പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് രാജ്യത്തു നടക്കുന്ന തട്ടിപ്പുകൾക്ക് അവസാനമില്ലെന്നായിരിക്കുന്നു. പൊതു പരീക്ഷാ ബോർഡിന്റെ പേരിൽ വ്യാജ വെബ്‌സൈറ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്തുന്ന സംഭവമാണ് അതിൽ അവസാനം കേട്ടത്. വളരെ ഗുരുതരമായ കുറ്റകൃത്യമാണിത്. ഉത്തർപ്രദേശ് കേന്ദ്രീകരിച്ചുള്ള സംഘം കേരള ബോർഡ് ഒഫ് പബ്ലിക് എക്സാമിനേഷൻ എന്ന പേരിൽ വ്യാജ വെബ്‌സൈറ്റുണ്ടാക്കി എസ്.എസ്.എൽ.സി, പ്ളസ് ടു കോഴ്‌സുകളും പരീക്ഷകളും നടത്തുന്നുവെന്നും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നുവെന്നുമാണ് പുറത്തുവന്നിട്ടുള്ള വിവരം. വ്യാജ ബിരുദ സർട്ടിഫിക്കറ്റുകളും, ഇതര യോഗ്യതാ രേഖകളുമൊക്കെ തയ്യാറാക്കി നൽകുന്ന സംഘങ്ങൾ അന്യസംസ്ഥാനങ്ങളിൽ നേരത്തേ മുതൽ തന്നെ വ്യാപകമായി പ്രവർത്തിക്കുന്നുണ്ട്. അതിനെയൊക്കെ കടത്തിവെട്ടുന്നതാണ്, വ്യാജ കോഴ്സുകളും പരീക്ഷകളും തന്നെ നടത്തി, വിജയപ്രഖ്യാപനവും സർട്ടിഫിക്കറ്റ് വിതരണവും കൂടി നടത്തുന്നു എന്നത്.
ഇങ്ങനെയുള്ള സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയവരും ഉണ്ടെന്നാണ് അറിയുന്നത്!
ഈ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ നിർദ്ദേശാനുസരണം ഡി.ജി.പിക്ക് പരാതി നൽകിയിരിക്കുകയാണ്. സംസ്ഥാനത്തെ നിരവധി വിദ്യാർത്ഥികൾ കബളിപ്പിക്കലിന് ഇരയായിട്ടുണ്ടെന്ന് സംശയിക്കപ്പെടുന്ന സംഭവത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് പൊലീസ് സത്വരമായ അന്വേഷണം ഉടൻ പ്രഖ്യാപിക്കേണ്ടതാണ്. വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജോലി നേടിയ സ്ഥാപനങ്ങളിൽ നിന്ന് ഇവരുടെ സർട്ടിഫിക്കറ്റുകൾ പരിശോധനയ്ക്കായി പരീക്ഷാഭവനിൽ എത്തിയപ്പോഴാണ് തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടത്. പരീക്ഷാ ബോർഡിന്റെ പേരിൽ മൂന്ന് വ്യാജ വെബ്‌സൈറ്റുകൾ പ്രവർത്തിച്ചിരുന്നതായി നേരത്തേ കണ്ടെത്തിയിട്ടുണ്ടായിരുന്നു. ഇതിൽ രണ്ടെണ്ണം 2018 - 19 വർഷങ്ങളിൽ സൈബർ പൊലീസിന്റെ ഇടപെടലിൽ പൂട്ടിയിരുന്നു. നാലുപേർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. എന്നാൽ ഒരു വെബ്‌സൈറ്റ് അപ്പോഴും അവശേഷിച്ചിരുന്നു. ഈ വെബ്‌സൈറ്റ് കേന്ദ്രീകരിച്ചാണ് പിന്നീട് തട്ടിപ്പ് സംഘം പ്രവർത്തനം തുടർന്നത്.
ഏറ്റവും ഒടുവിൽ എട്ടു മാസം മുൻപാണ് പരീക്ഷാഭവനിൽ വ്യാജ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി വന്നത്. വ്യാജമെന്ന് വ്യക്തമായതോടെ പരീക്ഷാ സെക്രട്ടറി പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഏതാനും ദിവസങ്ങൾക്കു മുൻപ് എസ്.എസ്.എസ്, യു.എസ്.എസ് പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചെന്ന വ്യാജ വാർത്ത ഈ വെബ്‌സൈറ്റിൽ പ്രത്യക്ഷമായതോടെയാണ് വിദ്യാഭ്യാസ വകുപ്പ് ഡി.ജി.പിക്ക് പരാതി നൽകിയത്.
ആധുനിക കാലത്ത് വ്യാജ സർട്ടിഫിക്കറ്റുകളും മറ്റും നിർമ്മിക്കുക സുസാദ്ധ്യമാണ്. കമ്പ്യൂട്ടർ പണികളിൽ നല്ല പരിജ്ഞാനമുള്ളവർക്ക് ഇത് വളരെ എളുപ്പമാണ്. മിക്കവാറും മറ്റ് സംസ്ഥാനങ്ങളിൽ ഇരുന്നാവും ഇവരുടെ പ്രവർത്തനം. സർട്ടിഫിക്കറ്റിന് നല്ല വിലയും ഇവർ ഈടാക്കും.
മിക്കവാറും വിദേശത്ത് ജോലി തരപ്പെടുത്താനും മറ്റുമാണ് ചിലർ ഇത്തരം സർട്ടിഫിക്കറ്റുകളെ ആശ്രയിക്കുക. അതൊന്നും പരിശോധനയ്ക്കായി പരീക്ഷാഭവനിൽ എത്തണമെന്നില്ല. അതിനാൽ ഈ തട്ടിപ്പിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് വിദഗ്ദ്ധവും വിപുലവുമായ അന്വേഷണത്തിലൂടെ മാത്രമേ ബോദ്ധ്യമാവൂ. സാങ്കേതികവിദ്യ അനുദിനം വികസിക്കുകയും, തട്ടിപ്പുകാർ 'സാങ്കേതിക വിദഗ്ദ്ധരാ"വുകയും ചെയ്യുന്ന കാലത്ത് കോഴ്സുകളുടെയും പരീക്ഷകളുടെയും ഫലപ്രഖ്യാപനത്തിന്റെയും സർട്ടിഫിക്കറ്റുകളുടെയും ഒക്കെ ആധികാരികതയും വിശ്വാസ്യതയും ഉറപ്പാക്കാൻ കുറ്റമറ്റതും, തട്ടിപ്പിന് പഴുതു നല്കാത്തതുമായ സാങ്കേതികവിദ്യകൾ തന്നെ ഉപയോഗിച്ചേ മതിയാകൂ. മേൽപ്പറഞ്ഞ സംഭവത്തിൽ, വ്യാജ വെബ്‌സൈറ്റുകളുടെ ഏജന്റുമാർ സംസ്ഥാനത്ത് പ്രവർത്തിച്ചിരിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. ഇത്തരം വ്യാജന്മാർ നിരന്തരം സർട്ടിഫിക്കറ്റുകൾ കൊടുക്കാൻ തുടങ്ങിയാൽ ബുദ്ധിമുട്ടി പഠിച്ച് ശരിയായ സർട്ടിഫിക്കറ്റുകൾ നേടുന്നവർക്ക് വിലയില്ലാതാകും. അതിനാൽ ഈ തട്ടിപ്പ് സംഘത്തെ പിടികൂടേണ്ടത് അനിവാര്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |