം സംബന്ധിച്ച് വിവാദങ്ങൾ ഉയർന്നുകൊണ്ടേയിരുന്നു. അടുത്തിടെ ആലപ്പുഴയിൽ നിന്ന് തസ്ലീമ സുൽത്താനയേയും സംഘത്തേയും എക്സൈസ് അറസ്റ്റ് ചെയ്തതോടെ വഴിത്തിരിവുകളുണ്ടായി. വാർത്തകൾ സൃഷ്ടിക്കുന്നവിധം പല സെലിബ്രിറ്റികളും വലയിലായി. എന്നാൽ അന്വേഷണ ഏജൻസികളുടെ ജാഗ്രതക്കുറവ് പല കേസുകളുടേയും ഗൗരവം നഷ്ടപ്പെടുത്തുന്നതാണ് പിന്നീട് കണ്ടത്.
സുൽത്താനയുടെ മൊഴികൾ
തസ്ലീമ സുൽത്താനയും സംഘവും പ്രധാനമായും ഹൈബ്രിഡ് കഞ്ചാവിന്റെ വിതരണമാണ് ചെയ്തിരുന്നത്. തസ്ലീമയെ ചോദ്യം ചെയ്തതിൽ നിന്ന് നടന്മാരായ ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, മോഡൽ സൗമ്യ എന്നിവരിലേക്ക് അന്വേഷണം നീണ്ടു. ഇതിനിടെ പൊലീസ് ഡാൻസാഫ് സംഘം കൊച്ചിയിൽ ഷൈൻ ടോം ചാക്കോയുടെ ഹോട്ടൽമുറി പരിശോധിക്കാനെത്തിയതും നടൻ ചാടിയോടി കടന്നുകളഞ്ഞതും വലിയ വാർത്തയായി. കുറച്ചുദിവസത്തിന് ശേഷം ഷൈൻ പൊലീസിൽ ഹാജരാവുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മെത്താംഫിറ്റമിൻ എന്ന രാസലഹരി സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്നും കഞ്ചാവ് മുമ്പ് വലിച്ചിരുന്നുവെന്നുമുള്ള മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്ര്. എന്നാൽ ഷൈൻ ടോമിന്റെ മുറിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെടുക്കാൻ പൊലീസിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കേസ് ദുർബലപ്പെടുമെന്ന് ഉറപ്പ്. അതിനിടെ ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഷൈൻ ടോമിനും ശ്രീനാഥ് ഭാസിക്കും സൗമ്യയ്ക്കും എക്സൈസ് ക്ലീൻ ചിറ്റ് നൽകി. ഷൈൻ ടോമിനെ ലഹരിമുക്തി കേന്ദ്രത്തിലാക്കിയത് മാത്രമാണ് അവിടെയുണ്ടായ ഡവലപ്മെന്റ്.
ബലവത്തായ തെളിവുകളില്ലാതെ കൊട്ടിഘോഷിച്ചുള്ള റെയ്ഡും നടപടികളും എന്തിനായിരുന്നു എന്ന ചോദ്യമാണ് ഈ ഘട്ടത്തിൽ ഉയരുന്നത്. വാസ്തവത്തിൽ ഷൈൻ ടോമിനേയും ഏതാനും മോഡലുകളേയും മുമ്പ് കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് മയക്കുമരുന്ന് ഉപയോഗത്തിന്റെ പേരിൽ പൊലീസ് പിടിച്ചതാണ്. 10 വർഷം നീണ്ട കേസിൽ അവരെല്ലാം കുറ്റമുക്തരായി. ശാസ്ത്രീയ പരിശോധകളിൽ തെളിവ് കിട്ടാത്ത സാഹചര്യത്തിലാണ് കേസ് പ്രതികൾക്ക് അനുകൂലമായത്. പൊലീസിന് ഇത് തിരിച്ചടിയാവുകയും ചെയ്തു. ഓലപ്പാമ്പു കാട്ടി പേടിപ്പിക്കേണ്ടെന്ന് ഷൈൻ ടോമിന്റെ പിതാവ് ഇപ്പോൾ പറയാൻ ഇതാണ് കാരണം.
വേട്ടയാടലും പശ്ചാത്തപവും
ലഹരി വിവാദങ്ങൾ തുടരുന്നതിനിടെയായിരുന്നു തൃപ്പൂണിത്തുറയ്ക്കു സമീപത്തെ അപ്പാർട്ട്മെന്റിൽ നിന്ന് 'വേടൻ' എന്നറിയപ്പെടുന്ന റാപ്പർ ഹിരൺദാസ് മുരളിയും കൂട്ടരും ലഹരി കേസിൽ പൊലീസ് പിടിയിലായത്. കഞ്ചാവ് വലിക്കുന്നതിനിടെ കൈയോടെ പിടിയിലായെന്നാണ് പൊലീസ് അറിയിച്ചത്. പ്രതികൾ രണ്ടുദിവസം കസ്റ്റഡിയിലാവുകയും ചെയ്തു. ഇതിനിടെയാണ് വേടന്റെ മാലയിൽ ഒരു പുലിപ്പല്ല് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ വനംവകുപ്പിനെ അറിയിച്ചു. കടുത്ത വകുപ്പുകൾ ചുമത്തി വനംവകുപ്പും വേടനെ അറസ്റ്റ് ചെയ്തു. തുടർന്ന് വന്നത് വേടനെ ജീവിതകാലം മുഴുവൻ കുടുക്കിയിടാൻ കഴിയുന്ന തിരക്കഥയായിരുന്നു. 'പുലി' പ്രശ്നവും ശ്രീലങ്കൻ കണക്ഷനുമെല്ലാം ഇതിൽ കടന്നുവന്നു. വേടന്റെ അമ്മ ശ്രീലങ്കക്കാരിയാണ്, പുലിപ്പല്ല് മാല സമ്മാനിച്ചത് ശ്രീലങ്കൻ വംശജനാണ് തുടങ്ങിയ നിലയിലായി ആരോപണങ്ങൾ. എന്നാൽ വേടന് രണ്ടു കേസിലും ജാമ്യം കിട്ടി. പുലിപ്പല്ലു കേസിൽ കോടതി വനംവകുപ്പിനെതിരേ നിശിതമായ വിമർശനങ്ങൾ ഉയർത്തുകയും ചെയ്തു. മാല ഒരു ആരാധകൻ സമ്മാനിച്ചതാണെന്നും വരുംവരായ്മകൾ ആലോചിക്കാതെ സ്വീകരിച്ചതാണെന്നും വേടൻ വാദിച്ചു. പുലിപ്പല്ല് മാലയുടെ പേരിൽ കേസെടുത്തത് ഇതിനിടെ വിവാദമായിരുന്നു. വനംവകുപ്പിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരേ വനംമന്ത്രി തന്നെ രംഗത്തുവന്നു. വകുപ്പുതല അന്വേഷണത്തിന് നിർദ്ദേശിച്ചു. പുലിപ്പല്ലു മാല കേന്ദ്രമന്ത്രി സുരേഷ്ഗോപിയടക്കം പലരുടേയും കഴുത്തിലുണ്ടെന്ന് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടി. സി.പി.എം. നേതാക്കളടക്കം വനംവകുപ്പിനെതിരേ രംഗത്തുവരുകയും ചെയ്തു. കേസെടുത്തതിന് പ്രശ്നപരിഹാരം ചെയ്യേണ്ട സ്ഥിതിയിലാണ് വനംവകുപ്പ് ഇപ്പോൾ. പിടിവള്ളിയെന്ന നിലയിൽ പുലിപ്പല്ല് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. എന്നാൽ ഉത്തരവാദികളായ ഉദ്യോഗസ്ഥരുടെ തലകൾ ഉരുളുന്ന നിലയിലാണ്. കേസിലെ ജാഗ്രതക്കുറവ് വ്യക്തം. സർക്കാരാകട്ടേ വേടന് വേണ്ടി പ്രായശ്ചിത്തം ചെയ്യുന്ന തിരക്കിലാണ്. വേടനിൽ നിന്ന പിടിച്ചെടുത്ത ഫോണും സ്വർണമാലയും തിരിച്ചുനൽകാൻ പൊലീസിനോട് നിർദ്ദേശിച്ചു. ഇടുക്കി വാഴത്തോപ്പിൽ തിങ്കളാഴ്ച സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ചു നടന്ന പരിപാടിയിൽ വേടന് വേദി നൽകിയതാണ് ഒടുവിലെ സംഭവം.
മുന്നറിയിപ്പായി
ഷീല സണ്ണി കേസ്
ലഹരി കേസുകളിൽ രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വീണ്ടുവിചാരമില്ലാതെ നടപടിയെടുത്താൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾക്ക് ഉദാഹരണമാണ് ചാലക്കുടിയിലെ ഷീല സണ്ണി കേസ്. ഷീലയുടെ ഇരുചക്രവാഹനത്തിൽ വിൽപനയ്ക്കുള്ള എൽ.എസ്.ഡി സ്റ്റാമ്പുകളുണ്ടെന്ന വിവരത്തേ തുടർന്നാണ് എക്സൈസ് റെയ്ഡ് നടത്തിയത്. മയക്കുമരുന്നെന്ന് സംശയിക്കുന്ന സ്റ്റാമ്പുകൾ കണ്ടെത്തുകയും ഷീല 72 ദിവസം ജയലിൽ കിടക്കുകയും ചെയ്തു. എന്നാൽ പിടിച്ചെടുത്ത സ്റ്റാമ്പുകളിൽ ലഹരിയില്ലെന്ന് ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തി. സ്വത്ത് പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് മരുമകളുടെ സഹോദരി മറ്റ് ചിലരുടെ സഹായത്തോടെ ഷീലയെ ചതിച്ചതാണെന്ന് പിന്നീട് ബോദ്ധ്യപ്പെട്ടു. പൊലീസ് അന്വേഷണത്തിൽ പ്രതികൾ ഓരോന്നായി കുടുങ്ങിക്കൊണ്ടിരിക്കുകയാണ്. 72 ദിവസം ജയിലിൽ കിടന്നതിന് 72 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഷീല നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുമാണ്.
ലഹരി വ്യാപനത്തിൽ കണ്ണികളാകുന്നത് ഏത് കൊലകൊമ്പനായാലും പഴുതടച്ച അന്വേഷണമാണ് ആവശ്യം. സെലിബ്രിറ്റികളെ മാത്രമല്ല സാധാരണക്കാരേയും നാറ്റിക്കുന്ന വിധം, അടിസ്ഥാനമില്ലാത്ത റെയ്ഡുകളും കേസുകളും അഭികാമ്യമല്ല. അന്വേഷണ ഏജൻസികൾക്ക് തലയൂരാൻ കഴിഞ്ഞേക്കും. എന്നാൽ കഴമ്പില്ലാത്ത കേസാണെങ്കിൽ, ഇരയാക്കപ്പെടുന്നവർ നേരിടുന്ന ഡാമേജ് വളരെ വലുതായിരിക്കും. ഓർമ്മകളുണ്ടാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |