തിരുവനന്തപുരം: ഇന്ത്യൻ നാവികസേനയുടെ 'കോൾ ഓഫ് ദി ബ്ലൂ വാട്ടർ" ഗാനം മോഷ്ടിച്ച് പാകിസ്ഥാൻ. 2022ൽ പുറത്തിറങ്ങിയ ഗാനമാണ് ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ മോഷ്ടിച്ചത്. ഹം തയാർ ഹൈ (ഞങ്ങൾ തയ്യാറാണ്) എന്ന് തുടങ്ങുന്ന ഗാനത്തിന്റെ പകുതിയിലേറെ വരികളും പാകിസ്ഥാൻ ഉപയോഗിച്ചിട്ടുണ്ട്.
സമുദ്രത്തിന്റെ അധിപനായ വരുണനെ സ്തുതിച്ചാണ് ഗാനം അവസാനിക്കുന്നത്. പാകിസ്ഥാന്റെ ഗാനത്തിൽ ഇതിനുപകരം 'അല്ലാഹു അക്ബർ" എന്നാണ്. കഴിഞ്ഞദിവസം പാകിസ്ഥാൻ ഇന്റർ-സർവീസ് പബ്ലിക്ക് റിലേഷൻസിന്റെ (ഐ.എസ്.പി.ആർ) യൂട്യൂബ് ചാനലിലൂടെ പുറത്തിറക്കിയ ഗാനത്തിൽ പാകിസ്ഥാൻ സായുധസേനയുടെയും പീരങ്കിപ്പടയുടെയും ശക്തി കാണിക്കുന്നു. ഇതുവരെ കൊല്ലപ്പെട്ട പാകിസ്ഥാൻ സൈന്യത്തിന്റെ ചിത്രങ്ങളും നാലുമിനിട്ട് ദൈർഘ്യമുള്ള വീഡിയോയിലുണ്ട്.
പ്രസൂൺ ജോഷി എഴുതി, ശങ്കർ - എഹ്സാൻ - ലോയ് സംഗീത ത്രയമാണ് നാവികസേനയുടെ ഗാനത്തിന് ഈണമിട്ടത്. ശങ്കർ മഹാദേവനാണ് ആലപിച്ചത്. സംവിധായകൻ സഞ്ജീവ് ശിവനും ഭാര്യ ദീപ്തി ശിവനും ചേർന്നാണ് സംവിധാനവും നിർമ്മാണവും.
കേരളത്തിന്റെ ആത്മാവുള്ള ഗാനം
മലയാളിയായ അഡ്മിറൽ ഹരികുമാർ ഇന്ത്യൻ നാവികസേനയുടെ മേധാവിയായിരുന്നപ്പോഴാണ് 'കോൾ ഓഫ് ബ്ല്യൂ വാട്ടർ' നിർമ്മിച്ചത്. വീഡിയോ നിർമ്മിച്ചതും മലയാളികൾ. ഐ.എൻ.എസ് വിക്രാന്തിലും മുംബയിലുമുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായിരുന്നു ചിത്രീകരണമെന്ന് ദീപ്തി ശിവൻ 'കേരളകൗമുദിയോട്" പറഞ്ഞു. കേരളത്തിന്റെ ആത്മാവുള്ള ഗാനമാണിതെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ രാജീവ്ചന്ദ്രശേഖർ എക്സിൽ കുറിച്ചു.
'രാജ്യത്തിനായി ചെയ്ത വലിയ കടമയായിരുന്നു ആ ഗാനം. നാവികസേനയുടെ അഭിമാനാർഹമായ പ്രവൃത്തികൾ അതിലുണ്ട്. പാകിസ്ഥാനേറ്റ അടിയുടെ തിരിച്ചടിയായാണ് നമ്മുടെ ഗാനം പകർത്തിയത്".
- സഞ്ജീവ് ശിവൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |