നടൻ നാഗചൈതന്യയുമായുള്ള വിവാഹ മോചനത്തിന് ശേഷം തെന്നിന്ത്യൻ നടി സാമന്ത റൂത്ത് പ്രഭു വീണ്ടും പ്രണയത്തിലാണെന്ന ഗോസിപ്പുകൾ സിനിമാലോകത്ത് പ്രചരിക്കുകയാണ്. സിറ്റാഡൽ- ഹണ്ണി ബണ്ണി സീരീസിന്റെ സംവിധായകൻ രാജ് നിധിമോറുമായി സാമന്ത പ്രണയത്തിലാണെന്ന തരത്തിലെ അഭ്യൂഹങ്ങളാണ് പരക്കുന്നത്. ഇപ്പോഴിതാ കഴിഞ്ഞദിവസം താരം പങ്കുവച്ച ചിത്രങ്ങൾ അഭ്യൂഹങ്ങൾക്ക് വീണ്ടും ശക്തി പകർന്നിരിക്കുകയാണ്. താരത്തിന്റെ നിർമാണ കമ്പനിയായ ത്രലാല മൂവിംഗ് പിക്‌ചേഴ്‌സിന്റെ ആദ്യ സിനിമയായ ശുഭത്തിന്റെ പ്രമോഷൻ തിരക്കിലാണ് നടിയിപ്പോൾ. ഇതിന്റെ ചിത്രങ്ങൾ പങ്കുവച്ചതാണ് ആരാധകർ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്.
'നല്ല ദൂരമുള്ള വഴിയായിരുന്നു അത്, എന്നാൽ നമ്മൾ എത്തിച്ചേർന്നിരിക്കുന്നു. പുതിയ തുടക്കം'- എന്ന കുറിപ്പോടെയാണ് സാമന്ത ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ചിത്രങ്ങളുടെ കൂട്ടത്തിൽ രാജ് നിധിമോറിനും മറ്റൊരു സുഹൃത്തിനും ഒപ്പമുള്ള ചിത്രവും രാജിന്റെ ഒറ്റയ്ക്കുള്ള ചിത്രവും നടി പങ്കുവച്ചിട്ടുണ്ട്.
അടുത്തിടെ നടന്ന ഒരു പിക്കിൾബോൾ ടൂർണമെന്റിൽ നിന്നുള്ള ചിത്രങ്ങൾ സാമന്ത പങ്കുവച്ചതോടെയാണ് രാജ് നിധിമോറുമൊത്ത് താരം പ്രണയത്തിലാണെന്ന അഭ്യൂഹം ശക്തമായത്. വേൾഡ് പിക്കിൾബോൾ ലീഗിൽ ചെന്നൈ ടീമിന്റെ സഹഉടമയാണ് സാമന്ത. സംവിധായകനൊത്ത് ടീമിനെ പ്രോത്സാഹിപ്പിക്കാൻ ഒന്നിച്ചെത്തിയതോടെയാണ് അഭ്യൂഹങ്ങൾ ഉയർന്നത്. കൂടാതെ സോഷ്യൽ മീഡിയയിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും വൈറലാകുകയും ചെയ്തിരുന്നു.
രാജ്, ഡികെ എന്നീ സംവിധായക കൂട്ടുകെട്ടിന്റെ ഭാഗമാണ് രാജ് നിഡിമോറു. ദി ഫാമിലി മാൻ, ഫാർസി, സിറ്റാഡൽ: ഹണി ബണ്ണി, ഗൺസ് ആൻഡ് ഗുലാബ്സ് തുടങ്ങിയവ സീരീസുകളാണ് ഈ കൂട്ടുകെട്ടിൽ എത്തിയത്. ദ ഫാമിലി മാൻ 2, സിറ്റാഡൽ: ഹണി ബണ്ണി എന്നിവയിൽ പ്രവർത്തിച്ച സാമന്ത റൂത്ത് പ്രഭു, പുതിയതായി എത്തുന്ന രക്ത് ബ്രഹ്മാണ്ഡ് എന്ന സീരീസിലും ഇവർക്കൊപ്പം പ്രവർത്തിക്കുന്നുണ്ട്. 2017ലാണ് സാമന്തയും നാഗചൈതന്യയും വിവാഹിതരായത്. 2021ൽ ഇരുവരും വേർപിരിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |