വത്തിക്കാൻ സിറ്റി: കാലംചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമിയെ തിരഞ്ഞെടുക്കാനുള്ള കർദ്ദിനാൾമാരുടെ കോൺക്ലേവിന് നാളെ വത്തിക്കാനിലെ സിസ്റ്റീൻ ചാപ്പലിൽ തുടക്കമാകും. കോൺക്ലേവിൽ വോട്ടവകാശമുള്ള 133 കർദ്ദിനാൾമാരും റോമിലെത്തിയിട്ടുണ്ട്. പുതിയ മാർപാപ്പയെ കുറിച്ച് കർദ്ദിനാൾമാർ ചർച്ച ചെയ്തതായി വത്തിക്കാൻ അറിയിച്ചു.
നാളെ രാവിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കുന്ന ദിവ്യബലിക്ക് ശേഷമാണ് കർദ്ദിനാൾമാർ സിസ്റ്റീൻ ചാപ്പലിലേക്ക് എത്തുക. തിരഞ്ഞെടുപ്പ് നടപടികൾ അതീവ രഹസ്യമാണ്. പുറത്തുനിന്നുള്ള ആരെയും ചാപ്പലിലേക്ക് പ്രവേശിപ്പിക്കില്ല.
മാർപാപ്പ സ്ഥാനാർത്ഥികളിൽ ഒരാൾക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കും വരെ തിരഞ്ഞെടുപ്പ് പ്രക്രിയ തുടരും. രാവിലെയും ഉച്ചയ്ക്കുമായിട്ടാണ് വോട്ടെടുപ്പുകൾ. നാളെ ഉച്ചയ്ക്ക് ശേഷം മാത്രമേ വോട്ടുള്ളു. മാർപാപ്പയെ തിരഞ്ഞെടുത്താൽ ചാപ്പലിന്റെ ചിമ്മിനിയിൽ നിന്ന് വെളുത്ത പുക ഉയരും. മറിച്ചായാൽ കറുത്ത പുകയും ഉയരും. കോൺക്ലേവ് എത്ര ദിവസം നീളുമെന്നത് പ്രവചനാതീതമാണ്.
അതേ സമയം, ഫ്രാൻസിസ് മാർപാപ്പ സഞ്ചരിച്ചിരുന്ന പ്രത്യേക വാഹനങ്ങളിൽ (പോപ്പ് മൊബൈൽ) ഒന്ന് ഗാസയിലെ കുഞ്ഞുങ്ങൾക്കുള്ള മൊബൈൽ ഹെൽത്ത് ക്ലിനിക്ക് ആക്കി മാറ്റും. വാഹനം ജെറുസലേമിലെ കത്തോലിക് ചാരിറ്റി കാരിറ്റാസിന് കൈമാറി. മാർപാപ്പയുടെ അവസാന ആഗ്രഹമായിരുന്നു ഇത്. അടിയന്തര ചികിത്സയ്ക്കുള്ള സൗകര്യം വാഹനത്തിലൊരുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |